sections
MORE

തെറ്റായ ഭവനവായ്പ ജീവിതം തകർക്കാം; ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കുക

business-home-vehicle-loan
SHARE

ഏതൊരു സാധാരണക്കാരന്റെയും സ്വപ്നമാണ് സ്വന്തമായൊരു വീട്. പൊട്ടും പൊടിയും കൂട്ടിവച്ചാലും ഉള്ളതിൽനിന്നു മിച്ചം പിടിച്ചാലും ഒരു കുഞ്ഞുവീട് തട്ടിക്കൂട്ടാൻ പോലും തികയില്ല. കൈവായ്പ വാങ്ങാനും പലിശയ്‌ക്കെടുക്കാനും പേടി. പിന്നെയുള്ള ഏകവഴി ഭവനവായ്പയാണ്. ഭവനവായ്പ കിട്ടാനുള്ള യോഗ്യതകൾ എന്തൊക്കെയാണ്, ഏതു ബാങ്കിനെ സമീപിക്കണം, എത്ര തുക വരെ കിട്ടും എന്നെല്ലാം നൂറു സംശയങ്ങളുണ്ടാകും. അറിയാം ഭവനവായ്‌പ്പ ലഭിക്കാൻ എന്തെല്ലാം വേണമെന്ന്...

ഭവനവായ്പ എടുക്കുന്നത് എങ്ങനെയെല്ലാം?

നിലവിലുള്ള സ്ഥലത്ത് പുതിയ വീട് പണിയുന്നതിനും സ്ഥലം വാങ്ങി വീടു പണിയുന്നതിനും ഉള്ള വീട് പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപണികൾക്കും വീട്/ഫ്ലാറ്റ് വാങ്ങുന്നതിനും ഭവനവായ്പ ലഭ്യമാണ്. വീട് വാങ്ങുന്നതിന് വായ്പ ഒരുമിച്ചും വീടു പണിയുന്നതിന് പണിയുടെ പുരോഗതി അനുസരിച്ച് ഫൗണ്ടേഷൻ തീരുമ്പോൾ 30 ശതമാനം, വാർപ്പ് നിരപ്പിൽ 40 ശതമാനം, തേപ്പ് കഴിയുമ്പോൾ ബാക്കി 30 ശതമാനം എന്നിങ്ങനെ ലഭിക്കും.

ഫ്ലാറ്റ് വാങ്ങുമ്പോൾ ബിൽഡറും വാങ്ങുന്ന ആളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലുംആയിരിക്കും വായ്പാഗഡുക്കളുടെ വിതരണം. അച്ഛന്റെയോ അമ്മയുടേയോ പേരിലുള്ള വസ്തു മക്കളുടെ പേരിൽ മാറ്റാതെ മക്കളെയും മാതാപിതാക്കളെയും അപേക്ഷകരാക്കി വായ്‌പ അനുവദിക്കാൻ സാധിക്കും.

സ്ഥിരവരുമാനം

1141985479

വായ്‌പ തിരിച്ചടയ്ക്കാനുള്ള സാമ്പത്തികശേഷിയാണ് ബാങ്കുകൾ ആദ്യം പരിശോധിക്കുക. സ്ഥിരവരുമാനം ഉണ്ടെന്നു ബാങ്കിനു ബോധ്യം വരണം. വരുമാനം, കെട്ടിടത്തിന്റെ ചെലവ്, വിലയുടെ ( സ്ഥലവിലയും എസ്റ്റിമേറ്റും) എന്നീ മൂന്നു ഘടകങ്ങളെ ആശ്രയിച്ചാണ് വായ്‌പയുടെ അളവ്/പരിധി നിർണയിക്കുന്നത്.

വിദേശ ഇന്ത്യക്കാർക്ക് കുറഞ്ഞത് 15000 രൂപയും സ്വദേശ ഇന്ത്യക്കാർക്ക് 12000 രൂപയും പ്രതിമാസവരുമാനം ഉണ്ടായിരിക്കണം. പ്രതിമാസ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനത്തിൽ കൂടുതൽ പ്രതിമാസ വായ്‌പ തിരിച്ചടവ് ഗഡുവിന് കണക്കാക്കാൻ കഴിയില്ല. വാർഷിക വരുമാനത്തിന്റെ 40 ശതമാനവും അഞ്ചു ലക്ഷം രൂപ വരെ 50 ശതമാനവും 10 ലക്ഷം രൂപ വരെ 55 ശതമാനവും 10 ലക്ഷത്തിനു മുകളിൽ 65 ശതമാനവും തിരിച്ചടവിന് കണക്കാക്കാം.

75 ലക്ഷം വരെ എസ്റ്റിമേറ്റ് ഉള്ള വീടിന് അപേക്ഷകൻ 20 ശതമാനവും 75 ലക്ഷത്തിനു മുകളിൽ എസ്റ്റിമേറ്റ് ഉള്ള വീടുകൾക്ക് 25 ശതമാനവും അപേക്ഷകന്റെ വീതമായി എടുക്കേണ്ടതാണ്.

വായ്‌പ- തുക വില (സ്ഥല വില+ എസ്റ്റിമേറ്റ് തുക) അനുപാതം 20 ലക്ഷം രൂപ വരെ 90 ശതമാനവും 75 ലക്ഷം രൂപ വരെ 80 ശതമാനവും 75 ലക്ഷത്തിനു മുകളിൽ 75 ശതമാനവും ആയിരിക്കും. അതായത്, 20 ലക്ഷം രൂപ വരെ വില കണക്കാക്കുമ്പോൾ 90 ശതമാനം വായ്‌പ അനുവദിക്കാൻ സാധിക്കും.

300 മാസം കൊണ്ടു തിരിച്ചടവ് 

പരമാവധി 300 മാസമോ, അപേക്ഷകരിൽ പ്രായം കുറഞ്ഞ അപേക്ഷകന് 70 വയസ്സാകുന്നത് വരെയോ (ഇവയിൽ ഇതാണോ കുറവ്, അതുവരെ) ആയിരിക്കും വായ്പയുടെ കാലാവധി. പ്രായം കുറഞ്ഞ അപേക്ഷകന് 70 വയസാകുന്നതിനു മുൻപ് വായ്‌പ മുഴുവനും അടച്ചു തീരണം. അപേക്ഷകരുടെ താത്പര്യം അനുസരിച്ച് കാലാവധി കുറയ്ക്കാം.

കൂടുതൽ മെച്ചം, കാലയളവ് പരമാവധി  

എപ്പോഴും പരമാവധി കാലാവധിക്ക് വായ്‌പ എടുക്കുന്നതാണ് നല്ലത്, വായ്‌പ എടുക്കുമ്പോൾ നിശ്‌ചയിക്കുന്ന തിരിച്ചടവു തുക തന്നെ അവസാന തിരിച്ചടവ്‌ ഗഡു വരെ അടച്ചുകൊണ്ടിരുന്നാൽ മതി. രൂപയുടെ മൂല്യത്തിൽ വരുന്ന ഇടിവ് ലാഭമാകും.

കാലാവധിക്ക് മുൻപ് വായ്‌പ തിരിച്ചടയ്ക്കാമോ?

എപ്പോൾ വേണമെങ്കിലും വായ്‌പ തിരിച്ചടയ്ക്കാം. വായ്‌പ എടുത്ത തീയതിക്കു ശേഷം ഏതു തീയതിയിലും മറ്റു ചാർജുകളോ നടപടിക്രമങ്ങളും  ഇല്ലാതെ വായ്‌പ ക്ളോസ് ചെയ്യാം. അതിന്റെ തലേദിവസത്തെ വരെ പലിശയേ വാങ്ങൂ. എന്നാൽ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽ കാലാവധിക്കു മുൻപ് തുക അടച്ചു തീർത്താലും ചില ചാർജുകൾ ഈടാക്കാറുണ്ട്. പൊതുമേഖലാബാങ്കുകളിൽ ഒരു നടപടിക്രമങ്ങളുമില്ലാതെ വായ്‌പ അവസാനിപ്പിക്കാം.

ഓവർഡ്രാഫ്റ്റ് സൗകര്യം

ഭവനവായ്പ  ഓവർഡ്രാഫ്റ്റായി എടുക്കുന്നതിനുള്ള സൗകര്യമുണ്ട്. ഇതിനും പ്രതിമാസ അടവ് തുക കൃത്യമായി അടയ്ക്കണം. എന്നാൽ നമ്മുടെ കയ്യിൽ പിനീടുള്ള ആവശ്യങ്ങൾക്കുള്ള പണം ഉണ്ടെങ്കിൽ ആ പണം ഓവർഡ്രാഫ്റ്റായി അടച്ചാൽ ബാക്കി നിൽക്കുന്ന തുകയ്ക്കു മാത്രമേ പലിശ കണക്കാക്കുകയുള്ളൂ. നമ്മൾ അധികം അടച്ച തുക എപ്പോൾ വേണമെങ്കിലും പിൻവലിക്കുന്നതിന് സൗകര്യമുണ്ടാകും. ഇത്തരത്തിൽ പലിശയിൽ വൻകുറവ് ലഭിക്കും.

മറ്റു വായ്പാ സൗകര്യങ്ങൾ

ഭവനവായ്പ എടുത്തവർക്കു മാത്രമായി ചില വായ്പകൾ ലഭ്യമാണ്. വീടുപണി കഴിഞ്ഞാൽ മോഡുലാർ കിച്ചൻ, ഫർണിച്ചർ, വാഡ്രോബ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഭവനവായ്പ, തിരിച്ചടവു ശേഷി അനുസരിച്ച് വലിയ നടപടികൾ ഇല്ലാതെ തന്നെ അനുവദിക്കാനാകും. അതുപോലെതന്നെ വ്യക്തിഗത ആവശ്യങ്ങൾക്ക് മറ്റ് ഈടോ നടപടിക്രമങ്ങളോ ഇല്ലാതെ വ്യക്തിഗത വായ്പകൾ കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കും.

കൂടുതൽ തുക തിരിച്ചടയ്ക്കാം

പൊതുമേഖലാ ബാങ്കുകളിൽ പ്രതിമാസഗഡു തിരിച്ചടയ്ക്കുന്നതിനൊപ്പം കൂടുതൽ തുക അടയ്ക്കാൻ സാധിക്കുകയാണെങ്കിൽ അത് മുതലിലേക്കു ചേരും. പിന്നീട് അത്രയും തുക കുറച്ചു കണക്കാക്കിയാണ് പലിശ ഈടാക്കുന്നത്. ഉദാഹരണത്തിന്, 5000 രൂപയാണ് പ്രതിമാസ തിരിച്ചടവെന്നു കരുതുക. ചിട്ടി കൂടിക്കിട്ടിയ 10000 രൂപ ലോണിലേക്കു ചേർക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതു ബാങ്കിൽ അടച്ചാൽ ഈ തുക മുതലിലേക്ക് കണക്കാക്കി പലിശ തുകയിൽ കുറവ് വരുന്നതാണ്. മൂന്ന് ഇൻസ്റ്റാൾമെന്റ് വരെ കുടിശിക വരാൻ പാടില്ല.

നികുതിയിളവ്?

വരുമാനത്തിൽനിന്നു പലിശ കുറച്ചതിനു ശേഷമേ നികുതി കണക്കാക്കൂ. ലോണിന്റെ ഇൻസ്റ്റാൾമെന്റ് അടച്ച തുക സമ്പാദ്യമായി കണക്കാക്കും. അതിനും നികുതിയിളവ് ലഭിക്കും. നിലവിൽ ലോൺ എടുത്തിരിക്കുന്ന ബാങ്കിൽനിന്നു മറ്റൊരു ബാങ്കിലേക്ക് മാറ്റാൻ സാധിക്കുമോ? അതിന്റെ നടപടിക്രമങ്ങൾ?

നിലവിൽ ലോണുള്ള ഒരു ബാങ്കിൽ നിന്നു മറ്റൊരു ബാങ്കിലേക്ക് മാറാൻ  ടേക് ഓവർ ഫെസിലിറ്റി ഉണ്ട്. ആർബിഐയുടെ നിയമം അനുസരിച്ച് ഒരു ബാങ്കും അഡീഷണൽ ചാർജ് ഈടാക്കാൻ പാടില്ല. രേഖകൾ എല്ലാം മറ്റൊരു ബാങ്കിലെണെങ്കിൽ അതിന്റെ അറ്റസ്റ്റഡ് കോപ്പി ഹാജരാക്കണം.

പൊതുമേഖലാ ബാങ്കിൽനിന്ന് ലോൺ ലഭിക്കാൻ എത്ര ദിവസമെടുക്കും?

ഇപ്പോൾ ലോണിന്റെയും മറ്റും കാര്യങ്ങൾ നിർവഹിക്കാൻ എസ്ബിടി പോലുള്ള ബാങ്കുകൾക്ക് ഒരു മാർക്കറ്റിങ് ഡിവിഷൻ തന്നെയുണ്ട്. അതുകൊണ്ട് കാര്യങ്ങൾ സുതാര്യമായി കാലതാമസമില്ലാതെ ശരിയാകും. പലതവണ കയറിയിറങ്ങേണ്ട കാര്യമില്ല.

English Summary- Home Loan Tips  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA