ADVERTISEMENT

നേപ്പാളിലെ ദമാമിലെ റിസോർട്ടിൽ രണ്ടു കുടുംബത്തിലെ എട്ടു മലയാളികൾ ഉറക്കത്തിൽ വിഷവാതകം ശ്വസിച്ചു മരിച്ചത് ഞെട്ടലോടെയാണ് നാം വായിച്ചത്. തണുപ്പകറ്റാൻ ഉപയോഗിച്ച ഗ്യാസ് ഹീറ്ററിൽ നിന്നും കാർബൺ മോണോക്സൈഡ് ചോർന്നതാണ് ദുരന്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. യാത്ര പോകുമ്പോൾ താമസിക്കുന്ന മുറികളിലെ ഇത്തരം സംവിധാനങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതിന്റെ പ്രാധാന്യത്തിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.

 

എന്താണ് ഗ്യാസ് ഹീറ്ററുകൾ?‌ 

മുറി ചൂടാക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ. വൈദ്യുതിയുപയോഗിച്ചും ഇന്ധനങ്ങൾ ഉപയോഗിച്ചും പ്രവർത്തിക്കുന്ന ഹീറ്ററുകളുണ്ട്. സിഎൻജി, എൽപിജി തുടങ്ങിയ വാതകങ്ങൾ ഇന്ധനങ്ങളായി ഉപയോഗിക്കുന്ന ഹീറ്ററുകളാണ് ഗാസ് ഹീറ്ററുകൾ. ഒരു വാൽവിലൂടെ വാതക ഇന്ധനം ഹീറ്ററിന്റെ ചേംബറിലെത്തുകയും അവിടെ കത്തുകയും ചെയ്യും. ഇതിന്റെ ചൂട് മുറിക്കുള്ളിലേക്ക് എത്തിക്കും.

സാധാരണ ഹീറ്ററുകളിൽ നിന്ന് ജ്വലനശേഷം കാർബൺ ഡയോക്സഡാണ് ഉണ്ടാകുന്നത്. എന്നാൽ തകരാർ സംഭവിച്ച ഹീറ്ററുകളിൽ പൂർണമായ ജ്വലനം നടക്കാത്തതിനാൽ കാർബൺ മോണോക്സൈഡ് പുറന്തള്ളപ്പെടും. ഇതാണ് അപകടങ്ങൾക്കു വഴിവയ്ക്കുന്നത്. വെന്റഡ്, അൺവെന്റഡ് എന്നിങ്ങനെ രണ്ടുതരത്തിലാണു ഗ്യാസ് ഹീറ്ററുകൾ. വെന്റഡ് ഹീറ്ററുകളിൽ അവശിഷ്ട വാതകങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യാനുള്ള സംവിധാനമുണ്ട്.

 

വില്ലൻ ഗ്യാസ് ഹീറ്ററുകൾ

ഗ്യാസ് ഹീറ്ററുകളിൽ നിന്നു കാർബൺ മോണോക്സൈഡ് വാതകം ചോരുന്നതു ശ്വസിച്ച് ആളുകൾ മരണപ്പെടുന്ന സംഭവങ്ങൾ അടുത്തിടെ വ്യാപകമാകുന്നുണ്ട്. യുഎസിൽ പ്രതിവർഷം 400 പേർ ഇത്തരം സംഭവങ്ങളിൽ കൊല്ലപ്പെടുന്നുണ്ടെന്നാണു കണക്ക്. ഒരാഴ്ച മുൻപ് പാക്കിസ്ഥാനിലെ സ്വാത് മേഖലയിലുള്ള താഹിറാബാദിൽ ഒരു കുട്ടിയുൾപ്പെടെ 3 പേർ ഗ്യാസ് ഹീറ്ററിൽ നിന്നുള്ള വാതകച്ചോർച്ചയിൽ കൊല്ലപ്പെട്ടു. 2007 മേയിൽ മൂന്നാർ പോതമേട്ടിലെ നക്ഷത്ര ഹോട്ടലിൽ, എൻജിനീയർമാരായ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഹീറ്ററിൽ നിന്നു ചോർന്ന കാർബൺ മോണോക്സൈഡ് ശ്വസിച്ചായിരുന്നു മരണം. ശ്രീനഗറിൽ അടുത്തിടെ ദമ്പതികൾ ഗ്യാസ് ഹീറ്ററിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് ശ്വസിച്ച് മരിച്ചു. തുടർന്ന് കഴിഞ്ഞ ഡിസംബർ 25നു കാശ്മീരിലെ ഡോക്ടർമാരുടെ സംഘടന, കൃത്യമായ വാതകം നീക്കൽ സംവിധാനമില്ലാത്ത അൺവെന്റഡ് ഗ്യാസ് ഹീറ്ററുകൾ ഉപയോഗിക്കുന്നത് നിർത്താൻ ജനങ്ങളെ ഉപദേശിച്ചിരുന്നു. 

 

എങ്ങനെ സുരക്ഷ

∙ അൺവെന്റഡ് ഗ്യാസ് ഹീറ്ററുകൾ  കിടപ്പുമുറിയിൽ ഉപയോഗിക്കരുത്. 

∙ ഹൃദയ–ശ്വാസകോശ രോഗങ്ങളുള്ളവർ അൺവെന്റഡ് ഗ്യാസ് ഹീറ്ററുകൾ ഉപയോഗിക്കുന്നതിൽ പ്രത്യേകശ്രദ്ധ  പുലർത്തണം.

∙ ഹീറ്ററിന്റെ കണക്‌ഷനുകൾ ശരിയാണെന്ന് ഉറപ്പു വരുത്തുക. 

∙ഓക്സിജൻ സാന്നിധ്യം ഉറപ്പാക്കാൻ പരന്ന പാത്രത്തിൽ വെള്ളം ശേഖരിച്ചു വയ്ക്കുന്നതും ഗുണം ചെയ്യും. 

∙ ഹീറ്ററിനു മുകളിൽ തുണിയും മറ്റും ഉണങ്ങാനിടുകയോ വിരിച്ചിടുകയോ ചെയ്യരുത്. 

∙തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ഹീറ്ററിനു സമീപം സൂക്ഷിക്കരുത്. 

∙ ഗ്യാസ് ലീക്കുണ്ടോ എന്നു പരിശോധിക്കണം.

English Summary- Gas Heater In Rooms; Usage Precaution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com