വീടിന്റെ അകത്തളങ്ങള്‍ സുന്ദരമാക്കുന്നതില്‍ ഇന്‍ഡോര്‍ പ്ലാന്റ്സിനും പ്രധാന പങ്കുണ്ട്. ഇൻഡോർ പ്ലാന്റ്സ് നടുമ്പോൾ വീടിനുള്ളില്‍ ലഭിക്കുന്നത് പച്ചപ്പുമാത്രമല്ല, ശുദ്ധവായുവും പോസിറ്റീവ് എനർജിയുമാണ്. പല ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്കും നല്ല ഉറക്കത്തിനു സഹായിക്കുന്ന അന്തരീക്ഷം ഒരുക്കാൻ സാധിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഉറക്കത്തെ ഉദ്ദീപിപിക്കുന്ന ചില കെമിക്കലുകൾ പുറപ്പെടുവിക്കാനുള്ള ഇവയുടെ കഴിവാണ് ഇതിനുപിന്നിൽ. അത്തരം ചില ചെടികളെ പരിചയപ്പെടാം.
കറ്റാര്‍വാഴ - ഔഷധസസ്യമായ കറ്റാര്‍വാഴ വീടിനുള്ളിലും പുറത്തും വയ്ക്കാവുന്ന ചെടിയാണ്. രാത്രിയില്‍ ഓക്‌സിജന്‍ പുറത്തുവിടുന്ന സസ്യമാണ് കറ്റാര്‍വാഴ. അതിനാൽ വീടിനുള്ളിൽ ഓക്സിജൻ ലെവൽ വർധിപ്പിക്കാൻ ഈ ചെടി സഹായിക്കും.
സ്നേക്ക് പ്ലാന്റ് - സര്‍വ്വസാധാരണമായി വീടുകളില്‍ കാണപ്പെടുന്ന ചെടിയാണ് ഇത്. അന്തരീക്ഷത്തിലെ വിഷാംശം വലിച്ചെടുക്കാന്‍ സ്നേക്ക് പ്ലാന്റിന് പ്രത്യേക കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്.

മുല്ല - മുറ്റത്തെ മുല്ലയെ നിസ്സാരമായി കാണണ്ട, വീടിനു പുറത്തു മാത്രമല്ല വീടിനകത്തും മുല്ല വയ്ക്കാം. നല്ല ഉറക്കം ലഭിക്കാനും ഉൽകണ്ഠ കുറയ്ക്കാനും മുല്ലയും പൂവും അന്തരീക്ഷമൊരുക്കും.
ലാവണ്ടര്‍- പേര് പോലെതന്നെ സൗരഭ്യം നല്‍കുന്ന ചെടിയാണ് ഇത്. രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ ലാവെണ്ടറിന്റെ സുഗന്ധത്തിന് കഴിവുണ്ട് എന്ന് പറയപ്പെടുന്നു. ചെറിയ കുഞ്ഞുങ്ങള്‍ ഉള്ള വീടുകളില്‍ ലാവണ്ടര്‍ വളര്‍ത്തിയാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍

നമ്മുടെ നാട്ടില്‍ ജനപ്രീതിയാര്‍ജ്ജിച്ചു വരുന്ന ഒന്നാണ് ഇത്. അധികം സ്ഥലമില്ലാത്ത ഫ്‌ളാറ്റുകളിലും ചെറിയ വീടുകളിലും ഈ പൂന്തോട്ടം ചേരും. ഫ്‌ളാറ്റുകളിലെ ഹാളും ഡൈനിങ് റൂമും തമ്മില്‍ വേര്‍തിരിക്കാന്‍ കര്‍ട്ടനുകള്‍ക്കള്‍ക്ക് പകരം വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ചേരും.
മുറിക്കുള്ളില്‍ വായുസഞ്ചാരം കൂട്ടാന്‍ ഇത്തരം പൂന്തോട്ടങ്ങള്‍ സഹായിക്കും. സാധാരണയായി ചുവപ്പ്, പച്ച നിറത്തിലുള്ള ഇലകളും ചെറിയ പൂക്കളുള്ള ചെടികളുമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനായി തിരഞ്ഞെടുക്കുന്നത്. എന്നാല്‍ പച്ചക്കറികളും മരുന്നുചെടികളും വളര്‍ത്താം.
സിങ്കോണിയം, ഡ്രസീനിയ, ബ്രോമിലാക്സ്, റിയോ, ഫിലോഡെന്‍ഡ്രോണ്‍ തുടങ്ങിയ ചെടികളാണ് പ്രധാനമായും വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ്ങിനായി ഉപയോഗിക്കുന്നത്. എന്നാല്‍ നമ്മുടെ കാലാവസ്ഥയ്ക്ക് ചേരുന്ന ഏതു ചെടിയും വെര്‍ട്ടിക്കല്‍ ഗാര്‍ഡനു വേണ്ടി തിരഞ്ഞെടുക്കാം.
English Summary- Indoor Plants that purify air; Vertical Garden