sections
MORE

ആരോഗ്യം വെള്ളത്തിലാക്കരുത്; വീട്ടിലെ വാട്ടർ ടാങ്ക്; ഇവ ഉറപ്പായും ശ്രദ്ധിക്കുക

water-tank-house
SHARE

പലപ്പോഴും വീടിന്റെ കയറിത്താമസത്തോട് അടുക്കുമ്പോഴാണ് പലരും വാട്ടർ ടാങ്ക് വാങ്ങാൻ പോവുക. ഇതിനോടകം നല്ലൊരു തുക വീടിനായി ചെലവഴിച്ചതുകൊണ്ട്‍ വാട്ടർ ടാങ്കിൽ ലാഭിക്കാൻ നോക്കും. ഗുണനിലവാരമില്ലാത്ത വാട്ടർ ടാങ്ക് മേടിക്കാൻ തുനിയും. പക്ഷേ  ഇത് അപകടകരമാകാം. ഗുണനിലവാരമില്ലാത്ത സാമഗ്രികൾ കൊണ്ടു നിർമിച്ച ടാങ്കുകൾ പകൽ മുഴുവനും സൂര്യന്റെ ചൂടിൽ ഉരുകി, വെള്ളത്തെ മലിനമാക്കാം.  വാട്ടർ ടാങ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  പരിശോധിക്കാം.

വീടിനാവശ്യമായ ജലസംഭരണികളുടെ വലുപ്പം, സ്ഥാനം ഇവയെല്ലാം വീട് നിർമാണത്തിൽ ഒഴിവാക്കാൻ സാധിക്കാത്ത കാര്യങ്ങളാണ്. വീട്ടിൽ താമസിക്കുന്നവരുടെ അംഗസംഖ്യയെ ഉദ്ദേശം 150 litre /day എന്ന കണക്കിൽ പരിഗണിച്ചാണ് വാട്ടർ ടാങ്കിന്റെ വലുപ്പം നിശ്ചയിക്കുന്നത്. 

അഞ്ചു പേരുള്ള കുടുംബത്തിനു കുറഞ്ഞത് 1500 ലീറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്കാണ് ആവശ്യമായി വരുന്നത്. കുറച്ചു കാലം മുൻപുവരെ വീടിനോട് ചേർന്ന്, ചിമ്മിനികൾക്ക് മുകളിലായി കോൺക്രീറ്റ് ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ജലസംഭരണികളാണ് ഉണ്ടായിരുന്നത്. എന്നാൽ അത് റെഡിമെയ്ഡ് പി.വി.സി ടാങ്കുകളിലേക്കും പിന്നീട് ഹൈഡെൻസിറ്റി പോളി എത്തിലീൻ ടാങ്കുകളിലേക്കും എത്തി നിൽക്കുന്നു. പി.വി.സി. ടാങ്കുകൾക്ക് ഉദ്ദേശം ലീറ്ററിന് ആറു രൂപയും, പോളി എത്തിലീൻ ടാങ്കുകൾക്ക് ഉദ്ദേശം ലീറ്ററിന് ഏഴ് രൂപയും വില വരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ജലമര്‍ദവും നിമിത്തമുള്ള വിണ്ടുകീറൽ പോളി എത്തിലീൻ ടാങ്കുകൾക്ക് കുറവായിരിക്കും.

water-tank-house-tips

ടാങ്കുകൾ ഉറപ്പിക്കേണ്ട ഉയരവും നേരത്തേ തന്നെ തീരുമാനിക്കണം. ബാത്റൂമിലെ ഷവറും ടാങ്കും തമ്മിൽ കുറഞ്ഞത് പത്ത് അടിയെങ്കിലും ഉയർവ്യത്യാസം നൽകണം. സോളർ വാട്ടർ ഹീറ്റർ ഉപയോഗിക്കുന്നു എങ്കിൽ, ടാങ്കിന്റെ അടിഭാഗവും സോളർ പാനൽ യൂണിറ്റുമായി കുറഞ്ഞത് അഞ്ച് അടി ഉയരവ്യത്യാസവും നൽകണം.

വാട്ടർടാങ്കുമായി ഘടിപ്പിക്കുന്ന ഒന്നര ഇഞ്ച് / മുക്കാൽ ഇഞ്ച് പൈപ്പുകളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച പാടില്ല. കുറഞ്ഞത് 15kg/cm2 മർദം താങ്ങാനാവുന്ന പൈപ്പുകൾ മാത്രമേ വാട്ടർ ടാങ്കുമായി ബന്ധിപ്പിച്ചു പ്രഷർ പമ്പുകളിൽ നൽകാവൂ. ഭിത്തിക്കകത്തു നൽകുന്നത് സി.പി.വി.സി (ക്ലോറിനേറ്റഡ് പോളി വിനൈൽ ക്ലോറൈഡ്) പൈപ്പുകൾ തന്നെയാവണം. കൂടിയ ചൂടിലും തണുപ്പിലുമുള്ള ജലത്തിന്റെ വിതരണത്തിന് സി.പി.വി.സി പൈപ്പുകൾ തന്നെയാണ് ഏറ്റവും അനുയോജ്യം. പൈപ്പ് ലൈനിലൂടെയുള്ള ജലത്തിന്റെ വേഗം കുറവാണെങ്കിൽ പ്രഷർ ബൂസ്റ്റർ പിടിപ്പിക്കുന്നതും ഇന്ന് സർവസാധാരണമാണ്. എല്ലാം ലൈനിലും, ടാപ്പിലും ആവശ്യത്തിനുള്ള മർദം വെള്ളത്തിന് ലഭിക്കാനായി വാട്ടർ ടാങ്കിൽനിന്നുള്ള പ്രധാന ലൈനിൽ തന്നെ പ്രഷർ ബൂസ്റ്റർ പിടിപ്പിക്കാനാകും.

ഫ്ളാറ്റ് റൂഫ് വാർത്ത്, മുകളിൽ ട്രസ്റൂഫ് ചെയ്ത് ഓടിടുന്ന നിർമാണരീതി ഇന്നു കേരളത്തിൽ പരക്കെ കണ്ടുവരുന്നു. ട്രസ് റൂഫിന് ആവശ്യത്തിനുള്ള ഉയരം നിർമാണസമയത്ത് നൽകിയാൽ, സ്റ്റാൻഡ് നിർമിച്ച്, ട്രസ്റൂഫിനുള്ളിൽ തന്നെ വാട്ടർ ടാങ്ക് വയ്ക്കാവുന്നതാണ്. പ്രസ്തുത സ്റ്റാൻഡിൽ ചവിട്ടു പടികൾ നൽകിയാൽ ടാങ്ക് വൃത്തിയാക്കാനും സർവീസ് ജോലികൾക്കും ഭാവിയിൽ പ്രയോജനപ്പെടുകയും ചെയ്യും. വാസ്തുപരമായി വീടിന്റെ കന്നിമൂല ഉയർന്ന് നിൽക്കേണ്ടതിനാൽ വാട്ടർ ടാങ്കിന്റെ സ്ഥാനം െതക്കു പടിഞ്ഞാറ് നൽകാറുണ്ട്. ലേ ഔട്ട് പ്ലാൻ തയാറാക്കി വാങ്ങുമ്പോൾ വാട്ടർ ടാങ്കി ന്റെ സ്ഥാനവും, തെക്കു പടിഞ്ഞാറൻ ചെരുവിൽ ആവശ്യമെങ്കിൽ സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള സ്ഥലവും മുൻകൂട്ടി തയാറാക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙പ്ലാനിങ് ഘട്ടത്തിൽ വാട്ടർ ടാങ്കിന്റെ സ്ഥാനം നിർണിയിക്കുക.

∙സോളർ ഹീറ്റർ നൽകുന്നുവെങ്കിൽ ടാങ്കും പാനലുകളുമാ യുള്ള ഉയരവ്യത്യാസം കൃത്യമായി പാലിക്കണം.

∙റൂഫ് ട്രസിനുള്ളിലാണ് ടാങ്ക് നിൽക്കുന്നതെങ്കിൽ ജി.ഐ പൈപ്പുപയോഗിച്ച് സ്റ്റാൻഡും, അതിൽ കയറാനുള്ള പടികളും ചേർത്ത് നിർമിക്കണം.

∙കോൺക്രീറ്റ് ടാങ്കുകളാണ് ടെറസിൽ പണിയുന്നതെങ്കിൽ ഫൗണ്ടേഷൻ ജോലി ചെയ്യുമ്പോൾ തന്നെ പില്ലറുകൾ നൽകി ബലപ്പെടുത്തണം.

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ... www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA