ADVERTISEMENT

കോവിഡ് കാലത്തെ ചില്ലറ മാന്ദ്യം മാറ്റിനിർത്തിയാൽ, മികച്ച വളർച്ചാനിരക്കുള്ള മേഖലയാണ് നമ്മുടെ രാജ്യത്തെ റിയൽ എസ്റ്റേറ്റ്. വളരെ മത്സരക്ഷമമായ മേഖലയായതിനാൽ വിശ്വാസ്യതയും മികച്ച ഉപഭോക്ത്യസേവനവും നൽകുന്നവരാണ് ഭൂരിഭാഗവും. എന്നിരുന്നാലും അതിനൊപ്പംതന്നെ നിക്ഷേപകർക്കായി ചതിക്കുഴികളുമുണ്ട്. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA) വന്നതോടെ മെച്ചപ്പെട്ട നിരീക്ഷണസംവിധാനവും പരാതിപരിഹാരത്തിന് മാർഗവും സാധ്യമാണ് എന്നത് തികച്ചും ആശ്വാസകരം തന്നെ. എന്നാലും കൃത്യമായി ഗൃഹപാഠം ചെയ്യാത്തതുമൂലം കബളിപ്പിക്കപ്പെടുന്നവരും ഏറെയാണ് ഈ മേഖലയിൽ. റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപത്തിന് ഒരുങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ നോക്കാം. 

 

തെറ്റായ വാഗ്ദാനങ്ങൾ 

റിയൽ എസ്റ്റേറ്റ് മേഖലയിലെ മത്സരം മുറുകുന്നതനുസരിച്ച് ഓരോ പദ്ധതിയുടെയും തുടക്കത്തിൽ തന്നെ പരമാവധി ആളുകളെ ആകർഷിക്കാനുള്ള എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കുകയാണ് നിർമാതാക്കൾ. പദ്ധതി പൂർത്തിയാക്കാനുള്ള  തുക കണ്ടെത്താനുള്ള ഇവരുടെ മാർഗം കൂടിയാണിത്. തെറ്റായ വാഗ്ദാനങ്ങൾ നൽകിക്കൊണ്ടുള്ള പരസ്യങ്ങളിലൂടെയാണ്  പലരും നിക്ഷേപകരെ ആകർഷിക്കുന്നത്. ഗുരുഗ്രാം സ്വദേശിയായ ഒരു എസ്റ്റേറ്റ് ഡെവലപ്പർ 700 നിക്ഷേപകരെ അവർ നിക്ഷേപിച്ച പണത്തിന്റെ 12 ശതമാനം പദ്ധതി പൂർത്തിയാകുമ്പോൾ തിരികെ തരാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ചത് ഇതിനുദാഹരണമാണ്. നിക്ഷേപകരിൽ നിന്നും 1000 കോടി രൂപയാണ് ഇത്തരത്തിൽ  ഡെവലപ്പർ നേടിയെടുത്തത്. 

 

വാടകയിനത്തിൽ പണം നേടാമെന്ന ഉറപ്പ് 

റിയൽ എസ്റ്റേറ്റ് കച്ചവടങ്ങൾ നടക്കുന്നതിനായി  കെട്ടിടത്തിൽ നിന്നും വാടകയിനത്തിൽ കാര്യമായ വരുമാനം ലഭിക്കുമെന്ന് ഉറപ്പുനൽകി കബളിപ്പിക്കുന്നതാണ് മറ്റൊരു രീതി. നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി 'മുൻകാലങ്ങളിൽ വാടകയ്ക്ക് പോയവ' എന്ന തരത്തിൽ കൃത്രിമമായ ലിസ്റ്റിംഗുകളും പരസ്യപ്പെടുത്താറുണ്ട്. ഇതേപ്പറ്റി കൃത്യമായി അന്വേഷിക്കാതെ കണ്ണടച്ച് വിശ്വസിക്കുന്ന പലരും പിന്നീട് വാടകക്കാരെ കിട്ടാതെ വരുന്നതോടെ നിക്ഷേപിച്ച തുക തിരിച്ചുപിടിക്കാനാവാതെ ദുരിതത്തിലാകുന്ന സംഭവങ്ങളും  ഏറി വരുന്നു. 

 

ആധാരത്തിലെ തിരിമറികൾ 

real-estate-house-law

വ്യക്തിഗതമായി വസ്തു വിൽക്കുന്നവരും  നിർമാതാക്കളും ഒരുപോലെ ഒരുക്കുന്ന ഒരു ചതിക്കുഴിയാണിത്. ഒഴിഞ്ഞു കിടക്കുന്ന വസ്തുവിന്റെയോ തർക്ക വസ്തുവിന്റെയോ ആധാരത്തിന്റെ കൃത്രിമ പകർപ്പുണ്ടാക്കി  വഞ്ചിക്കുകയാണ് ചെയ്യുന്നത്. വാങ്ങിയവർ കാര്യം തിരിച്ചറിഞ്ഞു വരുമ്പോഴേക്കും ഇവർ കിട്ടിയ പണവുമായി നാടുവിട്ടിട്ടുണ്ടാവും. കെട്ടിടം നിർമ്മിക്കുന്നതിന് മുൻപുതന്നെ വീട് ബുക്ക് ചെയ്തവർക്ക് നിർമ്മാണം പൂർത്തിയായ ശേഷം കരാർ പ്രകാരമുള്ള സ്ഥലത്തല്ലാതെ വീടു നൽകുന്ന  സംഭവങ്ങളും ഇതിനോടൊപ്പം ചേർത്തു വായിക്കാവുന്നതാണ്. 

 

പദ്ധതികൾ മനപ്പൂർവമായി വൈകിപ്പിക്കുന്നത് 

പദ്ധതി പൂർത്തിയാക്കാൻ ഉറപ്പു നൽകിയതിനേക്കാൾ കൂടുതൽ കാലതാമസം വേണ്ടി വരുന്നതും ബിൽഡർമാർ നിന്നനിൽപ്പിൽ അപ്രത്യക്ഷമാകുന്നതുമാണ് കരുതിയിരിക്കേണ്ട മറ്റൊരു കാര്യം. കെട്ടിട നിർമ്മാതാക്കൾ തങ്ങൾക്ക് ആവശ്യമുള്ള അത്രയും നിക്ഷേപകരെ ലഭിക്കുന്നതുവരെ മുൻകൂട്ടി നിക്ഷേപിച്ചവരെ വലയ്ക്കുന്ന പ്രവണതയാണിത്.  ചിലരാവട്ടെ ഒരു പദ്ധതിയിൽ ലഭിച്ച തുക മറ്റൊന്നിലേക്ക് മറിക്കുന്നതിനാൽ ആദ്യ പദ്ധതി പൂർത്തിയാവാൻ  പറഞ്ഞതിൽ അധികം സമയം എടുക്കുന്നു. പർച്ചേസ് എഗ്രിമെന്റുകൾ മാത്രം കയ്യിൽ കരുതി കാലങ്ങളായി ബുക്ക് ചെയ്ത പദ്ധതിയുടെ നിർമാണം പൂർത്തിയാകാൻ കാത്തിരിക്കുന്ന നിക്ഷേപകർ ഏറെയാണ്. 

 

അംഗീകരിച്ച പദ്ധതിയിൽ വരുന്ന മാറ്റങ്ങൾ 

നിർമ്മാണത്തിനു മുൻപ് അംഗീകരിച്ച പ്ലാൻ പ്രകാരമല്ലാതെ കെട്ടിടം നിർമിച്ചു നൽകുന്നതാണ്  മറ്റൊരു രീതി. വീടിനുള്ളിലെ സൗകര്യങ്ങളും  നിർമ്മാണ സാമഗ്രികളും അടക്കം നിർമാതാക്കളുമായി ധാരണയിലെത്തിയ പ്ലാനുമായി ഒരു തരത്തിലും യോജിക്കാത്ത വീടുകളിൽ മറ്റു നിവൃത്തിയില്ലാതെ തൃപ്തിപ്പെടേണ്ടി വരുന്നവർ ഏറെയാണ്. പലപ്പോഴും ഉദ്ദേശിച്ച സൗകര്യങ്ങൾക്കായി ഇവർക്ക് തുക അധികമായി ചെലവാക്കേണ്ടി വരുന്നു. 

 

അവശ്യ സൗകര്യങ്ങൾക്ക് അംഗീകാരം ലഭിക്കാനുള്ള താമസം 

നിർമ്മാണം പൂർത്തിയായി കെട്ടിടം സ്വന്തമാക്കിയ ശേഷം അവശ്യ സൗകര്യങ്ങൾക്ക് അംഗീകാരം ലഭിക്കാതെ അലയേണ്ടി വരുന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊന്ന്. വൈദ്യുതി കണക്‌ഷൻ , വാട്ടർ കണക്‌ഷൻ   എന്നിവയ്ക്ക് അംഗീകാരം ലഭിക്കാൻ കാലതാമസം വരുന്നത് നിക്ഷേപകരെ ചില്ലറയൊന്നുമല്ല വലയ്ക്കുന്നത്. കെട്ടിടം നിർമ്മിച്ച പ്ലോട്ട്, ഭൂമിയുടെ ഉപയോഗം , ഫ്ലോർ ഏരിയ എന്നിവ  നിയമാനുസൃതമല്ല എന്ന് കരാർ ഉറപ്പിച്ച ശേഷമോ കെട്ടിടം പണിതീർന്ന ശേഷമോ ആണ് കണ്ടെത്തുന്നത് എങ്കിൽ കെട്ടിടം സ്വന്തം ആക്കുന്നവർ ഇതിനുപിന്നാലെ ഏറെ നടക്കേണ്ടി വരും.

English Summary- Possible Real Estate Scams in the Country

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com