sections
MORE

'ദയവായി എന്റെ വീട് പൊളിക്കരുത്, പടച്ചോൻ ഇങ്ങളെ കാത്തോളും' ഹൃദയം നിറയുന്ന കുറിപ്പ്

traditional-home
SHARE

കേരളത്തിലെ പൊളിച്ചുമാറ്റപ്പെട്ടതും പൊളിക്കാൻ ആലോചിക്കുന്നതും പൊളിക്കുന്നില്ലെന്ന ദൃഢനിശ്ചയത്തിൽ തലയുയർത്തി നിൽക്കുന്നതുമായ പുരാതന ഭവനങ്ങൾ ഒരുപാടുണ്ട്. വീടുകളും, പ്രാചീനമായ ഇല്ലങ്ങളും തലശ്ശേരി പ്രദേശത്തെ മനോഹരമായ മുസ്ലിം ഭവനങ്ങളും, അതുപോലെ തെക്കൻ കേരളത്തിലെ നടുമുറ്റത്തോടു കൂടിയ നിരവധി തടിപ്പുരകളും അങ്ങനെ കേരള നിർമിതികളായ അനേകം പുരാതന കെട്ടിടങ്ങളും ഭവനങ്ങളും കാണുവാൻ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത്തരം മഹാവസ്തു വിസ്മയങ്ങളുടെ മുന്നിൽ, പേരറിയാത്ത തച്ചന്റെ സർഗശേഷിക്കു മുന്നിൽ നമോവാകം.

എന്നാൽ ഈ യാത്ര, കുറ്റ്യാടിയിലെ പ്രവാസിയായ ഒരു ബിസിനസുകാരനു വേണ്ടിയാണ്. അദ്ദേഹത്തിന് ഒരു സാങ്കൽപിക പേര് നൽകാം; റഫീഖ്. റഫീക്കിന്റെ വാപ്പ പത്തെഴുപതു വർഷങ്ങൾക്കു മുൻപ് ഒരു പുരയുണ്ടാക്കി. ആ പഴയ തറവാടു പൊളിച്ച് അതിലെ മരങ്ങളും മറ്റും ഉപയോഗിച്ച് ആധുനിക ശൈലിയിലുള്ള ഒരു പുതിയ വീട് നിർമിക്കാനുള്ള തീരുമാനത്തിനു വേണ്ടി അദ്ദേഹം എന്നെയും കൂട്ടി പോവുകയാണ്.

കേരളത്തിലെ പലരുടെയും പ്രവാസ ജീവിതത്തിന്റെ ലക്ഷ്യം പോലും നാട്ടിൽ ഒരു സൗധം പണിയുക എന്നതാണല്ലോ. തന്റെ വിദേശത്തെ ബിസിനസിന്റെ വളർച്ചയും ആർഭാടവും ധാരാളിത്തവും കാണിക്കുവാനുള്ള ഒരു ശ്രമം പ്രവാസികളിൽ ചിലരിലെങ്കിലും കണ്ടു വരുന്നുണ്ട്.സാമ്പത്തികമായി ശരാശരി മാത്രം വരുമാനമുള്ള പ്രവാസിയുടെ അഭിമാനബോധത്തിലേക്കാണ് ഇത്തരം കെട്ടിടങ്ങൾ വിരൽ ചൂണ്ടുന്നത്.

റഫീക്കിന്റെ ആവശ്യം കേട്ടാൽ നിസ്സാരമാണ്. തീരെ സൗകര്യമില്ലാത്ത, വെളിച്ചക്കുറവുള്ള മുഴുവനും മരം കൊണ്ടു നിർമിതമായ, ആ പഴയ കെട്ടിടം തനിക്കിഷ്ടമല്ല. അത് ഉടനെ പൊളിച്ചു മാറ്റണം. പഴയ വീടു നന്നാക്കിയാൽ നന്നാവില്ല എന്നതാണു മൂപ്പരുടെ സത്യവാങ്മൂലം.

റഫീക്കിന്റെ വയസ്സായ ഉമ്മയ്ക്കാണെങ്കിൽ ആ വീട് പൊളിച്ചു മാറ്റുന്നതിനെപ്പറ്റി ചിന്തിക്കാനേ കഴിയില്ല. ഉമ്മയുടെ മനസ്സുമാറ്റി പൊളിക്കാൻ സമ്മതിക്കണം എന്നതാണ് ഡിമാൻഡ്. ഉമ്മയുടെ വിഷമം അൽപമൊന്ന് കുറയ്ക്കാൻ ഈ വീടിനുപയോഗിച്ച മരങ്ങൾ കൊണ്ടു തന്നെ പുതിയ പുരയും പണിയാം എന്നൊരു കോംപ്രമൈസിനും റഫീഖ് തയാർ!

ഒരു പഴയ, പ്രൗഢി നിറഞ്ഞ മാളികപ്പുരയുടെ മുന്നിലേക്കാണു ഞങ്ങളുടെ കാർ ചെന്നു നിന്നത്. കടഞ്ഞ കാലുകളോടു കൂടിയ പത്തിഞ്ചോളം കനമുള്ള ജാലകങ്ങൾ, എല്ലാം പ്ലാവിൽ കടഞ്ഞെടുത്തവ. കണ്ടാൽ ഒരു വലിയ കൊട്ടാരം! താപ്പ എന്ന് വടക്കൻ മലബാറിൽ പറയുന്ന ഇരിപ്പു പലകയോടു കൂടിയ വിശാലമായ ജാലകം, കൊത്തു പണികളാൽ സമൃദ്ധമായ പൂമുഖവാതിൽ, ഒറ്റ മരത്തിൽ കൊത്തിയെടുത്ത ചിത്രപ്പണികളോടു കൂടിയ തൂണുകൾ, വീതിയുള്ള വലിയ വരാന്ത. വരാന്തകൾക്ക് ഇരുവശത്തുമായി അതിഥികൾക്ക് ഇരിക്കാനും ഭക്ഷണം കഴിക്കാനും നിസ്കരിക്കാനുമുള്ള പടാപ്പുറം എന്നു വിളിപ്പേരുള്ള രണ്ടു തിണ്ണകൾ. ചിത്രപ്പണികളോടുകൂടിയ പുരാതനഭംഗിയുള്ള ടൈലുകൾ. ഭൂരിഭാഗവും മരത്തിന്റെ കൊത്തുപണികളോടും പാനലുകളോടും കൂടിയ വലിയ കമാനങ്ങൾ. കൃത്യമായ മെയിന്റനൻസ് ഇല്ലാത്തതിന്റെ ഒരു തിളക്കക്കുറവു മാത്രമേ ഈ വീടിന് ആകെ ഒരു കുറ്റം പറയുവാനുള്ളൂ.

വിശാലമായ അടുക്കളയും തേങ്ങാക്കൂടും ഒരു കാലത്തെ കാർഷികപ്രധാനമായ കേരളീയ ജീവിതത്തെയാണ് ഓർമപ്പെടുത്തുന്നത്. ഈ മനോഹരമായ വീട് എന്തിനാണിവർ പൊളിച്ചു മാറ്റുന്നതെന്ന ഒരു ചോദ്യം സ്വാഭാവികമായും എന്റെ ഉള്ളിലുണർന്നു.

തറ ഉയരം കൂടിയ ആ വീട്ടിലെ അഞ്ച് പടികൾ കയറി മുറിയിലെത്തി. അവിടെ ഏകദേശം 80 വയസ്സിലധികം പ്രായം തോന്നിക്കുന്ന, കാതിൽ ചിറ്റും അരയിൽ വെള്ളിയരഞ്ഞാണ വുമണിഞ്ഞ വയോവൃദ്ധരായ ഒരു ഉമ്മ ഇരിക്കുന്നുണ്ട്. ഞാൻ കയറിച്ചെന്നപ്പോൾ അത്യന്തം രൂക്ഷമായി ഒരു നോട്ടം നോക്കിയിട്ട് ഉള്ളിലേക്കു കയറിപ്പോയി. ആ നോട്ടത്തിന്റെ അര്‍ഥം എനിക്കു മനസ്സിലായി. അവർ ജീവിച്ച അവരുടെ മക്കൾ ഓടിക്കളിച്ച, അവരുടെ സ്വന്തം വീട് പൊളിച്ചു മാറ്റുന്നതിലുള്ള അമർഷം, മകന്റെ തലതിരിഞ്ഞ ആഗ്രഹം പൂർത്തീകരിക്കാൻ വന്ന ‘എൻജിനീയറോ’ടുള്ള പക. അവരെ സംബന്ധിച്ചിടത്തോളം സ്വന്തം വീടിന്റെ ‘ആരാച്ചാര’ല്ലേ ഞാൻ!

കേരളത്തിലെ പഴയ നിരവധി വീടുകളിൽ സമാനമായ ഇത്തരം അനുഭവങ്ങളിൽ കൂടി ഞാൻ പലപ്പോഴും കടന്നുപോയിട്ടുണ്ട്. പ്രായമുള്ളവരുടെ ജീവിക്കുന്ന ഓർമകളും ജീവിതത്തെ മുന്നോട്ടു കൊണ്ടു പോകുന്ന മമതാബന്ധവും നഷ്ടപ്പെടുമെന്നു മനസ്സിലാക്കുമ്പോൾ അവരിൽ ഒരുതരം വിരക്തി ജനിക്കും.

റഫീക്കിന് ആ വീടിന്റെ കുറവുകളെ കുറിച്ചു മാത്രമേ പറയാനുള്ളൂ; വെളിച്ചക്കുറവ്, ആവശ്യമില്ലാത്ത മുറികൾ, ഉപയോഗശൂന്യമായ പത്തായപ്പുരകൾ, അനാവശ്യമായ ചായിപ്പുകൾ, മാറാല മാറാത്ത കഴുക്കോലുകൾ, കടവാവലുകളും മരപ്പട്ടികളും രാപാർക്കുന്ന തട്ടിൻ പുറങ്ങൾ, ഇടയ്ക്കെങ്കിലും ചോർന്നൊലിക്കുന്ന മേൽക്കൂര...അങ്ങനെ നീണ്ടു പോകുന്നു പോരായ്മകൾ.

സമീപപ്രദേശത്തൊക്കെ വലിയ കോൺക്രീറ്റ് വീടുകൾ കാണുമ്പോഴാണു പുതിയ തലമുറയ്ക്കു പഴയ വീട് അപരിഷ്കൃതമാവുന്നത്. ഭാര്യയ്ക്കും മക്കൾക്കും ഇഷ്ടമല്ലാത്തതുകൊണ്ട് ഇതു പൊളിച്ചു മാറ്റണം എന്നാണ് ആവശ്യം.

പുറത്ത് ആരോ കാണാന്‍ വന്നപ്പോൾ സംസാരത്തിനിടയിൽ റഫീക്ക് പൂമുഖത്തേക്കിറങ്ങി. കൊടും ചൂടിലും കുളിർമയുള്ള കാറ്റു വരുന്ന വരാന്തയിലെ പടാപുറത്ത് വെറുതെയങ്ങനെ ഇരിക്കുമ്പോൾ അൽപം ദൈന്യതയാർന്നൊരു ശബ്ദം കേട്ടു: ‘ഇഞ്ചിനീയരെ, ഇങ്ങളീ പൊര പൊളിക്കാൻ വന്നതാണോ? ഞാൻ മയ്യത്താകുന്നവരെ ഇപ്പൊര പൊളിക്കണ്ടാന്ന് ഇങ്ങളൊന്ന് ഓനോട് പറേണം.’ ഒരു ചെറിയ തേങ്ങലോടെ വയോവൃദ്ധയായ ആ ഉമ്മയുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി അടർന്നു വീണു.

‘ഇഞ്ചെ മാപ്പള മൂരി വണ്ടീല് കൊടക്ന്ന് വെട്ടികൊണ്ടോന്ന മരങ്ങളോണ്ടാ ഈ പൊര കെട്ട്യേത്. അക്കാലത്തെ ഇബ്ട്ത്തെ ഏറ്റോം ബല്യ ബീടേയ്നീത്, കോയിക്കോട്ടീന്നും, തലശ്ശേരീന്നൊക്കെ ആൾക്കാര് ഈ പൊര കാണായ്ന് വരേയ്നു. അതിയ്യോൻക്ക്റിയോ!....ഓനും കെട്ട്യോൾക്കും ഇപ്പൊര പിടിക്കണില്ലെങ്കില മൂന്നേക്കറ്ള്ള ഈ തൊടീല് ഏടെ വേണേയ്‍ലും പുതിയ പൊരോര് കെട്ടിണ്ടാക്കിക്കോട്ടെ.’എന്തു മറുപടി പറയണമെന്നറിയാതെ ഞാനൊന്നു പരുങ്ങി.

ഒരു നേർത്ത വിറയലോടെ വീണ്ടും ആ ശബ്ദം പുറത്തേക്കു വന്നു. ‘ഇങ്ങളോനോടൊന്ന് പറേണം. ഇത് പൊളിക്കണ്ടാന്ന്. പടച്ചോൻ ഇങ്ങളെ കാത്തോളും.’

അപ്പോൾ ഞാനാ ഉമ്മയോടു പറഞ്ഞു. ‘ഉമ്മ വിഷമിക്കേണ്ട, ഒരു കാരണവശാലും ഞാനീ വീട് പൊളിക്കാൻ പോണില്ല. ഇത്തരത്തിലുള്ള വീടുകളൊക്കെ നമ്മുടെ നാട്ടിൽ നിന്നും ഇല്ലാതാവുകയാണ്. ഇതൊക്കെ നിലനിർത്തേണ്ടതും അത്യാവശ്യമാണ്. അഥവാ ഈ വീട് പൊളിക്കുകയാണെങ്കിൽ തന്നെ ആ പണി ഞാനായിട്ട് ചെയ്യുകയില്ല. എന്ന് ആ ഉമ്മയോടു ഉറപ്പിച്ചു പറഞ്ഞു.

വാർധക്യം കാരണം വെള്ളപ്പാടുകൾ നിറഞ്ഞ ആ കണ്ണുകൾ അപ്പോൾ തിളങ്ങുന്നുണ്ടായിരുന്നു. അടക്കാനാവാത്ത സന്തോഷത്തോടെ ആ ഉമ്മ അകത്തേക്കു പോയി.

ഓരോ ആളുകൾക്കും അവരവർ ജനിച്ചു വളർന്നതും ഏറെനാൾ പെരുമാറിയിട്ടുളളതുമായ വീടുകൾ ഭൂമിയിലെ ഏറ്റവും വലിയ സ്വർഗമാണ്. അവരുടെ കുട്ടികൾ വളർന്നു വലുതായതവിടെയാണ്; പരസ്പരസ്നേഹം നിലനിർത്തിയ വാസസ്ഥലമാണത്; ഒരുപാടു സന്തോഷിച്ച മൂഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിച്ച ഭവനം. പോരാത്തതിന് അവർക്ക് പൂർണ സ്വാതന്ത്ര്യം നൽകിയ വീടുമാണത്.

സർവാധികാരമുള്ള ആ വീടു തന്നെയാണ് അവരുടെ ജീവിതവും പിതാക്കളുടെ മുന്നിൽ വച്ച് പൊളിച്ചു മാറ്റുമ്പോൾ അവിടെ തകർക്കപ്പെടുന്നത് ആ വൃദ്ധമനസ്സുകളുടെ നിസ്സഹായതയാർന്ന മൗനനൊമ്പരങ്ങളാണ്.

ഇങ്ങനെ ഓരോന്നും ആലോചിച്ചിരിക്കെ അടുക്കളവാതിലിന്റെ ഞരക്കം കേട്ടു. ഉമ്മ കടന്നു വരികയാണ്. പഴം നുറുക്കിയത്, ഉന്നക്കായ, കോയ്പത്തിരി തുടങ്ങിയ മലബാർ മുസ്ലിം വിഭവങ്ങൾ നിറഞ്ഞ വലിയ പ്ലെയ്റ്റ് എന്റെ മുന്നിൽ വച്ചു.

‘പള്ള നൊർച്ചും തിന്നോളീ, ഇനീം ഇബ്ടെണ്ട്. ഞാണ്ടാക്കിയതാ,’ നിറഞ്ഞ സന്തോഷത്തോടെയുള്ള ആ സൽക്കാരം. ആ വീട് പൊളിക്കാൻ ഞാൻ കൂട്ടു നിൽക്കില്ല എന്നുള്ള വലിയ ഉറപ്പിന്റെ ആശ്വാസമായിരുന്നു.

വിവരങ്ങൾക്ക് കടപ്പാട്- ജയൻ ബിലാത്തികുളം 

English Summary- Traditional House Preservation Importance Story

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA