ADVERTISEMENT

വീടുകളിൽ പൂന്തോട്ടത്തിനൊപ്പം  ഒരു ചെറിയ കുളം കൂടി വേണം എന്നാഗ്രഹിക്കുന്നവർ നിരവധിയാണ്. എന്നാൽ കുളം നിർമിക്കുന്നതിനുള്ള അമിതമായ ചെലവ്, അത് പരിപാലിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ എന്നിവ കണക്കിലെടുത്തുകൊണ്ട് പലരും കുളം ഒഴിവാക്കുകയാണ് പതിവ്. എന്നാൽ അരച്ചാക്ക് സിമന്റും 8  അരിച്ചാക്കുമുണ്ടെങ്കിൽ മനോഹരമായ ഒരു കുളം നിർമിക്കാം. ഇതിനുള്ള ചെലവാകട്ടെ 500 രൂപയിൽ താഴെയും! എന്നാൽ ഒന്ന് ശ്രമിച്ചാലോ?...

സാധാരണ കുഴി കുഴിച്ച് അതിൽ ടാർപോളിൻ ഷീറ്റ് വിരിച്ച ശേഷം വെള്ളം കെട്ടി നിർത്തി നിർമിക്കുന്ന പടുതാക്കുളങ്ങൾ എല്ലാവർക്കും സുപരിചിതമാണ്. എന്നാൽ ഇത്തരത്തിൽ നിർമിക്കുന്ന കുളങ്ങൾക്ക് ഒരു കൃത്രിമ ഛായയാണുള്ളത്. അതിനാൽ കുറച്ചു കൂടി നാച്ചുറൽ ലുക്ക് നൽകാൻ സിമന്റും ചാക്കും ഉപയോഗിച്ചുള്ള കുളത്തിനു സാധിക്കും.

ബൊട്ടാണിക്കൽ വുമൺ എന്ന യുട്യൂബ് ചാനലിലൂടെ ബൊട്ടാണിസ്റ്റ് കൂടിയായ ഷിഫാ മറിയമാണ് ഇത്തരത്തിൽ എളുപ്പമുള്ള ഒരു ആശയം പങ്കു വയ്ക്കുന്നത്. അരച്ചാക്ക് സിമന്റ്, ചണം കൊണ്ട് നിർമിച്ച 8  അരിച്ചാക്കുകൾ , അധ്വാനിക്കാനുള്ള മനസ് എന്നിവ മാത്രമാണ് പൂന്തോട്ടത്തിൽ കുളം നിർമിക്കുന്നതിന് അനിവാര്യമായ ഘടകങ്ങൾ. എത്ര വലുപ്പത്തിൽ വേണമെങ്കിലും ഈ രീതിയിൽ കുളം നിർമിക്കാം. താമരക്കുളമായും മീൻകുളമായും ഇത്തരത്തിൽ നിർമിക്കുന്ന കുളങ്ങൾ ഉപയോഗിക്കാവുന്നതാണ്.

home-pond-garden

ആദ്യമായി കുളം നിർമിക്കുന്നതിനായി സ്ഥലം കണ്ടെത്തി, അവിടെ കുഴി കുഴിക്കുക. കുറഞ്ഞത് രണ്ടടി ആഴം കുളത്തിനു അനിവാര്യമാണ് . അതിനു ശേഷം സിമന്റ് ആവശ്യമായ അളവിൽ വെള്ളം ചേർത്ത് കുഴയ്ക്കുക. ഇതിലേക്ക് മണൽ ചേർക്കേണ്ടതില്ല. ഇത്തരത്തിൽ കുഴച്ചെടുത്ത സിമന്റ് മിശ്രിതത്തിൽ ഓരോ ചാക്കുകളും മുക്കിയെടുത്ത ശേഷം കുളത്തിനായി എടുത്ത കുഴികളിൽ വിരിക്കുക. ശേഷം ഇത് ഉണങ്ങാൻ അനുവദിക്കുക. സിമന്റ് മുക്കിയ ചാക്ക് വിരിക്കുമ്പോൾ ചാക്കുകൾക്കിടയിൽ ഗ്യാപ്പ് ഉണ്ടാകരുത്. അങ്ങനെ ഉണ്ടായാൽ കുളത്തിലെ വെള്ളം മണ്ണ് വലിച്ചെടുക്കും.

കുളം നിർമിക്കുന്നതിനോടനുബന്ധിച്ചുള്ള സ്ഥലത്ത് ഏതെങ്കിലും രീതിയിലുള്ള മരത്തിന്റെ വേരുകൾ ഉണ്ടെങ്കിൽ അതും ഒഴിവാക്കണം. ഇല്ലെങ്കിൽ വേര് വളർന്ന് കുളത്തിനു ലീക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചാക്ക് വിരിച്ച കുളം ഉണങ്ങിയ ശേഷം , അതിൽ വെള്ളം കെട്ടി നിർത്തുകയും ഒഴിവാകുകയും ചെയ്യുക. ഈ രീതി കുറഞ്ഞത് മൂന്നാല് പ്രാവശ്യം ചെയ്യണം. അവസാനമായി കുളത്തിൽ ചാണകം കലക്കിയ വെള്ളം കെട്ടി നിർത്തണം. സിമന്റിന്റെ വീര്യം പൂർണമായി നശിക്കുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്. അത്രയും കൂടിയായാൽ മനോഹരമായ പൂന്തോട്ടക്കുളം തയ്യാർ. ചെലവ് 500 രൂപയിൽ താഴെ മാത്രം.

ഇനി കുളത്തിന്റെ വശങ്ങൾ കല്ലുകൾ, ചെടികൾ എന്നിവ വച്ച് മോടി പിടിപ്പിക്കാം. സിമന്റിന്റെ വീര്യം പൂർണമായും കുളത്തിൽ നിന്നും നീക്കിയ ശേഷം മീനുകളെ വളർത്തുകയോ  താമര , വാട്ടർ ലില്ലി എന്നിവ നടുകയോ ആവാം. ഒഴിവാക്കണം എന്ന് തോന്നുമ്പോൾ ഇത്തരം കുളങ്ങൾ ഒഴിവാക്കാനും എളുപ്പമാണ്.

English Summary- Garden Pond in 500 Rupees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com