ADVERTISEMENT

പുണെ പോലെയൊരു നഗരത്തിൽ വരുമാനത്തിന്റെ നല്ലൊരുഭാഗം വൈദ്യുതി ബില്ലടയ്ക്കാനായി നീക്കിവയ്ക്കുന്നവരാണ് അധികവും. എന്നാൽ അഭിഷേക് മനെ എന്ന പുണെ സ്വദേശിയുടെ കഥ അങ്ങനെയല്ല. അഞ്ചംഗങ്ങളുള്ള അഭിഷേകിന്റെ കുടുംബത്തിന് പ്രതിമാസം വൈദ്യുതി ബിൽ ഇനത്തിൽ അടയ്ക്കേണ്ടി വരുന്നത് വെറും 70 രൂപ മാത്രമാണ്. സോളർ പാനലുകളിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന സൗരോർജ്ജത്തിലൂടെയാണ് വീട്ടിലെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും പ്രവർത്തിക്കുന്നത്.

2004-ൽ പ്രതിരോധ മന്ത്രാലയത്തിലെ ജോലി രാജിവെച്ച ശേഷം 2015-ലാണ് സോളർപാനലുകൾ നിർമ്മിക്കുകയും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുന്ന 'ദീവ സോളർ സൊലൂഷൻസ്' എന്ന സ്ഥാപനം അഭിഷേക് ആരംഭിച്ചത്. ഇക്കാലമത്രയും സോളർപാനലുകളെക്കുറിച്ചും സൗരോർജ്ജ ഉത്പാദനത്തെക്കുറിച്ചുമെല്ലാം വിശദമായി പഠിക്കുകയായിരുന്നു അദ്ദേഹം. ബിസിനസ് ആരംഭിച്ചതിനൊപ്പം സ്വന്തം വീട്ടിലും ധാരാളം സോളർ പാനലുകൾ സ്ഥാപിച്ചു. ഇപ്പോൾ അടുക്കള ഉപകരണങ്ങൾ, ടെലിവിഷൻ, വാഷിങ്മെഷീൻ, വാട്ടർപമ്പ് എന്തിനേറെ 4 ഇലക്ട്രിക് വാഹനങ്ങൾവരെ സൗരോർജ്ജം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

Abhishek-Mane-solar-scooter

5000 രൂപ വരെ പ്രതിമാസം വൈദ്യുതിബിൽ അടച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ വെറും 70 രൂപയായി ബിൽ തുക കുറഞ്ഞത്. എന്നാൽ ഇതെല്ലാം ഒറ്റദിവസംകൊണ്ട് സാധ്യമായതല്ലെന്നും വൈദ്യുതി ഉപയോഗം കുറയ്ക്കാൻ കൃത്യമായ ശ്രദ്ധ ചെലുത്തിയിരുന്നു എന്നും അഭിഷേക് പറയുന്നു. ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുടുംബത്തെ മനസ്സിലാക്കിയശേഷം വൈദ്യുതി കുറച്ചുമാത്രം വേണ്ടിവരുന്ന ഗൃഹോപകരണങ്ങൾ കണ്ടെത്തി അവ ഉപയോഗിച്ചുതുടങ്ങി. കഴിഞ്ഞ നാല് വർഷമായി എല്ലാ ആവശ്യങ്ങൾക്കും കുടുംബം സൗരോർജ്ജത്തെ മാത്രമാണ് ആശ്രയിക്കുന്നത്.

250 വാട്ടിന്റെ 10 പാനലുകളാണ് ആദ്യം സ്ഥാപിച്ചത്. ഇതിലൂടെ 2.5 കിലോവാട്ട് ഊർജജമാണ് പ്രതിദിനം ഉത്പാദിപ്പിച്ചിരുന്നത്. പിന്നീട് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യേണ്ട ആവശ്യം കൂടി പരിഗണിച്ച് ഇതിൽ നിന്നും ഏതാനും പാനലുകൾ നീക്കം ചെയ്ത് പകരം 330 വാട്ടിന്റെ പാനലുകൾ സ്ഥാപിച്ചു. ഇപ്പോൾ പ്രതിദിനം 7 കിലോവാട്ട് വൈദ്യുതി സോളർ പാനലുകൾ വഴി ഉത്പാദിപ്പിക്കുന്നുണ്ട്. നാല് ലെഡ് -ആസിഡ് ബാറ്ററികളിലായാണ് ഊർജ്ജം ശേഖരിക്കുന്നത്. ഇൻവെർട്ടറിലൂടെ ഈ ഊർജ്ജം ഗൃഹോപകരണങ്ങളിലേക്കും ഇലക്ട്രിക്കൽ ഔട്ട്‌ലെറ്റുകളിലേക്കും എത്തിക്കുന്നു. 

ഊർജ്ജം കൃത്യമായാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്താൻ സമയക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന പകൽ സമയങ്ങളിൽ കൂടുതൽ വൈദ്യുതി വേണ്ട വാഷിങ്മെഷീൻ, വാട്ടർ പമ്പ് അടക്കമുള്ളവ പ്രവർത്തിപ്പിക്കുകയും ഒരു സ്കൂട്ടർ ചാർജ് ചെയ്യുകയും ചെയ്യും. അതിനുശേഷം അൽപസമയം ബാറ്ററി ചാർജാവാൻ അനുവദിക്കും. ഈ വൈദ്യുതി ഉപയോഗിച്ച് രാത്രികാലങ്ങളിൽ മറ്റ് രണ്ട് സ്കൂട്ടറുകൾകൂടി ചാർജ് ചെയ്യുകയാണ് ചെയ്യുന്നത്.

ഇലക്ട്രിക് കാർ എല്ലാദിവസവും ഉപയോഗിക്കാത്തതിനാൽ മൂന്ന് ദിവസത്തിലൊരിക്കൽ മാത്രമേ ചാർജ് ചെയ്യാറുള്ളൂ. പെട്രോൾ വില ഉയർന്നു നിൽക്കുന്ന സമയത്ത് സൗരോർജ്ജത്തിലൂടെ ചാർജ് ചെയ്യുന്ന 4 ഇലക്ട്രിക് വാഹനങ്ങൾ തനിക്ക് നൽകുന്ന സൗകര്യം ചെറുതല്ല എന്നും അഭിഷേക് പറയുന്നു.

English Summary- Solar Energy for House and Vehicles; Energy Efficient Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com