ഭര്‍ത്താവിന്റെ സ്മരണയ്ക്കായി കിണർ നിർമിച്ച ഭാര്യ; അനശ്വരം ഈ പ്രതീകം

rani-ki-vav-well
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ഭാര്യയുടെ സ്മരണയ്ക്കായി നിർമിച്ച നിരവധി ചരിത്രസ്മാരകങ്ങളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവിന്റെ സ്മരണയ്ക്കായി നിര്‍മിച്ച ഒരു സ്നേഹസ്മാരകത്തെ കുറിച്ച് കേട്ടിട്ടുണ്ടോ  ? അതാണ്‌ 'റാണി കി വാവ്' എന്ന പടവ് കിണർ. ഗുജറാത്തിലെ പത്താൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്തായാണ് ഈ ചരിത്ര സ്മാരകം കാണാൻ സാധിക്കുക. പതിനൊന്നാം നൂറ്റാണ്ടിൽ ഗുജറാത്തിലെ സോളങ്കി രാജവംശത്തിന്റെ സ്ഥാപകൻ ആയിരുന്ന ഭീം ദേവ് ഒന്നാമന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണിയാണ്  ഈ സ്മാരകം നിർമ്മിച്ചത്. 1068 ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാകുന്നത്. 

പടവ് കിണര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇത് വെറുമൊരു കിണര്‍ ആണെന്ന് കരുതിയെങ്കില്‍ തെറ്റി. ആഴങ്ങളിലേക്ക് തീര്‍ത്ത ഒരു കൊട്ടാരമാണ് ഇത്. ദീർഘചതുരാകൃതിയിലുള്ള കിണറിന് 64 മീറ്റർ നീളവും 20 മീറ്റർ വീതിയും 27 മീറ്റർ ആഴവുമുണ്ട്. വശങ്ങളിൽ വിശ്രമസങ്കേതങ്ങളും നൃത്തമണ്ഡപങ്ങളുമൊക്കെയുള്ള ഏഴുനിലമാളികയാണ് ഈ കിണര്‍ എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? 12 ഏക്കറോളം സ്ഥലത്താണ് 'റാണി കി വാവ്' സ്ഥിതി ചെയ്യുന്നത്. പ്രാചീന വാസ്തു വിദ്യയുടെ ഉത്തമ ഉദാഹരണം തന്നെയാണ് ഇത്. ചുമരുകളിലും തൂണുകളിലും ദേവി-ദേവന്മാർ, അപ്സരസുകൾ, നർത്തകർ എന്നിവരുടെ രൂപങ്ങൾ കൊത്തിവെച്ചിരിക്കുന്നതും കാണാൻ സാധിക്കും. 

ഇവിടുത്തെ മറ്റൊരു പ്രത്യേകത ഏറ്റവും താഴത്തെ പടിയിൽ നിന്ന് പത്താനടുത്തുള്ള സിദ്ധപൂരിലേക്ക് തുറക്കുന്ന തുരങ്കം ആണ്. യുദ്ധസമയങ്ങളിലും മറ്റും രക്ഷപ്പെടാൻ ഉപയോഗിച്ചിരുന്ന ഈ തുരങ്കത്തിന് 10  കിലോമീറ്ററിൽ അധികം നീളമുണ്ട്‌. 

യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ 2014 ൽ റാണി കി വാവ് ഇടംപിടിച്ചു. പിന്നീട് 2016 ൽ ഇവിടം രാജ്യത്തെ ഏറ്റവും വൃത്തിയായി സംരക്ഷിക്കപ്പെടുന്ന ചരിത്ര സ്മാരകങ്ങളുടെ പട്ടികയിലും ഇടംനേടിയിരുന്നു.

rani-ki-vav-well-view

ഒരിക്കല്‍  സരസ്വതി നദി ഗതി മാറി ഒഴുകിയപ്പോൾ ഈ സ്മാരകം വെള്ളത്തിനടിയിലായി കേടുപാടുകൾ സംഭവിച്ചിരുന്നു. പിന്നീട് 1980ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഖനന പ്രവർത്തനങ്ങളുടെ ഫലമായി ഈ സ്മാരകം വീണ്ടെടുക്കുകയായിരുന്നു. 2001നു ശേഷം ചരിത്ര സ്മാരകത്തിന്റെ സുരക്ഷ പരിഗണിച്ച് ചില ഭാഗങ്ങൾ സന്ദർശിക്കാൻ അനുമതിയില്ല. രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് സന്ദർശന സമയം.

വർഷത്തിൽ കൂടുതൽ സമയത്തും ജലക്ഷാമവും കടുത്തചൂടും അനുഭവപ്പെടുന്ന ഇവിടെ ജലസംരക്ഷണത്തിനു വേണ്ടി മാത്രം നിർമ്മിച്ച കിണർ എന്നിതിനെ വിളിക്കുവാൻ സാധിക്കില്ല. പ്രകൃതി ദുരന്തങ്ങളെയും യുദ്ധങ്ങളെയും ഒക്കെ അതിജീവിച്ച് ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ നിർമ്മാണ മികവ് തന്നെയാണ്. നമ്മുടെ പുത്തൻ 100 രൂപ നോട്ടിൽ റാണി കി വാവ് സ്ഥാനം പിടിച്ചിരുന്നു.

English Summary- Rani Ki Vav Monumental Well Gujarat

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA