ADVERTISEMENT

ഒരു വീട്ടില്‍ ഏറ്റവും ആവശ്യമായ ചെടിയാണ് കറിവേപ്പ്. പ്രത്യകിച്ചു കേരളത്തിലെ വീട്ടമ്മമാര്‍ക്ക് കറിവേപ്പില ഏറ്റവും അത്യാവശ്യമായ ഒന്നാണ്. എങ്കിലും ഒരു കറിവേപ്പ് വളർത്തിയെടുക്കുക എന്നത് ഒരല്‍പം കഠിനമായ ജോലിയാണ്. പെട്ടെന്ന് എവിടെയും തഴച്ചു വളരാത്ത സസ്യമാണ് കറിവേപ്പ്. കാശു കൊടുത്ത് മാർക്കറ്റിൽ നിന്നും വാങ്ങുന്ന കറിവേപ്പിലയിൽ മാരകമായ  കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ വീട്ടില്‍ തന്നെ ഒരു കറിവേപ്പ് വയ്ക്കുകയാണ് ഏറ്റവും നല്ലത്. കറിവേപ്പ് നന്നായി തഴച്ചു വളരാന്‍ ചില പൊടിക്കൈകൾ ഇതാ :

കറിവേപ്പ് വയ്ക്കുന്നവര്‍ക്ക് പലപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒരു പ്രശ്‌നമാണ് കീടങ്ങളുടെ ആക്രമണം. ഇല മുറിഞ്ഞ് പോവുക, ഇലകളില്‍ നിറം മാറ്റം സംഭവിക്കുക, പുതിയ മുള പൊട്ടാതിരിക്കുക എന്നിവയെല്ലാം കറിവേപ്പിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഇതിനു പുളിച്ച കഞ്ഞിവെള്ളം നല്ലൊരു പ്രതിവിധിയാണ്. പുളിച്ച കഞ്ഞിവെള്ളത്തില്‍ ഇരട്ടി വെള്ളം ചേര്‍ത്ത് കറിവേപ്പിനു മുകളില്‍ തളിക്കുന്നത് കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് കറിവേപ്പിനെ പ്രതിരോധിക്കും. കഞ്ഞിവെള്ളം തളിരിലകള്‍ വളരാനും സഹായിക്കും.

curry-leaf-plant

ഒരിക്കലും കറിവേപ്പിനു താഴെ വെള്ളം കെട്ടിക്കിടക്കാന്‍ സമ്മതിക്കരുത്. ഈര്‍പ്പം അത്യാവശ്യമാണെങ്കിലും വെള്ളം കെട്ടിക്കിടക്കുന്നത് വേര് അഴുകാന്‍ കാരണമാകുന്നു. ഇത് മൂടോടെ കറിവേപ്പ് നശിച്ച് പോവുന്നതിന് കാരണമാകുന്നു. കറിവേപ്പ് വളര്‍ത്തുമ്പോള്‍ അതിനു ചുവട്ടില്‍ ചാരം ഇടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇലകളിലുണ്ടാകുന്ന കുത്തുകളും നിറം മാറ്റവും ഇല്ലാതാക്കുന്നതിനും നല്ല ആരോഗ്യമുള്ള ഇലകള്‍ ലഭിക്കുന്നതിനും ചാരം വിതറുന്നത് നല്ലതാണ്.

കറിവേപ്പില പറിച്ചെടുക്കുന്നതിലും ഒരു രീതിയുണ്ട്. കറിവേപ്പിന്റെ ഇല മാത്രമായി പറിച്ചെടുക്കാതെ തണ്ടോടു കൂടിയായിരിക്കണം പറിച്ചെടുക്കേണ്ടത്. ഇത് പുതിയ ശിഖരങ്ങള്‍ പറിച്ചെടുത്ത ഭാഗത്ത് ഉണ്ടാവാന്‍ കാരണമാകുന്നു. തണ്ടോടെ ഇലകള്‍ പറിക്കുമ്പോള്‍ ചെടി അധികം ഉയരത്തില്‍ വളരുകയും ചെയ്യില്ല.

കറിവേപ്പിന് പച്ചച്ചാണകവും കടലപ്പിണ്ണാക്കും മിക്സ് ചെയ്ത് വേരിനു ചുറ്റും ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. കറിവേപ്പില്‍ പുതിയ ഇലകള്‍ വളരാന്‍ ഇത് സഹായിക്കും.

English Summary- Curry Leaf Plant Growing Tips; Vegetable Garden 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com