sections
MORE

കാലം മാറി, ജീവിതത്തിൽ പ്രശ്നങ്ങൾ വർധിച്ചു; പഴി വീടിനും!

maranachutt
Representative Image
SHARE

മലയാളികളുടെ വീടുപണിയിലെ അബദ്ധധാരണകളും വിശ്വാസങ്ങളും രസകരമായി അവതരിപ്പിക്കുകയാണ് വാസ്തുശില്പിയായ ജയൻ ബിലാത്തികുളം.

നാട്ടിലെ പ്രശസ്തനായ തച്ചുശാസ്ത്ര വിദഗ്ധനായിരുന്നു കുട്ടപ്പൻ. പുലർച്ചെ ഗ്രാമത്തിലെ ഒറ്റയടിപ്പാതയിലൂടെയുള്ള തച്ചന്റെ അതിവേഗ നടത്തം ഒരു സ്ഥിരം കാഴ്ചയായിരുന്നു. പത്തടി പുറകിലായി എന്റെ സഹപാഠിയും പത്താംക്ലാസ് ആറുപ്രാവശ്യം എഴുതി പരിചയസമ്പന്നത നേടിയവനുമായ പ്രേമരാജൻ, മുഴക്കോലും കനമുള്ള ബാഗും തൂക്കി ഓടുന്നതും കാണാമായിരുന്നു.

കുട്ടപ്പന്റെ പിതാവ് വേലായുധൻ കഴിഞ്ഞ തലമുറയിലെ പ്രധാനിയായ തച്ചു ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹം നിർമിച്ച ഒട്ടേറെ പടിപ്പുരമാളികകളും തറവാടുകളും വളരെക്കാലം കാലത്തിന്റെ മഹാവിസ്മയമായി നില നിന്നു.

പൂർണമായും വാസ്തു ശാസ്ത്രമനുസരിച്ചു നിർമിച്ച ഇത്തരം ജന്മിഭവനങ്ങൾ 1957 ലെ ഭൂപരിഷ്കരണ നിയമത്തിലും മക്കത്തായ–മരുമക്കത്തായ യുദ്ധത്തിലും പെട്ട് നിലംപരിശായി. തറവാടുകൾ തറയടക്കം മാന്തിപ്പൊളിയൻമാർക്ക് തുച്ഛവില യ്ക്ക് വിറ്റു. പാവപ്പെട്ട കുടിയാന്മാരാകട്ടെ കാലത്തിന്റെ കുത്തൊഴുക്കിന് എതിരെ നീന്തി ഉദ്യോഗസ്ഥരും സമ്പന്നരുമാ യിത്തീർന്നു. അവർ പുതുജന്മിമാരായി. അപ്പോഴും കുട്ടപ്പൻ തച്ചനും പ്രേമരാജനും മുഴക്കോലുമായി വേഗത്തിൽ നടന്നു കൊണ്ടേയിരുന്നു.

മരക്കൂടുകൾ മാറി ആധുനിക കോൺക്രീറ്റ് വീടുകൾ ഉയർന്നു തുടങ്ങിയ കാലഘട്ടത്തിൽ അവർക്കു പണി കുറഞ്ഞു. വീടിന്റെ രൂപകൽപനയിൽ ആധുനികമായ ചില കാര്യങ്ങൾ കൂടി ഉണ്ടെന്ന് ബോധ്യം വന്ന കാലമായിരുന്നു അത്.

നമ്മുടെ ഭക്ഷണത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിഷം കലർന്ന പച്ചക്കറിയും മത്സ്യമാംസാദികളും വേണമെ ന്നായി. ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു. റോഡുകൾ വികസിച്ചില്ലെങ്കിലും വാഹനങ്ങൾ ഇരട്ടിക്കിരട്ടി വർധിച്ചു. അപകടങ്ങൾ സർവത്ര. കാഷ്വാലിറ്റിയിൽ തിരക്കോടു തിരക്ക്. അതിനും കുഴപ്പം വീടിന്റേതാണെന്ന് വിധി വന്നു. ചുറ്റളവുകൾ പരിശോധിച്ചു. ബാത്റൂമുകൾ പൂജാമുറികളാക്കി. അടുക്കള സ്വീകരണമുറിയായി. ചുമരുകളും പില്ലറുകളും ഇടിച്ചു നിരത്തി.

കുട്ടപ്പൻതച്ചൻ നടത്തം നിർത്തി. യാത്രകളെല്ലാം കാറിലാക്കി. ലാപ്ടോപ്പും ഡിജിറ്റൽ അളവുകോലുകളുമായി പ്രേമരാജൻ കൂടെത്തന്നെ നിന്നു. അങ്ങനെയൊരു ദിവസം കുട്ടപ്പൻതച്ചൻ അന്തരിച്ചു.

അന്തം വിട്ടു നിന്ന പ്രേമരാജുൻ പതിനാറടിയന്തിരത്തിനു ശേഷം കുറ്റിയും കോലുമെടുത്ത് യാത്ര തുടർന്നു. എൻജിനീയർമാരെയും മറ്റും അശാസ്ത്രീയമെന്ന് മുദ്രകുത്തി അപമാനിച്ചു. സ്കൂൾ പഠനകാലത്ത് വള്ളത്തോളിന്റെ കവിത ഓർക്കാൻ കഴിയാത്തതിന് ഇംപൊസിഷൻ എഴുതിയ പ്രേമരാജന്‍ അനവസരത്തിൽ പോലും ചില ശ്ലോകങ്ങൾ തട്ടിവിട്ടു.

കെട്ടിയത് പൊളിച്ചു. പൊളിച്ചത് വീണ്ടും കെട്ടിച്ചു. കിഴക്കോ ട്ടുള്ള വീടിന്റെ മുഖം പടിഞ്ഞാറോട്ടും പടിഞ്ഞാറോട്ടുള്ളത് കിഴക്കോട്ടുമൊക്കെയാക്കി ‘ശരി’പ്പെടുത്തി. വടക്കുനോക്കി യന്ത്രം പരിഹാരം നിശ്ചയിച്ചു. ദിഗന്തങ്ങൾ പൊട്ടുന്ന ഒച്ചയിൽ ശ്ലോകങ്ങൾ ഉദ്ധരിച്ചു. ജനം പകച്ചു. വാസ്തു പുരുഷന്റെ ചിത്രം പതിച്ച കാറിൽ പ്രേമരാജൻ നാടാകെ പറന്ന് പൊളിച്ചടുക്കി.

astro-vasthu-fence

യഥാർഥത്തിൽ മറുശ്ലോകങ്ങളുടെ ബലത്തിലാണോ വാസ്തു ശാസ്ത്രം നിലനിൽക്കേണ്ടത്? അതിനു ശാസ്ത്രീയമായ പഠനം വേണ്ടതല്ലേ? വാസ്തുശാസ്ത്രത്തിന് ആയിരങ്ങൾക്കപ്പുറം വർഷം ദീർഘിപ്പിച്ച പാരമ്പര്യമുണ്ട്. അത് ശാസ്ത്രീയമായി പഠിക്കാനും ഗണിതശാസ്ത്രപരമായ അടിസ്ഥാന ത്തോടെ കൃത്യമാക്കാനും സിവിൽ എൻജിനീയറിങ്ങിനും ആർക്കിടെക്ചറിനും പഠനവിഷയമാക്കേണ്ടത് ആവശ്യമാണ്. 

English Summary- Malayali House Mistakes- Jayan Bilathikulam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA