sections
MORE

കാശു വീശിയെറിയേണ്ട; കുറഞ്ഞ ചെലവിൽ ഭംഗിയുള്ള മേൽക്കൂര ഒരുക്കാൻ വഴികൾ

santilal-own-house
Representative Image
SHARE

മേൽക്കൂര വാർക്കാതെ കമ്പിയിട്ട് ഓടു പാകുന്നതു സാമ്പത്തികമായി വളരെ ലാഭം നൽകും. വേണമെങ്കില്‍ സുരക്ഷയ്ക്കായി മച്ചോ ഫാൾസ് സീലിങ്ങോ നൽകാം. കാഴ്ചയ്ക്കുള്ള അഭംഗിയും കുറയും. ചെലവു കുറയ്ക്കാനായി ഓടു വച്ചു വാർക്കുന്ന ഫില്ലർ സ്ലാബ് രീതിയും അവലംബിക്കുന്നുണ്ട്. കമ്പിയുടെയും കോൺക്രീറ്റിന്റെയും ഉപയോഗം ഗണ്യമായി കുറയ്ക്കാനും അങ്ങനെ ചെലവു ചുരുക്കാനും ഈ രീതി വഴി സാധിക്കുന്നു. ഇതിൽ കമ്പികൾക്കിടയിൽ ഒരു നിശ്ചിത അകലത്തിൽ വില കുറഞ്ഞ ഓടു നിരത്തി കോൺക്രീറ്റ് ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. ചിലയിടങ്ങളിൽ ഓടിനു പകരം ഫില്ലറായി ഹോളോബ്രിക്സും ഉപയോഗിക്കാറുണ്ട്. ഈ സ്ലാബിന് സാധാരണ സ്ലാബിനെക്കാൾ ഭാരം കുറവായിരിക്കുമെങ്കിലും ഉറപ്പിന് യാതൊരു കുറവും വരില്ല. ഒപ്പം, കമ്പി, മെറ്റൽ, സിമെന്റ് എന്നിവയുടെ ചെലവും കാര്യമായി കുറയ്ക്കാൻ കഴിയും. ഫില്ലർ സ്ലാബിനു നാലര മീറ്റർ ക്യൂബ് കോൺക്രീറ്റാണ് കുറവു വരിക. ഓടിന്റെ ചെലവു കൂടി കൂട്ടുമ്പോൾ പതിനായിരം രൂപയ്ക്കു മേൽ ലാഭം വരും.

റൂഫിങ്ങിന് ഹുരുഡീസും!

കോൺക്രീറ്റ് വാർപ്പിന് പകരം ലോക്ക് ചെയ്യാവുന്ന ഹുരുഡീസ് ഉപയോഗിച്ചും ചെലവു കുറയ്ക്കാം. റൂഫിങ്ങിനു വേണ്ടി മാത്രമായി ഉണ്ടാക്കുന്ന ഹുരുഡീസ് ഇതിനായി ഉപയോഗിക്കാം. ഹുരുഡീസ് ഇളകാതിരിക്കാനായി കോൺ ക്രീറ്റ് കൊണ്ട് പ്ലാസ്റ്റർ ചെയ്യാം. കമ്പിയുടെയും മണലിന്റെ യുമെല്ലാം ഉപയോഗം നല്ലൊരളവു വരെ ഹുരുഡീസ് കുറയ്ക്കും. ഇവ മുറികൾക്ക് അകത്തെ ചൂടു കുറയ്ക്കാനും സഹായകമാണ്.

12-lakh-hurudees-home-exterior

മേൽക്കൂരയ്ക്കു മുകളിൽ ഓട്

കഴുക്കോലും പട്ടികയും ഉപയോഗിച്ച് ഓടു മേയുന്നതാണ് പഴയ രീതി. സ്വന്തമായി മരം ഇല്ലാത്തവർക്ക് തടിക്കായി നല്ല പൈസ ചെലവാകും. അതുകൊണ്ട് ഇപ്പോൾ കോൺക്രീറ്റിൽ മേൽക്കൂര വാർക്കുകയാണ് ചെയ്യുന്നത്. മേൽക്കൂര ചെരിച്ചു വാർത്ത് ചോർച്ചയൊഴിവാക്കാനായി മുകളിൽ ഓടു പാകുന്ന രീതിയും വ്യാപകമാണിപ്പോൾ. സാധാരണ ഓട്, കോൺക്രീറ്റ് റൂഫിങ് ടൈലുകൾ, ഷിങ്കിൾസ് എന്നിവയൊക്കെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. സാധാരണ ഓടുകൾക്കു മുകളിൽ പെയിന്റ് അടിക്കണം. എന്നാൽ കോൺക്രീറ്റ് റൂഫിങ് ടൈലുകൾക്കു മുകളിൽ പെയിന്റ് അടിക്കേണ്ടതില്ല. മാത്രമല്ല, പായൽ പിടിക്കില്ല എന്ന ഗുണവുമുണ്ട്. 1000 സ്ക്വയർ ഫീറ്റ് വീടിന് ഏകദേശം 125 ഓടുകൾ വേണം. അതേ സ്ഥാനത്ത് കോൺ ക്രീറ്റ് ടൈലുകൾ 80–85 എണ്ണം മതിയാകും. റൂഫിന് സാധാരണ 20–25 ഡിഗ്രി ചെരിവാണ് നൽകുന്നത്. ഇതിൽ കൂടിയാൽ പണിയാൻ ബുദ്ധിമുട്ടാണ്.

ഫ്ളാറ്റ് റൂഫിന് താരതമ്യേന ചെലവ് കുറവാണ്. ഫ്ളാറ്റ് റൂഫിന് മുകളിലായി ചോർച്ചയുണ്ടാകാതിരിക്കാനായി ട്രസ്സ് ഇടുന്നത് ഇപ്പോൾ വ്യാപകമായിക്കൊണ്ടിരിക്കുന്നു. തടിക്കു പകരം സ്റ്റീൽ പൈപ്പുകൾ പാകി ഓടിടുകയാണു ചെയ്യുന്നത്. ഇങ്ങനെ ട്രസ്സ് റൂഫ് ഒരുക്കിയാൽ ആ സ്പെയ്സ് തുണി അലക്കിയിടാനോ ജിമ്മിനോ പാർട്ടി ഏരിയയ്ക്കോ ഒക്കെയായി ഉപയോഗപ്പെടുത്താൻ സാധിക്കും എന്ന മെച്ചവുമുണ്ട്. ഓടിനു പകരം അലൂമിനിയം ഷീറ്റോ ജിഐ ഷീറ്റോ ഇട്ടാൽ ചെലവു കുറച്ചു കൂടി കുറയ്ക്കാൻ സാധിക്കും.

വീടിനു ചുറ്റും സൺഷെയ്ഡ് അധികച്ചെലവു വരുത്തും!

traditional-house-alappuzha-exterior

വീടിനു ചറ്റും സൺഷെയ്ഡ് വയ്ക്കണമെന്നില്ല. ജനലിനു മുകളിൽ മാത്രം മതിയാകും. ഇതു കോൺക്രീറ്റ് ഉപയോഗിക്കാതെ ഫെറോസിമെന്റ്, ട്രസ്സ് വർക്ക് തുടങ്ങിയവകൊണ്ടു ചെയ്യാം. സൺഷെയ്ഡിന്റെ ചെലവിനെക്കാൾ പകുതിയിൽ താഴെയേ ഇതിനു ചെലവു വരൂ. ജനലിനു മുകളിൽ ലിന്റൽ വാർക്കണമെന്നു നിർബന്ധമില്ല. ലിന്റൽ അത്യാവശ്യമുള്ളി ടത്തു മാത്രം നൽകിയാൽ മതി. ഇത്തരം കാര്യങ്ങളിലെ അവസാന തീരുമാനം സ്ട്രക്ചറൽ എൻജിനീയറുടേതായിരിക്കുന്നതാണു നല്ലത്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA