sections
MORE

വീട്ടുജോലിക്ക് ആളില്ല; കൊറോണക്കാലത്ത്‌ എന്തുചെയ്യും?

corona-home-cleaning
SHARE

'ഗോ കൊറോണ ഗോ' പാടി,വീട്ടിനുള്ളില്‍ തന്നെ ഇരിക്കേണ്ട ദിവസങ്ങളാണ് മുമ്പില്‍. സ്വന്തം രക്ഷയും സമൂഹത്തിന്റെ സുരക്ഷയും ഉറപ്പാക്കാന്‍ അതല്ലാതെ വേറെ വഴിയില്ല. വീട്ടിലെല്ലാവരും ഒന്നിച്ചിരിക്കുന്ന ഇത്രയേറെ ദിനങ്ങള്‍ ഒരുപക്ഷേ ജീവിതത്തില്‍ തന്നെ ആദ്യമായിരിക്കും പലര്‍ക്കും. കാര്യം വീടൊരു സ്വര്‍ഗ്ഗമാക്കി മാറ്റാന്‍ കഴിയുന്ന അവസരമാണെങ്കിലും കൊറോണയെ മാത്രമല്ല പുറത്തുള്ള ആരെയും വീട്ടിനുള്ളിലേക്ക് കയറ്റാന്‍ പറ്റാത്ത ഈ ദിനങ്ങളില്‍ ചില കാര്യങ്ങള്‍ ഓര്‍ത്ത് പലര്‍ക്കും ആശങ്കയുണ്ട്. വീട് വൃത്തിയാക്കാനും പാചകം ചെയ്യാനുമെല്ലാം വീട്ടുജോലിക്കാരെ ആശ്രയിക്കുന്നവര്‍ക്ക് ഇത്രയധികം ദിവസം എങ്ങനെ മാനേജ് ചെയ്യുമെന്ന ടെന്‍ഷനുണ്ടാകാം. വര്‍ക്ക് ഫ്രം ഹോം ആണെങ്കിലും പറയുകയും വേണ്ട. ഓഫീസിലെ ജോലി, ഭക്ഷണം പാകം ചെയ്യല്‍, വീട് വൃത്തിയാക്കല്‍, കുട്ടികളെ മാനേജ് ചെയ്യല്‍ ഇങ്ങനെ എന്തെല്ലാം ചെയ്യണം.ടെന്‍ഷന്‍ വേണ്ട, ഇതെല്ലാം വളരെ ഈസിയായി ചെയ്യാമെന്നേ. അതിനുള്ള ചില എളുപ്പവഴികളാണ് താഴെ

ജോലി ബാലികേറാമലയല്ല

wadrobe-clean

ഒരാള്‍ മാത്രമായി ചെയ്യുമ്പോഴാണ് ഇത്തരം ജോലികള്‍ ബാലികേറാമലയായി തോന്നുന്നത്. വീട്ടിലുള്ള എല്ലാവരും ഒരുമിച്ച് വീട് വൃത്തിയാക്കലിന് ഇറങ്ങിനോക്കൂ. ഓരോരുത്തര്‍ക്കും അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഓരോ ജോലികള്‍ നല്‍കുക. കുട്ടികളും ഇക്കാര്യങ്ങള്‍ പഠിക്കട്ടെ. വേണമെങ്കില്‍ അവര്‍ക്കിതിനൊരു സമ്മാനവും നല്‍കാം. ഓരോരുത്തരും ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ അവരവര്‍ തന്നെ കഴുകിവച്ചാല്‍, ഓരോ ദിവസം കുളിക്കുമ്പോള്‍ അവരവര്‍ ഉപയോഗിക്കുന്ന ശുചിമുറികള്‍ വൃത്തിയാക്കിയാല്‍ വലിയ ജോലികളെന്ന് കരുതുന്നവ പോലും എളുപ്പമാകും. 

കോമണ്‍ റൂമുകളില്‍ ചുമതലകളും കോമണ്‍

മുറിയടച്ച് സ്വന്തം കാര്യങ്ങളുമായി കഴിച്ചുകൂട്ടേണ്ട ദിനങ്ങളല്ല ഇവ. ഒരുമയെന്ന സന്ദേശമാണ് ഈ പകര്‍ച്ചവ്യാധിക്കാലം നമുക്ക് നല്‍കുന്നത്. എല്ലാ അര്‍ത്ഥത്തിലും അത് പ്രാവര്‍ത്തികമാക്കണം. പകല്‍സമയങ്ങളില്‍ ഓഫീസ് ജോലികള്‍ ഇല്ലാത്തവരെല്ലാം ഒരുമിച്ച് ഒരിടത്തിരിക്കാന്‍ ശ്രമിക്കുക. മറ്റിടങ്ങള്‍ വൃത്തികേടാകാതിരിക്കാന്‍ അത് സഹായിക്കും. കോമണ്‍ സ്‌പേസുകളിലെ സാധനങ്ങള്‍- പത്രം, റിമോട്ട്,താക്കോല്‍ തുടങ്ങിയവ കൃത്യസ്ഥാനത്ത് തന്നെയാണെന്ന് എല്ലാവരും ഉറപ്പുവരുത്തുക. ആവശ്യമില്ലാത്ത പേപ്പറുകളും വേസ്റ്റുകളും അപ്പപ്പോള്‍ വേസ്റ്റ് ബിന്നില്‍ കൊണ്ടിടുക. ജോലികളിലെ ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ ഓരോ ദിവസവും പുതിയ പുതിയ ജോലികള്‍ കണ്ടെത്തുക. ഉദാഹരണത്തിന് ഒരു ദിവസം ടിവി സ്‌ക്രീനിലെ പൊടിതട്ടുക, അടുത്ത ദിവസം കിച്ചണ്‍ ഷെല്‍ഫുകള്‍ വൃത്തിയാക്കുക, പിന്നീട് വാഷ്‌ബേസിനുകള്‍ കഴുകുക, അത്തരത്തില്‍ പെട്ടന്ന് ചെയ്യാന്‍ കഴിയുന്ന ജോലികള്‍ മടുപ്പ് ഇല്ലാതാക്കും. മുറി വിട്ടിറങ്ങുമ്പോള്‍ ഫാന്‍, ലൈറ്റ്, എസി, ടിവി എന്നിവ ഓഫ് ചെയ്‌തെന്ന് ഉറപ്പാക്കുക.

പാചകം ലളിതമാക്കാം... 

എല്ലാവരും കൂടുമ്പോള്‍ ഒരുപാട് സ്‌പെഷലുകള്‍ ഉണ്ടാക്കുന്ന പതിവ് തത്കാലം മാറ്റിവയ്ക്കാം.. കരുതിവച്ചിരിക്കുന്ന സാധനങ്ങള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ട സമയമാണ്. ഒന്നുരണ്ട് കറികള്‍ മാത്രം വയ്ക്കുക.. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന വിഭവങ്ങള്‍ മാത്രം ഉണ്ടാക്കി പാചകം ലഘൂകരിക്കുക. അച്ചാറും പപ്പടവുമെല്ലാം കരുതിവയ്ക്കാം.. പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങളും പരമാവധി കുറയ്ക്കുക. പാചകം ചെയ്യാനും വിളമ്പിവയ്ക്കാനുമായി പല പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക. പാത്രം കഴുകല്‍ ജോലി എല്ലാ നേരവും ഒരാള്‍ ചെയ്യാതെ പലരായി ചെയ്യുക. കഴുകിയ പാത്രങ്ങള്‍ അപ്പപ്പോള്‍ എടുത്തുവയ്ക്കുക.

സ്വയം കാര്യങ്ങള്‍ ചെയ്ത് ശീലിക്കുക

house-cleaning-tips

സ്വന്തം കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കുന്ന ശീലം മറക്കാം. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ തന്നെ ബെഡ് വൃത്തിയാക്കുകയും ഓരോരുത്തരും അവരവരുടെ വസ്ത്രങ്ങള്‍ കഴുകി, ഉണക്കി, മടക്കിവയ്ക്കുകയും ചെയ്യാം. അലമാരകളിലെ വസ്ത്രങ്ങളും ബുക്ക് ഷെല്‍ഫിലെ പുസ്തകങ്ങളുമെല്ലാം വൃത്തിയായി ഒരുക്കിവയ്ക്കാൻ പറ്റിയ സമയമാണിത്. മാത്രമല്ല വീടിന്റെ അകത്തളങ്ങള്‍ കൂടുതല്‍ മനോഹരമാക്കാന്‍ പല പൊടിക്കൈകളും ക്രാഫ്റ്റുകളും പരീക്ഷിക്കാന്‍ ഇഷ്ടം പോലെ സമയം മുന്നിലുണ്ട്. അത്തരത്തിലുള്ള നൂറുകണക്കിന് വീഡിയോകള്‍ ഇന്ന് യുട്യൂബിലും ഫേസ്ബുക്ക് പേജുകളിലും ലഭ്യമാണ്. പരീക്ഷണങ്ങള്‍ക്ക് ശേഷം ബാക്കിവരുന്ന പാഴ്‌വസ്തുക്കള്‍ അപ്പോള്‍ തന്നെ ക്ലീന്‍ ചെയ്യാനും മറക്കരുത്. ഉപയോഗശേഷം വസ്ത്രങ്ങളും മേക്കപ്പ് സ്ഥാനങ്ങളും കിടക്കകളിലും മേശകളിലും വലിച്ചുവാരി ഇടാതെ കൃത്യസ്ഥാനങ്ങളില്‍ തന്നെ വയ്ക്കുക . 

English Summary- House Cleaning Tips during Corona

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ... www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA