ADVERTISEMENT

കൊറോണക്കാലവും സാമ്പത്തികപ്രതിസന്ധിയും പ്രവാസികളുടെ തൊഴിൽനഷ്ടവുമെല്ലാം മലയാളികളുടെ  ഭവനസ്വപ്നങ്ങളെ എങ്ങനെയാകും ഇനി ബാധിക്കുക?  മലയാളികൾ കാലാകാലമായി വീടുപണിയിൽ തുടരുന്ന അബദ്ധങ്ങൾ എന്തൊക്കെയാണ്? പ്രശസ്ത വാസ്തുശിൽപി ജയൻ ബിലാത്തികുളം താൻ അഭിമുഖീകരിച്ച ഒരു അനുഭവം പങ്കുവയ്ക്കുന്നു...

jayan-bilathikulam-photo
ജയൻ ബിലാത്തികുളം

നാലു വർഷം മുൻപ് മലപ്പുറം ജില്ലയിൽ നിന്നും ഒരു പ്രവാസിസുഹൃത്ത് എന്നെ കാണാൻ വന്നു. 70 സെന്റ് സ്ഥലം ഉണ്ട്. അതിലൊരു വീട് പണിയണം. 5 ബെഡ്റൂം വേണം,  വരെയുള്ള ഒരു വീടാണ് എനിക്ക് വേണ്ടത് എന്നൊക്കെയാണ് പുള്ളി 3 കിച്ചൻ വേണം,  ഒരു വലിയ വരാന്ത വേണം... എല്ലാം കൂടി ഒരു 3500sqft ചെലവ് വരുന്ന ഒരു വലിയ വീടിനെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. കുറെ മാഗസിനുകളിൽ നിന്നുള്ള കട്ടിങ്ങുകളും ചില സുഹൃത്തുക്കളുടെ വീടിന്റെ ഫോട്ടോകളും ഒക്കെ ഒരു ഐപാഡിൽ കൊണ്ടുവന്നു എന്നെ കാണിച്ചു.

സംസാരത്തിനിടയിൽ ഞാൻ വെറുതെ എന്താ ജോലിയെന്ന് ചോദിച്ചു. അദ്ദേഹം ഗൾഫിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. നല്ല ഒരു ജോലിയാണ്. പക്ഷേ കൊല്ലത്തിൽ ഒരു പ്രാവശ്യം മാത്രമേ നാട്ടിൽ വരാൻ പറ്റുകയുള്ളൂ. ഫാമിലിയൊക്കെ നാട്ടിലാണ് ഉള്ളത്. 3 മക്കളുണ്ട്. 

ഇത്രയും വലിയ വീടിന് എത്ര കോസ്റ്റ് ചെലവാക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഞാൻ ചോദിച്ചു. 60-70 ലക്ഷം വരെ ബജറ്റുണ്ട് എന്നദ്ദേഹം പറഞ്ഞു. കയ്യിൽ അത്രയും സമ്പാദ്യം നേരിട്ട് വീടുപണിയിൽ നിക്ഷേപിക്കാൻ ഉണ്ടോ? ഞാൻ ചോദിച്ചു. സാധാരണഗതിയിൽ അത് ചോദിക്കേണ്ട കാര്യം വാസ്തുശില്പിക്ക് ഇല്ല. പക്ഷേ ഞാൻ അങ്ങനെ ചോദിക്കാറുണ്ട്. 50 ലക്ഷത്തിലധികം രൂപ ലോൺ എടുക്കാൻ  ഉദ്ദേശിക്കുന്നുവെന്നാണ് അദ്ദേഹം മറുപടിയായി പറഞ്ഞത്.

ഇങ്ങൾ എത്ര വർഷം മണലാരണ്യങ്ങളിൽ പണിയെടുത്താലാണ് ഇത് അടച്ചു തീർക്കാൻ പറ്റുന്നത്. ഇങ്ങൾ പത്തേമാരി സിനിമ ഒന്നും കണ്ടിട്ടില്ലേ എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം ഒന്നു ചിരിച്ചു.

ഒരു വീടുണ്ടാകുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് സാമ്പത്തികം. ഡിസൈൻ unlimited ആണ്. ബജറ്റ് ആണ് എപ്പോഴും ലിമിറ്റഡ് ആയിട്ടുള്ളത്. ബാങ്ക് ലോണിൽ ചാടി വീഴുന്നത് പലപ്പോഴും ആത്മഹത്യാപരമാണ്.

ലോൺ കൊടുക്കുമെന്ന് ബാങ്ക് പറഞ്ഞത് കൊണ്ട് ലോൺ എടുക്കാമെന്ന് വിചാരിക്കുന്നത് നമ്മളുടെ മണ്ടത്തരം ആണ്‌.ലോൺ എടുത്ത് പണിതുടങ്ങിയ നിരവധി വീടുകൾ ഫിനിഷ് ചെയ്യാൻ പറ്റാതെ അനാഥപ്രേതങ്ങളെപ്പോലെ കിടക്കുന്ന വാർത്തകൾ നമ്മൾ പത്രങ്ങളിൽ വായിക്കുന്നതാണ്. വീടും വസ്തുവും ലേലത്തിന് വയ്ക്കുന്ന വാർത്തകളാണ് പത്രങ്ങളിൽ നാലും അഞ്ചും പേജുകളിൽ പലപ്പോഴുംകാണുക.

luxury-house
Representative Image

ഈ മോശം കാലത്ത് പ്രവാസത്തിൽ ജീവിക്കുന്ന ഇങ്ങള് ഇത്രേം വല്യ വീട് വയ്‌ക്കേണ്ട കാര്യമുണ്ടോ? ഞാൻ ചോദിച്ചു.

ഭാര്യയ്ക്കും കുട്ടികൾക്കുമെല്ലാം വലിയ വീടിനോടാണ് താൽപര്യം. അവർക്ക് വേണ്ടിയാണല്ലോ നമ്മളീ മരുഭൂമിയിൽ കിടന്നു കഷ്ടപ്പെടുന്നത്. ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത് എന്റെ ഉപ്പ ഉണ്ടാക്കിയ ഒരു വീട്ടിലാണ്. അതൊരു 3500 sqft വരുന്ന കോൺക്രീറ്റ് കെട്ടിടമാണ് . കാലപ്പഴക്കം കൊണ്ട് അകം പൊട്ടി പൊളിഞ്ഞിട്ടുണ്ട്. ആ പഴയ വീട് പൊളിച്ചുകളഞ്ഞു പുതിയത് പണിയാനാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭിപ്രായം.വിശേഷിച്ച് ഭാര്യയുടെ അഭിപ്രായം ഒഴിവാകാൻ എനിക്ക് സാധിക്കില്ല. അയാൾ പറഞ്ഞു.

അയാളുടെ കഷ്ടപ്പാടിന്റെ ആ തത്വശാസ്ത്രം എനിക്ക് ഉൾക്കൊള്ളാനായില്ല. പഴയ വീടിന്റെ പടമുണ്ടോ എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം ഐപാഡിൽ ആ വീടിന്റെ ചിത്രം കാണിച്ചു. പല കൂട്ടിച്ചേർക്കലുകൾ ഉണ്ടെങ്കിലും 35 വർഷം പഴക്കമുള്ള വളരെ ഉറപ്പേറിയ കെട്ടിടമായിരുന്നു അത്. അത് പുതുക്കിപ്പണിതാൽ നല്ലൊരു തുക ലാഭിക്കാനാകും. ഒരു 25 ലക്ഷം കൊണ്ട് വീട് സുന്ദരമായി പുതുക്കിയെടുക്കാം. ഞാൻ  അവരെ ബോധവത്കരിക്കാൻ ശ്രമിച്ചു.

Large luxury bungalows on the islands. 3D render.
Representative Image

പുതിയ ഒരു വീട് ഉണ്ടാക്കണ്ട എന്നാണ് എന്റെ അഭിപ്രായം. പുതുക്കിപ്പണിയുന്നതാണ് അഭികാമ്യം. ഇങ്ങൾ ഗൾഫിൽ ജോലി ചെയ്യുന്നത്‌ കൊണ്ടാണ് പറയുന്നത്. അധികം ഇടിച്ചു പൊളിക്കലുകൾ ഇല്ലാതെ തന്നെ അകത്തളം പുനർക്രമീകരിച്ചു സൗകര്യങ്ങൾ ഉണ്ടാക്കിനൽകാം. ഇങ്ങള്  പറഞ്ഞ എല്ലാ വിധ സൗകര്യങ്ങളും അതിൽ ഉണ്ടാവും. ഞാൻ കുറഞ്ഞ ചെലവിൽ പുതുക്കിപ്പണിത ചെയ്ത കുറെ വീടുകളുടെ വിഡിയോ യൂട്യൂബിൽ ഉണ്ട്. അതൊക്കെ കണ്ട് ഇങ്ങൾ ആലോചിച്ച് അന്വേഷിച്ച് കണ്ടുപിടിച്ചിട്ട്‌ വരീ..

കാര്യങ്ങൾ കേട്ടുകഴിഞ്ഞപ്പോൾ പ്രവാസിയായ ഭർത്താവിന്റെ കണ്ണിൽ തെളിച്ചം വന്നെങ്കിലും ഭാര്യയുടെ കണ്ണ് ദേഷ്യത്തോടെ ജ്വലിച്ചു. ഈ സംഭവം നീക്കുപോക്കാകില്ല എന്നെനിക്കുറപ്പായി. ഇങ്ങനെ ഒരു പിന്തിരിപ്പൻ ഡിസൈനറെ ഇനി കാണണ്ട എന്ന് അന്നുതന്നെ  തീരുമാനം എടുക്കുമെന്നും എനിക്കുറപ്പായിരുന്നു.

ഒരു 3000 sqft വീട് പൊളിച്ചു കളഞ്ഞു 70 ലക്ഷം രൂപയുടെ വീട് പണിയാൻ കെൽപ്പില്ലാത്ത ആളാണ് അദ്ദേഹമെന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്. അങ്ങനെ ഉള്ള ഒരാളെ പടുകുഴിയിലേക്ക് ഉന്തിത്തള്ളിയിട്ട്  ആ ശാപം ഏറ്റു വാങ്ങാൻ എനിക്ക് താല്പര്യമില്ല. ഞാൻ അയാളോട് തീർത്തു പറഞ്ഞു: ഇങ്ങള് ആ വീട് റെനോവേറ്റ് ചെയ്യാനാണെങ്കിൽ ഞാൻ വരാം. ഒന്ന് മനസിരുത്തി ആലോചിച്ചിട്ട് പറയൂ... അതിനു ശേഷം ഞങ്ങൾ കൈ കൊടുത്ത് സന്തോഷത്തോടെ പിരിഞ്ഞു.അതിനു ശേഷം അവരെന്നെ കാണാൻ വന്നില്ല അതെനിക്കുറപ്പായിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം വീട് ഉണ്ടാക്കാൻ വരുന്ന ഒരു സുഹൃത്തിനെ ഗൈഡ് ചെയ്യുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം. ഗൈഡ് ചെയ്തിട്ട് ശരിയായില്ലെങ്കിൽ അയാളെ അയാളുടെ വഴിക്ക് വിടുന്നതാണ് നല്ലത്. നാലു വർഷത്തിനു ശേഷം കോഴിക്കോട് ടൗണിൽ വച്ച് ഈ പ്രവാസിയെ വീണ്ടും കണ്ടു. അദ്ദേഹം എന്റെ അടുത്തു വന്നുചോദിച്ചു: ജയൻസാറിന് എന്നെ ഓർമയുണ്ടോ? അന്ന് മലപ്പുറത്ത് നിന്ന് വീട് പണിയാൻ  വന്ന ആളല്ലേ..പുതിയ വീടുപണിയൊക്കെ കഴിഞ്ഞോ? ഞാൻ ചോദിച്ചു. 

എന്റെ സാറേ, അത് ആകെ പ്രശ്നമായി. ഞങ്ങൾ 4500 sqft വരുന്ന ഒരു മോഡേൺ വീടിന്റെ പ്ലാൻ ഒക്കെ വരപ്പിച്ചു. പണിയും തുടങ്ങി. പക്ഷേ പൂർത്തിയാക്കാൻ നാലുവർഷത്തിനിപ്പുറവും കഴിഞ്ഞിട്ടില്ല. ഒരുപാട് കാശ് ചെലവായി, കടം എടുത്ത വകയിൽ ബാധ്യതയുമായി. പഴയ വീട് പൊളിച്ചത് കൊണ്ട് വാടക വീട്ടിലാണ് താമസം. ഇപ്പോൾ ഗൾഫിലെ നിതാഖത്ത് മൂലം ജോലി നഷ്ടപ്പെടുന്ന അവസ്ഥയാണ്. കാശും പോയി മനഃസമാധാനവും പോയി വീടുമില്ല. ആകെ സങ്കടത്തിൽ ആണ്.  അന്ന് സാർ പറഞ്ഞതു കേട്ടിരുന്നെങ്കിൽ എനിക്കീ അവസ്ഥ വരില്ലായിരുന്നു...അത് പറയുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു.

ജീവിതാനുഭവങ്ങൾക്ക് മാറ്റേറും. അത് ഈഗോ ഒഴിവാക്കി ഉൾക്കൊള്ളാനുള്ള മനസ്സ് ഇനിയെങ്കിലും മലയാളികൾ (വിശേഷിച്ച് പ്രവാസികൾ) കാണിക്കണം. അല്ലാത്ത പക്ഷം പണി തീരാത്ത വീടുകളുടെ കഥ ഇനിയും തുടരും..അതുകൊണ്ടാണ് ഈ കഥ ഞാൻ പങ്കുവച്ചത്. ഈ അനുഭവം എഴുതുന്ന സമയത്തും കേരളത്തിൽ നിരവധി പേർ തങ്ങളുടെ കീശയിലൊതുങ്ങാത്ത വീട് പണിയാൻ തീരുമാനമെടുത്തിട്ടുണ്ടാകും..

English Summary- Mistakes Done By Pravasi Malayalis; Jayan Bilathikulam Column

അന്ന് സാർ പറഞ്ഞതു കേട്ടിരുന്നെങ്കിൽ എനിക്കീ അവസ്ഥ വരില്ലായിരുന്നു...അത് പറയുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com