ADVERTISEMENT

മിക്ക  മലയാളികളും ഗൾഫിലേക്ക് സ്വയം എടുത്തെറിയപ്പെടുന്നതിനു ഒരു പ്രധാന ലക്ഷ്യമുണ്ടാകും. സ്വന്തമായി ഒരു നല്ല വീട്. ഇവിടെ ഒരു പ്രവാസി, സ്വപ്നവീട് പണിയാനായി താൻ കടന്നുപോയ കഷ്ടപ്പാടുകളും ബാക്കിയായ ഒരു വേദനയും പങ്കുവയ്ക്കുകയാണ് ഈ കുറിപ്പിലൂടെ.. കണ്ണൂർ തളിപ്പറമ്പ സ്വദേശിയും പ്രവാസിയുമായ ആർ കെ മണക്കാട്ടാണ് ഹൃദയഹാരിയായ അനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

15 വർഷങ്ങൾക്ക് മുൻപ് പ്രിയ കൂട്ടുകാരൻ തന്ന ഒരു വിസിറ്റിങ് വിസയിലൂടെ ഷാർജയിലേക്ക് വിമാനം കയറുമ്പോൾ മനസ്സിൽ ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ...എല്ലാർക്കും ഉള്ളത് പോലെ ഭംഗിയുള്ള ഒരു കുഞ്ഞു വീട്....കയ്യിൽ ഒരു ITI സർട്ടിഫിക്കറ്റും അത്യാവശ്യം Lathe മെഷീൻ ഓപ്പറേറ്റ് ചെയ്യാൻ ഉള്ള ആത്മവിശ്വാസവും കൊണ്ട് വിമാനം കയറി കൂട്ടുകാരന്റെ റൂമിൽ വന്നു കേറിയത് ഒരു രാത്രിയിൽ .ദൈദ് മനാമ യാണ് ആദ്യം കണ്ട ഗൾഫ് നാട്..ജോലി അന്വേഷിച്ചു എന്നെയും കൊണ്ട് ദുബായ് മൊത്തം കാണിച്ചു തന്നതും പ്രിയ കൂട്ടുകാരൻ. 

pravasi-home-before
പഴയ വീട്

 

വടകരയിലുള്ള കുറെ തയ്യൽക്കാരായിരുന്നു അവിടെ ഉണ്ടായിരുന്നത്.അങ്ങനെ രണ്ടാഴ്ചക്കുള്ളിൽ പുറമേരിയിലുള്ള ബാബുവേട്ടൻ മുഖാന്തരം ഷാർജയിലെ ഡോൾഫിൻ കമ്പനിയിൽ ജോലി ചെയ്യുന്ന ബാബു പിലാച്ചേരി എന്ന ഏട്ടനെ പരിചയപ്പെടുന്നു. അവിടെ ഇന്റർവ്യൂ നടക്കുന്നു.പിറ്റേന്ന് തന്നെ ജോലിയിൽ പ്രവേശിക്കുന്നു..900 ദിർഹം ആയിരുന്നു ശമ്പളം..ഇപ്പൊ ഇതാണ് നിന്റെ ശമ്പളം നല്ലോണം ജോലി ചെയ്താൽ അതിന്റെ ഗുണം പിന്നാലെ വരും. ഗുജറാത്തിയായ ഷെഖ് നൂറുദ്ദീൻ സാഹിബ് അന്ന് ഹിന്ദിയിൽ പറഞ്ഞത് മലയാളത്തിൽ ആക്കി ബാബുവേട്ടൻ എന്നോട് പറഞ്ഞു തന്നു...(നല്ലോണം ജോലി ചെയ്ത് ഇന്ന് ഡോൾഫിൻ കമ്പനിയിലെ ടൂൾ റൂമിന്റെ ഫോർ മാൻ ആണ്.ശമ്പളം കാര്യമായി ഇല്ലെങ്കിലും)

 

നാട്ടിലുള്ളപ്പോൾ ഒരാഴ്ച പോലും കൃത്യമായി ജോലിക്ക് പോകാത്ത ഞാൻ ആദ്യത്തെ 3 വർഷത്തിൽ എടുത്തത് ഒരു ലീവ് മാത്രം. അതും പനി വന്നു എഴുന്നേൽക്കാൻ പറ്റാത്തത് കൊണ്ട് മാത്രം..8 മണിക്കൂർ ജോലി, പിന്നെ തുച്ഛമായ പൈസ കിട്ടുന്ന OT യും .ഒന്നും നോക്കാതെ ദിവസവും 11 മണിക്കൂർ ജോലി. വ്യാഴാഴ്ചകളിൽ ഫുൾ നൈറ്റ്. തുച്ഛമായ ശമ്പളത്തിൽ നിന്നു മിച്ചം പിടിച്ചു എങ്ങനെയെങ്കിലും ഒരു വീട് ഉണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യം..നാട്ടിൽ ടാപ്പിങ് ജോലിയുമായി അച്ഛനും കൂലി പണിയുമായി അമ്മയും ഈ ലക്ഷ്യത്തിനു കരുത്തേകാൻ കൂടെ നിന്നപ്പോൾ 2017 മെയ് 4 തീയതി ആകുമ്പോഴേക്കും കുറച്ചു സ്ഥലവും അതിലൊരു കുഞ്ഞു വീടും സ്വന്തമായതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല..

 

ഒരു ലോണിന് വേണ്ടി പല വാതിലുകളിലും മുട്ടിയിട്ടുണ്ട്...ഒന്നും ശരിയായില്ല. കിട്ടുന്ന ശമ്പളം കൊണ്ട് ഓരോ പണികൾ തീർത്തു വന്നപ്പോഴും പുതിയ വീട്ടിലെ താമസം ഒരു മരീചിക ആയപ്പോഴാണ് രണ്ടും കല്പിച്ചു കൊയ്യം ബാങ്ക് സെക്രട്ടറിയായ സുകുമാരേട്ടനെ വിളിക്കുന്നത്..ആവശ്യം പറഞ്ഞപ്പോൾ ഒറ്റ ചോദ്യം . നിനക്ക് എത്ര പൈസ വേണം. ഒരു 4 ലക്ഷം കിട്ടിയാൽ ഫിനിഷിങ് പണി തീരും. ബാക്കി എന്റെ കയ്യിൽ ഉണ്ട്. നാലു ലക്ഷം  മതിയോ വീണ്ടും ചോദ്യം. മതി. അതു മതി..എങ്കിൽ നാളെ തന്നെ അച്ഛനോട് ബാങ്കിൽ വരാൻ പറ...ലോണ് ശരിയാക്കി തന്ന സുകുമാരാട്ടനോടും കൊയ്യം സർവീസ് സഹകരണ ബാങ്കിനോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല..

 

പക്ഷേ നിർഭാഗ്യം എന്നു പറയട്ടെ ലോൺ പാസായി 2 ലക്ഷം വാങ്ങി വീട്ടിൽ കൊണ്ടു വന്ന അന്ന് രാത്രി പ്രധാനമന്ത്രി മോദിജി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നു..വീടുപണി  പിന്നെയും മുടങ്ങുന്നു. ആ രണ്ട് ലക്ഷം മാറി കിട്ടാൻ ഉണ്ടായ കഷ്ടപ്പാട് ഒന്നും പറഞ്ഞറിയിക്കാൻ പറ്റില്ല..എന്തൊക്കെയായാലും ദൈവസഹായത്താൽ 2017 മെയ് 4ന് ഞങ്ങൾ കുടുംബസമേതം പുതിയ വീട്ടിലേക്ക് താമസം മാറി. സ്വപ്നം സാക്ഷാത്കരിക്കുമ്പോഴേക്കും 12 വർഷം കടന്നുപോയിരുന്നു. അളിയൻ സുരേഷ് ബാബു ഡിസൈൻ ചെയ്ത ഭംഗിയുള്ള കുഞ്ഞു വീട്ടിലേക്ക് താമസിക്കാൻ അച്ഛനും അമ്മയുമോടൊപ്പം, ഭാര്യയും,മോളും,മോനും കൂടെ ഉണ്ടായി.....

 

സഹായിച്ചവരോടൊക്കെ നന്ദി അറിയിക്കുമ്പോഴും, ഒരു വിഷമം മായാതെ കിടക്കുന്നു...ജീവിത യാത്രയിൽ ഒരു വിസിറ്റിങ് വിസയിലൂടെ സഹായ ഹസ്തവുമായി വന്ന പ്രിയ കൂട്ടുകാരൻ, ഒന്നാം ക്ലാസ് മുതൽ 40 വയസ് വരെ കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ച പ്രിയ കൂട്ടുകാരൻ ആ വീട്ടിലേക്ക് ഒന്നു വന്നില്ല..എല്ലാ സന്തോഷവും ഉണ്ടാക്കി തന്ന അവൻ കൂടെ ഇല്ല എന്നതാണ് ഏറ്റവും വലിയ ദുഃഖം. 2017 ജൂലൈ 3 ന് കൂട്ടുകാരൻ നാട്ടിൽ വച്ചു ഒരു ബൈക്ക് അപകടത്തിൽ വിടപറഞ്ഞു...ഒരിക്കലെങ്കിലും ആ വരാന്തയിൽ ഒരുമിച്ചിരിക്കാൻ നീ ഉണ്ടായിരുന്നു എങ്കിൽ എന്നാശിച്ചു പോകുന്നു പ്രിയ കൂട്ടുകാരാ..

English Summary- Pravasi Malayali House Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com