ബൊഗൈൻവില്ല- മലയാളിയുടെ ഉദ്യാനത്തിലെ കിരീടമണിയാത്ത രാജ്ഞി!

bougainvillea-flower
SHARE

കൊടും വേനലിൽ ഒട്ടുമേ ക്ഷീണിക്കാതെ നിറയെ പൂക്കളുമായി പുഞ്ചിരി തൂവിനിൽക്കുന്ന ബൊഗൈൻവില്ല മലയാളിയുടെ ഉദ്യാനത്തിലെ കിരീടമണിയാത്ത രാഞ്ജിയാണ്. മഴ മാറിയാൽ പിന്നെ നമ്മുടെ നാട്ടിലെ പൂന്തോട്ടങ്ങളിൽ ബൊഗൈൻവില്ലയുടെ ആധിപത്യമാണ്. എത്രയോ നിറങ്ങളിൽ പൂക്കളുമായി വെയിലിനെ ലാവേശം ഗൗനിക്കാതെ തല ഉയർത്തി നിൽക്കുന്ന അലങ്കാരച്ചെടികളിൽ കടലാസുപൂച്ചെടി അഗ്രഗണ്യനാണ്. ഇന്ന് ബൊഗൈൻവില്ല വെറുമൊരു അലങ്കാരച്ചെടിയല്ല, ബോൺസായ് തയ്യാറാക്കാനും, ഗ്രാഫ്റ്റുചെയ്തു ഒരുചെടിയിൽ പലതരം പൂക്കൾ ഒരുമിച്ചു പൂവിടീക്കാനും, ആകർഷകമായ ആകൃതിയിൽ രൂപപെടുത്തിയെടുക്കുവാനും എല്ലാം ഈ പൂച്ചെടിക്ക് നല്ല ഡിമാൻഡാണ്.

bougainvillea-light-pink

കണ്ടു മടുത്ത പിങ്ക്, വെള്ള പൂക്കളുടെ സ്ഥാനത്തു, ഇളം നീല, മഞ്ഞ, ഓറഞ്ച്, ചുവപ്പ്, വയലറ്റ് തുടങ്ങിയ നിറങ്ങളിലും വർണ്ണക്കൂട്ടുകളിലുമായി എത്രയോ തരം ചെടികൾ ഇന്ന് നട്ടു പരിപാലിക്കുവാനായി ഉണ്ട്. ലൈലാക് നിറത്തിൽ നാണംകുണുങ്ങി പൂക്കളുമായി 'ലോല' ഇനം ആരുടെയാണ് മനം കവരാത്തത്. മഴക്കാലത്തും പൂവിടുന്ന പ്രകൃതമുള്ള ഇനമാണ് ലോല.

ബൊഗൈൻവില്ലയുടെ നാടൻ ഇനങ്ങളും പുതിയ ഇനങ്ങളും തമ്മിൽ എന്താണ് വ്യത്യാസമെന്നു അറിയാം. നാടൻ ബൊഗൈൻവില്ല വർഷത്തിൽ 2 - 3 തവണ പൂവിടുമ്പോൾ, നൂതന ഇനങ്ങൾ ആവട്ടെ കുറഞ്ഞത് 6 -7 ആവർത്തി എങ്കിലും പൂക്കും. കൂടാതെ പല പുതിയ ഇനങ്ങൾക്കും മുള്ളുകൾ കാണാറില്ല. ബലം കുറഞ്ഞു വള്ളി പോലുള്ള കമ്പുകളാണ് ഇവക്കുള്ളത്. ഇവ അനായാസം വള്ളിചെടിയായി പടർത്തി കയറ്റാം അല്ലെങ്കിൽ കൊമ്പു കോതി കുറ്റിച്ചെടിയായി പരിപാലിക്കുകയും ആവാം. മഴക്കാലം കഴിഞ്ഞു ഒക്ടോബർ മുതൽ മെയ് വരെ ബൊഗൈൻവില്ലയിൽ പൂക്കൾ പല തവണയായി കാണുവാൻ സാധിക്കും. ചുട്ടു പൊള്ളും വെയിലുള്ള ടെറസിനു വർണ്ണചാർത്തു നൽകുവാൻ ബൊഗൈൻവില്ലക്കു പകരക്കാരനില്ല.

bougainvillea

ബൊഗൈൻവില്ലയുടെ ശേഖരം ഹോബി ആക്കി മാറ്റിയ പലരും നമ്മുടെ നാട്ടിൽ ഉണ്ട്. ലളിതമായ പരിചരണം, പൂക്കൾ ചെടിയിൽ ദീർഘനാൾ കൊഴിയാതെനിൽക്കുന്ന പ്രകൃതം, വിപണിയിലുള്ള ലഭ്യത എല്ലാമാണ് ഇവരെ ഈ പൂച്ചെടിയുടെ കളക്ഷൻ ഹോബിയാക്കുവാൻ പ്രേരിപ്പിക്കുന്ന മുഖ്യ ഘടകങ്ങൾ. 100 രൂപ മുതൽ ലഭ്യമായ നാടൻ ഇനങ്ങൾ കൂടാതെ 2000 രൂപ വരെ വിലയുള്ള നൂതന ഇനങ്ങളും ഇന്ന് വിപണയിൽ ഉണ്ട്. പല വീട്ടമ്മമാരുടയും വരുമാനമാർഗ്ഗവുവാണ് ബൊഗൈൻവില്ല ചെടികൾ. ഇളം കമ്പു നട്ടു വളർത്തിയെടുക്കാവുന്നതാണ് ഇവയിൽ പലതും. എന്നാൽ നവീന ഇനങ്ങൾ ആവട്ടെ പതി വച്ചോ അല്ലെങ്കിൽ ഗ്രാഫ്ട് ചെയ്തോ മാത്രമേ തൈകൾ ഉത്പാദിപ്പിക്കുവാൻ സാധിക്കൂ.

bougainvillea-rose

5 -6 മണിക്കൂർ നല്ല വെയിൽ കിട്ടുന്നിടത്താണ് ഈ പൂച്ചെടി നട്ടു പരിപാലിക്കേണ്ടത്. മറ്റു പൂച്ചെടികളിലെന്ന പോലെ നന്നായി പൂവിടുവാൻ കമ്പു കോതൽ ബൊഗൈൻവില്ലയിലും പ്രധാനപ്പെട്ടതാണ്. ചട്ടിയിൽ കുറ്റിച്ചെടിയായി പരിപാലിക്കുവാനും ഇത് സഹായിക്കും. മെയ് മാസം അവസാനം, മഴയ്ക്ക് മുൻപായി ചെടിയുടെ കമ്പുകൾ താഴ്ത്തി മുറിച്ചു കളയണം. മഴക്കാലത്ത് പുതിയതായി ഉണ്ടായി വരുന്ന കമ്പുകൾ ആണ് സമൃദ്ധമായി പൂവിടുക. വർഷകാലം കഴിഞ്ഞാൽ നന പരിമിതപ്പെടുത്തുന്നത് ബൊഗൈൻവില്ലയിൽ പൂക്കളുടെ ഉൽപാദനത്തെ പ്രോസാൽഹിപ്പിക്കും. ചെടി പൂവിടുന്നതുവരെ ഇളം ഇലകൾ വാടുന്ന അവസ്ഥയിൽ മാത്രം നന നൽകുക. പൂക്കൾ ആയി കഴിഞ്ഞാൽ നന്നായി നനക്കണം. മുകളിലേക്ക് കുത്തനെ വളർന്നു പോകുന്ന കമ്പുകൾ അത്രകണ്ട് പൂവിടാറില്ല. ഇത്തരം കമ്പുകൾ ഉണ്ടായി വരുമ്പോൾ തന്നെ മുറിച്ചു കളയണം. കമ്പുകോതിയ ചെടിക്കു അധികമായി പുഷ്‌പിക്കുവാൻ റോക്ക് ഫോസ്ഫേറ്റും പൊട്ടാസ്യം നൈട്രേറ്റും അടങ്ങിയ കൂട്ടു വളം നൽകാം. മിശ്രിതത്തിൽ ഉണ്ടാകാവുന്ന പുളിപ്പ് മാറ്റുവാൻ അൽപം കുമ്മായം വിതറുന്നതു നല്ലതാണ്.

ലേഖകൻ: പ്രഫ. ജേക്കബ് വർഗീസ് കുന്തറ,

റിട്ട. അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി, ഭാരതമാതാ കോളജ്, തൃക്കാക്കര. 

ഫോൺ: 94470 02211 

Email: jacobkunthara123@gmail.com

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA