sections
MORE

ലോക്ഡൗണിൽ പണി മുടങ്ങി; 45 വർഷം പഴക്കമുള്ള വീട് സ്വയം പുതുക്കിപ്പണിത് അച്ഛനും മകളും!

lockdown-before-after
SHARE

ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന ചൊല്ല് ജീവിതത്തിൽ യാഥാർഥ്യമാക്കിയിരിക്കുകയാണ് തൃശ്ശൂർ കൊരട്ടി സ്വദേശിനിയായ ശ്രീലക്ഷ്മി പള്ളത്തും അച്ഛൻ സുരേന്ദ്രനും. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് കുറച്ചു ദിവസം മുൻപാണ് കൊരട്ടിയിലുള്ള 45 വർഷത്തിലേറെ പഴമുള്ള വീട് ഒന്ന് പുതുക്കിപ്പണിയണം എന്ന് സുരേന്ദ്രനും ശ്രീലക്ഷ്മിയും തീരുമാനിക്കുന്നത്. അതനുസരിച്ച് പണിക്കുള്ള സാധനങ്ങൾ എല്ലാം ഇറക്കി. എന്നാൽ പണി തുടങ്ങിയപ്പോഴേക്കും ലോക്ഡൗൺ പ്രഖ്യാപിച്ചു. അതോടെ വീട് പണി നിന്നു എന്ന് കരുതിയവർക്ക് തെറ്റി. ഞങ്ങൾ താമസിക്കുന്ന വീട് പുതുക്കി പണിയാൻ ഞങ്ങൾ തന്നെ ധാരാളം എന്ന് പറഞ്ഞുകൊണ്ട് ശ്രീലക്ഷ്മിയും അച്ഛനും രംഗത്തിറങ്ങി. ലോക്ഡൗൺ 20 ദിവസം പിന്നിട്ടപ്പോഴേക്കും അച്ഛനും മകളും ചേർന്ന് വീട് പുതുക്കി പണിത ആ കഥയിങ്ങനെ....

old-house-lockdown
പഴയ വീട്


2018 ലെ വെള്ളപ്പൊക്കത്തിൽ കൊരട്ടി പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായപ്പോൾ ശ്രീലക്ഷ്മിയുടെ വീട്ടിൽ ജനൽപ്പടി വരെ വെള്ളം കയറി. 2019 ലെ കാലവർഷത്തിൽ പറയത്തക്ക വെള്ളക്കെട്ട് ഒന്നും ഉണ്ടായില്ല. എന്ന് കരുതി ഇനിയങ്ങോട് സുരക്ഷിതമാണ് എന്ന് പറയാനും ആവില്ല. കാലവർഷം അടുക്കുകയാണ്. 2018 ലെ പോലെയെങ്ങാനും  സംഭവിച്ചാൽ 45  വർഷം പഴക്കമുള്ള  വീടിന് കേട് പറ്റുമോ എന്ന ചിന്തകൊണ്ടാണ് വീട് ഒന്ന് പുതുക്കി പണിയണം എന്ന് അച്ഛനും മകളും തീരുമാനിക്കുന്നത്. എന്നാൽ പുതുക്കിപ്പണി ഇത്തരമൊരു അവസ്ഥയിൽ നടത്തേണ്ടി വരുമെന്ന് കരുതിയില്ല ഇരുവരും.

''45 വർഷം പഴക്കമുള്ള വീടാണ്. പൊളിച്ചു പണിയാൻ 4 ലക്ഷം രൂപയെ സഹായം കിട്ടുള്ളൂ.. അതുകൊണ്ട് ഒന്നും ആകില്ല. പിന്നെ ഈ വീടിനോടുള്ള ഇഷ്ടം കൊണ്ട് പൊളിക്കാനുള്ള മനസ്സും വന്നില്ല. അങ്ങനെയാണ് പഞ്ചായത്തിൽ നിന്ന് മെയിന്റനൻസിന് 50,000 കിട്ടുമെന്ന് അറിഞ്ഞപ്പോൾ അത് നോക്കാം എന്ന് കരുതിയത്. സിമന്റിന് പകരം മണ്ണും ഇഷ്ടികയും കൊണ്ടായിരുന്നു കൊണ്ട് പണിഞ്ഞതായിരുന്നു വീട്. അതുകൊണ്ട് പലയിടത്തും ബലക്ഷയം ഉണ്ടായിരുന്നു, തറയും പൊട്ടിപ്പൊളിഞ്ഞിരുന്നു. ഈ അവസ്ഥയിലാണ് പണി തുടങ്ങുന്നത്'' ശ്രീലക്ഷ്മി പറയുന്നു.

lakshmi-lockdown

ഓടിറക്കി കയറ്റി പണി പകുതിയായപ്പോഴേക്കും പണിക്കാർ വരാതെയായി. അതോടെ സ്വയം പണി തീർക്കാം എന്ന തീരുമാനത്തിലായി അച്ഛനും ശ്രീലക്ഷ്മിയും. ഗ്രാഫിക്സ് ഡിസൈനറായ ശ്രീലക്ഷ്മിക്ക് കെട്ടിട നിർമാണ രംഗത്ത് പരിചയം കുറവാണ്. അച്ഛൻ വാർക്കപ്പണിക്കാരനാണ്. അതിനാൽ അച്ഛന് ഇക്കാര്യത്തിൽ വ്യക്തമായ അറിവുണ്ട്. അതായിരുന്നു ശ്രീലക്ഷ്മിയുടെ ബലം.

ഓടിറക്കി കേറ്റാൻ ആശാരിയെ വിളിച്ചിരുന്നു. അച്ഛന്റെ നിർദേശം അനുസരിച്ച് ബാക്കി എല്ലാ പണിയും ശ്രീലക്ഷ്മി തന്നെ ചെയ്തു. ശ്രീലക്ഷ്മി  ജോലിക്ക് പോകുന്ന ദിവസങ്ങളിൽ മാത്രം ഹെൽപ്പറായി ഒരാളെ വിളിച്ചിരുന്നു.

renovated-house

''വീട്ടിൽ ഞാനും അച്ഛനും മാത്രമേയുള്ളൂ.. ആദ്യം ഒരു റൂമും, ഹാളും, കിച്ചണും, ഹാളിനും കിച്ചണും നടുവിൽ ഒരു സ്റ്റോർ റൂമും ആണ് ഉണ്ടായിരുന്നത്.. സ്റ്റോർ റൂം മൺ തറ ആയിരുന്നു.. അത് തേച്ച് റൂമാക്കി എടുത്തു. കിച്ചണൊക്കെ കുറച്ച് നാൾ മുൻപ് പുതുക്കിപ്പണിതതാണ്. അതിന്റെ തറയൊന്നും ഫിനിഷ് ചെയ്തിരുന്നില്ല.. അതൊക്കെ ചെയ്തു. വീടിനു പിൻവശം ആകെ മണ്ണും ചെളിയുമായി കിടക്കുവായിരുന്നു.. അവിടെ കോൺക്രീറ്റ് ചെയ്ത് പുറത്തേക്ക് സ്റ്റെപ്പ്, അലക്ക്കല്ല്, അമ്മിക്കല്ല് ഒക്കെ നിർമിച്ചു.വാർക്കപ്പണികൾ എല്ലാം അച്ഛൻ തന്നെയാണ് ചെയ്തത്''. ശ്രീലക്ഷ്മി പറയുന്നു.

renovate-lockdown

ചുരുങ്ങിയ ചെലവിൽ പണി തീർക്കേണ്ട അവസ്ഥ കൂടി ആയിരുന്നതിനാൽ ലോക്ഡൗൺ ഒരു ഉപകാരമായി എന്ന് ശ്രീലക്ഷ്മി പറയുന്നു. എല്ലാം കൂടെ 1 ലക്ഷത്തിന് അടുത്തായി. 50,000 പഞ്ചായത്തിൽ നിന്ന് 2 തവണയായി കിട്ടി. പണി മുഴുവൻ പൂർത്തിയാക്കിയ ശേഷം, വീടിനു ഒരു ഡിസൈനർ ടച്ച് നൽകാനും ശ്രീലക്ഷ്മി മറന്നില്ല. ഇപ്പോൾ ഒറ്റനോട്ടത്തിൽ ഒരു ഹോംസ്റ്റേ അനുഭവമാണ് പച്ചപ്പിന്റെ സാന്നിധ്യമുള്ള ശ്രീലക്ഷ്മിയുടെ കൊരട്ടിയിലെ വീട് നൽകുന്നത്.

English Summary- Father Daughter Renovate House during Lockdown

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA