sections
MORE

വീട് പിന്നീട് ബാധ്യതയാകരുത്; ഒരിക്കലും മറക്കരുത് ഈ കാര്യങ്ങൾ

dream-home
Representative Image
SHARE

പ്ലാൻ വരയ്ക്കുന്നതിനു മുമ്പ് സ്വന്തം വീടിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. സ്വന്തം ആവശ്യങ്ങളെല്ലാം കുറിച്ചു വച്ചു വേണം പ്ലാൻ തയാറാക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ. ഒരു ഡമ്മി പ്ലാൻ ഉണ്ടാക്കിയതിനുശേഷം ആർക്കിടെക്ടിനെ/ എൻജിനീയറെ കാണുന്നത് ആഗ്രഹത്തിനനുസരിച്ച് വീടുപണിയാൻ സഹായിക്കും. സ്വന്തമായി ആശയങ്ങൾ ഉളളവരാണെങ്കിൽ സ്വന്തമായി പ്ലാൻ തയാറാക്കുകയുമാകാം. എന്നാൽ പഞ്ചായത്തിന്റെ  അല്ലെങ്കിൽ മുനിസിപ്പാലിറ്റിയുടെ അംഗീകാരം നേടണമെങ്കിൽ ഒരു അംഗീകൃത എൻജിനീയർ സർട്ടിഫൈ ചെയ്യണം.

പ്ലോട്ടിന്റെ  സവിഷേതകൾക്കനുസരിച്ചാകണം വീടിൻറെ പ്ലാൻ. നിരപ്പായ ഭൂമിയാണോ, റോഡ് സൈഡിലാണോ, പ്ലോട്ടിൻറെ എത്ര അകലെയാണ് അയൽ വീടുകൾ, പ്ലോട്ടിലെ മരങ്ങളുടെ കാര്യം, സൂര്യപ്രകാശവും വായു സഞ്ചാരവും... ഇങ്ങനെ പ്ലോട്ടിനെ വിശകലനം  ചെയ്യുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

അടുത്ത് വീടുണ്ടോ ?

പ്ലോട്ടിനു ചുറ്റുമുളള സ്ഥലങ്ങളെ വളരെയധികം നിരീക്ഷിച്ചുവേണം വീടിൻറെ പല ഘടകങ്ങളെക്കുറിച്ചും തീരുമാനിക്കാൻ. തത്ക്കാലം ചുറ്റും വീടുകളില്ലെങ്കിലും ചിലപ്പോൾ പുതിയ വീടുകൾ വന്നേക്കാം എന്നു പ്രതീക്ഷിക്കുകയും വേണം.

രണ്ടാം നില പണിയാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവിടെ നിന്ന് ചുറ്റുപാടും കാണുന്ന കാഴ്ചകൾ എന്തെല്ലാമായിരിക്കുമെന്നത് ഊഹിച്ചു വേണം വീടുപണിയാൻ, നഗര മധ്യത്തിൽ ചെറിയ സ്ഥലത്തു പണിയുന്ന വീടുകളിൽ ബാൽക്കണിയും ടെറസുമെല്ലാം ഉണ്ടെങ്കിലും തൊട്ടടുത്ത വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുമെന്നതിനാൽ ടെറസിലെ തുറന്ന സ്ഥലങ്ങൾ ഉപകാരപ്പെടില്ല. അല്ലെങ്കിൽ രണ്ടു വീടുകൾക്കുമിടയിൽ ധാരാളം മരങ്ങളുണ്ടെങ്കിൽ ഈ പ്രശ്നം വലിയൊരു പരിധിവരെ ബാധിക്കില്ല. രണ്ടാം നിലയിൽ നിന്ന് നോക്കുമ്പോൾ കായലോ വയലോ ആണ് കാണുന്നതെങ്കിൽ ധൈര്യമായി പ്രകൃതിയെ അഭിമുഖീകരിക്കുന്ന വിധത്തിൽ ബാൽക്കണി നിർമിക്കാം.

ഭൂമി നിരപ്പാക്കണോ തട്ടായതാണെങ്കിൽ അങ്ങനെത്തന്നെ നിലനിർത്തണോ എന്ന കാര്യത്തിലും തീരുമാനമുണ്ടാക്കാനുണ്ട്. ചെറിയ പൊക്ക വ്യത്യാസമാണെങ്കിൽ നിരപ്പാക്കുന്നതു തന്നെയാണ് നല്ലത്. ഭൂമി നിരപ്പാക്കുന്നതിനു പകരം അണ്ടർ ഗ്രൗണ്ട് ഫ്ലോർ പണിയുന്നത് പലപ്പോഴും ലാഭകരവും പണിയുന്നത് എളുപ്പവുമായിരിക്കും. പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപറേഷൻ ഇവയിൽ ഏതാണെന്നതനുസരിച്ച് നിയമം അനുശാസിക്കുന്ന വിധത്തിൽ ചുറ്റും സ്ഥലം വിട്ട് വേണം വീടുവയ്ക്കാൻ. ബിൽഡിങ് റൂൾ അനുസരിച്ച് മൂന്ന് സെന്റിൽ കൂടുതൽ സ്ഥലമുണ്ടെങ്കിൽ വീടിനു മുൻവശത്ത് കുറഞ്ഞത് മൂന്ന് മീറ്ററും വീടിനു  പിന്നിൽ രണ്ട് മീറ്ററും ഒരുവശത്ത് 1.3 മീറ്ററും ഒരുവശത്ത് ഒരു മീറ്ററും ഒഴിച്ചിടണം.

മൂന്ന് സെന്റ് സ്ഥലത്തിൽ കുറവാണെങ്കിൽ നിയമത്തിൽ പല ഇളവുകളും ലഭിക്കും. വീടിനു മുൻഭാഗത്ത് രണ്ട് മീറ്ററും പിന്നിൽ ഒരു മീറ്ററും ഒഴിച്ചിടണം. വശങ്ങളിൽ 90 സെമീയും 60 സെമീയും ഒഴിച്ചിട്ടാൽ മതിയാകും. 60 സെമീ ഒഴിച്ചിട്ട സ്ഥലത്ത് വാതിലോ  ജനലോ നൽകരുത്. പകരം വെന്റിലേഷൻ നൽകാം.  സെപ്റ്റിക് ടാങ്ക്, റെയിൻവാട്ടർ ഹാർവെസ്റ്റിങ് ടാങ്ക് തുടങ്ങി നിയമം നിഷ്കർഷിക്കുന്ന എല്ലാ സൗകര്യങ്ങളും എവിടെയെല്ലാം സ്ഥാപിക്കുന്നു എന്നതും പ്ലാനിൽ അടയാളപ്പെടുത്തേണ്ടതാണ്.

ഡമ്മി പ്ലാൻ ഉണ്ടാക്കിക്കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ മുറികൾക്കുവേണ്ട വലുപ്പവും ഏകദേശം അടയാളപ്പെടുത്തുന്നതു നന്നായിരിക്കും. സ്വന്തം പ്ലാൻ വരയ്ക്കാനും മുറികളുടെ അകമെങ്ങനെയിരിക്കുമെന്നറിയാനും സഹായിക്കുന്ന നിരവധി ആപ്ലിക്കേഷനുകൾ കംപ്യൂട്ടറിലും ഫോണുകളിലുമെല്ലാം ലഭ്യമാണ്. ഇവ ഉപയോഗിച്ച് പ്ലാൻ തയാറാക്കാം.

എങ്ങനെ വേണം എക്സ്റ്റീരിയർ ?

budget-house

വീടിൻന്റെ എക്സ്റ്റീരിയറും പ്ലാനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പ്ലാൻ അനുസരിച്ച് സ്വഭാവികമായി ഉരുത്തിരിഞ്ഞു വരുന്നതായിരിക്കും എക്സ്റ്റീരിയറിൻറെ ഡിസൈൻ. പാരപെറ്റ്, ചുവരിലെ ക്ലാഡിങ്, റെയിലിങ്ങുകൾ എന്നിവയെല്ലാം  എക്സ്റ്റീരിയറിനു ഭംഗി പകരാൻ സഹായിക്കുന്നു. എക്സ്റ്റീരിയർ ഭംഗിയാക്കാൻ ഉപയോഗിക്കുന്ന തൊങ്ങലുകൾ ഒഴിവാക്കാം.

കേരള ട്രഡീഷനൽ, കൊളോണിയൽ, കൻറെംപ്രറി, മിനിമലിസ്റ്റിക്, വിക്ടോറിയൻ... ഇങ്ങനെ നിരവധി ശൈലികൾ എക്സ്റ്റീരിയറിനു വേണ്ടി ഉപയോഗിക്കുന്നുണ്ട്. ഏതെങ്കിലും ഒരു ശൈലി അതേപോലെ പകർത്തുന്നതിനു പകരം അവരവരുടെ ജീവിതശൈലിക്കും ഇന്റീരിയറിനും യോജിക്കുന്ന ശൈലി തിരഞ്ഞെടുക്കണം. പല ശൈലികൾ  കൂട്ടിക്കുഴച്ച് ഉണ്ടാക്കുന്ന വീടുകളാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ ഏറ്റവുമധികം കാണുന്നത്.

ഓരോ ശൈലിയിലെയും ഓരോ ഘടകവും എന്തിനുവേണ്ടിയാണ് രൂപപ്പെടുത്തിയത് എന്ന് അറിഞ്ഞതിനുശേഷം വേണം അത് സ്വീകരിക്കാൻ. ചരിഞ്ഞ മേൽക്കൂരയുളള വീടുകളാണ് നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കുന്നത്. എങ്കിലും 40 ഡിഗ്രിയിലും കുറഞ്ഞ ചരിവ് നമുക്കുവേണമെന്നില്ല. തണുപ്പുളള രാജ്യങ്ങളിൽ മഞ്ഞ് തങ്ങിനിൽക്കാതിരിക്കാനാണ് ഇത്തരം മേൽക്കൂരകൾ നിർമിക്കുന്നത്. ഇത്തരം പ്രത്യേകതകൾ ആവശ്യമാണോ എന്ന് ആർക്കിടെക്ടിനോടോ എൻജിനീയറോടോ ചോദിച്ചു മനസ്സിലാക്കണം.

English Summary- Things to Note before Building Dreamhome

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA