ADVERTISEMENT

മൂന്നുവര്‍ഷമായി ഒരൊറ്റ രൂപ പോലും കറണ്ട് ബില്‍ അടയ്ക്കേണ്ടി വരാത്ത ആളാണ്‌ ഡറാഡൂണിലെ സൗമ്യ പ്രസാദ്‌ എന്ന എക്കോളജിസ്റ്റ്. അതുമാത്രമല്ല സൗമ്യയുടെ വീടിന്റെ സവിശേഷതകള്‍. കഴിഞ്ഞ മൂന്നുവര്‍ഷമായി വീട്ടില്‍ നിന്നും പച്ചക്കറി വാങ്ങാന്‍ പോലും സൗമ്യയ്ക്ക് അധികം പോകേണ്ടി വന്നിട്ടില്ലത്രെ. ഇതെന്താ സംഭവം എന്നാണോ ചിന്തിക്കുന്നത് ? എക്കോളജിസ്റ്റ് കൂടിയായ സൗമ്യ അതിനുള്ള ഉത്തരം പറയും. 

സുസ്ഥിരമായ ജീവിതശൈലിയിലേക്ക് പൂര്‍ണ്ണമായും മാറിയതാണ് സൗമ്യയുടെ കുടുംബം. ഈ പാരമ്പര്യം തന്നെയാണ് സൗമ്യയും പിന്തുടര്‍ന്നത്‌. 2010 ലാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്നും സൗമ്യ എക്കോളജിയില്‍  ഗവേഷണം പൂര്‍ത്തിയാക്കിയത്. സൗമ്യയുടെ അമ്മൂമ്മ ജീവിതത്തിലുടനീളം വേസ്റ്റ് മാനേജ്മെന്റ് എങ്ങനെ കൃത്യമായി നടത്താം എന്ന് കാണിച്ചു തന്ന ആളായിരുന്നു. സൗമ്യയുടെ പിതാവിന് ബാംഗ്ലൂര്‍ നഗരത്തില്‍ പ്രശസ്തമായ ഒരു സോളര്‍ ഹീറ്റര്‍ കമ്പനിയുണ്ടായിരുന്നു.

2015 ല്‍ ഡല്‍ഹി ജവഹര്‍ലാല്‍ സര്‍വ്വകലാശാലയില്‍ നിന്നും അധ്യാപനജോലി ഉപേക്ഷിച്ച ശേഷമാണ് സൗമ്യ കൂടുതല്‍ സമയം സുസ്ഥിരമായ ജീവിതശൈലിയെ കുറിച്ച് പഠിക്കാന്‍ തുടങ്ങിയത്. മലിനവസ്തുക്കള്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പ്രകൃതിക്കും ഉണ്ടാക്കുന്ന ദൂഷ്യവശങ്ങളെ കുറിച്ചാണ് പിന്നെ സൗമ്യ കൂടുതല്‍ പഠിച്ചു തുടങ്ങിയത്. ഡല്‍ഹി പോലെയൊരു നഗരത്തില്‍ ജീവിതശൈലിയില്‍ പെട്ടെന്ന് മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കില്ല എന്ന് മനസിലാക്കിയപ്പോള്‍ ആണ് രണ്ടു വയസ്സുകാരി മകള്‍ക്കൊപ്പം സൗമ്യ താമസം മാറിയത്.

solar-house-view

ഡറാഡൂണിലേക്കുള്ള പറിച്ചുനടല്‍ ഇങ്ങനെയായിരുന്നു. അവിടെ ഒരു ഫ്ലാറ്റ് വാങ്ങുന്നതിന് പകരം 60 വർഷം പഴക്കമുള്ള ഒരു വീട് പുനരുദ്ധരിച്ചെടുക്കുകയാണ് സൗമ്യയും ഭര്‍ത്താവ് ഡോക്ടര്‍ രാമന്‍ കുമാറും ചെയ്തത്. 

സുസ്ഥിരനിര്‍മ്മാണം ചെയ്തു നല്‍കുന്ന ആര്‍ക്കിടെക്റ്റ് സ്വാതി നേഗി ഇവരെ അതിനു സഹായിച്ചു. ബാംബൂ, ചെളി എന്നിവ കൊണ്ടാണ് സ്വാതിയുടെ നിര്‍മ്മാണം. മഴവെള്ളസംഭരണി , സോളര്‍ ഹീറ്റര്‍ എന്നിവയെല്ലാം ഈ വീട്ടിലേക്കായി സൗമ്യ ഒരുക്കി. അണ്ടര്‍ ഗ്രൗണ്ട്  റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിങ്  ടാങ്കില്‍ ഏതാണ്ട് 20,000 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ സാധിക്കും ഇവിടെ. ഇതുപോലെ തന്നെ 5 കിലോവാട്ട് സോളര്‍ പാനല്‍ ആണിവിടെ ഉള്ളത്. ഇതുകൊണ്ട് വൈദ്യുതി ഇതില്‍ നിന്നും ലഭിക്കും. എന്തിനേറെ പറയുന്നു സുസ്ഥിരമായ ജീവിതശൈലിക്കായി ഇലക്ട്രിക്ക് കാര്‍ വരെ സൗമ്യ സ്വന്തമാക്കി. ഒരൊറ്റ ചാര്‍ജ്ജിംഗ് വഴി  120  കിലോമീറ്റര്‍ വരെ ഈ വാഹനത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും.

കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഒട്ടുമിക്ക പച്ചകറികളും സൗമ്യ വീട്ടില്‍ വളര്‍ത്തുന്നുണ്ട്. അടുക്കളമാലിന്യത്തില്‍ നിന്നുള്ള വേസ്റ്റ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. 

ആരോഗ്യകരമായ ആഹാരം , ജീവിതശൈലി എന്നിവ പിന്തുടരാന്‍ തുടങ്ങിയതോടെ തങ്ങള്‍ക്ക് സ്ട്രെസ് ലെവല്‍ കുറഞ്ഞു എന്നും സൗമ്യ പറയുന്നു. തന്റെ മകളുടെ വളര്‍ച്ചയ്ക്കും ഇതും സഹായിക്കുന്നുണ്ട് എന്ന് സൗമ്യ പറയുന്നു.

English Summary- Energy Efficient House Dehradun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com