sections
MORE

വീടിനുള്ളിൽ വയ്ക്കാൻ അനുയോജ്യമായ ചെടികൾ; പരിപാലനം ഇങ്ങനെ

indoor-plants
SHARE

ഇൻഡോർ പ്ലാന്റ്സ് നടുമ്പോൾ വീടിനുള്ളില്‍ ലഭിക്കുന്നത് പച്ചപ്പുമാത്രമല്ല, ശുദ്ധവായുവും പോസിറ്റീവ് എനർജിയുമാണ്. വീടുകളില്‍ മാത്രമല്ല ഓഫീസുകളില്‍ പോലും ഇന്ന് ഇന്‍ഡോര്‍ പ്ലാന്റുകള്‍ ട്രെന്‍ഡായി മാറിക്കഴിഞ്ഞു. വീടിന്റെ അകത്തളങ്ങള്‍ സുന്ദരമാക്കുന്നതില്‍ ഇന്‍ഡോര്‍ പ്ലാന്റ്സിനും പ്രധാന പങ്കുണ്ട്. വീടിനുള്ളില്‍ വയ്ക്കാന്‍ ഏറ്റവും യോജിച്ച ചില ഇന്‍ഡോര്‍ പ്ലാന്റുകളെ പരിചയപ്പെടാം.

മണി പ്ലാന്റ്

money-plant

വളരുന്നതിനു മണ്ണും സൂര്യപ്രകാശവും തീരെ ആവശ്യമില്ല എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വെള്ളത്തിലും വളരും. വിവിധ തരത്തിലുള്ള മണി പ്ലാന്റുകളുണ്ട്. മറ്റു ഇൻഡോർ പ്ലാന്റുകൾക്ക് ആവശ്യമുള്ള അത്ര പോലും സൂര്യപ്രകാശം ഇവക്കു ആവശ്യമില്ല. അതുകൊണ്ടുതന്നെ കൂടുതൽ ദിവസം ഇവയ്ക്ക് വീട്ടിനുള്ളിൽ വളരാൻ സാധിക്കും

കലേഡിയം

ചേമ്പു വർഗ്ഗത്തിൽപെട്ട മനോഹരമായ ചെടികളാണിവ. ഹൃദയാകൃതിയിലുള്ള ഇലകളാണ് ഈ ചെടികളുടെ ഏറ്റവും വലിയ ആകർഷണം. പല നിറങ്ങളിലുള്ള ആയിരത്തിലധികം ഇനങ്ങൾ ഈ കുടുംബത്തിലുണ്ട്.

കറ്റാര്‍വാഴ

aloe-vera

വീടിനുള്ളില്‍ വളര്‍ത്താവുന്ന ചെടികളില്‍ പ്രധാനം ആണ് അലോവേര അഥവാ കറ്റാർവാഴ. വീടിനുള്ളിലെ വായു ശുദ്ധമാക്കാനും പൂപ്പല്‍, ബാക്ടീരിയ എന്നിവയെ ചെറുക്കാനും ഇതിന് കഴിവുണ്ട്. 

ബാംബൂ പാം

bamboo-palm

വീട്ടിനുള്ളില്‍ വയ്ക്കാന്‍ ഏറ്റവും മനോഹരമായ ഈ ചെടിക്ക് ദീര്‍ഘനാള്‍ ജലം ഇല്ലാതെ വളരാനും സാധിക്കും. ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍, ട്രൈക്ലോറോഎത്ത്ലിന്‍, സൈലിന്‍ എന്നിവ വലിച്ചെടുക്കാന്‍ ഏറ്റവും നല്ല ചെടിയാണ് ഇത്.

സ്പൈഡർ പ്ലാന്റ്

spider-plant

എവിടെയും വളരുന്ന, കുറഞ്ഞ പരിചരണം ആവശ്യമുള്ള ചെടിയാണ് ക്ലോറോഫൈറ്റം അഥവാ സ്പൈഡർ പ്ലാന്റ്. ഇരുനൂറിലേറെ ഇനങ്ങൾ ഈ ചെടിയുടേതായുണ്ട്. നിലത്ത് ചട്ടിയിൽ വയ്ക്കാനും തൂക്കിയിടാനും മേശപ്പുറത്തു വയ്ക്കാനുമെല്ലാം അനുയോജ്യമാണ്. ഇലകൾക്ക് വിഷാംശമില്ല. വിഷാംശം ആഗിരണം ചെയ്യാനും കൂടുതൽ ഓക്സിജൻ പുറത്തുവിടാനും ഇതിനു കഴിവുണ്ട്.

ഡ്രസീന

നിറത്തിലും വലുപ്പത്തിലും വളരെ വ്യത്യസ്തതയുള്ള ഡ്രസീനയുടെ വ്യത്യസ്ത ഇനങ്ങൾ വിപണിയിൽ ലഭിക്കും. കോർട്‌യാർഡിൽ നേരിട്ടു നടുകയോ ചട്ടിയിൽ നട്ട് അകത്തളത്തിൽ വയ്ക്കുകയോ ആകാം. നീർവാർച്ച ശരിയായ രീതിയിൽ വേണമെന്നതു ശ്രദ്ധിക്കണം. ആഴ്ചയിൽ ഒരിക്കൽ മാത്രം നനച്ചാൽ മതിയാകും. ഇലകൾ ഇടയ്ക്കിടെ തുടച്ചുകൊടുത്താൽ ചെടിയുടെ വളർച്ചയും കൂടും. കൂടുതൽ ഓക്സിജൻ പുറത്തുവിടും.

സ്നേക്ക് പ്ലാന്റ്

snake-plant

മദർ ഇൻലോസ് ടങ്, സ്നേക്ക് പ്ലാന്റ് എന്നെല്ലാം അറിയപ്പെടുന്ന സാൻസവേരിയയ്ക്ക് വായുശുദ്ധീകരണത്തിനുള്ള കഴിവുണ്ട്. പരിചരണം വളരെ കുറവുമതി. രണ്ടോ മൂന്നോ ആഴ്ചയിലൊരിക്കൽ നനച്ചാൽ മതി. ചട്ടിയിലും നിലത്തും നടാൻ അനുയോജ്യമാണ്. സാൻസവേരിയയുടെ വ്യത്യസ്തയിനങ്ങൾ വിപണിയിൽ ലഭിക്കും.

പരിപാലനം എങ്ങനെ 

അകത്തളങ്ങളില്‍ വയ്ക്കുന്ന ചെടികള്‍ക്ക് പരിചരണം അത്യാവശ്യമാണ്. അതിനു കഴിയുന്നവർ മാത്രം ഇന്‍ഡോര്‍പ്ലാന്റുകള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും അഭികാമ്യം.

ഇടം അനുയോജ്യമാകണം - ഓരോ ചെടികള്‍ക്കും അനുയോജ്യമായ ഇടമുണ്ട് എന്ന് ആദ്യം അറിയുക. ഇത് ശരിയല്ലാതെ വരുമ്പോഴാണ് ചെടികള്‍ വാടി പോകുന്നത്. ചില ചെടികള്‍ക്ക് അൽപം വെയില്‍ ആവശ്യമാണ് എന്നാല്‍ മറ്റു ചില ചെടികള്‍ക്ക് നിഴലില്‍ നില്‍ക്കാന്‍ ആകും ഇഷ്ടം. ഇതറിഞ്ഞു വേണം ചെടിയുടെ സ്ഥാനം നിര്‍ണ്ണയിക്കാന്‍.

വെള്ളം ആവശ്യത്തിന്- ഇന്‍ഡോര്‍ ചെടികള്‍ക്ക് ഒരിക്കലും ഔട്ട്‌ഡോര്‍ ചെടികള്‍ക്ക് നല്‍കുന്ന പോലെ വെള്ളം ആവശ്യമില്ല. സൂര്യപ്രകാശം കുറഞ്ഞ അളവില്‍ ആവശ്യമുള്ള ചെടികള്‍ ആണ് സാധാരണ വീടിനുള്ളില്‍ വളര്‍ത്തുക. അതിനാല്‍ അമിതമായി ഇവയ്ക്ക് ജലം ആവശ്യമില്ല.

പ്രകാശം - പ്രകാശം കൂടുതല്‍ ആവശ്യമായ ചെടികള്‍ അല്ല ഇന്‍ഡോര്‍ പ്ലാന്റ്സ്. അതിനാല്‍ സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്ന സ്ഥലത്ത് ഇവ വച്ചാല്‍ വാടി പോകും.

ചട്ടി മാറ്റാം - ദീര്‍ഘകാലം ഒരേ ചട്ടിയില്‍ തന്നെ ചെടികള്‍ വയ്ക്കേണ്ട കാര്യമില്ല. ഇലകള്‍ക്കു മഞ്ഞനിറമോ വേരുകള്‍ പിളരുകയോ ആണെങ്കില്‍ ചെടികള്‍ മാറ്റി നടേണ്ടതുണ്ടെന്നു മനസ്സിലാക്കുക.

ഇലകള്‍ വൃത്തിയോടെ - ഇന്‍ഡോര്‍ ചെടികളുടെ ഇലകള്‍ ഇടക്കിടെ തുടച്ചു എടുക്കാം. ഇല്ലെങ്കില്‍ വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം. പൊടിപടലങ്ങള്‍ ഒരിക്കലും ഇന്‍ഡോര്‍ ചെടികളില്‍ അടിഞ്ഞു കൂടരുത്.

English Summary- Indoor Plants Maintenance; Garden Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA