sections
MORE

ചോർന്നൊലിക്കുന്ന വീട് ഇനി ഓർമ, അച്ഛനമ്മാർക്കായി വൈജേഷിന്റെ സ്നേഹസമ്മാനം

love-hom
SHARE

സ്വന്തമായി ഒരു വീട് ഏതൊരു വ്യക്തിയുടെയും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. എന്നാൽ ആ സ്വപ്നം യാഥാർഥ്യമാക്കുന്നതിന് മുൻപായി പലവിധത്തിലുള്ള കടമ്പകൾ കടക്കേണ്ടതായി വരും. ഇത്തരത്തിൽ ടാർ ഷീറ്റ് ഇട്ട് ചോർന്ന് ഒലിക്കുന്ന വീട്ടിൽ നിന്നും സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട്ടിലേക്ക് ചേക്കേറിയതിനു പിന്നിലെ കഥകൾ പങ്കുവയ്ക്കുകയാണ് അടൂർ സ്വദേശിയായ വൈജേഷ് മധു .

''ഒരു തേച്ച വീടിനുള്ളിൽ കിടന്നിട്ട് ചത്താൽ മതിയാരുന്നു'' എന്ന അച്ഛന്റെ വാക്കുകളാണ് വൈജേഷിന്‌ ഊർജ്ജമായത്. ഏട്ടൻ വൈശാഖിനൊപ്പം  സ്വപ്നഗൃഹം യാഥാർഥ്യമായതിന്റെ സന്തോഷം പങ്കുവച്ച്  വൈജേഷ് ഫേസ്‌ബുക്കിൽ കുറിച്ച തന്റെ വീടിന്റെ കഥയിങ്ങനെ....

ഒരു കഥ സൊല്ലട്ടുമാ, 23 വർഷത്തെ കാത്തിരിപ്പിൻ്റെ കഥ

''ആ ഭിത്തിയിൽ ചാരി ഇരിക്കല്ലെ കൊച്ചെ തലയിലെ അഴുക്ക് പറ്റും, എൻ്റെ മോൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ''

വൈദ്യുതിയോ വെളിച്ചമോ ഒന്നും ഇല്ലാതിരുന്ന കാലത്ത് അയൽവക്കത്തെ വീട്ടിൽ ടി.വി കാണാൻ പോകുന്നത് പതിവായിരുന്നു. അവിടെ തറയിൽ ഭിത്തിയോട് ചേർന്ന് ഇരിക്കുമ്പോൾ എൻ്റെ അമ്മ നേരിടേണ്ടി വന്നിരുന്ന സ്ഥിരം പല്ലവി ആയിരുന്നു.

old-homടാർ ഷീറ്റ് ഇട്ട് ചോർന്ന് ഒലിക്കുന്ന വീട്ടിൽ മണ്ണെണ്ണ വിളക്കിൻ്റെ വെട്ടത്തിൽ ഉറങ്ങാതെ ചോർച്ച ഇല്ലാത്ത സ്ഥലങ്ങളിലേക്ക് മാറ്റി മാറ്റി കിടത്തിയായിരുന്നു അച്ഛനും അമ്മയും ഞങ്ങളെ വളർത്തിയത്. പല നാളുകൾ പട്ടിണി കിടന്നിട്ടുണ്ട്, പലരുടെയും കടുപ്പിച്ച വാക്കുകൾക്ക് മുന്നിൽ തല താഴ്ത്തി നിന്നിട്ടുണ്ട്. ബ്ലേഡിന് പൈസ എടുത്ത് ഒരാഴ്ച മുടങ്ങിയാൽ ചീത്ത പറയുന്ന അണ്ണാച്ചിയേ പേടിച്ച് ഒളിച്ചിരുന്നിട്ടുണ്ട്. അങ്ങനെ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചു. നല്ലയൊരു വീട് ഇല്ലാത്തത് കൊണ്ട് പഠിക്കുന്ന കാലത്ത് ഓരോ കൂട്ടുകാരെയും വീട്ടിലേക്ക് വിളിക്കാൻ നാണക്കേട് ആയിരുന്നു (ഊതി കുടിക്കാൻ കഞ്ഞി ഇല്ലേലും ഭയങ്കര അഭിമാനി ആയിരുന്നു. ഒരിക്കലും പ്രവാസി ആവില്ല എന്നുറപ്പിച്ച ഞാൻ ഡിഗ്രി ക്ക് ശേഷം നൈസ് ആയിട്ട് തേഞ്ഞു. 2018 ഓഗസ്റ്റ് 15 ന് നമ്മുടെ സ്വാതന്ത്ര്യദിനത്തിൽ ഒരു പ്രവാസി ആയി മാറി.''അമ്മയ്ക്ക് ഒരു സ്വർണ്ണമാല, 4 പേര് വന്നാൽ നാണക്കേടില്ലാതെ കേറിയിരിക്കാൻ പറയാൻ ഒരു കൊച്ചു വീട്'' ഇതായിരുന്നു മോഹം.

ആദ്യ ലീവിന് പോയപ്പോൾ തന്നെ മാല എന്ന ആഗ്രഹം സാധിച്ചു. നാട്ടിൽ എത്തിയ എന്നോട് ഒര ദിവസം അത്താഴം കഴിഞ്ഞ് അച്ഛൻ്റെ കമൻ്റ് ''ഒരു തേച്ച വീടിനുള്ളിൽ കിടന്നിട്ട് ചത്താൽ മതിയാരുന്നു'' എന്ന്. പിന്നീട് വാശി കൂടി. എന്ത് വന്നാലും വീട് വയ്ക്കണം എന്ന ആഗ്രഹമായി. അങ്ങനെ ഞാനും ഏട്ടനും കൂടി പ്ലാൻ ഇട്ട് ലീവ് തീർന്ന് തിരിച്ച് പോരുന്നതിന് മുൻപ് തന്നെ വീടിൻ്റെ പണികൾ തുടങ്ങി വച്ചു. ഇടയിൽ ഒരുപാട് കഷ്ടപ്പെട്ടു.. അപ്പോഴെല്ലാം സഹായിക്കാനായി ഒരുപാട് സുഹൃത്തുക്കൾ കൈത്താങ്ങായി നിന്നു. കുറച്ച് കടം ഉണ്ടായി എന്നിരുന്നാലും ഇന്നലെ ആയിരുന്നു ആ സുദിനം. ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് ഞങ്ങളും ഒരു കൊച്ചു വീട് സ്വന്തമാക്കി. പപ്പയും അമ്മയും അവർ ആഗ്രഹിച്ച സ്വപ്നത്തിലേക്ക് കാലെടുത്ത് വച്ചു.

ഒരുപാട് സപ്പോർട്ട് തന്ന് ഓരോ ചുവടും തിരക്കിക്കോണ്ടിരുന്ന ഒത്തിരി സുഹൃത്തുക്കൾ ഉണ്ട്, നന്ദി ഒരുപാട് സ്നേഹം.

English Summary- Youth Build House for Parents

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA