sections
MORE

കോവിഡ്; സാമ്പത്തിക സ്ഥിതി മോശമാണോ? അധിക വരുമാനം നേടാൻ വഴിയുണ്ട്!

paying-guest
Representative Image
SHARE

കോവിഡ്‌ കാലത്തെ വീട്ടിലിരിപ്പു മടുപ്പാണെന്നു തോന്നിത്തുടങ്ങിയോ? നമ്മുടെ സുരക്ഷ പ്രധാനപ്പെട്ടതായതിനാൽ മടുപ്പു തൽക്കാലത്തേക്കു കണ്ടില്ലെന്നു നടിക്കാം. വീടിന്റെ സാമ്പത്തിക സ്ഥിതി പണ്ടത്തേതുപോലെ ആകാൻ സമയമെടുക്കുമെന്നു പേടിയുണ്ടോ, വീടിന്‌റെ ലോണും വാടകയുമൊക്കെ പേടിസ്വപ്‌നമാകുന്നുണ്ടോ? എങ്കിൽ കൊറോണക്കാലത്തെ മടുപ്പിനു പകരമായി വീടിനെ നന്നായി ഒരുക്കിയെടുത്താലോ. വെറുതേ ഒരുക്കലല്ല, വീട് മറ്റൊരാൾക്കു വേണ്ടി ഒരുക്കാം. അതാണ് പേയിങ് ഗെസ്റ്റ് ഹോമുകൾ.

പേയിങ് ഗെസ്റ്റ്

കൊച്ചിക്കാർക്കു പുതുമയുള്ള ഒന്നല്ല പേയിങ് ഗെസ്റ്റ് ഹോമുകൾ എന്നത്. സ്വന്തം വീട്ടിലെ ഒരു മുറി, അല്ലെങ്കിൽ ഒരു നില ഒരാൾക്കോ പലർക്കായോ വാടകയ്ക്കു നൽകുന്നതാണ് പിജി എന്നറയിപ്പെടുന്ന പേയിങ് ഗസ്റ്റ് സിസ്റ്റം. നഗരങ്ങളിൽ പഠനത്തിനും ജോലിക്കും ജോലി അന്വേഷിച്ചുമെത്തുന്നവർക്കും ഏറെ ഉപകാരപ്രദമായ പിജികൾ പക്ഷേ ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ചു താരതമ്യം ചെയ്യുകയാണെങ്കിൽ വളരെ കുറവാണ്. ഇപ്പോൾ വീട്ടിൽ വെറുതേയിരിക്കുന്ന സമയത്തു നമ്മൾ ഉപയോഗിക്കാത്ത മുറിയോ നിലയോ ഉണ്ടെങ്കിൽ വൃത്തിയാക്കിയെടുത്താൽ ലോക്ഡൗൺ കാലം കഴിയുമ്പോൾ വരുമാനത്തിനു പുതിയ മാർഗം ലഭിക്കും. വീടിന്റെ ലോണും വാടകയുമൊക്കെ ഷെയർ ചെയ്യാൻ ഒരാൾ കൂടിയുണ്ടെങ്കിൽ നല്ലതല്ലേ

ആവശ്യക്കാരേറെ..

ഐടി പാർക്ക് മാത്രമല്ല ധാരാളം സ്ഥാപനങ്ങൾ എല്ലാ നഗരങ്ങളിലുമുണ്ട്. ഇവിടെയെല്ലാം ജോലിക്കാരുമുണ്ട്. ഇതുകൂടാതെ പഠനത്തിനെത്തുന്നവരും ജോലി അന്വേഷിച്ചെത്തുന്നവരും കുറഞ്ഞ ചെലവിൽ താമസസൗകര്യം അന്വേഷിച്ചെത്തുന്നവരായിരിക്കും. അവർക്കെല്ലാം പിജി ഉപകാരപ്പെടും. മിക്ക നഗരങ്ങളിലും പല ഫെയ്‌സ്ബുക്ക് കൂട്ടായ്മകളുണ്ട്്. വീടന്വേഷിക്കുന്നവർക്കും പിജി സൗകര്യമൊരുക്കുന്നവർക്കും സംവദിക്കാൻ ഏറെ സഹായകമായ പ്ലാറ്റ്‌ഫോമാണത്. അതു കൂടാതെ പല ആപ്പുകളിലും ഓൺലൈൻ സൈറ്റുകളിലും പരസ്യങ്ങൾ പ്രദർശിപ്പിക്കാം. കോവിഡ് ഭീതി കഴിഞ്ഞു ആളുകൾ നഗരങ്ങളിൽ വീണ്ടും സജീവമാകും. മിക്ക ഹോസ്റ്റലുകളും പിജികളും അടച്ചതിനാൽ പുതിയവ തുടങ്ങാൻ പറ്റിയ സമയമാണിത്. പഴയ ഹോസ്റ്റലുകൾ മടുത്ത ഒട്ടേറെപ്പേരുണ്ടാകും. അവർ തീർച്ചയായും പുതിയവ തിരഞ്ഞെടുക്കും എന്നതിൽ സംശയം വേണ്ട.

ശ്രദ്ധിക്കാനുണ്ട്..

സ്വന്തം വീട്് പിജിയായി മാറ്റുമ്പോൾ ശ്രദധിക്കാനുമുണ്ട് ചില വീട്ടുകാര്യങ്ങൾ. വീടിനുള്ളിൽ തന്നെയാണ് മുറിക്കുള്ള സൗകര്യമൊരുക്കുന്നതെങ്കിൽ വരുന്ന അതിഥിയെക്കുറിച്ച് അറിഞ്ഞിരിക്കണം. ക്രിമിനൽ സ്വഭാവമുള്ളവരല്ല എന്നു ഉറപ്പു വരുത്തണം. മുറിയോടു ചേർന്നു തന്നെ ബാത്‌റൂമുണ്ടെങ്കിൽ അതാണ് ഏറ്റവും അനുയോജ്യം. 

മുറിക്കു പകരം ഒരു നിലയാണ് ഒരുക്കുന്നതെങ്കിൽ പുറത്തുകൂടി ഗോവണിയുണ്ടെന്നു ഉറപ്പാക്കുക. ഇല്ലാത്ത സാഹചര്യത്തിൽ ഹോസ്റ്റലുകളിലുള്ളതുപോലെ സമയപരിധി വയ്‌ക്കേണ്ടി വരും. ഇതു വരുന്നയാൾക്കു കൂടി സമ്മതമാണെന്ന് ഉറപ്പുവരുത്തണം. വരുന്നവരുടെ ഡോക്യുമെന്‌റേഷനും കൃത്യമായി ചെയ്തിരിക്കണം. ഭാവിയിൽ പ്രശ്‌നങ്ങളില്ലാതിരിക്കാനാണിത്. പുറത്തുകൂടി ഗോവണികൂടിയുണ്ടെങ്കിൽ തീർച്ചയായും അവിടെ താമസിക്കുന്നവരുടെ സ്വകാര്യത കൂടും. ഒരു സിസിടിവി ക്യാമറ കൂടി ഘടിപ്പിച്ചാൽ അവരുടെ സുരക്ഷ മാത്രമല്ല നമ്മുടെ സുരക്ഷയും ഉറപ്പിക്കാം. 

വരുന്നവർക്കു കട്ടിലും ബെഡും തലയണയും നൽകാൻ ശ്രമിക്കുക. ഫാനും ലൈറ്റുമൊക്കെ ഒരുക്കുമല്ലോ. വെള്ളം , വൈദ്യുതി എന്നിവയ്ക്കും പ്രശ്‌നമുണ്ടാകരുത്. അലക്കാനും വസ്ത്രം ഉണക്കാനുമുള്ള സൗകര്യം ഉറപ്പാക്കണം. പിജികളിൽ ഭക്ഷണം നൽകുന്നതു നല്ലതാണ്. പക്ഷേ, ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. താമസിക്കാനെത്തുന്നവർക്ക് ഭക്ഷണം പാകം ചെയ്യാൻ കൂടിയുള്ള സൗകര്യമൊരുക്കിയാൽ പിജി വൻവിജയം. 

വരുന്നവർക്കു വീടിന്‌റെ ഒരു സ്‌പെയർ കീ നൽകുക. വാടക എത്ര വേണമെന്നു ആദ്യമേ തന്നെ പറയുക. പിന്നീട് ഇരു കൂട്ടർക്കും ഒരു പ്രശ്‌നമുണ്ടാകരുതല്ലോ. താമസിക്കുന്നവർക്കു എന്തെങ്കിലും ബുദ്ധിമുട്ടുള്ളതായി തോന്നിയാൽ അവരോടു സംസാരിച്ചു പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുക. കൃത്യമായ മെയിന്റനൻസ് നടത്താൻ മറക്കരുത്. മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യുന്നതിനു വേണ്ട സൗകര്യം ഉറപ്പാക്കുക.

കർശന നിയമങ്ങൾ ഒഴിവാക്കാം

ഹോസ്റ്റലുകളെ പലരും വേണ്ടെന്നു വയ്ക്കുന്നത് അവിടെയുള്ള കർശന നിയമങ്ങൾ കാരണമാണ്. ആദ്യമേ തന്നെ മനസ്സിലാക്കേണ്ടത് പേയിങ് ഗസ്റ്റുകളായി വരുന്നവർ ചെറിയ കുട്ടികളല്ല എന്നുള്ളതാണ്. ഹോസ്റ്റലുകളിലുള്ളതുപോലെ സമയപരിധി  നിശ്ചയിച്ചാൽ കുറേപ്പേരെങ്കിലും താമസം വേറെ നോക്കും. പലരും രാത്രി ഷിഫ്റ്റ് കഴിഞ്ഞായിരിക്കും താമസിക്കുന്നതിനെത്തുന്നത്. എല്ലാവർക്കും ലഭിക്കുന്ന പഴ്‌സനൽ ടൈം അവർക്കു ലഭിക്കണമെന്നില്ല. അതിനാൽ ഇത്ര നേരത്തിനുള്ളിൽ വീട്ടിലെത്തണം, ഇത്ര സമയത്തിനുള്ളിൽ ലൈറ്റ് അണയ്ക്കണം എന്നൊക്കെയുള്ള നിയന്ത്രണങ്ങൾപ്രായോഗികമല്ല.

English Summary- Paying Guest for Extra Cash during COVID

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ... www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA