വീട്ടിൽ ഇതിനു വേണ്ടി അൽപം പണം മുടക്കിയാൽ പേടിയില്ലാതെ ജീവിക്കാം!

smart-home-future
Representative Image
SHARE

അടച്ചുറപ്പുള്ള വീടു നിർമിച്ചതുകൊണ്ടു മാത്രം അതിനകത്തു സുരക്ഷിതമായിരിക്കും എന്നു കരുതാനാകില്ല. സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് ഹൈടെക് രീതിയിൽ മോഷണം നടത്തുന്ന കള്ളന്മാരാണ് ഇപ്പോൾ നാട്ടിലുള്ളത്. വീടു നിർമാണത്തിനായി ബജറ്റ് തയാറാക്കുമ്പോൾ അത്യാവശ്യം വേണ്ട സെക്യൂരിറ്റി ഫിറ്റിങ്ങുകൾക്കായും പണം മാറ്റിവയ്ക്കാൻ മറക്കണ്ട. 

ലേസർ കട്ടർ കൊണ്ട് പൂട്ട് തകർത്ത് അകത്തു കടന്ന്, മെറ്റൽ / ഗോൾഡ് ഡിറ്റെക്ടറുകൾ ഉപയോഗിച്ച് വീട്ടിൽ എവിടെയാണ് സ്വർണം വച്ചിരിക്കുന്നത് എന്നു കണ്ടെത്തി മോഷണം നടത്തുന്ന വിരുതന്മാരാണ് ഇന്നു നമ്മുടെ നാട്ടിൽ ഉള്ളത്. ഇവരെ ചെറുക്കുന്നതിനായി മുൻനിര ബ്രാൻഡുകളുടെ ലോക്കുകളും ഉയരമേറിയ മതിലുകളും ശൗര്യമുള്ള നായ്ക്കളും ഒന്നും പര്യാപ്തമല്ല. 

കൂട്ടുകുടുംബങ്ങൾ പലതും അണുകുടുംബങ്ങളായി മാറിയിരിക്കുന്ന ഈ കാലത്ത് പലവീടുകളിലും പകൽ സമയങ്ങളിൽ വൃദ്ധരായ മാതാപിതാക്കൾ മാത്രമായിരിക്കും ഉണ്ടാകുക. അതിനാൽത്തന്നെ മോഷണങ്ങളുടെ ഏറിയ പങ്കും നടക്കുന്നത് പകൽ സമയങ്ങളിൽ തന്നെയാണ്. മോഷ്ടാക്കളിൽനിന്നു ജീവനും സ്വത്തും സംരക്ഷിക്കണം എങ്കിൽ വീടിനു മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ടതായുണ്ട്. 

പതിനായിരം രൂപ മുതൽ ഒന്നര ലക്ഷം രൂപവരെ മുടക്കി ചെയ്യാവുന്ന സുരക്ഷാസംവിധാനങ്ങൾ ഇന്നു ലഭ്യമാണ്. ബർഗ്ലർ അലാം, സിസി ടിവി, വിഡിയോ ഡോർ ഫോൺ തുടങ്ങിയ സംവിധാനങ്ങളാണ് അടിസ്ഥാനപരമായി ഒരു വീടിന്റെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്നത്. വീടു പണിയുമ്പോൾ ഒരു നിശ്ചിത തുക ഇവ സ്ഥാപിക്കുന്നതിനായി ചെലവഴിച്ചാൽ ശേഷിച്ചകാലം പേടിയില്ലാതെ ജീവിക്കാം.

ബർഗ്ലർ അലാം

home-security

എല്ലാ വീടുകളിലും ഉപയോഗിക്കാൻ കഴിയുന്ന ഒരു സുരക്ഷാ ഉപകരണമാണ് ബർഗ്ലർ അലാം. വീട്ടിൽ കവർച്ച തടയാൻ ഈ ഉപകരണം സഹായിക്കുന്നു. അനധികൃതമായി ആരെങ്കിലും വീടിനകത്തേക്കു കടക്കാൻ ശ്രമിച്ചാൽ വീടിന്റെ വിവിധ ഭാഗങ്ങളിലായി ഘടിപ്പിച്ചിക്കുന്ന അലാം വലിയ ശബ്ദത്തിൽ മുഴങ്ങും. ഇപ്പോൾ ഗ്ലാസിന്റെ വൈബ്രേഷനനുസരിച്ച് പ്രവർത്തിക്കുന്ന അലാമും നിലവിലുണ്ട്. പ്രധാന വാതിലുകളോടു ചേർന്നാണ് ബർഗ്ലർ അലാം വയ്ക്കുക. ആവശ്യമെങ്കിൽ ഗൃഹനാഥന് ബർഗ്ലർ അലാം നിശ്ചിത സമയത്തേക്കു പ്രവർത്തനരഹിതമാക്കുവാനും സാധിക്കും. വീടിന്റെ ഉള്ളിൽനിന്നാണ് ഇതിന്റെ പ്രവർത്തനമത്രയും. ഇലക്ട്രിക്, ബാറ്ററി ബാക്ക്അപ്പോടു കൂടിയ ബർഗ്ലർ അലാമിന് 4,800 രൂപയാണു തുടക്കവില. 

ഇന്റർകോം

വൃദ്ധരായ അച്ഛനും അമ്മയും ഉള്ള വീടാണ് എങ്കിൽ ഈ ഫെസിലിറ്റി പ്രയോജനപ്പെടും. ഒരു വീടിനുള്ളിലെ വിവിധ മുറികളിലിരുന്നുകൊണ്ട് മൈക്രോഫോൺ, ലൗഡ് സ്പീക്കർ എന്നിവവഴി പുറമേയുള്ളവരോടു ആശയവിനിമയം നടത്താനുള്ള സംവിധാനമാണ് ഇന്റർകോം. ഇന്റർകോം സംവിധാനത്തെ ടെലിഫോൺ, ടെലിവിഷൻ, കംപ്യൂട്ടർ, ഡോർ ക്യാമറകൾ എന്നിവവഴി ബന്ധിപ്പിച്ചു പ്രവർത്തിക്കാൻ കഴിയും. ഈ മാർഗങ്ങൾ വഴിയും മേൽപറഞ്ഞ രീതിയിൽ അപായ സന്ദേശങ്ങൾ കൈമാറാനാകും. അതായത്, സ്വന്തം വീട്ടിൽ ഇരുന്നുകൊണ്ടു നേരിട്ടു തൊട്ടടുത്ത മുറിയിലേക്കും കംപ്യൂട്ടർ മുഖാന്തരം മൈലുകൾക്കപ്പുറത്തുള്ള വ്യക്തിയിലേക്കു വരെ സന്ദേശങ്ങൾ കൈമാറാൻ ഇതുകൊണ്ടു കഴിയും. മാതാപിതാക്കളെയും കുട്ടികളെയും വീട്ടിൽ ഒറ്റയ്ക്കാക്കി ജോലിക്കു പോകാൻ ഇനി മടി വേണ്ട. 

സിസി ടിവി

cctv-camera

വീട് സുരക്ഷാ നടപടികളുടെ രണ്ടാംഘട്ടമാണ് വീടിനു ചുറ്റും സിസി ടിവി സ്ഥാപിക്കുക എന്നത്. ഇന്ന് നഗരപ്രദേശങ്ങളിൽ വീടുകളിൽ ഇതു സർവസാധാരണമാണ്. വീടിന്റെ പ്രധാന കവാടങ്ങളെ ചുറ്റിപ്പറ്റിയും കോമ്പൗണ്ട് വോളിനുള്ളിലുമാണു സിസി ടിവി സ്ഥാപിക്കുക. സിസി ടിവി സ്ഥാപിക്കുകവഴി വീടിനു ചുറ്റും നടക്കുന്ന സംഭവങ്ങൾ റെക്കോർഡ് ചെയ്യപ്പെടുകയും അപകടം നടക്കുന്ന പക്ഷം തെളിവുകൾ അവശേഷിക്കുകയും ചെയ്യുന്നു. 

വിഡിയോ ഡോർ ഫോൺ

വീടു സുരക്ഷ മാർഗങ്ങളിലെ മറ്റൊരു പ്രധാനതാരമാണ് വിഡിയോ ഡോർ ഫോണുകൾ. ഫോണുമായി ബന്ധിപ്പിക്കപ്പെട്ട വിഡിയോ സിസ്റ്റമാണത്. രണ്ടു ക്യാമറകൾ ഇതിൽ ഉണ്ടായിരിക്കും. ഒന്നു മുൻവശത്തെ വാതിലിലോ ഗേറ്റിലോ സ്ഥാപിക്കാം മറ്റേത് അകത്തെ മുറിയിലും സ്ഥാപിക്കാം. വീടിനുളിൽ ആരെങ്കിലും അതിക്രമിച്ചു കയറി എന്നതിന്റെ അപായ സൂചനകൾ ലഭിക്കുകയോ സംശയങ്ങൾ ഉണ്ടാകുകയോ ചെയ്യുന്ന പക്ഷം ഫോണിലെ സ്‌ക്രീനിൽ ഉടമയ്ക്ക് കാര്യങ്ങൾ അറിയാനാകും.

ക്യാമറ, ലോക്കിങ് അലാം, വിവരസാങ്കേതികവിദ്യ, ഇന്റർനെറ്റ്, മൊബൈൽ ആപ്പ്സ് എന്നിവയെല്ലാം സംയോജിപ്പിച്ചാണ് ഹോം ഓട്ടമേഷൻ വഴിയുള്ള അത്യാധുനിക സെക്യൂരിറ്റി സംവിധാനങ്ങൾ എന്നിവ വഴിയാണ് ഇന്നു ഒട്ടുമിക്ക സെക്യൂരിറ്റി സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. 

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA