ADVERTISEMENT

ചില റെയില്‍വേസ്റ്റേഷനുകള്‍ കാണുമ്പോള്‍ തന്നെ മനസിലേക്ക് ഒരു ചിത്രം വരച്ചിട്ട പോലെ എന്ന തോന്നല്‍ ഉണ്ടാകാറില്ലേ..അതുപോലെ ചില സിനിമകളില്‍ കണ്ടിട്ടുള്ള റെയില്‍വേ സ്റ്റേഷനുകള്‍, അവയും മനസ്സില്‍ മായാതെ നിൽക്കാറില്ലേ.ഇന്ത്യയിലെ പല റെയില്‍വെ സ്റ്റേഷനുകളും അവയുടെ ആർക്കിടെക്‌ചറൽ ഭംഗി കൊണ്ടും ചരിത്രം കൊണ്ടുമെല്ലാം പ്രസിദ്ധമാണ്. അത്തരത്തിലുള്ള 5 റെയില്‍വേ സ്റ്റേഷനുകളെ പരിചയപ്പെടാം.

ഛത്രപതി ശിവാജി ടെർമിനസ് (സിഎസ്ടി) മഹാരാഷ്ട്ര 

cst-mumbai

യുനസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയതാണ് ഇവിടം. വിക്ടോറിയ ടെര്‍മിനസ് എന്നായിരുന്നു ഇതിന്റെ ആദ്യകാലനാമം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ വിക്ടോറിയന്‍ ശൈലിയും ഇന്ത്യന്‍ ആർക്കിടെക്ചറൽ ശൈലിയും ചേര്‍ത്താണ് ഈ സ്റ്റേഷന്‍ നിര്‍മ്മിച്ചത്. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലത്താണ് ഛത്രപതി ശിവാജി ടെർ‌മിനൽ‌സ് റയിൽ‌വേസ്റ്റേഷൻ നിർ‌മ്മിച്ചത്. ബ്രിട്ടീഷുകാരനായ എഫ്. ഡബ്ലൂ സ്റ്റീവൻസാണ് ഇതിന്റെ വാസ്തുശില്പി. 1878-ൽ നിർ‌മ്മാണം ആരംഭിച്ച ഇതിന്റെ പണി പൂർ‌ത്തിയാകാൻ പത്തു വർ‌ഷത്തിലധികം എടുത്തു.  ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ ബഹുമാനാർത്ഥം വിക്ടോറിയ ടെർ‌മിനസ് എന്നായിരുന്നു ഇതിനു ആദ്യമിട്ട പേര്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളായ ഛത്രപതി ശിവാജിയുടെ ബഹുമാനാർ‌ഥം 1966 ൽ ഇതിന്റെ പേർ ഛത്രപതി ശിവാജി ടെർ‌മിനൽ‌സ് എന്നാക്കി മാറ്റിയത്. 2008 നവംബർ 26 ന് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിനും ഈ ടെർമിനസ് സാക്ഷിയായിരുന്നു. 

ചാര്‍ബാഗ് സ്റ്റേഷന്‍ , യുപി 

Charbagh-Station

ചാർബാഗ് റെയിൽ‌വേ സ്റ്റേഷൻ ഒരു വാസ്തുവിദ്യാക്ഷേത്രമാണെന്നു പറയാം. ഒരു കൃഷിത്തോട്ടം നിലനിന്നിരുന്ന ഇടത്താണ് ഇന്നു കാണുന്ന രീതിയിൽ ഈ റെയിൽ വേ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. മുഗൾ വാസ്തുവിദ്യയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന രീതിയാണ് ഇതിന്റേത്. ഇതുകൂടാതെ നാലു പൂന്തോട്ടങ്ങളും ഇതിൻരെ ഭാഗമായുണ്ട്. 1914 ൽ ജെഎച്ച് ഹോർണിം നിർമിച്ച ഈ സ്റ്റേഷൻ താഴികക്കുടങ്ങളും മിനാരങ്ങളും കപ്പളകളും നിറഞ്ഞതാണ്. റെയിൽ‌വേസ്റ്റേഷനേക്കാൾ കൊട്ടാരമെന്ന പ്രതീതി ഉണർത്തുന്ന മനോഹരമായ പ്രവേശനകവാടം ഇതിന്റെ ആകര്‍ഷണമാണ്. ചരിത്രരേഖകൾ അനുസരിച്ച്, മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച 1916 ൽ ഈ റെയിൽവേ സ്റ്റേഷനിലാണ് നടന്നത്. ഇത് സംബന്ധിച്ച ശിലാഫലകം ഇവിടെയുണ്ട്.

 

royapuram-station

റോയപുരം, തമിഴ്നാട്

സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും അവശേഷിക്കുന്ന അടയാളം കൂടിയാണ് ചെന്നൈ റോയപുരം സ്റ്റേഷന്‍. ജൂലൈ 1, 1856 ലാണ് ഈ സ്റ്റേഷന്‍ ഉത്ഘാടനം ചെയ്യുന്നത്. അന്നത്തെ മദ്രാസ്‌ പ്രസിഡന്‍സി ഗവര്‍ണര്‍ ലോര്‍ഡ്‌ ഹാരിസ് ആണ് ഉദ്‌ഘാടനം നിര്‍വ്വഹിച്ചത്‌. 1856 ജൂൺ 28-ന് രണ്ടു സർവീസുകൾ ആദ്യമായി പുറപ്പെട്ടു. ഒന്നാമത്തേതിൽ ഗവർണർ ലോർഡ് ഹാരിസ് 300 യൂറോപ്യന്മാരുമായി അമ്പൂരിലേക്കും രണ്ടാം സർവീസ് സ്വദേശിയരുമായി തിരുവള്ളൂർ വരെയും ഓടി.

1905-ൽ യാത്രാവണ്ടികൾക്ക് മാത്രമായി മദ്രാസ് സെൻട്രൽ സ്റ്റേഷൻ നിർമിച്ചു.നിലവിൽ റോയപുരത്ത് ഗുഡ്‌സ് പാസഞ്ചർ തീവണ്ടികൾ സർവീസ് നടത്തുന്നുണ്ട്. 1923-ൽ ദക്ഷിണ റെയിൽവേ രൂപപ്പെട്ടതോടെ റോയപുരം റെയിൽവേ സ്റ്റേഷൻ പതുക്കെ വിസ്മൃതിയിലേക്കു നീങ്ങി. ദക്ഷിണ റെയിൽവേ ആസ്ഥാനമെന്ന ഖ്യാതി നഷ്ടമായതോടെ ആരും സംരക്ഷിക്കാനില്ലാതെ കെട്ടിടം നാശത്തിലേക്ക് നീങ്ങി. 2005-ൽ  കെട്ടിടം പുതുക്കിപ്പണിതപ്പോൾ ഒന്നാം നിലയും ചിത്രങ്ങളുടെ ശേഖരമുള്ള കെട്ടിടവും വികലമാക്കി. ആകെ രണ്ട് ഉദ്യോഗസ്ഥരാണ് ഇപ്പോൾ  ഇവിടെയുള്ളത്. നൂറ്റിയറുപതു വര്‍ഷത്തെ പഴക്കമുള്ള ഇവിടെ യാതൊരുവിധ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടത്തരുത് എന്ന് നിലവില്‍ മദ്രാസ്‌ ഹൈകോടതിയുടെ കര്‍ശനനിര്‍ദേശമുണ്ട്.

howrah-station

 

ഹൗറ  സ്റ്റേഷന്‍ 

barog-railway

കല്‍ക്കട്ടയുടെ അടയാളമാണ് ഹൗറ സ്റ്റേഷനും പാലവും. രാജ്യത്തെ തന്നെ ഏറ്റവും പഴമേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ് ഇത്. ഡിസംബര്‍ 1, 2016 ല്‍ ഹൗറ സ്റ്റേഷന്‍ 111 വര്‍ഷത്തെ ചരിത്രം ആഘോഷിച്ചിരുന്നു. ഹൂഗ്ലി നദിക്കു കുറുകെ തല ഉയര്‍ത്തി കിടക്കുന്നു ഹൗറ ബ്രിഡ്ജ്. ഇതിനു സമീപമാണ്. 23  പ്ലാറ്റ്ഫോമുകളുണ്ട് ഹൗറ സ്റ്റേഷനില്‍. ഏതാണ്ട് അര മില്യന്‍ ആളുകളാണ് ദിവസവും ഇവിടെ എത്താറുള്ളത് എന്നാണ് കണക്കുകള്‍. 1926 ല്‍ സ്റ്റേഷനില്‍ സ്പാപിച്ച കൂറ്റന്‍ ക്ലോക്കും പ്രശസ്തമാണ്.

 

ബറോഗ് സ്റ്റേഷൻ, ഹിമാചൽ പ്രദേശ്

മലനിരകളുടെ ഇടയിലാണ് ഈ മനോഹരമായ സ്റ്റേഷന്‍ . കല്‍ക്കി ഷിംല റൂട്ടില്‍ ആണ് ഈ സ്റ്റേഷന്‍. വാസ്തുവിദ്യക്കും മനോഹരമായ പർവതക്കാഴ്ചകൾക്കും പേരുകേട്ട സ്ഥലമാണിതെങ്കിലും ഇവിടം കേണൽ ബറോഗിന്റെ പേരിലാണ് അറിയപ്പെടുന്നത്.1898 ൽ കേണൽ ബറോഗിനായിരുന്നു കൽക്ക-ഷിംല തുരങ്കം പണിയാനുള്ള ചുമതല. എന്നാൽ ബ്രിട്ടിഷ് സർക്കാർ, ബറോഗിനെതിരെ ആരോപണം ഉന്നയിക്കുകയും  നിർമാണത്തിൽ അഴിമതി നടന്നതായി ചൂണ്ടിക്കാട്ടി പിഴ ചുമത്തുകയും ചെയ്തു. ഇതിൽ മനം നൊന്ത് ബറോഗ് 33- ാം നമ്പർ തുരങ്കത്തിൽ ആത്മഹത്യ ചെയ്തു. ഇന്നും ഈ തുരങ്കത്തിൽ പ്രേതബാധയുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.

English Summary- 5 Unique Railway Stations in India

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com