വീട് പുഷ്പം പോലെ എടുത്തുമാറ്റുന്നത് കണ്ടോ! കേരളത്തിൽ ഹിറ്റായി പുതിയ ടെക്നിക്

house-lifting-technique
SHARE

കഴിഞ്ഞ രണ്ടു പ്രളയങ്ങളിൽ വെള്ളം കയറി നശിച്ച മധ്യകേരളത്തിലെ നൂറുകണക്കിന് വീടുകൾക്ക്  ഇക്കുറി പ്രളയത്തെ പേടിക്കേണ്ട. കാരണം മധ്യകേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ പുതിയൊരു ട്രെൻഡ് പ്രചാരത്തിലുണ്ട്. വീട് ഉയർത്തിമാറ്റുക! കഴിഞ്ഞ മൂന്നു വർഷത്തിനിടെ കുട്ടനാട്, ആലപ്പുഴ, കൊച്ചി, കായംകുളം തുടങ്ങിയ പ്രദേശങ്ങളിൽ നൂറു കണക്കിന് വീടുകളാണ് ഇത്തരത്തിൽ ഉയർത്തിമാറ്റിയത്. ഇപ്പോൾ മലബാറിലെ പ്രളയബാധിത പ്രദേശങ്ങളിലും ഈ രീതി തുടങ്ങിയിട്ടുണ്ട്. ഹരിയാനയിൽ നിന്നുള്ള സർദാർജിമാരുടെ പ്രഫഷനൽ സംഘമാണ് ഒട്ടുമിക്ക ഉയർത്തലിനും പിന്നിൽ.

വെള്ളം കയറുന്നതുപോലെയുള്ള ബുദ്ധിമുട്ടുകൾ നല്ലൊരു പരിധിവരെ പരിഹരിക്കാമെന്നതും പുതിയ വീട് പണിയുന്നതിനെ അപേക്ഷിച്ച് ചെറിയ തുകയേ ചെലവ് വരൂ എന്നതുമാണ് വീട് ഉയർത്തലിന്റെ മെച്ചം. ചതുരശ്രയടിക്ക് 250 രൂപ നിരക്കിലാണ് ഇതിന്റെ പണിക്കൂലി. രണ്ടായിരം ചതുരശ്രയടി വലുപ്പമുള്ള വീട് മൂന്ന് അടി ഉയർത്താൻ അഞ്ചുലക്ഷം രൂപ പണിക്കൂലിയാകും. സിമന്റ്, കമ്പി തുടങ്ങി നിർമാണസാമഗ്രികൾക്കായി നാല് ലക്ഷം രൂപയ്ക്കടുത്തും ചെലവാകും

കുട്ടിക്കളിയല്ല വീടുയർത്തൽ...

lifting2

അതീവ വൈദഗ്ധ്യമുള്ള തൊഴിലാളികളും അണുവിട തെറ്റാതെ കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിലേ സംഗതി വിജയിക്കൂ. വിദഗ്ധ സംഘമെത്തി വീടിന്റെ ഉറപ്പും ബലവും ആയുസ്സുമൊക്കെ പരിശോധിക്കുന്നതാണ് വീടുയർത്തലിന്റെ ആദ്യഘട്ടം. എത്ര അടി പൊക്കണം, ഇതിന് എന്തെല്ലാം സജ്ജീകരണങ്ങള്‍ വേണം, ഓരോ ഘട്ടവും പൂർത്തിയാക്കാൻ എത്ര സമയം വേണം എന്ന കാര്യങ്ങളെല്ലാം ആദ്യമേ തീരുമാനിച്ചുറപ്പിക്കും. ഈ വിവരങ്ങൾ എല്ലാം ഉൾപ്പെടുന്ന കരാറിൽ ഇരുകൂട്ടരും ഒപ്പുവച്ച ശേഷമേ ജോലി ആരംഭിക്കൂ. വീടിന്റെ അടിത്തറയ്ക്കു താഴെ ഓരോന്നായി ഇരുമ്പ് ജാക്ക് പിടിപ്പിച്ച് വീട് മുഴുവനായി ജാക്കിന് മുകളിൽ വരുംവിധം ക്രമീകരിക്കുകയും അതിനുശേഷം ഒരേ അളവിൽ ജാക്ക് തിരിച്ച് വീട് ഉയർത്തിയശേഷം കട്ടകെട്ടി ബലപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

വീടുയർത്തൽ ഇങ്ങനെ...

lifting1

1500 ചതുരശ്രയടി വലുപ്പമുള്ള വീട് ഉയർത്താൻ 250 മുതൽ 350 ജാക്ക് വരെ ആവശ്യമായി വരും. 30 മുതൽ 40 വരെ ജോലിക്കാരുടെ കൂട്ടായ പരിശ്രമത്താലാണ് വീട് ഉയർത്തുക. ഏകദേശം ഒന്നരമാസം കൊണ്ട് ജോലികൾ പൂർത്തിയാകും.

ചുവരുകളുടെ രണ്ടുവശത്തും രണ്ടരയടി താഴ്ചയിലും വീതിയിലും കുഴിയെടുക്കുന്നതാണ് വീടുയർത്തലിന്റെ ആദ്യപടി. അതിനുശേഷം അടിത്തറ അൽപം പൊട്ടിച്ച് ജാക്ക് പിടിപ്പിച്ചു തുടങ്ങും. അടിത്തറയ്ക്കു താഴെ കോൺക്രീറ്റ് ബെൽറ്റ് ഉള്ള വീടുകളാണെങ്കിൽ ജാക്ക് പിടിപ്പിക്കാൻ എളുപ്പമാണ്. ഇതില്ലാത്ത സ്ഥലങ്ങളിൽ അടിത്തറയ്ക്കുതാഴെ ഇരുമ്പിന്റെ സി ചാനൽ പൈപ്പ് പിടിപ്പിച്ച് അതിലാണ് ജാക്ക് ഉറപ്പിക്കുക.

വീട് മുഴുവൻ ജാക്കിനു മുകളിൽ ആയിക്കഴിഞ്ഞശേഷം ജാക്ക് അൽപാൽപമായി തിരിച്ച് ഉയർത്തും. ഒരേ സമയം 30 ജാക്ക് ആയിരിക്കും ഉയർത്തുക. ഓരോ മില്ലിമീറ്റര്‍ വീതമാണ് കെട്ടിടം ഉയർത്തുക. ഒരടി ഉയർത്തിക്കഴിഞ്ഞാൽ അടിത്തറയ്ക്കു താഴെയുള്ള ഭാഗത്ത് മൂന്ന് അടി വീതിയിലും ആറിഞ്ച് കനത്തിലും പുതിയ ബെൽറ്റ് വാർത്ത് അതിനു മുകളിൽ പുതിയ അടിത്തറ കെട്ടും. ഓരോ ജാക്ക് വീതം എടുത്തുമാറ്റിയാണ് കട്ട കെട്ടുക.

ആവശ്യമായ അളവിൽ കെട്ടിടം ഉയർത്തിക്കഴിഞ്ഞ ശേഷം പ്രത്യേക രീതിയിൽ തയാറാക്കിയ കോൺക്രീറ്റ് മിശ്രിതംകൊണ്ട് കെട്ടിടത്തെയും പുതിയ അടിത്തറയെയും ബന്ധിപ്പിക്കും. ചുവരിനടിയിൽ രണ്ട് മീറ്ററോളം നീളത്തിൽ മൂന്ന് വശവും പലക കെട്ടിത്തിരിച്ച് പ്രത്യേക പമ്പ് ഉപയോഗിച്ചാണ് കോൺക്രീറ്റ് നിറയ്ക്കുന്നത്.

lifted-house-interiors

കെട്ടിടം ഉയർത്തിക്കഴിഞ്ഞാൽ മുറ്റവും വീടിനുൾഭാഗവും മണ്ണിട്ട് ഉയർത്തണം. അകം ഉറപ്പിച്ച് പരുക്കനിട്ട ശേഷം പുതിയ തറ നിർമിക്കണം. ഇതല്ലാതെ വയറിങ്, പ്ലമിങ് എന്നിവയൊന്നും മാറ്റേണ്ട ആവശ്യം വരുന്നില്ല. പൈപ്പ് കണക്ഷൻ തൽക്കാലത്തേക്ക് വിച്ഛേദിച്ച് പണി പൂർത്തിയായ ശേഷം കൂട്ടിയോജിപ്പിക്കേണ്ടിവരും.

ചെലവ്, സമയം...

∙ ചതുരശ്രയടിക്ക് 250 രൂപ മുതലാണ് വീട് ഉയർത്തുന്നതിനുള്ള പണിക്കൂലി.

∙ ഏകദേശം ഒന്നരമാസംകൊണ്ട് ഉയർത്തൽ ജോലികൾ പൂർത്തിയാകും.

∙ വീട് ഉയർത്തിക്കഴിഞ്ഞ് ഫ്ലോറിങ് മുഴുവൻ പുതുക്കേണ്ടിവരും.

∙ വയറിങ്, പ്ലമിങ്, വാതിൽ, ജനൽ എന്നിവയൊന്നും മാറ്റേണ്ടി വരില്ല.

English Summary- House Lifting Technique for Flood Prevention

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA