ADVERTISEMENT

കൊറോണ വന്നതോടെ തൊഴിൽ മേഖലയിൽ വർക് ഫ്രം ഹോം സാർവത്രികമാവുകയാണ്. നേരത്തെ ഐടി മേഖലയിൽ കുറച്ചു കമ്പനികളിൽ മാത്രമുണ്ടായിരുന്ന സൗകര്യം ഇപ്പോൾ സർക്കാർ മേഖലയിൽ വരെയായി. വീട്ടിലിരുന്ന് തൊഴിൽ ചെയ്യുന്നതിന് പല പരിമിതികളും ഉണ്ടെങ്കിലും വീട്ടിലിരുന്നാണെങ്കിലും ചെയ്യാൻ ഒരു തൊഴിൽ ഉണ്ടല്ലോ എന്നതാണ് ആദ്യമായി നമ്മൾ ചിന്തിക്കേണ്ടത്. ഏറെ ആളുകൾക്ക് ഉള്ളത് തന്നെ കുറഞ്ഞു വരാൻ പോവുകയാണ്. അപ്പോൾ പരിമിതികൾക്കിടയിലും നമുക്ക് പരമാവധി കാര്യക്ഷമമായി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതിനു വേണ്ട ചില  കാര്യങ്ങൾ ശ്രദ്ധിക്കാം.

1. ഓഫിസ് കോർണർ

സാധിക്കുമെങ്കിൽ വീട്ടിലെ ഒരു മുറി തന്നെ ഓഫിസ് ആക്കി മാറ്റണം. അതിൽ അൽപം മാറ്റങ്ങൾ വരുത്തി ഓഫിസിന്റെ അന്തരീക്ഷം കൂടി കൊണ്ടുവരാൻ ശ്രമിക്കാം. ഒരു ഡെസ്ക് ടോപ് കലണ്ടർ, റൈറ്റിങ് പാഡ്, സ്റ്റിക്കി നോട്ട്, പെൻ സ്റ്റാൻഡ്, ദിവസം എട്ടു മണിക്കൂർ ജോലി ചെയ്യാനുതകുന്ന വിധത്തിൽ ഇരിക്കാൻ അഞ്ചു ചക്രമുള്ള ഒരു കസേര (നാടുവിന് സപ്പോർട്ടുള്ളത്), സൗകര്യപ്രദമായ മേശ എന്നിവ തീർച്ചയായും വേണം. ഒന്നോ രണ്ടോ മണിക്കൂർ ജോലി ചെയ്യുമ്പോൾ ബീൻ ബാഗിലോ ചാരുകസേരയിലോ ഇരുന്നു ജോലി ചെയ്യാമെങ്കിലും ഒരാഴ്ചയിൽ കൂടുതൽ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ട സാഹചര്യമുണ്ടെങ്കിൽ നല്ലൊരു ഓഫീസ് ടേബിളും കസേരയും നഷ്ടമില്ലാത്ത ഇൻവെസ്റ്റ്മെന്റ് തന്നെയാണ്.

 

2. വിശ്വസിക്കാവുന്ന വൈദ്യുതി, ഇന്റർനെറ്റ് കണക്ഷൻ 

പുതിയ കാലത്തെ വർക്ക് ഫ്രം ഹോം രീതി നല്ല സ്പീഡുള്ള ഇന്റർനെറ്റില്ലാതെ കാര്യക്ഷമമാക്കാൻ സാധിക്കില്ല. അതുപോലെതന്നെ പ്രധാനമാണ് തടസ്സമില്ലാത്ത വൈദ്യുതിയും. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഐടിക്കാരുടെ സൗകര്യത്തിനായി പവർ കട്ട് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി  പറഞ്ഞിരുന്നു. നിങ്ങൾ ഇന്ത്യയ്‌ക്ക് പുറത്തുള്ള സ്ഥാപനത്തിനോ ക്ലയന്റിനോ വേണ്ടിയാണ് ജോലി ചെയ്യുന്നതെങ്കിൽ ഇന്റർനെറ്റിന്റെയും വൈദ്യുതിയുടെയും കാര്യക്ഷമതയിൽ പ്രത്യേക ശ്രദ്ധ വേണം. മൂന്നാം ലോകരാജ്യങ്ങളിലെ ഭൗതിക സൗകര്യങ്ങളെപ്പറ്റി പലപ്പോഴും വിദേശികൾക്ക് നല്ല അഭിപ്രായമില്ല. അതിന് അടിസ്ഥാനവുമുണ്ട്. വിഡിയോ കോളിന്റെ നടുക്ക് കറണ്ട് പോയാൽ പണി കാര്യക്ഷമമായി ചെയ്യാൻ പറ്റില്ലെന്ന് മാത്രമല്ല മുൻധാരണകൾ ഊട്ടിയുറപ്പിക്കുകയും ചെയ്യും. ഇത്തരം ധാരണകൾ മാറ്റാനുള്ള അവസരം കൂടിയാണിത്. ബ്രോഡ്ബാൻഡ് കൂടാതെ ഒരു 4 G ഡാറ്റ ഡോങ്കിൾ കൈയിലുണ്ടാകുക, രണ്ടോ മൂന്നോ മണിക്കൂർ ഇൻവെർട്ടർ സൗകര്യമുണ്ടായിരിക്കുക എന്നതും കേരളത്തിൽ നിന്നുള്ള ജോലിക്ക് അത്യാവശ്യമാണ്.

 

3. പ്രത്യേക ഓഫീസ് മുറി വേണോ?

നിങ്ങളുടെ വീട്ടിലോ ഫ്ലാറ്റിലോ ഓഫീസിനായി ഒരു മുറിയുണ്ടെങ്കിൽ അത് ഏറ്റവും നല്ല കാര്യമാണ്. സാധാരണയായി സ്റ്റോർ റൂമായി കിടന്നിരുന്ന മുറിയോ മറ്റോ ഉണ്ടെങ്കിൽ അത് വൃത്തിയാക്കി  ഓഫിസാക്കാം, പ്രത്യേകം ഓഫീസ് മുറി ഉണ്ടാക്കാൻ സാധിക്കാത്തവർ വീടിന്റെ ഏതെങ്കിലും ഭാഗം (സിറ്റിംഗ് റൂമോ ഡൈനിങ് റൂമോ. ബെഡ്‌റൂം ആകാതിരിക്കുന്നതാണ് നല്ലത്). ഇവിടെ ഓഫിസ് സമയങ്ങളിൽ അൽപം ഔപചാരികത നിലനിർത്തണമെന്ന് വീട്ടുകാരോടും ബന്ധുക്കളോടും പറയുക.

 

4. ഭാര്യയ്‌ക്കും ഭർത്താവിനും ഒരേ ഓഫിസ് മുറി?

പുതിയ തലമുറയിലെ ധാരാളം ഭാര്യാഭർത്താക്കന്മാർ പുറത്ത് ജോലി ചെയ്യുന്നുണ്ട്. അവർ ഒരേ  ഓഫിസ് മുറിയിലിരുന്ന് ‘വർക്ക് ഫ്രം ഹോം’ ചെയ്യന്നത് നല്ല കാര്യമാണോ? ഈ കൊറോണക്കാലം കഴിയുമ്പോൾ യുകെ യിൽ ഡിവോഴ്‌സുകളുടെ എണ്ണം കൂടുകയും കുറച്ചുനാൾ കഴിഞ്ഞാൽ കുട്ടികളുടെ എണ്ണത്തിൽ അഭൂതപൂർവമായ വളർച്ച ഉണ്ടാകുകയും ചെയ്യുമെന്നാണ് ചില ടാബ്ലോയ്‌ഡ്‌ വിദഗ്ദ്ധർ പ്രവചിച്ചിരിക്കുന്നത്. അപ്പോൾ രണ്ടുപേർക്കും കൂടി ഒരു ഓഫിസ് മതിയോ എന്നത് നിങ്ങളുടെ വീടിന്റെ വലുപ്പവും ബന്ധത്തിൻറെ സ്വഭാവവും അനുസരിച്ച് തീരുമാനിക്കാം.

 

5. ഓഫീസും കുടുംബവും

സാധാരണ രാവിലെ ഏഴുമണിക്കോ അതിന് മുൻപോ ഓഫീസിൽ പോകുകയും, വൈകീട്ട് ഏഴിനോ ശേഷമോ വരികയും ചെയ്യുന്ന ഒരാൾ മുഴുവൻ സമയം വീട്ടിലുണ്ടാകുന്നത് പൊതുവെ ബന്ധുക്കൾക്ക് ഇഷ്ടമായിരിക്കും (കുറച്ചു നാളത്തേക്കെങ്കിലും). ഇന്ത്യയെ പോലെ അച്ഛനും അമ്മയും ഉൾപ്പെട്ട കുടുംബത്തിൽ ഇത് പ്രത്യേക വെല്ലുവിളികൾ ഉണ്ടാക്കും. പുറത്ത് ജോലി ചെയ്യുന്ന സ്ത്രീകളെ ആണ് ഇത് കൂടുതൽ ബാധിക്കുന്നത്. നിങ്ങൾ വീട്ടിലുണ്ടെങ്കിൽ പതിവ് പോലെ തൊട്ടതിനും പിടിച്ചതിനും കുട്ടികളും ഭർത്താവും അച്ഛനും അമ്മയും അമ്മായിയമ്മയും ഒക്കെ നിങ്ങളുടെ അടുത്ത് വരും. ഇനി അഥവാ അവർ വന്നില്ലെങ്കിലും അമ്മയോ അമ്മായിയമ്മയോ വീട്ടിലെ പണികൾ മുഴുവൻ എടുക്കുന്ന സമയത്ത് ലാപ്ടോപ്പുമായി മാറിയിരിക്കാൻ നിങ്ങൾക്കും വിഷമം തോന്നും. അതുകൊണ്ട് തന്നെ നിങ്ങൾ അവധിയിൽ അല്ല എന്നും ഓഫീസ് സമയത്ത് പൂർണ്ണമായും ഓഫീസ് ജോലിയിൽ ആയിരിക്കുമെന്നും അവരെ പറഞ്ഞു മനസ്സിലാക്കണം. അതേസമയം വീട്ടിൽ നിന്നും ഓഫീസിലേക്കുള്ള യാത്രയുടെ സമയം ലാഭമായതിനാൽ ആ സമയം വീട്ടുകാരോടൊത്ത് ചെലവഴിക്കാം. നിങ്ങളുടെ ഓഫീസ് സമയത്ത് വീട്ടിൽ അതിഥികൾ വരുന്നത് പ്രോത്സാഹിപ്പിക്കരുത്.

  വിവരങ്ങൾക്ക് കടപ്പാട്- മുരളി തുമ്മാരുകുടി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com