ADVERTISEMENT

വീടിന്റെ കാര്യത്തിൽ ആകപ്പാടെ ആശയക്കുഴപ്പത്തിലാണ് മലയാളി. പുതിയൊരു വീടുപണിയുമ്പോൾ അതിന്റെ രൂപമെന്തായിരിക്കണം, എന്തെല്ലാം  സൗകര്യങ്ങൾ വേണം, ഏതു നിർമാണ സാമഗ്രി ഉപയോഗിക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം സംശയത്തോടു സംശയം. ഒടുവിൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്ന രീതിയാണ് ഏറ്റവും രസകരം. സ്കോട്ടിഷ് മേൽക്കൂര, ഇറ്റാലിയൻ അടുക്കള, ദുബായ് കുളിമുറി.... എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മോഷ്ടിച്ച ആശയങ്ങളുമായി മലയാളി വീടുകെട്ടും. ഇതാണ് ‘ഫാഷൻ എന്ന രീതിയിൽ ഇവയ്ക്ക് അനുകരണങ്ങളുമുണ്ടാകും. സ്വന്തമായൊരു പാർപ്പിട  സംസ്കാരമില്ലാതെ അപരിഷ്കൃതനായി മാറുന്ന മലയാളി അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങൾ....

 

1. കേരളത്തിലാണ് വീട് വയ്ക്കുന്നത് എന്ന ബോധം വേണം

ബാക്ഗ്രൗണ്ട് മാറ്റിയാൽ ഇത് ഏതു രാജ്യത്തെ വീടാണെന്ന് ഒരാൾക്കും പറയാനാകാത്ത തരം നിർമിതികളാണ് ഇപ്പോഴുണ്ടാകുന്നതിൽ കൂടുതലും. ഓർക്കുക ; കാലാവസ്ഥ, പ്ലോട്ട് (വീടിരിക്കുന്ന സ്ഥലം) എന്നിവയെ അറിഞ്ഞും ആവാഹിച്ചും ആയിരിക്കണം വീടിന്റെ ഡിസൈൻ. വർഷത്തിൽ ആറു മാസത്തോളം മഴ ലഭിക്കുന്ന അത്യാവശ്യം ചൂടും ഈർപ്പവുമുളള ‘ട്രോപ്പിക്കൽ ക്ലൈമറ്റ് ആണ് കേരളത്തിലേത്. തീരദേശം, ഇടനാട്, മലനാട് എന്നിങ്ങനെ മൂന്നു തരം ഭൂപ്രകൃതിയാണിവിടുളളത്. ഇതു രണ്ടും പരിഗണിച്ചായിരിക്കണം വീടിന്റെ ഡിസൈൻ. അതല്ലാതെ സ്വിറ്റ്സർലൻഡിലെയോ ജപ്പാനിലെയോ വീട് അതുപോലെ പകർത്തുകയല്ല ചെയ്യേണ്ടത്.

 

2. പുറമേ നിന്ന് കാണാൻ ഭംഗിയുളള വീട് മതി എന്നതു മണ്ടത്തരമാണ്

വഴിയേ പോകുന്നവരെ കാണിച്ച് അവരെ സന്തോഷിപ്പിക്കാൻ വേണ്ടിയാവരുത് വീടു പണിയുന്നത്. വീടിന് മുന്നിൽ നിന്ന് നോക്കിയാൽ നല്ല ഭംഗി തോന്നണം എന്ന് ആർക്കിടെക്ടിനോട് പറയുമ്പോൾ ഇതോർക്കണം. വീടിന് കാണാൻ ഭംഗിയുളള രൂപം വേണം എന്നതിൽ സംശയമില്ല. എന്നാൽ ആ രൂപത്തിന് ഒരു ന്യായീകരണം വേണം. മുമ്പ് പറഞ്ഞതുപോലെ കാലാവസ്ഥ, പ്ലോട്ട് എന്നിവയും ഒപ്പം വീട്ടുകാരുടെ ആവശ്യങ്ങളും ചേർന്നാണ് വീടിന്റെ രൂപം നിശ്ചയിക്കേണ്ടത്. ഇതൊരു സ്വാഭാവിക പ്രക്രിയയാണ്. അങ്ങനെയാകുമ്പോൾ വീടിന്റെ മുന്നും പിന്നും വശങ്ങളും എല്ലാം സുന്ദരമായിരിക്കും. കാട്ടിക്കൂട്ടലുകളിലൂടെ നേടുന്ന സൗന്ദര്യത്തിന് ആയുസില്ല എന്നോർക്കണം.

 

3. നിർമാണസാമഗ്രികൾ വാരിവലിച്ച് ഉപയോഗിക്കരുത്

  ഇന്ന് നിർമാണസാമഗ്രികൾക്ക് യാതൊരു പഞ്ഞവുമില്ല. എല്ലാ നിർമാണ സാമഗ്രികളും അൽപാൽപ്പമെങ്കിലും ഉപയോഗിച്ചിരിക്കണം എന്ന് ഒരു നിർബന്ധവുമില്ല. ‘കണ്ടംപററി സ്റ്റൈൽ വീടല്ലേ പണിയുന്നത് അപ്പോൾ പിന്നെ സ്റ്റീലും ഗ്ലാസും ജിപ്സവും ഉപയോഗിക്കാതെ പറ്റുമോ  എന്നാണ് ചിലരുടെ ധാരണ. ആവശ്യത്തിനു മാത്രമായി ഉപയോഗം പരിമിതപ്പെടുത്തണം. ധാരണകളല്ല മറിച്ച് നിർമാണസാമഗ്രികളുടെ ഗുണവിശേഷങ്ങളാണ് തിരഞ്ഞെടുപ്പിന് മാനദണ്ഠമാകേണ്ടത്.  റെഡ്യൂസ്, റിസ്യു, റീസൈക്കിൾ എന്നീ ആശയങ്ങൾ പിന്തുടർന്നാൽ ചെലവു കുറയും എന്നുമാത്രമല്ല സാമൂഹിക പ്രതിബദ്ധതയുടെ തെളിവു കൂടിയാകും.

 

4.എല്ലാം വെട്ടിനിരപ്പാക്കിയേ വീടു പണിയൂ എന്ന വാശി വേണ്ട

 പുരയിടത്തിലുളള എല്ലാ മരങ്ങളും മുറിച്ചു മാറ്റി എവിടെങ്കിലും അൽപം നീരൊഴുക്കോ ഒരു കിണറോ ഉണ്ടെങ്കിൽ അതെല്ലാം മണ്ണിട്ടു മൂടി നിരപ്പാക്കിയേ വീടു പണിയൂ എന്നത് സംസ്ക്കാര ശൂന്യതയുടെ ഒന്നാംതരം തെളിവാണ്. വീടുവയ്ക്കന്ന സ്ഥലത്തെ സ്വാഭാവിക പരിസ്ഥിതിയും അവിടത്തെ ജൈവ വൈവിധ്യവും അലങ്കാരങ്ങളാക്കി മാറ്റി വേണം വീടു പണിയാൻ. വീടിനനുസരിച്ച് പ്ലോട്ടിനെ മാറ്റിയെടുക്കുകയല്ല. പകരം പ്ലോട്ടിനനുസരിച്ച് വീടിനെ മാറ്റിയെടുക്കുകയാണ് വിവേകമുളള വീട്ടുകാരനും ആർക്കിടെക്ടും ചെയ്യേണ്ടത്.

 

5.വെറുതെ കിട്ടുന്ന കാറ്റും വെളിച്ചവും വേണ്ടെന്നു വയ്ക്കരുത്

  കത്തുന്ന ചൂളയ്ക്കുളളിൽ കയറിയ പ്രതീതിയാണ് ചില വീടുകളിലെത്തിയാൽ. ഈശ്വരൻ സൗജന്യമായി തന്നനുഗ്രഹിച്ചിരിക്കുന്ന കാറ്റും വെളിച്ചവും വേണ്ട എന്ന രീതിയിൽ വീടു പണിയുന്നത് എന്തു മണ്ടത്തരമാണ്. ഒരു വീടിന്റെ ആയുസ് മുഴുവൻ ലൈറ്റും ഫാനും എസിയുമൊക്കെ പ്രവർത്തിപ്പിക്കാൻ ചെലാവാകുന്ന വൈദ്യുതി ബില്ലിനെപ്പറ്റി ഓർത്തെങ്കിലും വീടിന് നല്ല വെൻറിലേഷൻ നൽകണം. മനുഷ്യരെ പോലെ വീടിനും ശ്വസിക്കണം എന്ന കാര്യം മറക്കരുത്.

 

6. വീട് ഒരു മത്സര ഇനമായി എവിടെയും പ്രഖ്യാപിച്ചിട്ടില്ല

വീട് ഒരു മത്സര ഇനമല്ല. അയൽക്കാരന്റെ അല്ലെങ്കിൽ ബന്ധുവിന്റെ അത്രയും വലുപ്പമുളള, അല്ലെങ്കിൽ അതിനേക്കാൾ അൽപം കൂടി വലുപ്പമുളള വീട് വേണം എന്ന ചിന്ത മാറ്റണം. ന്യായമായ ആവശ്യമാണ് വീടിന്റെ വലുപ്പം നിശ്ചയിക്കേണ്ടത്. മുമ്പ് എട്ടും പത്തും ആളുകൾ സന്തോഷത്തോടെ ജീവിച്ച വീടുകൾക്ക് ഇപ്പോൾ രണ്ടും മൂന്നും പേർ മാത്രം താമസിക്കുന്ന വീടുകളുടെ നാലിലൊന്നു വലുപ്പമേ ഉണ്ടായിരുന്നുളളു എന്ന സത്യം മറക്കരുത്. പ്രാർഥനയ്ക്കു മാത്രമായി ഒരു മുറി വേണം, പ്രത്യേകമായി തയാറാക്കിയ സ്ഥലത്തിരുന്നാലേ പുസ്തകം വായിക്കാൻ കഴിയൂ തുടങ്ങിയ പിടിവാശികളാണ് മാറ്റേണ്ടത്.

English Summary-Tips for Good House for Malayalis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com