sections
MORE

ചൂടിനെ ചെറുക്കാൻ 'കൂൾ ഹോം' ടെക്‌നിക്; കേരളത്തിൽ ഇപ്പോൾ മേൽക്കൂരയാണ് താരം!

Concrete-Roofing-Tile-house
Representative Image
SHARE

കനത്ത ചൂട്, മഴ പെയ്താൽ ചോർച്ച. ലക്ഷങ്ങൾ ചെലവിട്ടു പണിത വീടുകളുടെ ടെറസിനു മുകളിൽ ഒരു റൂഫിങ്‌കൂടി നിർമിക്കേണ്ടി വരുന്നു. വീടുപണി നടക്കുന്നതിനൊപ്പംതന്നെ റൂഫ് ട്രസ് ചെയ്യുന്ന ജോലിയും തുടങ്ങുന്നു. ആദ്യകാലങ്ങളിൽ ആസ്ബസ്റ്റോസ് ഷീറ്റോ അലുമിനിയം ഷീറ്റോകൊണ്ടു നിർമിച്ച മേൽക്കൂരകളായിരുന്നു. എന്നാൽ ക്ലേ ടൈൽ, ജിപ്സം ബോർഡ്, പരിസ്ഥിതി സൗഹൃദമായ മറ്റു വസ്തുക്കൾ തുടങ്ങി റൂഫിങ്ങിനായി വിപണിയിലെത്തുന്ന വസ്തുക്കളുടെ എണ്ണം ഇന്നു വർധിച്ചുവരികയാണ്.  

ഏതാനും വർഷങ്ങൾക്കു മുൻപു വരെ ആങ്കിൾ അയൺ, എൽ ആങ്കിൾ ഇവയുപയോഗിച്ചാണ് ബീമുകളും പട്ടികയും തീർത്തിരുന്നത്. പിന്നീടത് എംഎസിന്റെ സി. ചാനൽ/ എൽ ആങ്കിൾ എന്നിവയായി. ഇന്നു കെട്ടിടത്തിന് അമിതഭാരം ഉണ്ടാക്കാത്ത രീതിയിലുള്ള ലൈറ്റ് മെറ്റീരിയലുകൾക്കാണ് റൂഫിങ് വിപണിയിൽ പ്രിയം. ട്രസ് വർക്കുകളെക്കാൾ ആളുകൾക്കു താൽപര്യം മേൽക്കൂരയ്ക്ക് അഴകും ഒപ്പം തണുപ്പും ഏകുന്ന മെറ്റീരിയലുകളോടാണ്. പ്രകൃതിയോടിണങ്ങിയ റൂഫ് കൂളിങ് രീതികൾക്കും പ്രചാരമുണ്ട്.

റൂഫിനു മുകളിൽ പതിപ്പിക്കുന്ന ഓടുകളിലാണ് ഉപയോക്താക്കളുടെ ശ്രദ്ധയത്രയും. ക്ലേ ടൈൽ, സിറാമിക് ടൈൽ, ഷിംഗിൾസ്, കോൺക്രീറ്റ് ടൈൽ എന്നിങ്ങനെ പോകുന്നു റൂഫിങ് മെറ്റീരിയലുകളുടെ നിര. ചതുരശ്ര അടിക്കു നിശ്ചിത തുക എന്ന നിലയ്ക്കാണ് ഇവയുടെ വിൽപന. കെട്ടിടത്തിനു തണുപ്പേകുക, അഴകേകുക എന്നീ കാര്യങ്ങൾക്കു പ്രാമുഖ്യം നൽകിക്കൊണ്ടാണ് റൂഫിങ് ടൈലുകൾ തിരഞ്ഞെടുക്കുക.

1. തണുപ്പേകാൻ ക്ലേ ടൈൽ 

ഇന്ന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള റൂഫിങ് മെറ്റീരിയലാണ് ക്ലേ ടൈൽ. കൊല്ലം, ആലുവ, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ക്ലേ ടൈലുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത്. ഓടിന്റെ മറ്റൊരു രൂപമാണു ക്ലേ ടൈലുകൾ. ഇതു പല ആകൃതിയിലും വലുപ്പത്തിലും ലഭ്യമാണ്. സിംഗിൾ പാത്തി, ഡബിൾ പാത്തി എന്നിങ്ങനെയാണു മോഡലുകൾ വരുന്നത്. ഡബിൾ പാത്തി ഓടുകൾക്ക് ഡബിൾ ഗ്രൂവുള്ളതിനാൽ  മേൽക്കൂരയിൽ ഘടിപ്പിക്കുമ്പോൾ നല്ല ഉറപ്പു ലഭിക്കുന്നു. സിംഗിൾ പാത്തി ടൈലുകൾക്കു ഡബിൾ പാത്തി ടൈലുകളെ അപേക്ഷിച്ച് വില കുറവാണ്. ഇപ്പോൾ പല നിറങ്ങളിലും ക്ലേ റൂഫിങ് ടൈലുകൾ ലഭ്യമാണ്. പെയിന്റ് ചെയ്യാൻ കഴിയുന്ന മോഡലുകളുമുണ്ട്.

2. അഴകിൽ മുന്നിൽ സിറാമിക് ടൈലുകൾ 

roofing-kerala-home

ക്ലേ റൂഫിങ് രീതിയോടു താൽപര്യമില്ലാത്തവർക്കു പരീക്ഷിക്കാവുന്നതാണു സിറാമിക് ടൈലുകൾ. ഭാരക്കുറവുള്ള ടൈലുകൾക്കാണ് ആവശ്യക്കാരധികവും. ഇവയ്ക്ക് ക്ലേ റൂഫിങ് ടൈലുകളെ അപേക്ഷിച്ച് നീളവും വീതിയും കൂടുതലാണ്. വിവിധ നിറത്തിലും ഡിസൈനുകളിലും ഇതു ലഭ്യമാണ്. ഇവയ്ക്ക്  അറ്റകുറ്റപ്പണിച്ചെലവും കുറവാണ്. 

3. ഷിംഗിൾസ് അഥവാ ന്യൂജനറേഷൻ റൂഫിങ് ടൈൽ 

shingle-roofing

ആസ്ഫാൾട്ട് മെറ്റീരിയലും ഫൈബറും  കൂട്ടിച്ചേർത്താണ് ഷിംഗിൾസ് നിർമിക്കുന്നത്. നഗരപ്രദേശങ്ങളിലെ വീടുകൾക്കു യോജിക്കും. ഭാരക്കുറവാണ് പ്രധാന ആകർഷണീയത. പല നിറങ്ങളിലും ഡിസൈനുകളിലും ലഭിക്കും. മുൻകാലങ്ങളിൽ വിദേശത്തു മാത്രം കണ്ടുവന്നിരുന്ന ഷിംഗിൾസ് ഇപ്പോൾ കേരളത്തിലും സർവസാധാരണമായി. ചരിഞ്ഞ മേൽക്കൂരയിൽ മാത്രമേ ഷിംഗിൾസ് വിരിക്കാൻ കഴിയൂ. മേൽക്കൂരയിൽ നെയിൽസ് വച്ച് അവയ്ക്കു മേലെ ഷിംഗിൾസ് വിരിക്കുകയാണു ചെയ്യുന്നത്. ചൂടു തട്ടുമ്പോൾ ഷിംഗിൾസിലെ സ്റ്റിക്കിങ് കംപോണന്റ് ഉരുകി മേൽക്കൂരയിൽ ഉറയ്ക്കുന്നു. അതോടെ ഷിംഗിൾസ് മേൽക്കൂരയുടെ ഭാഗമായി മാറും. ഇത് അൾട്രാവയലറ്റ് രശ്മികളെ ഫലപ്രദമായി തടയുകയും ചെയ്യുന്നു.

4. ഉറപ്പിൽ മുന്നിൽ കോൺക്രീറ്റ് റൂഫിങ് ടൈലുകൾ 

concrete-roof-tile

ഉറപ്പിന്റെയും ഈടിന്റെയും കാര്യത്തിൽ കോൺക്രീറ്റിനെ വെല്ലാൻ എന്തുണ്ട്? മെയിന്റനൻസ് ഏറ്റവും കുറവുള്ള റൂഫിങ് മെറ്റീരിയലാണിത്. എന്നാൽ ഭാരക്കൂടുതലാണ് എന്ന കാരണത്താലാണ് പലരും ഇവയെ പടിക്കു പുറത്തു നിർത്തുന്നത്. എന്നാൽ ഉറപ്പിൽ ഇവയെ വെല്ലാൻ മറ്റൊന്നില്ല. കാലാവസ്ഥാ വ്യതിയാനങ്ങളും തടയാൻ കരുത്തുള്ളവയാണ് കോൺക്രീറ്റ് ടൈലുകൾ. മികച്ച സ്റ്റൈലും ഫിനിഷിങ്ങും നൽകാൻ ഇവയ്ക്കാകുന്നു. എന്നാൽ മറ്റു റൂഫിങ് മെറ്റീരിയലുകളെ അപേക്ഷിച്ച് ഇവയ്ക്കു 100 രൂപയോളം വില കൂടുതലാണ്. 

5.  ക്ലൈമാറ്റിക് കൺട്രോൾ ഷീറ്റ്

മേൽക്കൂരയിലെ ഓടിനോ മെറ്റൽ ഷീറ്റിനോ അടിയിൽ വിരിക്കുന്ന കനം കുറഞ്ഞ ഷീറ്റാണ് ക്ലൈമാറ്റിക് കൺട്രോൾ ഷീറ്റ്. ചൂടു ചെറുക്കുകയാണ് പ്രധാന ഉദ്ദേശ്യം. പോളി പ്രൊപ്പലീൻ, പോളി കാർബൺ തുടങ്ങിയ പദാർഥങ്ങൾകൊണ്ടാണ് നിർമിക്കുന്നത്.   

ചൂടിനെ ചെറുക്കാൻ കൂൾ ഹോം വിദ്യ

ഓരോ വർഷം ചെല്ലുംതോറും ചൂടിന്റെ കാഠിന്യം വർധിച്ചു വരികയാണ്. കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഇതിനു പിന്നിലെ പ്രധാന കാരണം. വീടുകളിൽ ഫാനുകളും എസിയും സദാ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം ആധുനിക  സൗകര്യങ്ങൾക്കു പിന്നാലെ  പോകാതെ പ്രകൃതിദത്തമായിത്തന്നെ വീടിനകത്തു തണുപ്പ് നിലനിർത്തുന്നതിനുള്ള വഴികളാണ് ഇന്നത്തെ തലമുറ അന്വേഷിക്കുന്നത്. ഇത്തരത്തിൽ ചിന്തിക്കുന്നവർക്ക് ഉതകുന്ന ഒരാശയമാണ് കൂൾ ഹോം.

കോൺക്രീറ്റ് റൂഫ് ചെയ്തതിനു ശേഷം അതിനു മുകളിലാണ് കൂൾ ഹോം നിർമിക്കുക. മേൽക്കൂരയിൽ ഇരുമ്പിന്റെ കൂടു നിർമിച്ച് അതിൽ ഷിംഗിൾസ് ഒട്ടിക്കും. കോൺക്രീറ്റ് സ്ലാബിനും മേൽക്കൂരയ്ക്കും ഇടയിലെ സ്ഥലം ചൂടിനെ നിയന്ത്രിക്കാൻ ഇതു സഹായിക്കും. ഈ ആശയത്തിനു പുറമേ കോൺക്രീറ്റ് സ്ലാബിനുപകരം ജിപ്സം ബോർഡ് ഉപയോഗിച്ചുള്ള ഫാൾസ് സീലിങ്ങിന്റെ പ്രയോഗവും നിലവിലുണ്ട്. 

തയാറാക്കിയത്

ലക്ഷ്മി നാരായണൻ

English Summary- Roofing Trends in Kerala

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ... www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA