ADVERTISEMENT

ഭൂമിയിലെ ജീവജാലങ്ങളെല്ലാം പ്രകൃതിയിൽനിന്നാണ് തങ്ങളുടെ കൂടൊരുക്കുന്നത്. പക്ഷികൾ ചില്ലകളെയും നാരുകളെയും ആശ്രയിക്കുന്നു. തേനീച്ചകളെപ്പോലെ ചില ജീവികൾ സ്വന്തം ശരീരത്തിൽനിന്നുണ്ടാകുന്ന വസ്തുക്കൾകൊണ്ടും അവനവന്റെ കൂടൊരുക്കുന്നു. മനുഷ്യരും ആദ്യം അങ്ങനെ തന്നെയായിരുന്നു. മഞ്ഞിലും മഴയിലും നിന്നു രക്ഷപ്പെടാനുള്ള കുഞ്ഞു കൂടായിരുന്നു ആദ്യം വീടുകൾ. കാലക്രമേണ അവ വലിയ കെട്ടിടങ്ങളും മണിമാളികകളും ആയി. ആർഭാടത്തിന്റെയും ആഡംബരത്തിന്റെയും മാനദണ്ഡമായി. 

നിർമാണവസ്തുക്കളിലും വന്നു ഈ മാറ്റം. മണ്ണുകൊണ്ടും ചുണ്ണാമ്പുകൊണ്ടും ഭിത്തി നിർമിച്ച് ഓലയും വൈക്കോലും കൊണ്ടു മേഞ്ഞ കൂരകൾ ഓടിലേക്കും വാർക്കയിലേക്കും മാറി. സിമന്റിന്റെ വരവോടെ കെട്ടിടനിർമാണമേഖലയിൽ വൻ വിപ്ലവം തന്നെയുണ്ടായി.  പ്രകൃതിയിൽ നിന്നു നേരിട്ടു ലഭിക്കുന്ന ചുണ്ണാമ്പും മണ്ണും വെട്ടുകല്ലും ഉപയോഗിച്ച് വർഷങ്ങൾക്കു മുൻപു നിർമിച്ച വീടുകൾ ഇപ്പോഴും നിലനിൽക്കുന്നു. എന്നാൽ രണ്ടോ മൂന്നോ വർഷം മുൻപ് സിമന്റ് ഉപയോഗിച്ചു പണിതീർത്ത വീടുകളിൽ വിള്ളലും ചോർച്ചയും കാണപ്പെടുന്നു. ഈ വ്യത്യാസം മനസ്സലാക്കിയാണ്, എന്തുകൊണ്ട് പ്രകൃതിയിലേക്കു മടങ്ങിക്കൂടാ എന്ന അന്വേഷണവുമായി ബിജു ഭാസ്കറും ഭാര്യ സിന്ധു ഭാസ്കറും തണൽ എന്ന പ്രസ്ഥാനത്തിന് 2011ൽ തുടക്കം കുറിക്കുന്നത്. 

Biju-Bhaskar-and-Sindhu-Bhaskar-founders-Thannal

തിരുവണ്ണാമല ആസ്ഥാനമാക്കിയാണ് തണൽ പ്രവർത്തിക്കുന്നത്. പ്രാചീനകാലങ്ങളിലെ കെട്ടിടനിർമാണരീതി പഠിച്ച്, പ്രകൃതിയിൽനിന്നു കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ചു കുറഞ്ഞ ചെലവിൽ എങ്ങനെ വീടുകൾ നിർമിക്കാമെന്ന ആശയമാണ് തണൽ മുന്നോട്ടു വയ്ക്കുന്നത്. ഓരോ ജീവിയും അവനവനുവേണ്ടി വീടുണ്ടാക്കുന്നതുപോലെ മനുഷ്യനും സാധിക്കുമെന്ന് തണൽ പറയുന്നു. കാലങ്ങൾക്കുമുൻപ് ഉണ്ടായിരുന്ന, മണ്ണുകൊണ്ടും ചുണ്ണാമ്പുകൊണ്ടും നിർമിച്ച വീടുകൾക്ക് ഇപ്പോഴുള്ള വീടുകളെക്കാൾ ഉറപ്പും ആയുസ്സും ഉണ്ടായിരുന്നു. എന്നാൽ സിമന്റും കെമിക്കലുകളു‍ം ഉപയോഗിച്ചു നിർമിക്കുന്ന ഇപ്പോഴുള്ള വീടുകൾ ചൂടു കൂട്ടുകയും മഴയിൽ ചോരുകയും ചെയ്യുന്നു. വർഷത്തിൽ രണ്ടോ മൂന്നോ മൺവീടുകളാണു തണൽ നിർമിക്കുക. സ്വന്തം വീടു സ്വന്തമായി നിർമിക്കാനാണു തണൽ പ്രോത്സാഹിപ്പിക്കുന്നത്. വീടു നിർമിക്കാനുള്ള പരിശീലനം കൊടുക്കുകയും ചെയ്യും. വന്നു പഠിച്ചുപോയി സ്വന്തമായി വീടു വച്ചവരേറെ. 

അതതു സ്ഥലങ്ങളിൽ ലഭ്യമായ മണ്ണ് ഉപയോഗിച്ചാണ് വീടുകൾ നിർമിക്കുന്നത്. മണ്ണിന്റെ ഘടന മനസ്സിലാക്കി അതിന്റെ പശിമ കൂട്ടിയും കുറച്ചുമാണ് വീടു നിർമാണത്തിന് ഉപയോഗിക്കുക. പ്രകൃതിയോടു ചേർന്നു നിൽക്കുന്നതിനൊപ്പം ചെലവും കുറയുമെന്ന് ബിജു ഭാസ്കർ പറയുന്നു. 

 

khiru-flat-roof-thannal

നിർമാണ രീതികൾ

കോബ് (Cob), അഡോബ് (Adobe), വാറ്റിൽ ആൻഡ് ഡബ് (Wattle and Daub), കംപ്രസ്ഡ് മഡ് ബ്ലോക്ക് (Compressed Mud Block), റാംഡ് എർത്ത് (Rammed Earth) തുടങ്ങിയ പല നിർമാണരീതികൾ തണൽ പിന്തുടരുന്നുണ്ട്. ഇതെല്ലാം പ്രകൃതിയുമായി ചേർന്നു നിൽക്കുന്നവയാണ്.മണ്ണിനൊപ്പം വൈക്കോലും ചേർത്തു കട്ടകൾ ഉണ്ടാക്കി അതുപയോഗിച്ചു വീടുകളും കെട്ടിടങ്ങളും നിർമിക്കുന്ന രീതിക്കാണ് അഡോബ് അഥവാ പച്ചക്കല്ല് എന്നു പറയുന്നത്. മണ്ണും നാരുകളും ചേർത്തു ചവിട്ടിക്കുഴച്ച് നനവുള്ളപ്പോൾത്തന്നെ അതുപയോഗിച്ചു ഭിത്തിയുണ്ടാക്കുന്ന രീതിക്കാണ് കോബ് എന്നു പറയുന്നത്. കെട്ടിടനിർമാണ ചരിത്രമെടുത്താൽ പലപ്പോഴും കോബും കല്ലും ഉപയോഗിച്ചിരിക്കുന്നതായി കാണാം. ഇതു ഭൂകമ്പത്തെവരെ അതിജീവിക്കാൻ പ്രാപ്തിയുള്ളവയാണ്. 

ഉറപ്പുള്ള വടികൾ ഉപയോഗിച്ചുള്ള ഭിത്തി നിർമാണരീതിയാണ് വാറ്റിൽ  ആൻഡ് ഡോബ്. മുള, ബലമുള്ള വള്ളികൾ എന്നിവ കൊണ്ടുള്ള നിർമാണരീതിയാണിത്. പായ നെയ്യുന്നതുപോലെ ചെയ്ത് അതിനു മുകളിൽ റാഗിപ്പുല്ല്, ചുണ്ണാമ്പ്, മണ്ണ്, മൈദ, ചാണകം എന്നിവ യോജിപ്പിച്ചു തേച്ചു പിടിപ്പിക്കുന്നു, മഴയുള്ള പ്രദേശങ്ങളിൽപോലും ഇതു യോജിക്കുന്ന രീതിയായി കണ്ടുവരുന്നു. പ്രകൃതിദത്തമായ നിറങ്ങൾക്കായി മഞ്ഞളോ ശർക്കരയോ കടുക്കയോ കുമ്മായത്തിൽ ചാലിച്ച് ഉപയോഗിക്കാം.

മണ്ണിനു പല രൂപത്തിൽ പ്രവർത്തിക്കാനാകും. ഏറ്റവും കുറഞ്ഞത് ആറു രീതികളുണ്ട്. എത്ര ചെറിയ സൈറ്റാണെങ്കിൽപോലും വീടു നിർമിക്കാൻ സാധിക്കും. അതതു സ്ഥലങ്ങളിൽനിന്നു ലഭ്യമാകുന്ന വസ്തുക്കൾ കൊണ്ടാണു നിർമാണം പൂർത്തിയാക്കുന്നത്. ഫാക്ടറി നിർമിതസാധനങ്ങൾ ഉപയോഗിക്കുന്നില്ല. കംപ്രസ്ഡ് മഡ് ബ്ലോക്ക് മാത്രമാണ് അത്തരത്തിൽ ഉപയോഗിക്കുന്നത്. കംപ്രസ്ഡ് മഡ് ബ്ലോക്കുകൾ നിർമിച്ചു സൈറ്റിലേക്കു കൊണ്ടുവരാനാകുമെങ്കിലും സൈറ്റിൽത്തന്നെ നിർമിച്ചെടുക്കുന്നതു ചെലവു കുറയ്ക്കും.

അറുപതുകളിലാണ് സിമന്റ് പ്രാബല്യത്തിൽ വരുന്നത്. അതിനു മുൻപും ഇന്ത്യയിൽ കെട്ടിടങ്ങളുണ്ടായിരുന്നു. അവയെല്ലാം ഇന്നും നിലനിൽക്കുന്നുമുണ്ട്. മുന്നൂറു വർഷം പഴക്കമുള്ള കെട്ടിടങ്ങൾപോലും ഇപ്പോഴും നിലനിൽക്കുന്നു. ഇന്ന് ഗ്രാമങ്ങളി‍ൽപോലും സിമന്റ് ഇല്ലാതെ നിർമാണം ചിന്തിക്കാനാവുന്നില്ല. 

കോൺക്രീറ്റ് വീടുകളിൽ ഏതാനും വർഷം കഴിയുമ്പോൾത്തന്നെ വിള്ളലും ചോർച്ചയും ഉണ്ടാകുന്നു. പിന്നെ അതു മാറ്റാനായി വീണ്ടും വീണ്ടും പണികൾ. തന്റെ വർക്കുകളിൽ ഒരു നുള്ളു സിമന്റുപോലും ഉപയോഗിക്കില്ലെന്നു ബിജു ഭാസ്കർ തീരുമാനിച്ചിട്ടുണ്ട്. പതിനഞ്ചു വർഷമായി സിമന്റ് ഉപയോഗിച്ചിട്ടില്ല. മണ്ണുകൊണ്ടുണ്ടാക്കുന്ന വീടിനെക്കാൾ വിലയാണ് സിമന്റ് കൊണ്ടുണ്ടാക്കുന്ന വീടിന്. പിന്നീടു വരുന്ന പ്രശ്നങ്ങളും കൂടുതൽ. ഇതെന്തുകൊണ്ട് സാധാരണക്കാർ ചിന്തിക്കുന്നില്ല? ഈ ചോദ്യങ്ങളിൽ‌നിന്നാണു തണൽ ഉണ്ടാകുന്നത്. ബിജു ഭാസ്കറിന്റെയും ഭാര്യയുടെയും തുടർന്നുള്ള ചർച്ചകളും പഠനങ്ങളുമെല്ലാം ഇത് അടിസ്ഥാനപ്പെടുത്തിയാണ്.

സിമന്റ് ചേർത്ത് ഉറപ്പാക്കിയ മൺവീടുകളുണ്ടാക്കാൻ നിർമാണച്ചെലവ് വളരെ കൂടുതലായിരുന്നു. എങ്ങനെ സിമന്റ് ഇല്ലാത്ത ജോലി ചെയ്യാം? എങ്ങനെ ചെലവു ചുരുക്കി വീടു പണിയാം?സസ്റ്റെയിനബിൾ എന്നാൽ കോസ്റ്റ് എഫക്ടീവ് കൂടിയാണ്. ഒരു കോടി രൂപയുടെ മൺവീടു പണിതിട്ട് സസ്റ്റെയ്നബിൾ എന്നു പറയുന്നതിൽ എന്തർഥമാണുള്ളത്. നിലവിലുള്ള നിർമാണരീതികളെല്ലാം പാശ്ചാത്യ പിൻബലം ഉള്ളവയാണ്. അങ്ങനെയാണ് അവർ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു പഠിക്കാൻ തുടങ്ങിയത്. 

‌എഴുപതും തൊണ്ണൂറും വയസ്സുള്ളവരാണ് പ്രകൃതിവീടുകളുടെ തുടിപ്പറിയുന്നവർ. അവരുടെ തലമുറ കഴിയുന്നതോടെ അതില്ലാതാകും. ഇക്കാര്യം പഠിച്ചതുകൊണ്ടുമാത്രം ആയില്ല. ഡോക്യുമെന്റ് ചെയ്യണം എന്ന ബോധ്യമുണ്ടായി. മൂന്നു വർക്കുകളാണ് തണൽ ഒരു വർഷം പരമാവധി ഏറ്റെടുക്കുന്നത്. ബാക്കി വിദ്യാർഥികൾ ചെയ്തോട്ടെ എന്നാണു ബിജു ഭാസ്കറിന്റെ പക്ഷം.

എജ്യുക്കേഷൻ, ഡോക്യുമെന്റേഷൻ, റിസർച് (Education, Documentation, Research) എന്നിവയ്ക്കാണ് തണൽ പ്രാധാന്യം കൊടുക്കുന്നത്. പഠനം നടത്തി അതിനെ ഡോക്യുമെന്റാക്കുകയാണു ചെയ്യുന്നത്. ഇന്ത്യയിലെ നാച്വറൽ ബിൽഡിങ്ങിനെക്കുറിച്ച് തണലിന്റെ ആദ്യ പുസ്തകം Weaving Walls വിപണിയിലുണ്ട്. Back Home എന്നു പേരുള്ള രണ്ടാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. ഒരു വിഡിയോ സീരീസുമായി ചേർത്താണ് അതു ചെയ്യുന്നത്. അതു കൂടുതൽ ജനങ്ങളിലേക്കെത്തുമെന്നു പ്രതീക്ഷിക്കുന്നു. 

‘തണൽ ഒരു ബോധവൽക്കരണ ഗ്രൂപ്പാണ്. ഇതൊരു കൺസ്ട്രക്‌ഷൻ കമ്പനിയായി അറിയപ്പെടണമെന്നില്ല. വിദ്യാർഥികൾക്കു പരിശീലനം കൊടുക്കുന്നുണ്ട്. മൂന്നുപേരെ വച്ചാണു പഠിപ്പിക്കുന്നത്. അവർ പല ഭാഗങ്ങളിലായി ജോലി ചെയ്യുന്നുമുണ്ട്’ ബിജു പറയുന്നു.

തണൽ ചെയ്യുന്ന ജോലിക്കു പ്രതിഫലം വാങ്ങാറില്ല. എന്തുകൊണ്ട് ബാർട്ടർ സിസ്റ്റത്തിൽ വർക്ക് ചെയ്തുകൂടാ എന്ന് ആലോചിച്ചു. അങ്ങനെ ആരും ചിന്തിക്കുന്നില്ല. രണ്ടു വർഷം മുൻപാണ്  ബാർട്ടർ സമ്പ്രദായത്തിൽ ജോലി ചെയ്യാൻ തുടങ്ങിയത്. ഫീസായി ചക്കയും, മാങ്ങയും മറ്റും കൊണ്ടുവരും. ഇത് അടുക്കളയിലേക്ക് ഉപകാരപ്പെടും. തരുന്ന സാധനങ്ങൾ ഗുണമേന്മയുള്ളതും വിഷവിമുക്തവുമാണ്. അങ്ങനെ പാകം ചെയ്യൽ കൂടുതൽ ആരോഗ്യപരമാകാൻ തുടങ്ങി. അവിടെയുള്ള വിദ്യാർഥികൾക്കെല്ലാം ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുകയാണു ചെയ്യുന്നത്. ആ അവസരത്തിൽ ഇത്തരം സംവിധാനം ഉപകാരപ്രദമായി. ഇന്ത്യയിൽത്തന്നെ ബാർട്ടർ സിസ്റ്റംവഴി ആർക്കിടെക്ചർ ചെയ്യുന്ന ആദ്യ സംരംഭമാണു തണൽ.

earthbag-home-interiors-Thannal

സാമ്പത്തികലാഭം നോക്കുന്നില്ലെന്ന് ആളുകൾക്കു മനസ്സിലായപ്പോൾ ആളുകൾ കൂടുതലായി വരാൻ തുടങ്ങി. ഉടമസ്ഥരുടെ സ്വന്തം വീട്തണലിൽ വന്നു പഠിച്ചിട്ട് സ്വന്തമായി വീടു വയ്ക്കുന്ന ആളുകളുമുണ്ട്. ഗ്രാമങ്ങളിൽ മാത്രമല്ല നഗരങ്ങളിലും മൺവീടുകൾ സാധ്യമാണ്. ഏതുതരം മണ്ണുപയോഗിച്ചും വീടു പണിയാം. അതിനെ പശിമയുള്ള മണ്ണുമായി സ്റ്റെബിലൈസ് ചെയ്യണമെന്നു മാത്രം. പശിമ കൂടുതലുള്ള മണ്ണാെണങ്കിൽ പശിമ കുറയ്ക്കാനുള്ള മണ്ണു ചേർത്തു യോജിപ്പിച്ചു നിർമാണം നടത്താനാകും. മണ്ണ്, ചുണ്ണാമ്പ്, മുള, ചെടികൾ എന്നിവ ഉപയോഗിച്ചാണു വീടുകൾ നിർമിച്ചുവരുന്നത്.

മണ്ണിനെ രണ്ടായി തിരിക്കാം കളിമണ്ണിന്റെ അംശം കൂടിയ മണ്ണും മണലിന്റെ അംശം കൂടിയ മണ്ണും: നിങ്ങളുടെ പ്രദേശത്ത് ഏതു മണ്ണാണു ലഭ്യമെന്നു മനസ്സിലാക്കുക. പല മണ്ണുകൾ യോജിപ്പിച്ച് അതിന്റെ പശിമ കൂട്ടുന്നു. കളിമണ്ണ് കൂടിയാൽ വിള്ളലുണ്ടാ കാം. അതിലേക്കു മണലിന്റെ അംശമുള്ള മണ്ണു ചേർക്കും. മണലിന്റെ അംശം കൂടുതലുള്ള മണ്ണാണെങ്കിൽ  അതിലേക്ക് ആവശ്യത്തിനു കളിമണ്ണു ചേർത്തു പരുവപ്പെടുത്തുകയാണു ചെയ്യുന്നത്.

നമ്മുടെ പഴയ കെട്ടിടങ്ങളിലെല്ലാം ഒരുപാട് ചെടിക്കൂട്ടുകൾ ഉണ്ടായിരുന്നു. അത്രമാത്രം പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന കെട്ടിടങ്ങൾ ഇവിടെ ഉണ്ടായിരുന്നു. വരാൽ മീനിന്റെ പശ വീടുപണിക്ക് ഉപയോഗിക്കാറുണ്ട്. മീനിനെ ഒരു പാത്രത്തിലിട്ടാൽ ആ വെള്ളത്തിൽ മീനിന്റെ പശിമ വരും. ഇതു നിർമാണത്തിനുള്ള മൺകൂട്ടിൽ ചേർക്കും. അല്ലെങ്കിൽ ചുണ്ണാമ്പിന്റെ കൂട്ടിൽ പശയ്ക്കായി ചേർക്കും. എന്നിട്ടു മീനിനെ തിരിച്ചു കുളത്തിലിടും. 

തണലിന്റെ പഠനങ്ങൾ കഴിഞ്ഞ മൂന്നു വർഷമായി രാജസ്ഥാനിലാണ്.  അവിടത്തെ കെട്ടിട നിർമാണ രീതി പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്നു. അവിടെനിന്ന് ആളുകൾ ഇങ്ങോട്ടു വരുന്നുമുണ്ട്. രാജസ്ഥാനിൽ ചുണ്ണാമ്പിന്റെ പഠനങ്ങളാണു നടക്കുന്നത്. നിലവിലുള്ള നിർമാണരീതിയെക്കാൾ പത്തിരട്ടി ശക്തമാണ് ചുണ്ണാമ്പുകൊണ്ടുള്ള നിർമിതികൾ. നിലവിൽ ചുണ്ണാമ്പിനെക്കുറിച്ചു പഠനങ്ങളില്ല. അതുകൊണ്ടുതന്നെ കൂടുതൽ പ്രാധാന്യത്തോടെ പഠിച്ചു. ഇനി പഠനം കേരളത്തിലും തമിഴ്നാട്ടിലുമാണ്. തമിഴ്നാട്ടിൽ ചെട്ടിനാടും കേരളത്തിൽ തിരുവനന്തപുരവും പഠനവിധേയമാക്കനാണു തീരുമാനം. അവിടെ ഒരുപാടു നാച്വറൽ പ്ലാസ്റ്ററിങ് ടെക്നിക്കുകൾ ഉണ്ട്. ടാങ്കുകളും ബാത്റൂമുകളും ഉണ്ട്. ഒന്നിൽപോലും സിമന്റ് ഉപയോഗിച്ചിട്ടില്ല. ബിജു ഭാസ്കർ പറയുന്നു. 

ഇവിടെ വന്നു പഠിച്ചിട്ടുപോയി സ്വന്തമായി വീട് ഉണ്ടാക്കുന്നവരുമുണ്ട്. കൂടുതലാളുകൾ ഇങ്ങനെ ചെയ്യണം എന്നാണ് തണലും ആഗ്രഹിക്കുന്നത്. ഗ്രാമത്തിൽ സ്കൂൾ തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. പഠിക്കാനാഗ്രഹമുള്ള ആർക്കിടെക്ടുകളെ സഹായിക്കും. ആർക്കിടെക്ടുകൾക്കു മാത്രമല്ല, ആർക്കും ഇതു പഠിക്കാവുന്നതാണ്. അതിനും തണൽ സഹായിക്കും. സാമ്പത്തിക വേർതിരിവില്ലാതെ ആർക്കും മൺവീട് പണിയാം. അതതു സ്ഥലങ്ങളിൽനിന്നു മണ്ണു കിട്ടിയാൽ അതാണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ പ്ലോട്ട് നിറയ്ക്കാൻ ഉപയോഗിക്കുന്ന മണ്ണും എടുക്കാം. 

മണ്ണുകൊണ്ടുതന്നെ രണ്ടുനില വീടും ചെയ്യാം. ഇലകൾ ചേർത്തു ചെയ്യുന്ന ഫ്ലാറ്റ്മഡ് റൂഫിങ് കൂടുതൽ നിലകൾ ഉള്ള വീടു പണിയാൻ സഹായിക്കും. സുർക്കിയും ചുണ്ണാമ്പും ചേർത്തു പ്ലാസ്റ്റർ ചെയ്യാം. സുർക്കി എന്നു പറഞ്ഞാൽ കത്തിയ കളിമണ്ണ്. പൊട്ടിയ ചട്ടി, ഇഷ്ടിക ഇതെല്ലാം സുർക്കിയാണ്. ഇതാണു സിമന്റിന്റെ ഗുണം െചയ്യുന്നത്. സുർക്കിയും ചുണ്ണാമ്പും യോജിപ്പിക്കുമ്പോൾ പ്രകൃതിയിൽനിന്നു തന്നെയുള്ള സിമന്റായി. ചെടികളും വീടുനിർമാണത്തിൽ ഉപയോഗിക്കാം. നിർമാണത്തിലും ചുവർ തേക്കാനും മേൽക്കൂരയ്ക്കുമെല്ലാം ചെടികൾ ഉപയോഗിക്കാം. 

earthbag-home-interiors-thanal

ഉലുവയും ശർക്കരയും ചേർത്താണ് രാജസ്ഥാനിൽ ടെറസ്സുകളുണ്ടാക്കുന്നത്. ഓരോ നാട്ടിലും  ഓരോ പരമ്പരാഗതരീതിയുണ്ട്. കറ്റാർവാഴ, കള്ളിമുൾച്ചെടി, കഞ്ഞിവെള്ളം ഒക്കെ നിർമാണത്തിന് ഉപയോഗിക്കാറുണ്ട്. ബോണ്ടിങ് കൂട്ടാനും ശക്തി മെച്ചപ്പെടുത്താനും ഇതു സഹായിക്കും. ‘ബ്രീത്തിങ് പവറു’ള്ള എല്ലാ കെട്ടിടങ്ങൾക്കും ആയുസ്സ് കൂടും. അതു പഠനങ്ങളിൽനിന്നു മനസ്സിലായിട്ടുള്ളതാണ്. ഇന്നത്തെ കെട്ടിടങ്ങളെല്ലാം അടച്ചുപൂട്ടി വച്ചിരിക്കുന്നവയാണ്. 

കോൺക്രീറ്റ്, സിമന്റ്, പ്ലാസ്റ്റർ, അതിനു മുകളിൽ പെയിന്റ്. അത്രയും രാസവസ്തുക്കൾകൊണ്ടാണ് ഇന്നത്തെ ഓരോ വീടു നിർമാണവും നടക്കുന്നത്. ഒരു കെട്ടിടത്തിനും ‘ബ്രീത്തിങ് സ്പേസ്’ ഇല്ല. ഇതാണ് പലപ്പോഴും വിള്ളലുകൾക്കു കാരണം. അതിൽനിന്നുണ്ടാകുന്ന മാലിന്യം കളയാൻ ഇടമില്ല. എന്നാൽ മൺവീടുകൾ പൊളിച്ചുമാറ്റി അതേ മണ്ണുകൊണ്ട് വീണ്ടും വീടുണ്ടാക്കാം. വീടു നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന മണ്ണ് വീണ്ടും ഉപയോഗിക്കാനാകും. കാലം കഴിയുമ്പോൾ അതു മണ്ണിനോടുതന്നെ ചേരും.  

മണ്ണിന്റെ ഘടന മനസ്സിലാക്കി ചുമർപണി ആരംഭിക്കും. അതിനുള്ള രീതികളാണ് ആദ്യം പറഞ്ഞിരിക്കുന്നത്. ഓല, പന, പുല്ല്, ഓട് ഒക്കെ വച്ച് റൂഫിങ് ചെയ്യാം. സോളിഡ് റൂഫ് വേണം എന്നുണ്ടെങ്കിൽ് ഫ്ലാറ്റ് മഡ് റൂഫ് ചെയ്യാവുന്നതാണ്. നല്ല കൂളിങ്ങായിരിക്കും. ഫിനിഷിങ്ങുകൾക്കു പരിധിയില്ല. മഡ് പ്ലാസ്റ്റർ മണ്ണും ചുണ്ണാമ്പും കടുക്കയും ശർക്കരയും കൊണ്ടും കുളമാവു കൊണ്ടും ആര്യവേപ്പ്, മഞ്ഞൾ‍ തുടങ്ങിയവ കൊണ്ടും ഭിത്തി മിനുക്കാം. ഇതേ സാധനങ്ങൾ ഫ്ലോറിങ്ങിലും ഉപയോഗിക്കാം. 

ഇത് എങ്ങനെയാണെന്നു മനസ്സിലാക്കിക്കഴിഞ്ഞാൽ സ്വന്തമായി ചെയ്യാം. ആദ്യം ചെറിയ മുറിയോ ടോയ്‌ലറ്റോ പണിതു പരീക്ഷിക്കാം. 1200 സ്ക്വയർഫീറ്റിൽ ആറുമാസം കൊണ്ടു വീടുപണി പൂർത്തിയാക്കാവുന്ന ജോലികളാണുള്ളത്. ബിജു ഭാസ്കറിന്റെ മൺവീടു നിർമിക്കാൻ നാലര ലക്ഷത്തോള മാണു ചെലവായത്.

പ്രകൃതി ജീവിതം

പന്ത്രണ്ടു വർഷമായി തിരുവണ്ണാമലയിലെ ഗ്രാമത്തിൽ താമസിച്ചു വരികയാണു ബിജു ഭാസ്കറും കുടുംബവും. ഓൾട്ടർനേറ്റിങ് സ്കൂളിങ് ആണ് കുട്ടികൾക്കു കൊടുക്കുന്നത്. കൃഷി ചെയ്തും അവനവനു വേണ്ട ഭക്ഷണം ഉണ്ടാക്കിയും വസ്ത്രം സ്വന്തമായി തയ്ച്ചും പരമാവധി പ്രകൃതിയോടു ചേർന്നു സ്വയംപര്യാപ്തരായി ജീവിക്കുന്നു. മൂത്ത മകൻ പന്ത്രണ്ടാം ക്ലാസിലും ഇളയ കുട്ടി ഏഴാം ക്ലാസിലും പഠിക്കുന്നു. ആദ്യവൃക്ഷ, ബോധിവൃക്ഷ എന്നിങ്ങനെയാണു പേരുകൾ.

രണ്ടുപേർക്കും വീടുപണിയുടെ എല്ലാ രീതികളും അറിയാം. വീടുപണി എന്ന കല എല്ലാ കുട്ടികളും അറിഞ്ഞിരിക്കണം. വീടുപണി ടെൻഷനുണ്ടാക്കുന്ന പ്രക്രിയയല്ല. കുട്ടികൾക്കു പ്രകൃതിയുമായി വളരെ അടുപ്പമാണ്. മുതിർന്നവർക്കുപോലും അജ്ഞാതങ്ങളായ വിവിധതരം പക്ഷികളെയും ചിത്രശലഭങ്ങളെയും ഇവർക്ക് അറിയാം. 

English SUmmay- Thannal eco friendly Architecture in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com