sections
MORE

നിങ്ങളുടെ വീട്ടിൽ തൃപ്തിയില്ലേ? കീശ ചോരാതെ മെച്ചപ്പെടുത്താം ഈ 7 കാര്യങ്ങൾ

kerala-home-wayanad
Representative Image
SHARE

വീട് എപ്പോഴും നിർമ്മിക്കാനും പുതുക്കിപണിയാനും സാധിക്കില്ല. താമസിക്കുന്ന വീട് എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് ആലോചനയെങ്കിൽ അറിയണം ഈ ഏഴ് കാര്യങ്ങൾ

1. വീട് പുതുക്കൽ ആലോചിച്ച് തീരുമാനിക്കാം

വീട് നിർമ്മാണത്തിന് ലക്ഷങ്ങളും കോടികളും മുടക്കുന്നത് ശരിയായ ഒരു നിക്ഷേപമല്ല. വീട്ടിലെ പ്രധാന സ്ഥലങ്ങളായ ലിവിങ്, അടുക്കള എന്നീ ഭാഗങ്ങൾ ശരിയായ പ്ലാനോടു കൂടി മെച്ചപ്പെടുത്തി എടുക്കാവുന്നതാണ്. കിടപ്പുമുറികൾക്കു സ്വകാര്യത കുറവാണെങ്കിൽ മുന്നിൽ ഒരു ചെറിയ ഇടനാഴി നിർമിച്ച് ഈ പ്രശ്നം പരിഹരിക്കാവുന്നതേയുളളൂ. ഭാവിയിൽ ഏതെങ്കിലും മുറികൾ കൂട്ടിച്ചേർക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവിടെ ഒരു ജനാല സ്ഥാപിക്കുന്നതു നന്നായിരിക്കും. ജനാല മാറ്റി വാതിൽ സ്ഥാപിക്കാനുളള എളുപ്പത്തിനാണിത്.

2. ചെലവ് കുറച്ച് കൂടുതൽ മെച്ചപ്പെടുത്തലുകൾ

വലിയ പ്ലാനിങ്ങ് ഇല്ലാതെ തന്നെ വീടിന്റെ ഇന്റീരിയറിൽ ചെറിയ മാറ്റങ്ങൾ വരുത്താവുന്നതാണ്. ബെഡ്റൂമിൽ കട്ടിലിന്റെ സ്ഥാനം മാറ്റാം. മുറികളിൽ കണ്ണാടി വയ്ക്കാം. ലിവിങ്ങിൽ ഭിത്തിയോട് ചേർത്തിട്ടിരിക്കുന്ന ടേബിൾ നടുവിലേക്ക് മാറ്റാം. പഴയ സാധനങ്ങൾ പരമാവധി പുനരുപയോഗിക്കുക, വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ഉപയോഗിക്കേണ്ട നിർമാണ വസ്തുക്കളെക്കുറിച്ചും വ്യക്തമായ അവബോധം വേണം. വീടിന്റെ സ്വഭാവമറിഞ്ഞ് വേണം പുതുക്കിപ്പണിയൽ. 

3. നിങ്ങളുടെ വീടിനെ നിങ്ങൾക്കല്ലേ അറിയൂ!

നിങ്ങൾ താമസിക്കുന്ന വീട്ടിൽ എന്തുമാറ്റം വന്നാൽ നന്നായിരിക്കുമെന്ന് നിങ്ങളെക്കാൾ നന്നായിട്ട് ആരു മനസിലാക്കും. മനസുവച്ചാൽ വീടിലൊരു കൈ വച്ച് നോക്കാവുന്നതാണ്. എന്നു വച്ച് വീടുമൊത്തം പൊളിച്ചടുക്കാം എന്ന് കരുതരുത്. ഒരു മുറി കൃത്യമായ പ്ലാനോടെ വർക്ക് ചെയ്ത് നോക്കാം. 

എന്തൊക്കെയാണ് നിങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്നത്? അതിന് പുറത്ത് നിന്ന് വാടകയ്ക്ക് എടുക്കാവുന്ന പണിയായുധങ്ങൾ ലഭ്യമാണോ? എത്രമാത്രം വൈദഗ്ധ്യം ഇതിന് ആവശ്യമാണ്? തുടങ്ങിയ ചോദ്യങ്ങൾ സ്വയം ചോദിച്ച് ധൈര്യമായി മുന്നേറാം. ഒഴിവു ദിവസങ്ങളിൽ നിറം മങ്ങിയ കിച്ചൻ ഫ്ലോറിൽ പെയിന്റടിക്കാം. പൊടിപിടിച്ചിരിക്കുന്ന ജനൽപാളികൾ വൃത്തിയാക്കി അവയിലുമാവാം പരീക്ഷണങ്ങൾ. 

4. ഒരു നിലയെ നിസാരമായി രണ്ടു നിലയാക്കാം

അടിത്തറയ്ക്ക് ബലം കുറവാണെങ്കിലും മുകളിൽ ഒരു നിലകൂടി നിർമിക്കാനുളള സൗകര്യങ്ങൾ ലഭ്യമാണ്. വി– ബോർഡും പ്ലൈവുഡും പോലുളള പാർട്ടീഷൻ മെറ്റീരിയലുകൾ ഭിത്തികൾ നിർമിക്കാൻ ഉപയോഗിക്കാം. വിപണിയിൽ ലഭിക്കുന്ന പ്രത്യേകം നിർമിച്ച കനം കുറഞ്ഞ ഇഷ്ടികകൾ പുറം ഭിത്തികളുടെ നിർമാണത്തിന് ഉപയോഗിക്കാം. ലിവിങ്– ഡൈനിങ് പോലുളള മുറികളിൽ ആവശ്യത്തിന് വെളിച്ചം കിട്ടാൻ കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് സീലിങ് മുറിച്ച് സൺലിറ്റ് കോർട് യാർഡുകൾ നിർമിക്കാം. ബാത് റൂമുകളിലെ വെളിച്ചത്തിന്റെ പ്രതിസന്ധി പരിഹരിക്കാനും ഈ മാർഗം ഉപയോഗിക്കാവുന്നതാണ്.

5. ആൻ ഐഡിയ ക്യാൻ ചേഞ്ച് യുവർ ലൈഫ്!

ഇന്റർനെറ്റിലൊന്ന് പരതി നോക്കിയാൽ ആയിരക്കണക്കിന് പുതിയ നിർമ്മാണ വിദ്യകളെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടും. പക്ഷേ, വെറും കൈയോടെ വീടു നന്നാക്കാൻ പറ്റില്ലല്ലോ? നിങ്ങളുടെ ടൂൾബോക്സിൽ എന്തൊക്കെ വേണമെന്നും അറിണം. 20 വർഷം പഴക്കമുളള വീടാണെങ്കിൽ തീർച്ചയായും ഇലക്ട്രിക്കൽ– പ്ലംബിങ് ഫിറ്റിങ്ങുകൾ മാറിയിരിക്കണം . പഴയ പിവിസിക്കു പകരം യുപിവിസി പൈപ്പുകളും മികച്ച ബ്രാൻഡിലുളള ഇലക്ട്രിക് വയറുകളും ഉപയോഗിക്കാം. ഇലക്ട്രിക്കൽ– പ്ലംബിങ് ലേ ഔട്ടുകൾ സൂക്ഷിച്ചുവയ്ക്കുന്നതും നല്ലതാണ്.

6.ഉത്തരവാദിത്വമുള്ള കോൺട്രാക്ടറെ കണ്ടെത്തുക

വീടിന് സ്വന്തമായി മെയ്ക്ക് ഓവർ പറ്റില്ലെന്നു തോന്നിയാൽ , ഈ മേഖലയിൽ വിദഗ്ധരായ ആർക്കിടെക്ടിനെ കണ്ടെത്തി നിങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി പറഞ്ഞു മനസിലാക്കുകയാണ് നല്ലത്. ആകൃതി കളയരുത് . പഴക്കം കുറവാണെങ്കിൽ വീടുണ്ടാക്കിയ എൻജിനീയറെക്കൊണ്ടു തന്നെ പുതുക്കിപ്പണിയിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. മുറികളുടെ വലുപ്പത്തിന്റെ കാര്യത്തിൽ പലപ്പോഴും വിട്ടു വീഴ്ച ചെയ്യേണ്ടി വരുമെന്ന് ഓർമ വേണം. 

7.കൃത്യമായ പ്ലാനിങ്

കൃത്യമായ പ്ലാനിങ്ങോടു കൂടി മാത്രമെ റെനവേഷൻ പൂർത്തിയാകൂ. പണം, സമയം, ഡിസൈൻ തുടങ്ങി എല്ലാ കാര്യത്തിനും കൃത്യമായ പ്ലാനിങ് വേണം. കൃത്യമായ പ്ലാനിങ്ങിലൂടെ മാത്രമെ കൃത്യസമയത്ത് നിർമ്മാണം പൂർത്തിയാക്കാൻ സഹായിക്കൂ.

English Summary- 7 Tips to Improve Your Home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA