sections
MORE

ഈ വീടിന് അലങ്കാരം പഴങ്ങളും പച്ചക്കറികളും

farm-house
തിരുവമ്പാടി അരിത്തറ ജോസുകുട്ടിയും ഭാര്യ റെജിയും പീ ബട്ടർ ഫലവൃക്ഷത്തിന്റെ സമീപം.
SHARE

തിരുവമ്പാടി –പുന്നക്കൽ റോഡിൽ നാൽപതുമേനിക്കു സമീപമുള്ള അരീത്തറ ജോസുകുട്ടിയുടെ വീട് പഴങ്ങളും പച്ചക്കറികളും സമ്മാനിക്കുന്ന മനോഹര കാഴ്ചകളാൽ സമൃദ്ധമാണ്. ശൈത്യകാല പച്ചക്കറികളടക്കം നാടൻ പച്ചക്കറികളും ഗ്രോ ബാഗിലും മണ്ണിലുമായി ഇവിടെ വളരുന്നു. എല്ലാം ജൈവ രീതിയിൽ വളർത്തുന്നവ. കുള്ളൻ പശുക്കളും ആടുകളും മുയലുകളും കോഴികളും ഈ വീട്ടു മുറ്റത്തുണ്ട്. ഒരു സമ്മിശ്ര അടുക്കളത്തോട്ടം കൂടിയാണ് ഇദ്ദേഹത്തിന്റെ വീട്ടുമുറ്റം. നാലേക്കർ ബഹു വിള തോട്ടത്തിനു ഉടമയാണ് ഈ കർഷകൻ. തെങ്ങ് കമുക്, ജാതി, വാഴ തുടങ്ങിയ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ സമൃദ്ധമാണ്. എല്ലാക്കാലവും വീട്ടുമുറ്റത്തും തൊടിയിലുമായി പച്ചക്കറി കൃഷിയുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി വിപുലമായ തോതിൽ പച്ചക്കറി കൃഷി ഇവിടെ ഉണ്ട്.  അകമ്പടിയായി ഫല വർഗങ്ങളും. നമുക്ക് അത്ര പരിചിതം അല്ലാത്ത പഴങ്ങളാണു വീട്ടുമുറ്റത്ത് വിളഞ്ഞ് നിൽക്കുന്നത്. 

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും വീടിനു ചുറ്റുമുണ്ട്.  മിറക്കിൾ ഫ്രൂട്ട്, പീ ബട്ടർ, ഇലന്തപ്പഴം, ബറാബ, സപ്പോട്ട, നോനി, ഞാവൽ, സീതപ്പഴം, അവക്കാഡോ, പിസ്ത, സ്റ്റാർ ഫ്രൂട്ട്, ലിച്ചി, ഓറഞ്ച്, ഇസ്രയേൽ ഓറഞ്ച് എന്നിങ്ങനെ വിവിധ തരത്തിലുള്ള പഴങ്ങൾ. 

കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി, കാപ്സിക്കം, കാരറ്റ്, ബീറ്റ്റൂട്ട്, ലെറ്റ്യൂസ്, സ്പിനാച്ച് തുടങ്ങി അറുപത്തിയഞ്ചോളം പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു. മഴക്കാലത്ത് കോവൽ, പയർ, പാവൽ,വെണ്ട ഒക്ടോബർ മുതൽ ശൈത്യകാല വിളകളും ആണു കൃഷി ചെയ്യുന്നത്.

ജൈവകൃഷി

തികച്ചും ഒരു ജൈവ കൃഷി തോട്ടമാണു ഇവിടെയുള്ളത്. സുരക്ഷിതമായ ഭക്ഷണം  ഉറപ്പ് വരുത്തുന്നു ഈ കർഷകൻ. മണ്ണിൽ മാത്രമല്ല ഗ്രോ ബാഗിലും കൃഷി ചെയ്യുന്നു. ഗ്രോ ബാഗിൽ മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോർ, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് നിറച്ച് അതിൽ തൈകൾ നടുന്നു. രാസവളം ഒട്ടും ചേർക്കുന്നില്ല.

സംയോജിത അടുക്കളത്തോട്ടം

farm-house-fish

ഹൈടെക് കൃഷിയിടമാണ് ജോസുകുട്ടിയുടേത്. അക്വാപോണിക്സ് എന്ന മണ്ണില്ലാത്ത കൃഷിയും മത്സ്യ കൃഷിയും സംയോജിപ്പിച്ചുളള പുതിയ കൃഷി രീതി ഇവിടുത്തെ പ്രത്യേകതയാണ്. ഈ സംവിധാനത്തിൽ മത്സ്യ കുളത്തിലെ വെള്ളം ഉപയോഗിച്ച് പച്ചക്കറികളും കര നെല്ലും വിളയിച്ചു. ആറു ലക്ഷം രൂപ ചെലവിലാണ് അക്വാപോണിക്സ് നിർമിച്ചിരിക്കുന്നത്. വെള്ളം ഏറ്റവും കുറച്ച് ഉപയോഗിക്കുന്ന ജലസേചന രീതിയായ തിരി നനയിൽ അൻപത് ഗ്രോ ബാഗുകൾ ഉണ്ട്. അവയിൽ വിവിധ പച്ചക്കറികൾ . മിനി ഡ്രിപ് സംവിധാനത്തിൽ  മണ്ണിലെ കൃഷിക്ക് ജലം എത്തിക്കുന്നു. മത്സ്യകുളങ്ങളിലെ പോഷക സമ്പുഷ്ടമായ ജലം പൈപ്പുകളിലൂടെ എല്ലായിടത്തും എത്തും. നാലായിരം മത്സ്യക്കുഞ്ഞുങ്ങൾ  രണ്ട് കുളങ്ങളിൽ ഉണ്ട്. ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, രോഹു  തുടങ്ങിയ മീനുകളാണു ഇവിടെ വളർത്തുന്നത്. ആവശ്യക്കാർ ഇവിടെ വന്ന് നേരിട്ട് വാങ്ങുന്നതിനാൽ വിൽപന വലിയ പ്രശ്നമല്ല.

വെച്ചൂർ,  കാസർകോഡ് കുള്ളൻ എന്നിവ ഉൾപ്പടെ മൂന്ന്  പശുക്കൾ. ആട്, മുയൽ, കോഴിവളർത്തൽ, മത്സ്യ കൃഷി എന്നിങ്ങനെ  വിപുലമായ  സമ്മിശ്ര കൃഷി ആണ് ഇവിടെ. നാടൻ പശുക്കളുടെ ചാണകവും ആട്ടിൻ കാഷ്ഠവും മുയലിന്റെ കാഷ്ഠവും വളമായി ഉപയോഗിക്കുന്ന സംയോജിത കൃഷിയിടമാണ് ഇവിടം.. ഈ സംയോജിത കൃഷിക്ക് 'ആത്മ' പദ്ധതിയിൽ തിരുവമ്പാടി കൃഷി ഭവന്റെ സഹായം ഉണ്ടായിരുന്നു. മറ്റ് കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിച്ച് അതിൽ നിന്നും അനുകരിക്കാവുന്നത് തന്റെ കൃഷിയിടത്തിൽ പ്രയോഗിക്കുകയാണ് ഈ കർഷകൻ. തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി നടത്തിയ മത്സരത്തിൽ മികച്ച അടുക്കള തോട്ടത്തിനുള്ള സമ്മാനം രണ്ട് തവണ ജോസുകുട്ടിയുടെ കുടുംബത്തിനാണ്  ലഭിച്ചത്. ഭാര്യ റെജി കൃഷി തോട്ടത്തിലെ സജീവ സാന്നിദ്ധ്യമാണ്. 

English Summary- House with Eco friendly Farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA