ADVERTISEMENT

സംസ്ഥാന ചരിത്രത്തിലാദ്യമായി കൊച്ചി മരടിൽ 4 ഫ്ലാറ്റ് സമുച്ചയങ്ങൾ സ്ഫോടനത്തിലൂടെ തകർക്കുമ്പോൾ മുഴങ്ങുന്നത് ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ കൂടിയാണ്. ജീവിതം മുഴുവൻ സമ്പാദിച്ച പണം കൊണ്ടും ചേർത്തുവച്ച സ്വപ്നം കൊണ്ടും വാങ്ങിയ ഫ്ലാറ്റ് പൊളിക്കുന്നതു കാണാൻ വിധിക്കപ്പെട്ടവർ ഏറെയാണ്. നഷ്ടപരിഹാരത്തിന് അപ്പുറത്താണ് അവർ അനുഭവിക്കുന്ന മനഃക്ലേശവും നിരാശയും. അവരുടെ ഹൃദയസങ്കടങ്ങൾക്കു പരിഹാരമെന്താണ്?

alpha-serene-flat-maradu

മരട് കേരളത്തിന് ഒരു പാഠമാകണം; ആവർത്തിക്കില്ല എന്ന് ഉറപ്പാക്കേണ്ട പാഠം. സർക്കാർ സംവിധാനങ്ങൾക്കും സമൂഹത്തിനും ഇതിൽനിന്നു കണ്ടറിയാനും പഠിക്കാനും തിരുത്താനും പലതുണ്ട്. നിയമത്തെയും പ്രകൃതിയെയും കണക്കിലെടുക്കാതെ ഉയരുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ ഒരു തെറ്റും ചെയ്യാത്തവരെപ്പോലും പ്രതിസന്ധിയിലാക്കുന്നുവെന്ന ക്രൂരപാഠമാണ് ആദ്യത്തേത്. വേണ്ട സമയത്തു വേണ്ടതു ചെയ്യാനും ചൂണ്ടിക്കാട്ടാനും ചുമതലയുള്ള അധികാരികളുടെ അനാസ്ഥയും അഴിമതിയുമാണ് ഈ അവസ്ഥയിലെത്തിച്ചതെന്നതു മറ്റൊരു പാഠം. സ്വാർഥതാൽപര്യങ്ങളുടെ മറവിൽ നിയമവിരുദ്ധമായ നിർമാണങ്ങൾ ഉയരുന്നതു തുടക്കത്തിലേ നിയന്ത്രിക്കാൻ, സംസ്ഥാനത്തു നിലവിൽവന്ന റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിക്കു കഴിയണം. സർക്കാർ ഉദ്യോഗസ്ഥർ നടപടിക്രമങ്ങളിൽ വരുത്തിയ വീഴ്ചകൾക്കും ഫ്ലാറ്റുകൾ കെട്ടിപ്പൊക്കിയ ബിൽഡർമാർ നടത്തിയ നിയമലംഘനങ്ങൾക്കും ഫ്ലാറ്റ് വാങ്ങുന്നവർ പീഡനം ഏറ്റുവാങ്ങേണ്ടിവരുന്ന അവസ്ഥ ഇനിയെങ്കിലും ഉണ്ടായിക്കൂടാ.

Builder, 2 ex-panchayat officials arrested over Maradu fiasco

 

സിആർഇസഡ് എന്ത്, എങ്ങനെ ?

തീര ദേശത്തിന്റെ ആവാസ വ്യവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനും തീരവാസികളുടെ ജീവനോപാധികളുടെ സംരക്ഷണത്തിനുമായി 1991ൽ രൂപീകരിച്ചതാണു തീരമേഖലാ പരിപാലന നിയന്ത്രണ ചട്ടങ്ങൾ( സിആർഇസഡ്) . പരിസ്ഥിതി സംരക്ഷണ നിയമത്തിനു കീഴിൽ വരുന്ന വിജ്ഞാപനമാണു സിആർഇസഡ്. തീരദേശത്തെ അനിയന്ത്രിതമായ ചൂഷണവും കടന്നുകയറ്റവും നിയന്ത്രിച്ചു തീരമേഖലയിൽ എന്തൊക്കെയാവാംഎന്തൊക്കെ പാടില്ല എന്നു വിജ്ഞാപനത്തിൽ വിവക്ഷിക്കുന്നു. തീരമേഖല ഏതൊക്കെ എന്നും കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.

 

മരടിൽ സംഭവിച്ചത്..

സിആർഇസഡ് പരിധിയിൽ വരുന്ന ഏതു നിർമാണത്തിനും കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയുടെ അനുമതി വേണം. ഓരോ മേഖലയിലും എന്തൊക്കെ അനുവദനീയമാണെന്നു ഇല്ലെന്നും ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അനുവാദമില്ല എന്നു പറഞ്ഞിട്ടുള്ളിടത്തെ ഏതു നിർമാണവും പൊളിച്ചുമാറ്റി സ്ഥലം മുൻ സ്ഥിതിയിലാക്കണമെന്നാണു നിയമത്തിൽ പറയുന്നത്. സിആർഇസഡ് ചട്ടത്തിന്റെ ലംഘനമാണു മരടിലെ നിർമാണം. നിർമാണം പാടില്ലാത്ത മേഖലയിലാണു കെട്ടിടങ്ങൾ. ഇതുമൂലം പരിസ്ഥിതി നാശമുണ്ടായി.  ഇൗ വസ്തുതകളുടെ അടിസ്ഥാനത്തിൽ കെട്ടിട നിർമാണം നിറുത്തിവയ്ക്കാൻ മരട് പഞ്ചായത്ത് നിർമാതാക്കൾക്കു നോട്ടിസ് നൽകി. ഇതു നിയമപരമല്ലെന്നു കാണിച്ചു നിർമാതാക്കൾ കോടതിയിൽ നിന്ന് ഉത്തരവു വാങ്ങി. ഇൗ ഉത്തരവിന്റെ ബലത്തിലാണു കെട്ടിടങ്ങൾ ഉയർന്നത്.കേസ് ഒടുവിൽ സുപ്രീംകോടതിയിലെത്തുകയും കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു. ഇതു സംബന്ധിച്ച തുടർ ഹർജികളെല്ലാം തള്ളി.

 

സുരക്ഷിതമായ ഫ്ലാറ്റ് വാങ്ങാൻ എന്തു ചെയ്യണം?

ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ കാര്യത്തിൽ  നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ അതിന്റെ പ്രത്യാഘാതം ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാവരും നേരിടേണ്ടി വരും. അതിനാൽ നിയമപ്രകാരം നേരായ മാർഗത്തിലാണ് സ്ഥലം വാങ്ങി കെട്ടിടം പണിതിട്ടുള്ളത് എന്ന് രേഖകൾ കണ്ട് ഉറപ്പു വരുത്തണം. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച് കാര്യങ്ങൾ മനസ്സിലാക്കാം. നിയമവിദഗ്ധന്റെ സഹായത്തോടെ രേഖകളുടെ നിയമസാധുത ഉറപ്പാക്കാം.

ബിൽഡിങ് നമ്പർ ലഭിച്ചിട്ടുണ്ടോ എന്നത്  പ്രധാനമാണ്.  ഒരു ഫ്ലാറ്റ് വാങ്ങുമ്പോൾ പ്രാഥമികമായ ലൈസൻസ് എന്നു പറയുന്നത് ബിൽഡിങ് പെർമിറ്റ്, അപ്രൂവ്ഡ് ബിൽഡിങ് പ്ലാൻ, എന്നിവയാണ്.  ഇതിനനുസരിച്ച് കെട്ടിടം പണിതാൽ ലഭിക്കുന്ന അംഗീകാരമാണ് കംപ്ലീഷൻ സർട്ടിഫിക്കറ്റ്.  അപ്രൂവൽ വാങ്ങിയ പ്ലാൻ പ്രകാരമല്ലാതെ കെട്ടിടം പണിതാൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കില്ല. കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിച്ചാലേ ബിൽഡിങ് നമ്പർ ലഭിക്കൂ. ബിൽഡിങ് നമ്പറിനെക്കുറിച്ചുള്ള ശരിയായ വിവരം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ നിന്നു ലഭിക്കും.

പണി നടക്കുമ്പോൾ തന്നെ പണം നൽകി വാങ്ങുന്ന ഫ്ലാറ്റുകളിൽ കംപ്ലീഷൻ കഴിയുമ്പോഴേ പ്ലാനിൽ എന്തെങ്കിലും മാറ്റം വരുത്തിയാണോ പണിതിട്ടുള്ളത് എന്ന് അറിയൂ. ഇത്തരത്തിലുള്ള ഫ്ലാറ്റ് ബുക്ക് ചെയ്യുന്നവർ ഓരോ ഘട്ടത്തിലും പണം അടയ്ക്കുന്നതിനൊപ്പം പണി സുതാര്യമാണോ എന്ന് എൻജിനീയർമാരെക്കൊണ്ട് പരിശോധിപ്പിക്കണം.

കെട്ടിട നിർമാണ ചട്ടപ്രകാരം ജലസംഭരണത്തിനുള്ള സംവിധാനം, ജലവിതരണം, മാലിന്യ ശേഖരണത്തിനും നിർമാർജനത്തിനുമുള്ള സൗകര്യം, മഴവെള്ള സംഭരണി, സ്വീവേജ്, സെപ്റ്റിക് ടാങ്കിന് മതിയായ ശേഷി, അഗ്നി ബാധ ഉണ്ടായാൽ രക്ഷപ്പെടാനുള്ള ഗോവണി, സുരക്ഷാ മുൻകരുതൽ എന്നിവയെല്ലാം ഫ്ലാറ്റുകളിലും വില്ലകളിലും ഉൾപ്പെടുത്തേണ്ടതാണ്.

പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ ‘കൺസെന്റ് ടു എസ്റ്റാബ്ലിഷ്’ അനുമതിയാണ് വേണ്ടത്. വാഹനം കൺസ്ട്രക്‌ഷൻ സൈറ്റിലേക്ക് വരികയും പോകുകയും ചെയ്യേണ്ടപ്പോ ൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ, ജല സ്രോതസ് എവിടെ നിന്നാണ്, മലിനജലം എങ്ങിനെ കൈകാര്യം ചെയ്യും ഇവ പരിശോധിച്ചാണ് ഈ അനുമതി നൽകുന്നത്. ഡയറക്ടറേറ്റ് ഒഫ് ഫയർ ആൻഡ് റെസ്ക്യൂവിൽ നിന്നുള്ള ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റും ഉണ്ടാകണം. തിരുവനന്തപുരത്താണ് ഫയർ ഡയറക്ടറേറ്റ്.

English Summary- Things to Ensure after buying Flat: Tips

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com