sections
MORE

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; അറിയാമോ ഫ്ലാറ്റ് വാങ്ങും മുൻപ് ചെയ്യേണ്ട 5 കാര്യങ്ങൾ?

villa-flats-2
Representative Image
SHARE

തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചു പണിത മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള വിധി കേരളത്തിൽ ഫ്ലാറ്റ് വാങ്ങിയവർക്കും വാങ്ങാൻ ഇരിക്കുന്നവർക്കും ഒരു ഗുണപാഠമാണ്. ഫ്ലാറ്റ് വാങ്ങും മുൻപ് അടിസ്ഥാനപരമായി പരിശോധിക്കേണ്ട ചില കാര്യങ്ങൾ അറിയാം...

1. സൂപ്പർ ഏരിയയും കാർപെറ്റ് ഏരിയയും

പലപ്പോഴും ഫ്ലാറ്റിന്റെ സൂപ്പർ ഏരിയയാകും പരസ്യങ്ങളിൽ പറയുന്നുണ്ടാകുക. യഥാർഥത്തിൽ ഇത്രയും ഏരിയ നമുക്ക് ഉപയോഗിക്കാൻ ഉണ്ടാകില്ല. നമുക്കറിയേണ്ടത് കാർപെറ്റ് ഏരിയ എത്രയാണെന്നാണ്. കാരണം, ഫ്ലാറ്റിന്റെ യഥാർഥ ഫ്ലോർ ഏരിയ എന്നു പറയുന്നത് കാർപെറ്റ് ഏരിയയാണ്. സ്റ്റെയർകേസ്, ലോബി, എലിവേറ്റർ സ്പെയ്സ് തുടങ്ങി പുറംഭിത്തിയുടെ കനം വരെ സൂപ്പർ ഏരിയയിൽ കണക്കാക്കിയിരിക്കും. ഫ്ലാറ്റിന്റെ വില നിശ്ചയിക്കാന്‍ ഈ കണക്കാകും എടുത്തിരിക്കുക. സാധാരണയായി സൂപ്പർ ഏരിയയെക്കാളും 25 ശതമാനം കുറവായിരിക്കും കാർപെറ്റ് ഏരിയ.

2. ചിത്രങ്ങൾ കണ്ട് മനംമയങ്ങരുത്

Does vastu apply to flats? Here are some tips

പത്തു വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള ആസൂത്രണം വേണം. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ തീരുമാനമാണ്. അൽപ്പം ഗൃഹപാഠം കഴിഞ്ഞു മാത്രമേ ഫ്ലാറ്റ് നിർമാണ കമ്പനികളെ സമീപിക്കാവൂ.

ബ്രോഷറിൽ ഫ്ലാറ്റിന്റെ ചിത്രം കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല. അത്രയും മനംകവരുന്നതായിരിക്കും. മിക്കവാറും ഇത് കംപ്യൂട്ടർ സഹായത്തിൽ തീർത്തതായിരിക്കും. എന്നാൽ ഫ്ലാറ്റിന്റെ പണി തുടങ്ങിയിട്ടുപോലുമുണ്ടാകില്ല. ആർക്കിടെക്ട് ആരെന്നറിയുക. ഇതിന് മുമ്പ് ആർക്കിടെക്ട് രൂപകൽപ്പന ചെയ്ത ഫ്ലാറ്റുകൾ ഏതെന്ന് അറിയുക. പരിചയസമ്പത്തിന് ഫ്ലാറ്റ് രൂപകൽപ്പനയിൽ കാര്യമായ പ്രാധാന്യമുണ്ട്. ഭൂകമ്പത്തെ ഒരു പരിധി വരെ പ്രതിരോധിക്കുന്ന സാങ്കേതികവിദ്യകൾ പല മോഡേൺ ബിൽഡർമാരും ഉപയോഗിക്കുന്നുണ്ട്.

3. ഇത് സാമ്പിൾ, ഒറിജിനൽ വേറെ

സാമ്പിൾ ഫ്ലാറ്റ് എല്ലാം പ്രലോഭനം നിറഞ്ഞതായിരിക്കും. അതിലെ എല്ലാ സൗകര്യങ്ങളും നിങ്ങൾക്കു ലഭിക്കുമെന്നു കരുതരുത്. ആദ്യമേ അക്കാര്യം ചോദിച്ചറിയുക. ഈ കാണുന്ന ഫ്ലാറ്റിൽ എന്തെല്ലാം നമുക്കു കിട്ടുമെന്നു വ്യക്തമാക്കാൻ പറയുക. അല്ലെങ്കിൽ ഈ സൗകര്യങ്ങളെല്ലാം ലഭിക്കാൻ അധികമായി എത്ര തുക നൽകണമെന്നും ചോദിച്ചറിയുക. സീലിങ് പ്രത്യേകം ശ്രദ്ധിക്കുക. സാമ്പിൾ ഫ്ലാറ്റിൽ കൂടുതൽ ഉയരമുണ്ടാകാം. ഇത് ഭിത്തിയിൽ വലുപ്പം കൂടിയ സ്റ്റോറേജ് സൗകര്യമൊരുക്കാൻ സഹായിക്കും. നമുക്ക് കൈമാറുന്ന ഫ്ലാറ്റിൽ ഇത്തരം ഉയരമുണ്ടാകണമെന്നില്ല.

4.  വൈകിയാൽ എന്തു ചെയ്യും?

x-default

നിർമാണം വൈകുക എന്നതിനർഥം നമുക്കു കൂടുതൽ നഷ്ടം സംഭവിക്കുന്നു എന്നതാണ്. ബിൽഡറുടെ മുൻകാല പ്രവർത്തനം വ്യക്തമായി വിലയിരുത്തുക. നിരവധി പ്രോജക്ടുകൾ വൈകിയ ചരിത്രമുണ്ടെങ്കിൽ ആ ബിൽഡറെ ഒഴിവാക്കുന്നതാണു നല്ലത്. ഫ്ലാറ്റ് യൂണിറ്റുകൾ ഉദ്ദേശിച്ച പോലെ വിറ്റുപോയില്ലെങ്കിൽ പദ്ധതി വൈകിപ്പിക്കുന്ന ബിൽഡർമാരുണ്ട്. അസംസ്കൃതവസ്തുക്കളുടെ ദൗർലഭ്യം, ശക്തമായ കാലവർഷം എന്നിവയാൽ പദ്ധതി വൈകാറുണ്ട്. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടാണ് ബിൽഡർമാർ ഗ്രേസ് പീരിയഡ് കരാറിൽ ഉൾപ്പെടുത്തുന്നത്.

സാധാരണയായി മൂന്നുമുതൽ ആറു മാസം വരെ പദ്ധതി പൂർത്തീകരിക്കാനായി ബിൽഡർമാര്‍ ആവശ്യപ്പെടാറുണ്ട്. ഇത് വ്യക്തമായി കരാറിൽ ചേർത്തിരിക്കണം. കരാർ ലംഘനമുണ്ടായാൽ നഷ്ടപരിഹാരം ലഭിക്കാൻ നിങ്ങൾക്ക് അർഹതയുണ്ട്. ഇത് വൈകുന്ന ഓരോ മാസത്തിനും എന്ന തോതിൽ നൽകണമെന്നു കരാറിൽ ഉൾപ്പെടുത്തുക. വാങ്ങുന്ന വ്യക്തിയും ബിൽഡറും ബാങ്കും തമ്മിൽ ഇക്കാര്യത്തിൽ കരാറിലേർപ്പെടുന്നതാണു നല്ലത്. പിന്നീട് തർക്കങ്ങൾ ഉടലെടുത്താൽ പരിഹാരത്തിന് കരാർ ഗുണം ചെയ്യും. താക്കോൽ വാങ്ങും മുമ്പ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നേരിൽ കണ്ട് ബോധ്യപ്പെടുക.

5. പരിപാലന ചെലവ്

സൗകര്യങ്ങൾ കൂടുന്തോറും പരിപാലന ചെലവും കൂടും. ഓരോ സൗകര്യത്തിനും എത്ര ഫീസ് ഈടാക്കുന്നുവെന്നു ചോദിച്ചറിയണം. ലിഫ്റ്റ്, ജലവിതരണം, പാർക്ക്, ക്ലബ് ഹൗസ്, സ്വിമ്മിങ് പൂൾ, ടെന്നിസ് കോർട്ട്, ജിം, ജനറേറ്റർ, സെക്യൂരിറ്റി, മാലിന്യനിർമാർജനം, റിക്രിയേഷൻ തുടങ്ങിയവയ്ക്കുള്ള ചെലവുകൾ ഫ്ലാറ്റുടമകളിൽനിന്നായിരിക്കും ഈടാക്കുക. കാർപാർക്കിങ്ങിന് മതിയായ സ്ഥലം ഉണ്ടോയെന്നും അന്വേഷിക്കുക.ബേസ്മെന്റിലെ പാർക്കിങ് ഏരിയയ്ക്ക് പ്രത്യേകമായി ചാർജ് ചെയ്യാൻ പാടില്ല. കാരണം ഫ്ലാറ്റിന്റെയും ഭൂമിയുടെയും വില നിങ്ങളിൽനിന്ന് ഈടാക്കുന്നുണ്ട്. ഇത് ഡീഡ് ഓഫ് ഡിക്ലറേഷനിൽ വ്യക്തമാക്കിയിരിക്കും. ഇതിൽ ഏതെങ്കിലും പ്രത്യേക സ്ഥലം അവകാശപ്പെടാനാവില്ല. ഇത് കോമൺ ഏരിയയായിട്ടാണ് നിലകൊള്ളുക. 

വായ്പ എടുത്ത് ഫ്ലാറ്റ് വാങ്ങുമ്പോൾ ഇത്തരം അധികച്ചെലവും കൂടി പ്രതിമാസ വായ്പാ അടവിനൊപ്പം താങ്ങാൻ കഴിയുമോയെന്നു മനസ്സിലാക്കണം. ചില സൗകര്യങ്ങൾക്കുള്ള ചെലവ് മറ്റ് ഫ്ലാറ്റുടമകളുമായി ഷെയർ ചെയ്യുന്നത് നഷ്ടമായിരിക്കും. ഉദാഹരണത്തിന് ജനറേറ്റർ. വർഷത്തിൽ പലവട്ടം ഫ്ലാറ്റ് അടച്ചിട്ട് യാത്ര ചെയ്യുന്നവരാണെങ്കിൽ ഉപയോഗിക്കാത്ത കാലയളവിലും പണം കൊടുക്കേണ്ടി വരും. ഇതിനു പകരമായി ഉപയോഗിക്കുന്ന കാലയളവിനു മാത്രം പണം കൊടുക്കാൻ വ്യവസ്ഥയുണ്ടോയെന്നു തിരക്കുക.

English Summary- 5 Things to Know before Buying Flats

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA