ADVERTISEMENT

കൊറോണക്കാലത്ത് കൂടുതലും പെട്ടുപോയത് പ്രവാസികളാണ്. തൊഴിൽനഷ്ടം ഒരുവശത്ത്. നാട്ടിലെത്താനുള്ള പ്രതിബന്ധങ്ങൾ മറുവശത്ത്. പലരും വിദേശത്തിരുന്നു നാട്ടിൽ വീടുപണിയുന്നവരാണ്. പുതിയ സാഹചര്യത്തിൽ പലർക്കും നാട്ടിലെത്തി വീടുപണി വിലയിരുത്താൻ ബുദ്ധിമുട്ടുണ്ടാകും. അപ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

∙ ആർക്കിടെക്ട്, കോൺട്രാക്ടര്‍, പെയിന്റർ, പ്ലംബർ, ഇലക്ട്രീഷൻ തുടങ്ങി എല്ലാവരെയും ചേർത്ത് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുക. ഇതിലൂടെയാകട്ടെ ആശയവിനിമയം. ഓരോ ദിവസത്തെയും പണികൾ വിശകലനം ചെയ്യാം. സംശയമുള്ള ഇടങ്ങളുടെയും മെറ്റീരിയലിന്റെയുമൊക്കെ പടങ്ങള്‍ അപ്പോൾ തന്നെ കണ്ട് അഭിപ്രായമറിയിക്കാം. മാത്രമല്ല, നമ്മൾ പറയുന്ന കാര്യങ്ങൾക്ക് തെളിവുണ്ടായിരിക്കുകയും ചെയ്യും. എന്തെങ്കിലും അബദ്ധങ്ങള്‍ സംഭവിച്ചാൽ പണിക്കാർക്ക് കൈമലർത്താൻ പറ്റുകയില്ല.

∙ പ്രവാസികളാകുമ്പോൾ പൈസയുണ്ടല്ലോ എന്നു കരുതി ചൂഷണം ചെയ്യാനുള്ള പ്രവണതയുണ്ട്. ഇത്ര ബജറ്റിൽ ഒതുങ്ങുന്ന വീട് എന്നല്ല ഇന്നയിന്ന സൗകര്യങ്ങൾ ഉള്ള വീട് വേണം എന്നാണ് പലരും ആവശ്യപ്പെടുക. ഈ സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തുമ്പോൾ എത്ര ചെലവാകും എന്ന മനോഭാവമാണ് എല്ലാവരും മുതലെടുക്കുന്നത്. ശമ്പളം, ജോലി സ്ഥിരത, ജോലി നഷ്ടപ്പെട്ടാലും വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷി തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമേ ബജറ്റ് നിശ്ചയിക്കാനാവൂ. ഇപ്പോൾ കൈയിൽ പൈസയുള്ളതിനാൽ വലിയ വീട് വയ്ക്കാം എന്ന നയം ശരിയല്ല.

∙ വിദേശത്തെ താമസത്തിനിടയിൽ ശീലിച്ച പല കാര്യങ്ങളും വീട്ടിലുൾപ്പെടുത്താൻ ശ്രദ്ധിക്കുന്നവരുണ്ട്. സിമ്മിങ് പൂൾ, ബാത് ടബ്, സങ്കീർണമായ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഉൽപന്നങ്ങൾ എന്നിവയൊക്കെ വീട്ടിലും വേണമെന്ന് വാശി പിടിക്കരുത്. വീട് അടച്ചിട്ട് തിരിച്ചുപോകുന്നവരാണ് മിക്കവരും. ഉപയോഗിക്കാതെയിരുന്നാൽ പല ഉൽപന്നങ്ങളും കേടാകും. അടച്ചിടാൻ ഉദ്ദേശിക്കുന്നുവെങ്കിൽ മെയ്ന്റനൻസ് കുറഞ്ഞതും കേടാകാൻ സാധ്യത കുറവുള്ളതുമായ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുക. അത്യാവശ്യത്തിനുള്ള ഫർണിച്ചറും സാധനങ്ങളും മാത്രം വാങ്ങിയിടുക. അപ്പോൾപ്പിന്നെ പേടിക്കേണ്ട. സ്ഥിരതാമസമാകുമ്പോൾ ബാക്കി സൗകര്യങ്ങൾ ഉൾപ്പെടുത്താം. വീട് അടച്ചിടാൻ ഉദ്ദേശിക്കുന്നുവെങ്കിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടുത്തുക. 

∙ എസ്റ്റിമേറ്റ് കണക്കാക്കുമ്പോൾ അതിൽ എന്തെല്ലാം ഉൾപ്പെടും എന്ന് കൃത്യമായി മനസ്സിലാക്കണം. പല യൂറോപ്യന്‍ രാജ്യങ്ങളിലും സാനിറ്ററിവെയർ, ഇലക്ട്രിക്കൽ ഫിറ്റിങ്സ് എന്നിവയുടെ ചെലവ് അടക്കമാണ് എസ്റ്റിമേറ്റ് തയാറാക്കുന്നത്. ഇവിടെ അങ്ങനെയല്ല എന്ന കാര്യം ഓർക്കണം. പണം കൊടുക്കാനുള്ള മെഷീനായി മാറാതെ ഓരോ കാശും ചെലവാക്കുന്നത് എന്തിനാണെന്നു കൃത്യമായി അറിയണം ബന്ധുക്കൾ, സുഹൃത്തുക്കൾ ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത് എന്നതാണ് ഓർക്കേണ്ട പ്രധാന കാര്യം.

English Summary- NRI Building House During Covid- Things to know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com