ADVERTISEMENT

ടെലഗ്രാഫിലെ സീനിയർ എഡിറ്ററായിരുന്നു ആലീസ് വിൻസന്റ്. ജോലിക്കായി ലണ്ടനിലേക്ക് കുടിയേറിയ ആളാണ് ആലീസ്. വളരെ വേഗത്തില്‍ ആ ചുറ്റുപാടുകളുമായി പൊരുത്തപ്പെടുകയും ചെയ്തു. ഇരുപതുകളുടെ മധ്യത്തില്‍ മറ്റേതൊരു സ്ത്രീയെയും പോലെ വര്‍ണ്ണശബളമായ ജീവിതം സ്വപ്‌നം കണ്ടിരുന്ന ആലീസിനെ, ഞൊടിയിടയിൽ സംഭവിച്ച പ്രണയപരാജയവും വേർപിരിയലും തകർത്തുകളഞ്ഞു. വിഷാദത്തിലേക്ക് അവർ കൂപ്പുകുത്തി. മുന്നോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്‌നമായി മാറിയപ്പോൾ ബാല്‍ക്കണിയില്‍ അതുവരെ താന്‍ ശ്രദ്ധിക്കാതെ പോയ ഒരു കുഞ്ഞുപൂവിന്റെ സൗരഭ്യത്തില്‍ ജീവിതത്തിന് പുതിയൊരു അർഥം കണ്ടെത്തിയ കഥയാണ് ആലീസ് വിന്‍സെന്റിന്റേത്. തന്റെ 'റൂട്ട്ബൗണ്ട് റിവൈല്‍ഡിങ് എ ലൈഫ്' എന്ന പുസ്തകത്തിൽ ഈ അനുഭവങ്ങൾ ഹൃദയഹാരിയായ ആലീസ് വിവരിച്ചിട്ടുണ്ട്.

വ്യക്തതയുടെ നിമിഷങ്ങള്‍..

alice-vincent-garden



നിന്നോടുള്ള പ്രണയം ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞ് ഒരു ദിവസം തന്നില്‍ നിന്നകന്ന കാമുകന്‍ ജോഷുമായുള്ള വേര്‍പിരിയലിന്റെ നാലാംദിവസം ഉച്ചയ്ക്ക് ഒരു അവിചാരിത സംഭവമുണ്ടായതായി ആലീസ് ഓര്‍ക്കുന്നു. 'അതുവരെ ജോഷിനൊപ്പം കഴിഞ്ഞ വീട്ടിലെ ബാല്‍ക്കണിയില്‍ തനിച്ച് നില്‍ക്കുകയായിരുന്നു ഞാന്‍. അവിടെ രണ്ട് വലിയ പോപ്പിപ്പൂവുകള്‍ പുറത്തേക്ക് തലനീട്ടി നിന്നിരുന്നു. തൂവെള്ള ഇതളുകളുള്ള ആ പൂക്കളെ മുഖത്തോട് ചേര്‍ത്ത് അവയുടെ സുഗന്ധം മുകര്‍ന്നപ്പോഴുണ്ടായ അനുഭൂതി വര്‍ണ്ണനാതീതമായിരുന്നു. വിരഹപൂര്‍ണമായ മനസിലേക്ക് ഒഴുകിയെത്തിയ ശാന്തിയായിരുന്നു അത്. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയ സമയത്ത് അപ്രതീക്ഷിതമായ ആ തിരിച്ചറിവ് പുതിയൊരു യാത്രയുടെ തുടക്കമാകുകയായിരുന്നു...

ഇന്ന് ആലീസിന്റെ വീട്ടിലെ പൂന്തോട്ടം കണ്ടാൽ പ്രകൃതിയുടെ മുഴുവന്‍ സൗന്ദര്യവും ഒപ്പിയെടുത്ത എണ്ണഛായ ചിത്രം പോലെ തോന്നും. അടുക്കും ചിട്ടയുമില്ലാതെ പടര്‍ന്നുപന്തലിച്ച് കിടക്കുന്ന പ്രകൃതിയുടെ അസ്സല്‍ കാന്‍വാസ്. ഇന്ന് പൂന്തോട്ടം പരിപാലിക്കുന്നതിനെ കുറിച്ചുള്ള വിഡിയോകൾ ആലീസ് യുട്യുബിൽ പ്രസിദ്ധീകരിക്കാറുണ്ട്.

ചെടികളുമായുള്ള ഈ ചങ്ങാത്തം കുട്ടിക്കാലം മുതല്‍ക്കേ ഉണ്ടായിരുന്ന ഒന്നല്ലെന്ന് ആലീസ് പറയുന്നു. ബോട്ടണി പഠിക്കണമെന്നോ വലിയ ഗാര്‍ഡനുകള്‍ സന്ദര്‍ശിക്കണമെന്നോ ഇതുവരെ തോന്നിയില്ല. എന്നിട്ടും ഗാർഡനിങ്ങിന്റെ വശ്യത തന്നെ തടങ്കലിലാക്കി. മറ്റെവിടെ നിന്നും ലഭിക്കാത്ത തികച്ചും സംശുദ്ധമായ ആനന്ദമാണ് ചെടികളുമായുള്ള ഇടപെടല്‍ സമ്മാനിച്ചത്. ചെടികളുടെ ഓരോ ചലനങ്ങളും എന്തുകൊണ്ട് അങ്ങനെയായിത്തീര്‍ന്നു എന്ന ചോദ്യമാണ് അവരുടെ ലോകത്തെ കുറിച്ച് അറിയാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ആലീസ് വെളിപ്പെടുത്തുന്നു. എന്റെ അസ്വസ്ഥതകളുടെ ആഴവും ജോഷുമായുള്ള വേര്‍പിരിയലും ഭ്രാന്തമായ ചിന്തകള്‍ക്ക് പുതിയൊരു അര്‍ത്ഥം കണ്ടെത്താന്‍ എന്നെ നിര്‍ബന്ധിക്കുകയായിരുന്നു.

alice-vincent-in-garden

നമ്മുടെ മാനസികാവസ്ഥകള്‍ ചെടികളെ ഒരു തരത്തിലും ബാധിക്കുന്നില്ല. നാം പ്രണയത്തിലാണോ, അല്ലയോ, പ്രണയം തകര്‍ന്നതുമൂലം അവയെ പരിപാലിക്കുന്നത് നിര്‍ത്തിയോ അതല്ല ഏതെങ്കിലും തരത്തിലുള്ള ആശ്വാസം തേടിയാണോ നാം അവരെ പരിപാലിക്കാന്‍ തുടങ്ങിയത് തുടങ്ങിയ കാര്യങ്ങളൊന്നും അവരെ അലട്ടുന്നില്ല. എനിക്കും ജോഷിനുമിടയില്‍ എന്തു സംഭവിച്ചാലും ആളുകള്‍ എന്തൊക്കെ പറഞ്ഞാലും ചെയ്താലും ചെടികള്‍ വളരുകയും പൂവിടുകയും വിത്ത് ഉൽപാദിപ്പിക്കുകയും വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും. കാരണം അതിനുവേണ്ടിയാണ് അവ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ചെടികളുമായുള്ള ബന്ധം നമ്മുടെ നിയന്ത്രണത്തിലല്ലാത്ത, ദൈവികസ്പര്‍ശമുള്ള ഒന്നായാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് ആലീസ് പറയുന്നു.

English Summary- Alice Vincent Evaded Depression by Gardening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com