ADVERTISEMENT

വീടുവയ്ക്കാം എന്ന തീരുമാനമെടുത്ത് വെറുതെ പോയി ആർക്കിടെക്ടിനെ അല്ലെങ്കിൽ എൻജിനീയറെ കാണുകയല്ല ചെയ്യേണ്ടത്. വീടുപണിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും മുറികളുടെ വലുപ്പത്തെക്കുറിച്ചും മുറികളുടെ സ്ഥാനത്തെക്കുറിച്ചും നിർമാണച്ചെലവിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരിക്കണം.  കുടുംബാംഗങ്ങളുടെ എണ്ണം, വീട്ടിൽ ചെലവഴിക്കുന്ന സമയം, വൃത്തിയാക്കാനും വീട്ടുപണിക്കു സഹായികളുണ്ടോ, പ്രായമായവരും ആരോഗ്യമില്ലാത്തവരും കൂടെയുണ്ടോ തുടങ്ങിയ ഓരോ ഘടകങ്ങളും ആലോചിച്ചുവേണം വീടിൻറെ ഡിസൈനിനെക്കുറിച്ചും വലുപ്പത്തെക്കുറിച്ചും തീരുമാനമെടുക്കാൻ.

എത്രനില വേണം?

നഗര മധ്യത്തിൽ വീടുപണിയുന്നവർക്ക് പത്ത് അല്ലെങ്കിൽ പന്ത്രണ്ട് സെന്റ് തന്നെ ആഡംബരമായിരിക്കും. രണ്ടും മൂന്നും സെന്റ് സ്ഥലം കൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്നവരാണ് കൂടുതൽ. കുറഞ്ഞ സ്ഥലത്ത് വീടുവയ്ക്കേണ്ടി വരുമ്പോൾ ഇരുനില വീടിനെപ്പറ്റി ചിന്തിക്കേണ്ടി വരും.

ഉറപ്പുളള ഭൂമിയും കൂടുതൽ സ്ഥലവുമുണ്ടെങ്കിൽ ഒറ്റനില വീട് തന്നെയാണ് സൗകര്യവും സാമ്പത്തിക ലാഭവും. ഗോവണിയുടെ സ്ഥലം നഷ്ടമാണെന്നതും ഇരുനില വീടുകളുടെ അപാകതയാണ്. 

രണ്ടു നിലകളായി വീടുപണിയുകയാണെങ്കിൽ ഒന്നാം നിലയിൽ മുറികളുടെ എണ്ണം കുറച്ച് ടെറസ് വെറുതേയിടുന്ന പ്രവണത പലർക്കുമുണ്ട്. ഇത് നഷ്ടമാണ്. താഴെ 800 സ്ക്വയർഫീറ്റ് വിസ്തീർണമുണ്ടെങ്കിൽ  മുകളിലും 800 സ്ക്വയർഫീറ്റ് എന്ന വിധത്തിൽ ക്രമീകരിക്കുന്നതാണ്  ബുദ്ധി. 1600 സ്ക്വയർഫീറ്റ് പൂർണമായി ഉപയോഗിക്കാനാകും. എക്സ്റ്റീയർ ഭംഗിയാക്കാൻ ഇതു സഹായിക്കില്ല എന്ന വാദം ശരിയല്ല. ബാൽക്കണികൾ സജ്ജീകരിച്ച് കെട്ടിടത്തിന്റെ ചതുരസ്വഭാവം മാറ്റാനാകും.

single-floor

ഇരുനില വീട് പണിയുന്നവരിൽ മിക്കവരും ആഗ്രഹിക്കുന്നത് താഴത്തെ നിലയിൽ രണ്ട് കിടപ്പുമുറികൾ വേണമെന്നായിരിക്കും. പ്രായമായ അച്ഛനമ്മമാർ ഉണ്ടെങ്കിൽ ഒരു കിടപ്പുമുറി അവർക്കും മറ്റേ കിടപ്പുമുറി സഹായത്തിന് ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കും എന്നായിരിക്കും ഉദ്ദേശ്യം. എന്നാൽ ചെറിയ സ്ഥലത്തു പണിയുന്ന വീടുകളിൽ താഴെ രണ്ടു കിടപ്പുമുറികൾക്കുളള സ്ഥലമുണ്ടായിരിക്കില്ല. അപ്പോൾ ഒരു കിടപ്പു മുറിയും ഫാമിലി ലിവിങ്ങിൽ രാത്രി കിടക്കാൻ സൗകര്യമുളള ഒരു സോഫയും ക്രമീകരിക്കാം.

 

മുറികളുടെ സ്ഥാനം

മുറികളുടെ എണ്ണം കൂട്ടാതെ മൾട്ടിപർപ്പസ് ആയി ഉപയോഗിക്കുന്നത് ചെലവു നിയന്ത്രിക്കാനും മുറികൾ പെട്ടെന്ന് വൃത്തിയാക്കാനും സഹായിക്കും. ഉദാഹരണത്തിന് താഴത്തെ കിടപ്പുമുറിയോട് ചേർന്നു കിടക്കുന്ന ബാത്റൂമിനെ ശരിയായി ഉപയോഗിച്ചാൽ അതിനെ ഒരു കോമൺ ബാത്റൂം കൂടിയാക്കി മാറ്റാം. കിടപ്പുമുറിയുടെ മുൻ ഭാഗത്തായി ബാത്റൂം നൽകുകയാണ് ഇതിന് ആദ്യമായി ചെയ്യേണ്ടത്. കിടപ്പു മുറിയിലേക്കുളള വാതിൽ തുറന്നു വന്നാൽ ഒരു ഫോയർ നൽകി അവിടെ നിന്ന് ബാത് റൂമിലേക്കും കിടപ്പുമുറിയിലേക്കും പ്രത്യേകം വാതിലുകൾ പിടിപ്പിക്കാം. ഈ ഫോയറിൽ വാഷ്ബേസിൻ സ്ഥാപിക്കുകയുമാകാം. ഒരു വാതിൽ കൂടുതൽ വയ്ക്കാനുളള ചെലവുമാത്രമാണ് ഇതിൽ അധികമായി വേണ്ടി വരുന്നത്.

ഒറ്റനില വീടാണെങ്കിൽ കിടപ്പുമുറികൾ ഒരുമിച്ച് സജ്ജീകരിക്കുന്നതും സ്വകാര്യത കാത്തു സൂക്ഷിക്കാൻ സഹായിക്കും. ഫാമിലി ലിവിങ്ങിൽ നിന്നോ ഡൈനിങ്ങിൽ നിന്നോ ഒരു കോറിഡോർ നൽകി അതിനിരുവശവും കിടപ്പുമുറികൾ ക്രമീകരിച്ചാൽ സ്വകാര്യതയ്ക്കുപരി നിരവധി സൗകര്യങ്ങൾ ലഭിക്കും. ബാത് റൂമുകൾ അടുത്തടുത്ത് ക്രമീകരിക്കാമെന്നതാണ് അതിലൊന്ന്. കുട്ടികളുടെ കിടപ്പുമുറിയും സ്റ്റഡി ഏരിയയും തങ്ങളുടെ ശ്രദ്ധയിൽ എപ്പോഴും വേണമെന്ന് ആഗ്രഹിക്കുന്നവർക്കും ഈ ക്രമീകരണം സഹായകരമായിരിക്കും.

English Summary- Single Storeyed or Double Storeyed; Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com