ADVERTISEMENT

വീടുപണിയുമ്പോൾ എത്ര ശ്രദ്ധിച്ചാലും പല അബദ്ധങ്ങളും പറ്റാറുണ്ട്. അത്തരം അബദ്ധങ്ങൾ പിന്നീട് വീട് പണിയുന്നവർക്കുള്ള അനുഭവപാഠങ്ങളായി മാറും. അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഇവിടെ..

ഏതാനും മാസം മുൻപാണ് അൽപം വിഷമത്തോടെ സഹപ്രവർത്തകനായ ഷെഫീഖ് എന്റെ ഓഫീസിലേക്ക് കയറിവരുന്നത്. 

" സുരേഷ് ബായി, ഒരു പ്രശ്നമുണ്ട്. പുറത്താരും അറിയരുത്. അക്കാര്യം നിങ്ങളുമായി ഒന്ന് ചർച്ച ചെയ്യാൻ വന്നതാണ്" പുറത്താരും അറിയരുതെന്ന് പറഞ്ഞതുകൊണ്ട് ഞാനൊന്ന് ചുറ്റും നോക്കി, പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു : 

" തെറ്റുചെയ്യാത്തവരായി ആരുണ്ട് ഗോപൂ, ഇക്കാര്യം ഇരുചെവിയറിയാതെ നമുക്ക് ഒതുക്കിത്തീർക്കാം. നിങ്ങൾ കാര്യം പറയൂ." 

"എന്റെ വീടിന്റെ ഡൈനിങ് ഹാളിന്റെ സീലിങ് പ്ലാസ്റ്റർ ഒന്നാകെ ഇളകി താഴെ വീണു, ഫ്ലോറിങ്ങിനും ചെറിയ പരിക്കുണ്ട്. ഇനി എന്ത് ചെയ്യണം ..? എങ്ങനെയാണ് ഇത് സംഭവിച്ചത്..? " അത്രയേ ഉള്ളൂ.  ഞാൻ വേറെന്തൊക്കെയോ പ്രതീക്ഷിച്ചു.

സംഭവം ഇതാണ്, ഷെഫീഖിന്റെ പുതുതായി പണിത വീടിന്റെ സീലിങ് പ്ലാസ്റ്ററിങ് അടർന്നു വീണു. ഹാളിലാണ് മുഖ്യമായും വീണത്. വേറെ ചിലയിടത്തും പ്ലാസ്റ്ററിങ് വീഴാറായി നിൽപ്പുണ്ട്. ഇത് ഷെഫീക്കിന്റെ മാത്രം കാര്യമല്ല. വേറെയും ഒന്നുരണ്ടുപേരായി ഇപ്പോൾ ഇക്കാര്യം പറയുന്നു.

അടർന്നു വീഴുന്ന സീലിങ് പ്ലാസ്റ്ററിങ്ങിനെ കുറിച്ച്. സത്യം പറഞ്ഞാൽ ഈ വിഷയത്തെക്കുറിച്ചും എനിക്കറിയാവുന്ന കാര്യങ്ങളും നിരീക്ഷണങ്ങളും പങ്കുവെക്കണമെന്നു അപ്പോഴേ കരുതിയതാണ്. ആയിടക്കാണ് ശ്രീ. കൊറോണാക്ഷൻ പിള്ള ക്ഷണിക്കാതെ കയറിവരുന്നത്.

പത്തു ദിവസം കൂടെ താമസിച്ച ശേഷം കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ പിള്ള സ്ഥലം വിട്ടു, ഞാനിക്കാര്യം മറക്കുകയും ചെയ്തു. പിന്നീട് സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രം വൈറലായപ്പോഴാണ് ഷെഫീക്കിന്റെ പഴയ കഥ ഓർമ്മ വന്നത്. എന്തുകൊണ്ടാണ് ഈയിടെയായി നമ്മുടെ സീലിങ് പ്ലാസ്റ്ററിങ്ങുകൾ അടർന്നു വീഴുന്നത് ..? 

ceiling-plaster

ഐ.എ.എസ് എന്താണെന്നറിയുന്നതിനു മുൻപ്, ഇന്ത്യ എന്താണെന്ന് അറിയണം എന്ന് മമ്മുക്ക പണ്ട് കോഴിക്കോട് 'കളക്ടറാ'യിരുന്ന കാലത്ത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ പ്രശ്നം എങ്ങനെ ഉണ്ടാവുന്നു എന്നറിയും മുൻപേ സീലിങ്  പ്ലാസ്റ്ററിങ് എന്താണെന്നറിയണം. പേര് സൂചിപ്പിക്കുന്നതുപോലെ കെട്ടിടങ്ങൾക്കുള്ളിലെ സീലിങ്ങിന് താഴെയായി നടത്തുന്ന സിമെന്റ് പ്ലാസ്റ്ററിങ്ങിനെയാണ് സീലിങ് പ്ലാസ്റ്ററിങ് എന്ന് സാമാന്യമായി പറയുന്നത്.

എന്നാൽ സീലിങ്ങിന് താഴെ മാത്രമല്ല ഈ രീതിയിൽ പ്ലാസ്റ്റർ ചെയ്യുന്നത്. സൺഷെയിഡുകളുടെ അടിവശം, കോണിയുടെയും ലാൻഡിങ് സ്ളാബിന്റെയും അടിവശം ഒക്കെ പ്ലാസ്റ്റർ ചെയ്യുന്നതും ഈ ഗണത്തിൽ വരും. ഈ സീലിങ് പ്ലാസ്റ്ററിങ്ങിനു ചില സവിശേഷതകളുണ്ട്.

സാധാരണ ചുവർ പ്ലാസ്റ്ററിങ് നടത്തുന്നത് മിക്കവാറും ഇഷ്ടികയിലോ, വെട്ടുകല്ലിലോ ഒക്കെയാണ്. എന്നാൽ സീലിങ് പ്ലാസ്റ്ററിങ് എന്ന് പറയുന്നത് നടത്തുന്നത് കോൺക്രീറ്റ് സ്ളാബിന്റെയോ, ബീമിന്റെയോ ഒക്കെ അടിവശത്താണ്. ഇവിടെയാണ് നമ്മുടെ പ്രശ്നം ആരംഭിക്കുന്നത്.

അതായത് ഒരു കെട്ടിടത്തിലെ സീലിംഗ് പ്ലാസ്റ്ററിങ് അവിടെ അതിന്റെ ആയുഷ്കാലമത്രയും നിൽക്കുന്നത് ഗ്രാവിറ്റേഷണൽ ഫോഴ്സിനെ, അഥവാ ഭൂഗുരുത്വ ആകർഷണത്തെ വെല്ലുവിളിച്ചുകൊണ്ടാണ്. ഒരു കെട്ടിടത്തിന്റെ വേറൊരു ഭാഗത്തിനും ഇത്ര സങ്കീർണ്ണമായ ഒരു വെല്ലുവിളി നേരിടേണ്ടതായി തോന്നുന്നില്ല.

ഒന്നുകൂടി വ്യക്തമാക്കിയാൽ സീലിങ് പ്ലാസ്റ്ററിങ്  ഭൂഗുരുത്വ ആകർഷണത്തെ അതിജീവിച്ചു അവിടെ നിൽക്കുന്നത് അതിനു സ്‌ളാബുമായുള്ള ബൈൻഡിങ് ഒന്നുകൊണ്ടു മാത്രമാണ്. എപ്പോൾ ആ ബൈൻഡിങ് ദുർബ്ബലമാവുന്നുവോ അപ്പോൾ പ്ലാസ്റ്ററിങ് ചക്ക വെട്ടിയിട്ടതുപോലെ താഴെ പോരും. ഷെഫീക്കിന്റെ വീടാണോ, സുരേഷിന്റെ വീടാണോ എന്നൊന്നും അത് നോക്കില്ല.  

കോൺക്രീറ്റ് സ്ളാബും പ്ലാസ്റ്ററിങ്ങും തമ്മിലുള്ള ബൈൻഡിങ്ങിന്റെ അടിസ്ഥാനത്തിൽ ആണ് സീലിങ് പ്ലാസ്റ്ററിങ് അവിടെ നിൽക്കുന്നതെന്ന് നാം കണ്ടു. ഉള്ളത് പറയണമല്ലോ, കോൺക്രീറ്റും, സിമന്റ് പ്ലാസ്റ്ററിങ്ങും തമ്മിലുള്ള ബൈൻഡിങ് സ്വതവേ അത്ര സ്ട്രോങ്ങ് അല്ല. അതായത്, ഇഷ്ടികയോ, വെട്ടുകല്ലോ ഒക്കെയുമായി സിമന്റു പറ്റിപ്പിടിക്കുന്ന അത്രയും സ്ട്രോങ്ങ് അല്ല സിമന്റും  സിമെന്റും തമ്മിലുള്ള ഒട്ടിപ്പിടുത്തം.

ചുരുക്കിപ്പറഞ്ഞാൽ ഏതു സമയത്തും ഗുരുത്വ ആകർഷണത്തിനു വിധേയമായി വീഴാൻ തെയ്യാറായി നിൽക്കുന്ന സീലിങ് പ്ലാസ്റ്ററിങ്ങിനു സ്ളാബുമായി നമ്മൾ വിചാരിക്കുന്നത്ര  പിടിയൊന്നും സ്വതവേ ഇല്ല. അതുകൊണ്ടാണ് എൻജിനീയർമാർ സീലിങ് പ്ലാസ്റ്ററിങ്ങിന്റെ കനം കുറയ്ക്കുന്നതും, സിമന്റ് ചാന്തിൽ സിമന്റിന്റെ അനുപാതം വർദ്ധിപ്പിക്കുന്നതും.

അതുപോലെ സാധാരണ ചുവര് നാം പന്ത്രണ്ടു മില്ലീമീറ്റർ കനത്തിൽ പ്ലാസ്റ്റർ ചെയ്യുമ്പോൾ സീലിങ് പ്ലാസ്റ്റർ ഒൻപതു മില്ലീമീറ്റർ കനത്തിൽ മാത്രമേ പ്ലാസ്റ്റർ ചെയ്യാവൂ. ഇതുവഴി പ്ലാസ്റ്ററിങ്ങിന്റെ ഭാരം കുറക്കാം. തീർന്നില്ല. സാധാരണ ചുവർ പ്ലാസ്റ്റർ ചെയ്യാൻ ഒരു ചട്ടി സിമന്റിനു ആറു ചട്ടി മണൽ ചേർക്കുമ്പോൾ സീലിംഗ് പ്ലാസ്റ്റർ ചെയ്യാൻ ഇതിന്റെ ഇരട്ടി സിമെന്റ് ചേർക്കണം.

സ്‌ളാബുമായുള്ള ബൈൻഡിങ് വർദ്ധിപ്പിക്കാനാണ് ഇങ്ങനെ സിമന്റിന്റെ അംശം വർദ്ധിപ്പിക്കുന്നത്. ഈ രണ്ടും കണിശമായി പാലിക്കണം. ഇനി, എന്തുകൊണ്ടാണ് ഈ ബൈൻഡിങ് ദുർബ്ബലമാവുന്നത്..? അതും മുൻപെങ്ങും ഇല്ലാത്തവിധം ഇക്കാലത്തു ഇത്തരം കേസുകൾ വർദ്ധിച്ചത് ..? പറയാം.

സമീപകാലം വരെ സ്ളാബിനു ഷട്ടറിങ് നടത്താനായി മരപ്പലകയെ ആണ് കോൺട്രാക്ടർമാർ ആശ്രയിച്ചിരുന്നത്. ഇപ്പോൾ അത് മാറി സ്റ്റീൽ ഷീറ്റുകളായി. സ്റ്റീലിനു മരപ്പലകയെ അപേക്ഷിച്ചു മിനുസം കൂടുതലാണ്. ഫലം പണ്ടുണ്ടായിരുന്ന ബൈൻഡിങ് വീണ്ടും കുറഞ്ഞു. പ്ലാസ്റ്ററിങ്ങിനു താഴോട്ടു വീഴാനുള്ള ത്വര കൂടി.

തീർന്നില്ല, ഇടി വെട്ടിയവനുള്ള പാമ്പുകടി പിന്നാലെ വേറെ വരുന്നുണ്ട്. സ്റ്റീൽ ഷീറ്റിനെ തുരുമ്പിൽ നിന്ന്  സംരക്ഷിക്കാനും, ഷട്ടറിങ് റിമൂവൽ എളുപ്പമാക്കുവാനും ആയി കോൺട്രാക്ടർമാർ അതിൽ പുരട്ടിവെക്കുന്ന ഓയിൽ ഈ ബൈൻഡിങ്ങിനെ പൂർണ്ണമായും ഇല്ലാതാക്കും.

അതായത്, ഇന്ന് നമ്മുടെ നാട്ടിൽ നിൽക്കുന്ന പല സീലിങ്  പ്ലാസ്റ്ററിങ്ങുകളും അവിടെ നിൽക്കുന്നത് ദൈവകാരുണ്യം കൊണ്ടാണെന്നു ചുരുക്കം. നേരിയ ഒരു ചലനം മൂലമോ, സ്ളാബിനുണ്ടാകുന്ന വികാസ സങ്കോചങ്ങൾ മൂലമോ ഈ പ്ലാസ്റ്ററിങ് പിടിവിട്ടു താഴെ  പോകാം.

എന്നാൽ ഈ സീലിങ് പ്ലാസ്റ്ററിങ്ങിനു വീടിന്റെ ഉറപ്പുമായി യാതൊരു ബന്ധവും  ഇല്ല. സ്ളാബിനെ സംരക്ഷിക്കേണ്ടത് കവറിങ് കൊടുത്തിട്ടാണ്. അതിനാൽ തന്നെ ഫിനിഷിങ് എന്ന തലത്തിനപ്പുറത്തേക്ക് ഒരു പ്രാധാന്യവും ഇതിനില്ല.

നിങ്ങൾ ഫാൾസ് സീലിങ്  നടത്താൻ പ്ലാനുണ്ടങ്കിൽ പിന്നെ കഷ്ടപ്പെട്ട് ഈ സീലിങ് പ്ലാസ്റ്ററിങ് നടത്തി പണം കളയേണ്ട കാര്യമില്ലെന്നർത്ഥം. ഇനി അഥവാ ചെയ്യുകയാണെങ്കിൽ തന്നെ എല്ലാ എൻജിനീയറിങ് മാനദണ്ഡങ്ങളും പാലിച്ചു വേണം അത് ചെയ്യാൻ.  ഷഫീക്കിനോട് ഞാൻ പറഞ്ഞതും ഇതൊക്കെത്തന്നെയാണ്. രഹസ്യമാണ്, പുറത്താരും അറിയരുത് ..

കടപ്പാട്- സുരേഷ് മഠത്തിൽ വളപ്പിൽ 

English Summary- Plastering Defects; Building Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com