ADVERTISEMENT

വീ‍ടു ചെറുതോ വലുതോ ആകട്ടെ, ഏതൊരു വീടിനും ഒരു പുതു ജീവൻ നൽകുന്നതിൽ പൂന്തോട്ടത്തിനു വലിയ സ്ഥാനമാണുള്ളത്. എന്നാൽ മുൻകാലങ്ങളിലെപ്പോലെ വിശാലമായ മുറ്റത്ത് പിച്ചിയും മുല്ലയും ജമന്തിയുമെല്ലാം വളർത്തുന്നതിനുള്ള സൗകര്യം മൂന്നും നാലും സെന്റ് സ്ഥലത്ത് വീടൊരുക്കുന്ന മലയാളിക്കില്ല. ഈ അവസ്ഥയിലാണ് പൂന്തോട്ട നിർമാണത്തിലെ നൂതന വിദ്യകൾ പരീക്ഷിക്കപ്പെടുന്നത്. ഇൻഡോർ ഗാർഡനും ബോൺസായ് മരങ്ങളുമല്ല ഇപ്പോൾ ട്രെൻഡ് കൊക്കടാമയാണ്. വീടിനകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഗാർഡനിങ് രീതിയാണ് കൊക്കടാമ. കളിമണ്ണും പായലും ചേർത്തു കുഴച്ചു പന്തു രൂപത്തിലാക്കി അതിൽ ചെടി നടുന്ന ജാപ്പനീസ് പൂന്തോട്ട നിർമാണ ശൈലിയായ കൊക്കടാമ കേരളത്തിൽ വേരുറപ്പിച്ചു തുടങ്ങിയിട്ട് അധികകാലമായില്ല.

കൊക്കടാമ നിർമാണത്തിലൂടെ മനോഹരങ്ങളായ പൂന്തോട്ടങ്ങൾ മലയാളിക്കു പരിചയപ്പെടുത്തിയ  തിരുവനന്തപുരം സ്വദേശിയായ പ്രീത പ്രതാപ് അങ്ങനെ വ്യത്യസ്തയാകുന്നു. പലപ്പോഴും നമ്മുടെ നാട്ടിൽ ഒരേ പാറ്റേണിലാണു പൂന്തോട്ട പരിപാലനം നടക്കുന്നത്. എലവേറ്റഡ് ഗാർഡൻ, ഹാങ്ങിങ് ഗാർഡൻ തുടങ്ങിയ രീതികൾ തന്നെ അടുത്ത കാലത്താണ് മലയാളികൾക്കു സുപരിചിതമായത്. എന്നാൽ പൂന്തോട്ട പരിപാലനത്തിനായി മാറ്റിവയ്ക്കാൻ അൽപം സമയമുണ്ടെങ്കിൽ ആർക്കും പരീക്ഷിക്കാവുന്ന ഒന്നാണ് കൊക്കടാമ. അൽപം ക്ഷമ, കുറച്ചു ക്രിയാത്മകത അത്രമാത്രം മതി വീടിനകവും പുറവും ഒരുപോലെ മനോഹരമാക്കുന്ന കൊക്കടാമകൾ നിർമിക്കുവാൻ. തിരുവനന്തപുരം സ്വദേശിനിയായ പ്രീത പ്രതാപ് എന്ന വീട്ടമ്മയെ ഇക്കാര്യത്തിൽ ആർക്കും മാതൃകയാക്കാം. ഒരു കൗതുകത്തിന് യുട്യൂബ് നോക്കി കൊക്കടാമ നിർമാണം ആരംഭിച്ച പ്രീത ഇന്ന് ഈ രംഗത്ത് പകരക്കാരില്ലാത്ത ഒരു പൂന്തോട്ട നിർമാണ വിദഗ്ധയാണ്.

kokedama-home-art-preetha

വീട്ടമ്മമാർ എന്ന പേരിൽ ഒതുങ്ങിക്കൂടാൻ ആഗ്രഹിക്കാത്തവരാണ് നമ്മുടെ നാട്ടിലെ സ്ത്രീകളിൽ ഭൂരിഭാഗവും. വിവാഹശേഷം പല കാരണങ്ങൾകൊണ്ടും ചിലർക്കു വീട്ടമ്മയായി ഒതുങ്ങേണ്ടി വരുന്നു. എന്നാൽ ഈ കാലയളവിൽപോലും സ്വന്തമായി എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാൻ അവർ ആഗ്രഹിക്കുന്നു. ഹോബികൾ വരുമാനമാർഗമാവുന്നത് ഈ അവസരത്തിലാണ്. ക്രിയാത്മകതയുടെ വഴിയെ സഞ്ചരിച്ച് പൂന്തോട്ടനിർമാണത്തിൽ തന്റേതായ വഴി കണ്ടെത്താൻ പ്രീതയ്ക്കു സാധിച്ചതും അതുകൊണ്ടുതന്നെയാണ്.  ഹോബി എന്ന നിലയ്ക്കു പൂന്തോട്ട പരിപാലനത്തിൽ വ്യത്യസ്ത രീതിയായ കൊക്കടാമയ്ക്കു തുടക്കം കുറിക്കുമ്പോൾ പ്രീത ഒരിക്കലും കരുതിയില്ല, കൊക്കടാമയ്ക്ക് കേരളത്തിൽ ഇത്രയേറെ സാധ്യതകളുണ്ടെന്ന്.

പത്തുവർഷമായി പ്രീത കൊക്കടാമ എന്ന ജാപ്പനീസ് പൂന്തോട്ട പരിപാലനരീതിയുമായി ചങ്ങാത്തം കൂടിയിട്ട്. വിവാഹം കഴിഞ്ഞ്, ഭർത്താവിനൊപ്പം സൗദിയിലെത്തിയപ്പോൾ എന്തു ചെയ്യണം എന്ന ചിന്തയായിരുന്നു മനസ്സിൽ. ബിരുദധാരിയാണെങ്കിലും ആ സമയത്ത് അവിടെ ഒരു ജോലി കണ്ടെത്തുക എന്നത് എളുപ്പമായിരുന്നില്ല. പകൽ പ്രീതയ്ക്ക് ഇഷ്ടംപോലെ സമയം. ഫലപ്രദമായി വിനിയോഗിക്കേണ്ട സമയം വെറുതെ പാഴാക്കേണ്ടി വരുന്നതിൽ നിരാശ തോന്നിയ പ്രീത വീട്ടിലിരുന്നുകൊണ്ടുതന്നെ ചെയ്യാൻ കഴിയുന്ന തൊഴിലുകളെപ്പറ്റി ചിന്തിച്ചു തുടങ്ങി. യൂട്യൂബ് നോക്കി പാഴ്‌വസ്തുക്കളിൽനിന്നു കൗതുകരൂപങ്ങളുണ്ടാക്കാൻ തുടങ്ങിയത് അങ്ങനെയാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിൽനിന്നും തുണികളിൽ നിന്നുമെല്ലാം വിവിധങ്ങളായ ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന ധാരാളം വിദ്യകൾ ഉണ്ടായിരുന്നെങ്കിലും പ്രീതയുടെ കണ്ണിലുടക്കിയത് കൊക്കടാമയായിരുന്നു.

കൊക്കടാമ വ്യത്യസ്തമാകുന്നതിങ്ങനെ...

മണ്ണു കുഴച്ച് ചെറിയ പന്തുപോലെയാക്കി, പ്രതലത്തിൽ പായലൊട്ടിച്ച്, അതിൽ ചെടി നടുന്ന ആ വിദ്യ പ്രീതയ്ക്കു നന്നായി ബോധിച്ചു. ചെറിയ ചെറിയ പന്തുകൾ അതിൽ വളർന്നു നിൽക്കുന്ന ചെടികൾ, അവയിൽ പൂക്കൾ വിടർന്നാൽ അതിലും കൗതുകം. വീടിന്റെ ഏതു ഭാഗത്തു വേണമെങ്കിലും തൂക്കിയിടാനും കഴിയും. ചെടിച്ചട്ടി വച്ച് സ്ഥലം കളയുന്നു എന്ന വിഷമവും വേണ്ട. ഇത്തരത്തിലുള്ള പന്തുകൾ നിർമിക്കാൻ എളുപ്പമാണെന്നു മനസ്സിലാക്കിയ പ്രീത അതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു. കൊക്കടാമയെപ്പറ്റി കൂടുതൽ പഠിച്ച ശേഷമാണ് അതുണ്ടാക്കാനുള്ള മണ്ണ് തേടിയിറങ്ങുന്നത്. എന്നാൽ ചെടികൾ വേരുപിടിക്കുന്ന രീതിയിലുള്ള മണ്ണു കിട്ടുക പ്രയാസമായിരുന്നു. ശരിയായ രീതിയിൽ കൊക്കടാമ ചെയ്യുന്നതിനു ജപ്പാനിലെ മണ്ണു വേണം. അതു ലഭിക്കാൻ വഴികളൊന്നുമില്ലാത്തതിനാൽ കൊക്കടാമ സ്വപ്‌നങ്ങൾ തൽക്കാലം മാറ്റിവയ്ക്കേണ്ടി വന്നു. എന്നാൽ ഏറെ ഇഷ്ടപ്പെട്ട ആ പൂന്തോട്ട നിർമാണരീതി അങ്ങനെ വിട്ടുകളയാൻ പ്രീത തയാറായിരുന്നില്ല. വിദേശത്തുനിന്നു നാട്ടിലേക്കു മടങ്ങേണ്ടിവന്നപ്പോൾ വീണ്ടും കൊക്കടാമ മോഹങ്ങൾ മനസ്സിൽ തലപൊക്കി. കേരളത്തിൽ ഫലഭൂയിഷ്ഠമായ മണ്ണ് ലഭ്യമാണല്ലോ. ആ ചിന്തയിൽനിന്നാണു പ്രീത തിരുവനന്തപുരത്തെ വീട്ടിൽ ചെടികൾ വളർത്താനും കൊക്കടാമ പരീക്ഷണം നടത്താനും തുടങ്ങിയത്. ജപ്പാനിൽ ചെടികൾ നടാനുപയോഗിക്കുന്ന കൊക്കടാമ മണ്ണിനു പകരം നാടൻ മണ്ണാണു പ്രീത ഉപയോഗിച്ചത്.

‘ആ ശ്രമം എട്ടു നിലയിൽ പൊട്ടി’ 

പ്രീതയുടെ ഭാഷയിൽ പറഞ്ഞാൽ കൊക്കടാമ ഉണ്ടാക്കാനുള്ള ആദ്യ ശ്രമം എട്ടുനിലയിൽ പൊട്ടി.  ചെടികൾ വളർന്നില്ല എന്നു മാത്രമല്ല, പന്തുരൂപത്തിലാക്കിയ മണ്ണിന്റെ രൂപങ്ങൾ  പൊട്ടിപ്പോകുകയും ചെയ്തു. മണ്ണിനു‌റപ്പു ലഭിക്കാനും പൊട്ടിപ്പോകാതിരിക്കാനും എന്തു ചെയ്യാൻ കഴിയുമെന്നായി പിന്നീടുള്ള അന്വേഷണം. ജൈവവളങ്ങൾ ഉൾപ്പെടെ പല വസ്തുക്കളുടെയും പ്രയോഗം മനസ്സിലൂടെ മിന്നിമാഞ്ഞു. ഒടുവിൽ ചകിരിച്ചോറും ചാണകവും മണ്ണും കുഴച്ച് പ്രീത സ്വന്തം വിദ്യ പരീക്ഷിച്ചു നോക്കി. യഥാർഥ ജാപ്പനീസ് കൊക്കടാമയെ വെല്ലുന്ന ഉൽപന്നമായിരുന്നു അനന്തരഫലം. രണ്ടാംഘട്ടത്തിൽ ചാണകവും മണ്ണും കുഴച്ച് പ്രീത പന്തു രൂപത്തിലാക്കി മതിലിൽ പറ്റിവളരുന്ന പായൽ പൊതിഞ്ഞു. വേരുപിടിച്ചു തുടങ്ങിയ ചെറിയ ചെടികൾ നട്ടു. ദിവസങ്ങൾക്കുള്ളിൽ ചെടികൾ വേരുറച്ചു വളരാൻ തുടങ്ങി. ആദ്യമായി നിർമിച്ച കൊക്കടാമയിൽ പൂക്കൾ വിരിഞ്ഞു കണ്ടപ്പോഴുണ്ടായ സന്തോഷം ഒരിക്കലും മറക്കാൻ കഴിയില്ലെന്നാണു പ്രീത പറയുന്നത്. 

ശ്രമം വിജയിച്ചതോടെ ധാരാളം കൊക്കടാമകൾ നിർമിക്കാൻ തുടങ്ങി. വീട്ടിനുള്ളിൽ വളർത്താൻ സാധിക്കില്ലെന്നു കരുതിയ പല ചെടികളും കൊക്കടാമ മാതൃകയിൽ അകത്തളങ്ങളിൽ തൂങ്ങിയാടി. മാസങ്ങൾക്കുള്ളിൽ പ്രീതയുടെ തിരുവനന്തപുരത്തെ വീടിന്റെ അകത്തളം ഒരു കൊച്ചു പൂങ്കാവനമായി. പല നിറത്തിൽ, പല ആകൃതിയിൽ വളർന്ന ചെടികൾ. പന്തു  രൂപത്തിൽ മാത്രമായി കൊക്കടാമയെ ഒതുക്കി നിർത്താതെ കിളികളുടെ രൂപത്തിലും ചെടിച്ചട്ടികളുടെ രൂപത്തിലുമൊക്കെ പ്രീത കൊക്കടാമ പരീക്ഷിച്ചു. എന്തിനേറെ പറയണം, ചിരട്ടയും കുപ്പിയും തൊട്ടു പിസ്തയുടെ തോടിൽ വരെ പ്രീത നാടൻ കൊക്കടാമ അവതരിപ്പിച്ചു. 

ഇൻഡോർ ഔട്ട്ഡോർ വ്യത്യാസമില്ല 

കൊക്കടാമ മോഡൽ ഗാർഡനിങ് ചെയ്യുമ്പോൾ ഇൻഡോർ ഔട്ട്ഡോർ വ്യത്യാസമില്ല. എന്തും എവിടെയും ആകാം. വിദേശയിനം ചെടികളിലും നാടൻ ചെടികളിലും പ്രീത ഒരേപോലെ കൊക്കടാമ രീതി പരീക്ഷിച്ചു. എല്ലാ ശ്രമവും വിജയം കണ്ടു. ബോൺസായ് മരങ്ങൾപോലെ ഇത്തിരിക്കുഞ്ഞൻ മരങ്ങളായാണ് ഇവ വളരുക. ഇവയ്ക്കു പായൽപ്പന്തുകളെന്നും പാവങ്ങളുടെ ബോൺസായിയെന്നും വിളിപ്പേരുണ്ട്. പുത്തൻ രീതിയിലുള്ള ചെടിവളർത്തൽ കണ്ട് ഇഷ്ടപ്പെട്ട ആളുകൾ നിർമാണരീതി പഠിക്കുന്നതിനായി പ്രീതയെ തേടിയെത്താൻ തുടങ്ങി. തന്നെ തേടിയെത്തിയ ആളുകളെ ആരെയും പ്രീത നിരാശപ്പെടുത്തിയില്ല.ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി മണ്ണ്, കയർ എന്നിവ വച്ച് ഒട്ടേറെ കൊക്കടാമ പരീക്ഷണങ്ങൾ പ്രീത നടത്തി. പഠിക്കാൻ താൽപര്യമുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. ആഘോഷങ്ങൾക്കു താനുണ്ടാക്കിയ കൊക്കടാമകൾ സമ്മാനമായി നൽകാനും പ്രീത മറന്നില്ല. പായലൊട്ടിച്ച പന്തുകളിൽ ചെടികൾ നട്ടശേഷം പ്രീത ഇവയെ വിപണിയിലെത്തിക്കുന്നു. ചെടി വളരുമ്പോൾ വീട്ടിനുള്ളിൽ തൂക്കിയിടാം. മൂന്നു ദിവസം കൂടുമ്പോൾ വെള്ളത്തിൽ മുക്കിവയ്ക്കുകയോ വെള്ളം തളിക്കുകയോ വേണം.

Flowers

വിപണിയിൽ  ഇത്തരത്തിൽ  നിർമിക്കുന്ന ചെടികൾക്ക് ഇനമനുസരിച്ച് 350 മുതൽ 5,000 രൂപ വരെ വിലയുണ്ട്. ഹോബി സംരംഭകാവസരം തുറന്നുതന്നതിന്റെ സന്തോഷത്തിനപ്പുറം ഗാർഡനിങ്ങിന്റെ മലയാളികൾ കാണാത്ത തലങ്ങൾ കണ്ടെൻ കഴിഞ്ഞതിന്റെ സംതൃപ്തിയാണ് പ്രീതയ്ക്ക്. കൊക്കടാമയ്ക്കു പുറമേ പോട്ട് പെയിന്റിങ്, ചെടികൾക്കായുള്ള അലങ്കാരവസ്തുക്കളുടെ നിർമാണം എന്നിവയും പ്രീത നടത്തുന്നുണ്ട്.   

 

കൊക്കടാമ നിർമിക്കാം

ജപ്പാനിലെ പരമ്പരാഗത ചെടി പരിപാലനരീതിയാണ് കൊക്കടാമ. ഒരുവിധത്തിൽ പറഞ്ഞാൽ ജപ്പാൻകാരുടെ കരവിരുത് തുറന്നു കാണിക്കുന്ന ഗാർഡനിങ് ആർട്ട്. ജപ്പാനിൽ മാത്രം ലഭ്യമായ കളിമണ്ണിനോടു സാദൃശ്യമുള്ള അക്കാഡമ എന്ന മണ്ണു കുഴച്ചാണ് കൊക്കടാമകൾ ഉണ്ടാക്കുന്നത്. എന്നാൽ ഈ മണ്ണ് നമ്മുടെ നാട്ടിൽ കിട്ടാനുള്ള സാഹചര്യമില്ല. അതിനാൽ കൊക്കടാമ നിർമാണത്തിനായി ഒരേ അളവിൽ ചകിരിച്ചോർ, ചാണകപ്പൊടി, മണ്ണ് എന്നിവ കുറച്ചു വെള്ളം ചേർത്തു കുഴച്ചു ബോൾ രൂപത്തിൽ ഉരുട്ടിയെടുത്ത് കൊക്കടാമ നിർമിക്കാം. 

രണ്ടാം ഘട്ടത്തിൽ വേരോടു കൂടിയ ഒരു ചെടി ഇത്തരത്തിൽ നിർമിച്ച പാത്രത്തിനകത്തു നട്ട് വീണ്ടും ഉരുട്ടി എടുക്കണം. പിന്നെ അതിനു മുകളിൽ കോട്ടൺ തുണിയോ, ചണച്ചാക്കോ. നൈലോൺ നെറ്റോ വച്ചു പൊതിഞ്ഞു കെട്ടണം ജപ്പാനിലെപ്പോലെ ഉറപ്പുള്ള മണ്ണല്ലാത്തതിനാലാണ് ഇത്തരം ചില മുൻകരുതലുകൾ. ഇത്രയും ചെയ്ത ശേഷം കുറച്ചു ചരട് തൂക്കിയിട്ടിട്ടു ബാക്കി മുറിച്ചു മാറ്റണം. അടുത്തപടി പായൽ ഒട്ടിക്കുക എന്നതാണ്. മഴക്കാലത്ത് സിമന്റിലും പാറയിലും മതിലുകളിലുമൊക്കെ വളരുന്ന പായൽ ഇതിനായി ചുരണ്ടിയെടുക്കുക. പച്ച നിറത്തിലുള്ള നൂലുകൊണ്ട് പായൽ പന്തു  രൂപങ്ങളിൽ വച്ചു കെട്ടുകയാണു ചെയ്യുന്നത്. മൂന്നു ദിവസം കൂടുമ്പോൾ വെള്ളം സ്പ്രേ ചെയ്തുകൊടുക്കണം. ദിവസങ്ങൾക്കുള്ളിൽ ചെടികൾ വളരുകയും പൂക്കുകയും ചെയ്യും. 

ഇതു വീടിന്റെ അകത്തളങ്ങളിലോ പുറത്തോ തൂക്കിയിടുകയോ പാത്രങ്ങളിലോ പൂച്ചട്ടികളിലോ വയ്ക്കുകയോ ആകാം. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത സ്ഥലം കുറച്ചു മതി എന്നതാണ്. അതു കൊണ്ടു ഫ്ലാറ്റുകളിലും വളർത്താം. മിക്കവാറും എല്ലാത്തരം ചെടികളും ഇതിൽ വളർത്താം. സൂര്യപ്രകാശവും ഈർപ്പവും കിട്ടിയില്ലെങ്കിൽ  ഇതിന്റെ പച്ചപ്പ് നിലനിൽക്കില്ല എന്നതു മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം. 

 

തയാറാക്കിയത്

ലക്ഷ്മി നാരായണൻ

English Summary- Kokedama, Japanese Garden Trends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com