ADVERTISEMENT

ഈ കൊറോണക്കാലത്ത് വീട്ടിലിരുന്നവർ കൂടുതൽ സമയം ചെലവഴിച്ചത് പൂന്തോട്ടവും മറ്റും ഒരുക്കാനാകും. പക്ഷേ പൂന്തോട്ടം ഇഷ്ടമുള്ളവരെ പിന്തിരിപ്പിക്കുന്നത് അതിന്റെ ചെലവായിരിക്കും. എന്നാൽ കാശ് ചെലവില്ലാതെ ആരെയും ആകർഷിക്കുന്ന ഒരു സ്പൈറൽ ഗാർഡൻ ഉണ്ടാക്കിയാലോ?

ഇതിനായി ആകെ വേണ്ടത് കുറച്ചു ചിരട്ടകളും ഒരു കഷ്ണം മുളയും കുറച്ചു കയറുമാണ്. അടുക്കളയിൽ ഉപയോഗശൂന്യമായി തീരുന്ന ചിരട്ടകൾ സാധാരണയായി പുറത്തേക്ക് വലിച്ചെറിയുകയാണ് പതിവ്. എന്നാൽ ഈ ചിരട്ടകൊണ്ട് പൂന്തോട്ടം ഒരുക്കാം.

ഏഴോ എട്ടോ ചിരട്ടയും ഒന്നര മീറ്റർ ഉയരമുള്ള മുളയും ആ മുള വരിഞ്ഞു കെട്ടുന്നതിനായുള്ള കയറും എടുക്കുക. മുളയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ കയറുകൊണ്ട് വരിഞ്ഞുകെട്ടുക. അടുപ്പിച്ചടുപ്പിച്ചു വേണം ഇത്തരത്തിൽ കയർ മുളയിൽ ചുറ്റുവാൻ. അതിനു ശേഷം ചിരട്ടകൾ പിടിപ്പിക്കാൻ തുടങ്ങാം. ചിരട്ടകൾ മുളയിൽ ഏത് ആകൃതിയിൽ വേണമെങ്കിലും പിടിപ്പിക്കാവുന്നതാണ്. എന്നാൽ സ്പൈറൽ രീതിയിൽ, മുകളിൽ നിന്നും താഴേക്ക്  ചുറ്റി വരുന്ന രീതിയിൽ ചിരട്ടകൾ ക്രമീകരിക്കുന്നത് കൂടുതൽ ഭംഗിയായിരിക്കും. 

bamboo-vertical-garden

ഇതിനായി ഒരു വെള്ള നൂല് ഉപയോഗിച്ച് കയറു ചുറ്റിയ മുളക്ക് മുകളിൽ സ്പൈറൽ ആകൃതി രേഖപ്പെടുത്തുക. അതിനു ശേഷം ഏകദേശം ഒരേ വലുപ്പത്തിലുള്ള ചിരട്ടകൾ നൂല് പോകുന്ന അതെ ദിശയിൽ സ്ക്രൂ ചെയ്ത് പിടിപ്പിക്കുക. ഡ്രില്ലർ ഉപയോഗിച്ച് ചിരട്ടയിൽ ഹോൾ ഇട്ടശേഷം ഒരിഞ്ചിന്റെ സ്ക്രൂ കൊണ്ട് വേണം ചിരട്ട മുളയിൽ പിടിപ്പിക്കുവാൻ.ഇത്തരത്തിൽ മുളയിൽ പിടിക്കുമ്പോൾ ഗ്രിപ്പ് കിട്ടുന്നതിനായാണ് മുളയിൽ കയർ ചുറ്റുന്നത്. 

അതിനുശേഷം ചിരട്ടയിൽ വെള്ളത്തിൽ വളരുന്ന സസ്യങ്ങൾ നടാം. മണ്ണ് ഇടുമ്പോൾ ചിരട്ടയ്ക്ക് അമിതഭാരം ഉണ്ടാകും എന്നതിനാലാണ് ഭാരം കുറഞ്ഞ രീതിയിൽ നടുന്ന ചെടികൾ  നിർദേശിക്കുന്നത്. ക്ലേ ബോൾസ് ഇട്ട ശേഷം , വെള്ളം ഒഴിച്ച് മണിപ്ലാന്റുകൾ നടുന്നതാകും ഉചിതം. അതാകുമ്പോൾ അധികം പരിചരണം കൂടാതെ തന്നെ മികച്ച രീതിയിൽ വളരും. ഇത്തരത്തിൽ നിർമിച്ച സ്പൈറൽ ഗാർഡൻ വീടിനകത്തോ, സിറ്റ് ഔട്ടിലോ പുറത്തോ വയ്ക്കാവുന്നതാണ് .

ഇത്തരത്തിൽ നിർമിച്ച സ്പൈറൽ ഗാർഡൻ വീടിനകത്ത് വയ്ക്കുമ്പോൾ മുള ഉറപ്പിക്കുന്നതിനായി ഒരു സ്റ്റാൻഡ് കൂടി ഉണ്ടാക്കുന്നതാണ് ഉചിതം. അതിനു കഴിയില്ലെങ്കിൽ ഒരു ചെടിച്ചട്ടിയിൽ മണ്ണ് നിറച്ച അതിൽ കുഴിച്ചിടാം. ആവശ്യാനുസരണം വീടിന്റെ ഏത് ഭാഗത്തേക്ക് വേണമെങ്കിലും മാറ്റുകയുമാകാം.

English Summary- Vertical Garden Using Bamboo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com