sections
MORE

പാമ്പുകടി സംഭവങ്ങൾ വർധിക്കുന്നു; വീട്ടിൽ പാമ്പുകളെ അകറ്റാൻ എളുപ്പവഴികളുണ്ടോ?

snake-inside-toilet
Representative Image
SHARE

ക്‌ളാസ് മുറിയിൽ പാമ്പുകടിയേറ്റു വിദ്യാർഥിനി മരിച്ച സംഭവം വളരെ വിഷമത്തോടെയാണ് നമ്മൾ വായിച്ചത്. കേരളത്തിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നു പഠനങ്ങൾ വ്യതമാക്കുന്നു. പാമ്പുകളുടെ ആവാസവ്യവസ്ഥയിലുണ്ടായ മാറ്റങ്ങളും, കാവുകളും കാടുകളും ഇല്ലാതായതും ഒക്കെയാണ് പാമ്പുകള്‍ കൂട്ടത്തോടെ ജനവാസമേഖലകളിലേക്ക് കടക്കാനുള്ള പ്രധാനകാരണം. പാമ്പുകളെ ജനവാസ കേന്ദ്രങ്ങളിൽ നിന്നും അകറ്റാൻ എന്താണ് വഴി?

പാമ്പുകൾക്ക് അനുകൂലമായ സാഹചര്യം വീട്ടിലും പറമ്പിലും ഒഴിവാക്കുക എന്നതാണ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം. ഓരോ പരിസരത്തെയും ഭൂപ്രകൃതി അനുസരിച്ചാണ് പാമ്പുകള്‍ കാണപ്പെടുക. കാടും മലകളും ഉള്ള പ്രദേശങ്ങളിലെ പാമ്പുകള്‍ ആകില്ല നിരപ്പായ പ്രദേശത്തു കാണപ്പെടുക. പൊത്തുകൾ, മാളങ്ങള്‍ എന്നിവ വീട്ടുപരിസരത്തു ഉണ്ടായാല്‍ അവ അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. അടിക്കടി പറമ്പ് വൃത്തിയാക്കി പുല്ലും മറ്റും വെട്ടി കളയിക്കേണ്ടത് അത്യാവശ്യം. കരിയില, തടികള്‍, ഓല, കല്ലും കട്ടയും, പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവ കൂടി കിടക്കുന്ന സ്ഥലങ്ങള്‍ പാമ്പുകള്‍ക്ക് പ്രിയമുള്ള ഇടങ്ങളാണ്. ഇവയ്ക്കുള്ളില്‍ പാമ്പുകള്‍ കയറി കിടന്നാലും പെട്ടെന്ന് അറിയാന്‍ സാധിക്കില്ല. വീടിന്റെ പരിസരത്തോ ജനലുകള്‍ക്ക് അരികിലോ ഇവ കൂട്ടി ഇടരുത്. അടുക്കളതോട്ടം ഒരുക്കുമ്പോള്‍ പോലും ശ്രദ്ധ വേണം എന്ന് പറയുന്നത് ഇത് കൊണ്ടാണ്.

snake-house

വീട്ടുപരിസരത്തു വെള്ളം കെട്ടികിടക്കാന്‍ അനുവദിക്കരുത്. വെള്ളത്തിന്റെ സാന്നിധ്യം പാമ്പുകളെ ആകര്‍ഷിക്കും. വെള്ളത്തില്‍ ജീവിക്കുന്ന പാമ്പുകള്‍ക്ക് ഇത് ഒളിയിടമാകും. അതുപോലെ പൂന്തോട്ടങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ അവിടെയും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. 

വീടിന്റെ പരിസരത്ത് പട്ടികൂടുകള്‍, കോഴിക്കൂട് എന്നിവ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക. കോഴിക്കൂട്ടില്‍ പാമ്പുകളുടെ സാന്നിധ്യം സാധാരണമാണ്. വീട്ടില്‍ വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ അവയ്ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ മിച്ചം കഴിക്കാന്‍ എലികള്‍ വരാന്‍ സാധ്യത ഏറെയാണ്‌. ഇവയെ പിടികൂടാന്‍ പാമ്പുകളും ഇവിടേക്ക് എത്താം. അതിനാല്‍ ഇവിടങ്ങളും ഒരു ശ്രദ്ധ വേണം. വീടിനും തോട്ടത്തിനും സംരക്ഷണവേലി കെട്ടുന്നതും പാമ്പുകള്‍ വരാതെ സംരക്ഷിക്കും.  പാമ്പുകൾക്ക് അലോസരം ഉണ്ടാക്കുന്ന ചില മണങ്ങളുണ്ട്. പാമ്പുശല്യമുള്ള പ്രദേശങ്ങളിൽ വെളുത്തുള്ളി ചതച്ചിടുന്നതും കുന്തിരിക്കം പുകയ്ക്കുന്നതും പാമ്പുകളെ അകറ്റാം.

പാമ്പുകളെ അകറ്റാൻ ചില എളുപ്പവഴികൾ

വീടിനു ചുറ്റും വെളുത്തുള്ളി ചതച്ച് ഇടാം. വെളുത്തുള്ളി ചതച്ചു വെള്ളത്തില്‍ കലക്കി ഈ വെള്ളം വീട്ടിലും ചുറ്റുപാടിലും തളിക്കുകയും ചെയ്യാം

സവാളയുടെ ഗന്ധവും പൊതുവേ പാമ്പുകളെ അകറ്റുന്നതാണ്. സവാള ചതച്ചോ നീരെടുത്ത വെള്ളമോ വീടിനു ചുറ്റും വിതറാം. ഇതിലെ സൾഫറിന്റെ ഗന്ധമാണ് പാമ്പുകൾക്ക് അലോസരമുണ്ടാക്കുന്നത്.

നാഫ്തലീന്‍ ഗുളിക, വിനാഗിരി, മണ്ണെണ്ണ തുടങ്ങിയവ വീടിനു ചുറ്റും തളിയ്ക്കുന്നതും പാമ്പിനെ അകറ്റി നിര്‍ത്താനുളള നല്ലൊരു വഴിയാണ്. 

ചെണ്ടുമല്ലി (Marigold) പോലുളള ചെടികള്‍ വീടിന്റെ അതിരുകളിൽ വച്ചുപിടിപ്പിക്കാം.ഈ പൂക്കളുടെ ഗന്ധം പൊതുവെ പാമ്പുകൾക്ക് അലോസരമുണ്ടാക്കുന്നതാണ്.

English Summary- Prevent Snakes at Households- Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA