ADVERTISEMENT

പുതിയതായി വീടു നിർമിക്കാൻ പോകുന്നവർ ആദ്യം ഉത്തരം തേടേണ്ട ചോദ്യങ്ങളിൽ ഒന്നാണിത്. ഒറ്റ നില വീടിനും ഇരു നില വീടിനും അതിൻേറതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. വീട്ടുടമയുടെയും കുടുംബത്തിൻെറയും സാഹചര്യങ്ങളും താൽപര്യങ്ങളുമാണ് ഇക്കാര്യത്തിൽ അന്തിമം. എങ്കിലും ചില കാര്യങ്ങൾ കൂടി പറഞ്ഞുവയ്ക്കുന്നു.

കുറഞ്ഞ വിസ്തീർണത്തിലുള്ള സ്ഥലമേ വീടുപണിയാൻ കയ്യിലുള്ളൂ. എന്നാൽ കൂടുതൽ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു. അങ്ങനെയുള്ള കുടുംബമാണെങ്കിൽ രണ്ടു നില വീട് അഭികാമ്യമാണ്. അതുപോലെ സ്ഥലത്തിനു വളരെ ഉയർന്ന വില ലഭിക്കുന്ന പ്രദേശമാണെങ്കിൽ, കയ്യിൽ ആവശ്യത്തിനു സ്ഥലമുണ്ടെങ്കിലും ഈ വഴി തന്നെ ചിന്തിക്കാം. ഭാവിയിൽ മക്കൾക്കായി മറ്റൊരു വീടു കൂടി പണിയേണ്ടി വന്നാലോ ഏതെങ്കിലും സാഹചര്യത്തിൽ പണത്തിനു അത്യാവശ്യമുണ്ടായിട്ട് കുറച്ചു സ്ഥലം വിൽക്കാൻ തോന്നിയാലോ ഇതു സഹായകരമായിരിക്കും. ഇനി വീടിനു മുകളിൽ ഒരു നില കൂടി പണിതിട്ട് അതു വാടകയ്ക്കു കൊടുത്തു വരുമാനമുണ്ടാക്കാമെന്നൊരു മോഹം മനസിലുണ്ടെങ്കിലും ഇരുനില വീട്ടിലേക്കെത്താം. ഇതൊന്നുമല്ലെങ്കിലും ഇരുനില വീട് തന്നെ പണിയാനാണ് തീരുമാനമെങ്കിൽ അതൊരു സ്വപ്ന സാക്ഷാത്ക്കാരത്തിെൻറ ഭാഗമായിരിക്കും.

ഉയർന്ന നിർമാണച്ചെലവും ഉപയോഗിക്കുന്നതിലെയും അറ്റകുറ്റപ്പണികൾ നടത്തുന്നതിലെയും പ്രായോഗിക ബുദ്ധിമുട്ടുകളും ഇരുനില വീടുകളുടെ സ്വീകാര്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നു.നോക്കാനോ അന്വേഷിക്കാനോ ആളില്ലാതെ പൊടിയും മാറാലയും പിടിച്ച മുകൾനിലകൾ കേരളത്തിലെ ഇരുനില വീടുകൾക്കിടയിൽ ധാരാളമുണ്ടല്ലോ. ഒരിക്കലും വരാത്ത അതിഥികളെ കാത്തും രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ അവധിക്ക് എത്തുന്ന മക്കളെ കാത്തും മുറികളങ്ങനെ കിടക്കും.

വാസ്തു ശാസ്ത്രത്തിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും വീട്ടിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഒരു മൂല പോലും ഉണ്ടാകരുത് എന്നത് വസ്തുത തന്നെയാണ്. അലസമായ മനസ് ചെകുത്താെൻറ പണിപ്പുരയെന്നു പറയുന്നതു പോലെ വീട്ടിൽ നിർജ്ജീവ ഭാഗങ്ങളുണ്ടെങ്കിൽ അവിടെ നെഗറ്റീവ് എനർജി നിറയാം. കൂടുതൽ സ്ഥലം നഷ്ടപ്പെടുത്തുന്നുവെന്ന ന്യൂനതയാണ് ഒറ്റനില വീടുകൾക്ക് പൊതുവെ പറയാവുന്നത്. ഭൂമിയിൽ വാസയോഗ്യമായ സ്ഥലത്തിൻെറ അളവ് കുറവെന്ന രീതിയിൽ ഒറ്റനില വീടുകളെ നിരുത്സാഹപ്പെടുത്തുന്നവരുണ്ട്. എങ്കിലും കുടുംബാംഗങ്ങൾ തമ്മിലുള്ള ഇടപഴകലുകൾക്കും കൂട്ടായ്മയ്ക്കും ഒറ്റ നില വീടുകളാണ് കൂടുതൽ‌ സൗകര്യപ്രദം. താഴെയും മുകളിലും രണ്ടു ലോകങ്ങളിലെന്ന പോലെയുള്ള തോന്നൽ ഇവിടെ ഉണ്ടാകുന്നില്ല. 

അംഗങ്ങളുടെ സാന്നിധ്യം പരസ്പരം അറിയാനും മുറികളിൽ മക്കൾ എന്തു ചെയ്യുന്നുവെന്നു മാതാപിതാക്കൾക്ക് വീക്ഷിക്കാനും ഒറ്റനില വീടുകൾ ഉപകരിക്കുന്നു. വീടുകളുടെ അറ്റകുറ്റപ്പണിയും ഇവിടെ എളുപ്പമാണ്. കുറഞ്ഞ ചെലവിൽ വീടു പണിയാൻ ആഗ്രഹിക്കുന്നവർക്കും പ്രായോഗികം ഒറ്റനില വീടുകൾ തന്നെ. ഫൗണ്ടേഷൻ‌ മുതൽ മേൽക്കൂര വരെ ചെലവു കുറയ്ക്കുന്നതിനൊപ്പം വീടിെന്റ ഉറപ്പിനെക്കുറിച്ചുള്ള ടെൻഷനും രണ്ടുനില വീടുകളെ അപേക്ഷിച്ച് കുറയ്ക്കാൻ കഴിയും. അതുപോലെ സ്റ്റെയർ കേസിനും മുകൾ നിലയിലെ ലിവിങ്ങിനും ബാൽക്കണിക്കും എല്ലാം നഷ്ടപ്പെടുത്തുന്ന ചതുരശ്രയടികൾ ചേർത്തുവച്ചാൽ ഒറ്റ നില വീടുകളിൽ ഒന്നോ രണ്ടോ മുറി കൂടി തീർക്കാൻ കഴിയും.

English Summary- Single Floor or Double Floor better

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com