sections
MORE

ഇത് നിങ്ങളും മോഹിക്കില്ലേ? ഹരിതഭവനം പുരസ്‌കാരം നേടിയ വീടിന്റെ വിശേഷങ്ങൾ

green-home-owners
SHARE

ചാർട്ടേഡ് അക്കൗണ്ടന്റ് ആയതു കൊണ്ടാകാം മല്ലശേരി മരുതേത്ത് വെളിച്ചപ്പാട്ടുകുന്നേൽ ജോസഫ് വി.ജോർജിന്റെ കണക്കുകൂട്ടലുകൾ തെറ്റാറില്ല. വീടു പണിയുടെ കാര്യത്തിലും അതു കിറുകൃത്യം. മനസ്സിലിട്ടു താലോലിച്ച സ്വപ്നം സ്വയം ചിന്തിച്ചുറപ്പിച്ച രൂപരേഖയിൽ വീടായി ഉയർന്നപ്പോൾ പ്രഗത്ഭനായ ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയിൽ അറിയപ്പെട്ടിരുന്ന ജോസഫ് വി.ജോർജ് ഉഗ്രൻ ഹരിത വീടിന്റെ ഉടമയെന്ന നിലയിലും പ്രശസ്തനായി. ഇപ്പോളിതാ സിഎസ്ഐ സഭയുടെ ‘ഹരിത ഭവനം’ പുരസ്കാരവും ജോസ് മരുതേത്ത് എന്നറിയപ്പെടുന്ന ജോസഫ് വി.ജോർജിനെ തേടിയെത്തി. ആ വീടിന്റെ വിശേഷങ്ങളിതാ...

പ്രകൃതിയോടിണങ്ങി..

green-house-awardee

പരമ്പരാഗതമായി കൃഷിക്കാരായതിനാൽ മണ്ണിനോടിണങ്ങിയായിരുന്നു എന്നും മരുതേത്ത് വെളിച്ചപ്പാട്ടുകുന്നേൽ കുടുംബക്കാരുടെ ജീവിതം. പിതാവ് ഈശോ ജോർജ് ജോസിനെ ചെറുപ്പം മുതലേ കൃഷി കാര്യങ്ങളിൽ ഒപ്പം കൂട്ടിയിരുന്നു. കാളപൂട്ടിച്ചും കപ്പനടീച്ചുമൊക്കൊ കൃഷിയോടിണക്കിയാണ് ജോസിനെ വളർത്തിയത്. മണ്ണിനെ സ്നേഹിച്ചാകണം ജീവിതമെന്ന തിരിച്ചറിവാണ് വീടു പണിതപ്പോഴും ജോസിനെ വേറിട്ടതാക്കിയത്.

മണ്ണിലും മനസ്സിലുമുറപ്പിച്ച്..

green-house-awardee-garden

‘സ്വന്തം വീട്’ എന്നത് എല്ലാ കാര്യത്തിലും ഉറപ്പിച്ചയാളാണ് ജോസ്. വീടിന്റെ രൂപരേഖ തയാറാക്കിയതു മുതൽ മേൽനോട്ടം വരെ സ്വയം നിർവഹിച്ചു. വീടിന്റെ ചെറുപതിപ്പ് 22 ദിവസം 2 മണിക്കൂർ വീതമുള്ള അധ്വാനത്താൽ ജോസ് സ്വയം ഉണ്ടാക്കിയത് നിർമാണ സമയത്ത് ഫലം ചെയ്തു. പ്രകൃതിയെ അധികം ചൂഷണം ചെയ്യാതെയുള്ള നിർമാണമാണ് 12 ഏക്കർ പ്ലോട്ടിൽ 9000ൽ അധികം ചതുരശ്രയടിയലുള്ള വീടിന്റെ മുഖമുദ്ര. ചെരിവുള്ള പ്രദേശം അങ്ങനെതന്നെ നിലനിർത്തിയാണ് വീടിനു സ്ഥാനം കണ്ടത്. വീടിനു മുൻപിലുളള ചെരുവിനെ അപൂർവ ചെടികളടക്കമുള്ള പൂന്തോട്ടമാക്കി. മുറ്റത്തെ കുളത്തിനു നടുവിൽ കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ ഫൗണ്ടെയ്നുള്ളിൽ മണ്ണുനിറച്ച് ചെടികളും നട്ടുപിടിപ്പിച്ചു. വീടുപണിക്കുശേഷം വന്ന ഇരുമ്പ് കമ്പികളും പട്ടകളും ഉപേക്ഷിക്കാതെ അവകൊണ്ട് ഉണ്ടാക്കിയ കൂറ്റൻ അലങ്കാര ഗ്ലോബ് മുറ്റത്തിന് അഴകാണ്. വീടിലേക്കുള്ള 2 ഗേറ്റുകളും തടിയിൽ ആണ് നിർമിച്ചിരിക്കുന്നത്. 

നല്ല വായുവും നടുമുറ്റവും...

green-house-awardee-courtyard

വായു സഞ്ചാരത്തിന് തടസ്സം വരാത്തരീതിയിൽ സീറോ ഡിഗ്രി പാലിച്ച് നിർമിച്ചതിനാൽ വീട്ടിനുള്ളിൽ ഒരുസമയത്തും ചൂട് അനുഭവപ്പെടുന്നില്ല. പറമ്പിൽനിന്നു ലഭിച്ച വെട്ടുകല്ല് ഉപയോഗിച്ചാണ് ഭിത്തികളുടെ നിർമാണം. മധുരയിൽനിന്ന് എത്തിച്ച 60 കൽത്തൂണുകളാണ് വീടിനെ താങ്ങിനിർത്തുന്നത്. ഓട് ഉപയോഗിച്ചാണ് മേൽക്കൂര. ലിവിങ് – ഡൈനിങ് റൂമുകളുടെ തടിഭിത്തി നിരക്കി നീക്കാം. വിശാലമായ നടുമുറ്റമാണ് വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. മേൽക്കൂരയിൽനിന്നു ശേഖരിക്കുന്നതിനു പകരം നടുമുറ്റത്തു വീഴുന്ന വെള്ളം പൈപ്പുകളിലൂടെ കൂറ്റൻ മഴവെള്ള സംഭരണിയിലേക്കെത്തുന്നു. തറവാട്ടിലുണ്ടായിരുന്ന പഴയ പത്തായം, ആഭണപ്പെട്ടി, തുണിപ്പെട്ടി തുടങ്ങിയ തടി ഉപകരണങ്ങളെല്ലാം പുതിയ വീട്ടിലും ഉപയോഗിച്ചിരിക്കുന്നു. വീടുപണിക്കു ശേഷം വന്ന തടിക്കഷണങ്ങൾ നഷ്ടപ്പെടുത്താതെ പോളിഷ് ചെയ്ത് കിടപ്പുമുറികളുടെ തറയിലും വിരിച്ചു. പടിഞ്ഞാറുവശത്തുള്ള മരങ്ങൾ വെയിലിൽനിന്ന് വീടിനെ സംരക്ഷിക്കുന്നു.

പച്ചപ്പിന്റെ കേദാരം...

green-house-awardee-landscape

വീടിനു ചുറ്റുമുള്ള വിശാലമായ പുരയിടത്തിൽ 75 തരത്തിലുള്ള ഫലവൃക്ഷങ്ങളുണ്ട്. 35 ഇനം പ്ലാവുകൾ പറമ്പിൽ തലയുർത്തി നൽക്കുന്നു. ഇവ ബഡ് ചെയ്ത് പുതിയ ഇനം നിർമിച്ചെടുക്കാനാണ് ജോസിന്റെ അടുത്ത ലക്ഷ്യം. ജാതി, മാങ്കോസ്റ്റിൻ, പപ്പായ, ഫിലോസാൻ, സപ്പോട്ട, ചാമ്പ, പേര തുടങ്ങിയവയുടെ വിവിധ ഇനങ്ങളുമുണ്ട്. അഞ്ഞൂറോളം എണ്ണപ്പനകളും തോട്ടത്തിലുണ്ട്. മാസത്തിലൊരിക്കൽ വിളവെടുത്ത് കുളത്തൂപ്പുഴയിലെ ഓയിൽ പാം ഇന്ത്യയിൽ നൽകുന്നു. അലങ്കാര – ഭക്ഷ്യ മത്സ്യങ്ങളുടെ വലിയ ഫാമുമുണ്ട് പുരയിടത്തിൽ. എണ്ണപ്പനകളുടെ ഇടയിലൂടെയുള്ള പ്രകൃദത്ത കുളങ്ങളിലും മീൻകൃഷിയുണ്ട്. 1895ൽ പണിത അറയും നിരയുമുള്ള തറവാട് വീട്ടു വളപ്പിൽത്തന്നെ പരിപാലിക്കുന്നു. 

കുടുംബം...

green-house-mallasery

കുഴിക്കാല സിഎംഎസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി വിരമിച്ച ലീല ജോസഫാണ് ജോസിന്റെ ഭാര്യ. ചാർട്ടേഡ് അക്കൗണ്ടന്റായ ആൻ ജോസഫ്, സിഎ വിദ്യാർഥി അനിറ്റ ജോസഫ് എന്നിവരാണ് മക്കൾ.

English Summary- House that Won Green Home Award

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ... www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA