ഓണക്കാലത്ത് കേരളത്തിൽ ഹൗസ്ഫുള്ളായി ഹോംതിയറ്റർ! നിങ്ങൾക്കും ഒരുക്കാം

HIGHLIGHTS
  • കേരളത്തിൽ ഒന്നര വർഷത്തിനിടെ ഹോം തിയറ്റർ രംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്.
home-theatre-kerala
Shutterstok by By Zoltan Pataki
SHARE

കേരളത്തിലെ ഏതെങ്കിലും വീട്ടിലേക്കു കടന്നു ചെല്ലുമ്പോൾ ഭിത്തിയിൽ സിനിമാ പോസ്റ്ററും മൂലയ്ക്ക് പോപ്കോൺ മെഷീനും കണ്ടാൽ അന്തംവിടേണ്ട. ഹോം തിയറ്റർ എന്നാൽ വെറുതെ സ്ക്രീനും പ്രൊജക്ടറും സ്പീക്കറും മാത്രമാണെന്ന സങ്കൽപം മാറുകയാണ്. വീടുകളിൽ അക്ഷരാർഥത്തിലുള്ള തിയറ്റർ അനുഭൂതി നൽകിയുള്ള സജ്ജീകരണങ്ങൾ വ്യാപകമാകുന്നു. കോവിഡ് വ്യാപനത്തോടെ കുടുംബങ്ങൾ വീടുകളിലേക്കു ചുരുങ്ങുകയും വിനോദത്തിന് യാത്ര അടക്കമുള്ള ഉപാധികൾ തടസ്സപ്പെടുകയും ചെയ്തതോടെ കേരളത്തിൽ ഒന്നര വർഷത്തിനിടെ ഹോം തിയറ്റർ രംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. അതിന്റെ തുടർച്ചയായിട്ടാണ് പുതിയ ട്രെൻഡ്. 62 ശതമാനമാണ് ഹോം തിയറ്റർ രംഗത്തെ വളർച്ച. ഏഷ്യൻ മാർക്കറ്റിൽനിന്നുള്ള കയറ്റുമതിയുടെ അടിസ്ഥാനത്തിലാണ് വളർച്ച കണക്കാക്കിയിരിക്കുന്നത്. 

കേരളത്തിൽ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളാണ് ഹോം തിയറ്റർ ഒരുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത്. ഉയർന്ന ബ്രാൻഡുകൾ കൂടുതലായി തിരഞ്ഞെടുക്കുകയും തിയറ്റർ പ്രതീതിക്കായി അനുബന്ധകാര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്നത് എറണാകുളം ജില്ലയാണ്. ബാൽക്കണിയിൽ അടക്കം ഓപ്പൺ തിയറ്റർ ഒരുക്കുന്ന ട്രെൻഡാണ് മലപ്പുറത്തുള്ളത്. ഇപ്പോൾ 2000 ചതുരശ്രയടിയുടെ വീടിനുള്ള പ്ലാൻ വരച്ചാൽ അതിൽ ഉറപ്പായും ഹോം തിയറ്ററിനുള്ള സ്ഥലം ആർക്കിടെക്ടുകൾ രേഖപ്പെടുത്തുന്നുണ്ടെന്ന് ഹോം തിയറ്റർ സൊല്യൂഷൻ കമ്പനിയായ മെൽബൺ മീഡിയ ഫാക്ടറി സിഇഒ ഐ.ജെ.ആൻസൺ പറയുന്നു. പൂജാമുറി എന്ന പ്രത്യേക ഇടം ഒരു വീടിന്റെ അവിഭാജ്യഘടകമായി മാറിയതുപോലെയാണ് വീടുകളുടെ രൂപരേഖയിൽ ഹോം തിയറ്ററും സ്ഥാനം പിടിക്കുന്നത്. 

കയ്യിലൊതുങ്ങും തിയറ്റർ

veedu-channel-home-theatre

നേരത്തേ ഹോം തിയറ്ററുകൾ എന്നാൽ സിഡി ആയും മറ്റും ഇറങ്ങുന്ന സിനിമകൾ വലുതായി കാണുന്ന സംവിധാനം മാത്രമായിരുന്നു. എന്നാൽ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ കയ്യുംകണക്കുമില്ലാതെ ദിവസേന ചിത്രങ്ങൾ റിലീസ് ചെയ്യാൻ തുടങ്ങിയതോടെ ആദ്യദിനം തന്നെ സ്വന്തം തിയറ്ററിൽ സിനിമ കാണാൻ വീടുകളിൽ ആവേശമാണ്. കോവിഡിന് മുൻപ് തിയറ്ററിൽ ഇരുന്നായിരുന്നു സെൽഫിയെങ്കിൽ ഇപ്പോൾ ഹോം തിയറ്റർ സ്ക്രീനിനു മുൻപിൽനിന്നാണ് സിനിമാതാരങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്.  ആമസോൺ ഫയർസ്റ്റിക്, ക്രോംകാസ്റ്റ് തുടങ്ങിയ ആൻഡ്രോയ്ഡ് സ്ട്രീമിങ്ങ് ഉപകരണങ്ങൾ പ്രൊജക്ടറിൽ ഘടിപ്പിക്കാം എന്നതിനാൽ ബിഗ്സ്ക്രീനിൽ  4കെ ദൃശ്യാനുഭൂതിയിലാണ് ഹോം തിയറ്ററിലെ പ്രദർശനം.

വൈറ്റ് സ്ക്രീൻ, പ്രൊജക്ടർ, നാല് സോഫ കസേര, ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനം, ആൻഡ്രോയ്ഡ് സ്ട്രീമിങ് ഉപകരണം എന്നിവയടക്കം താരതമ്യേമ മികച്ചൊരു തിയറ്റർ വീട്ടിലൊരുക്കാൻ ചെലവ് 3.5 ലക്ഷം രൂപ മുതലാണ്. നല്ല ശബ്ദ അനുഭൂതിക്കായി ഭിത്തികളിൽ സൗണ്ട് പ്രൂഫ് പാനലുകൾ ഉൾപ്പെടെ ചെയ്യുകയാണെങ്കിൽ ചെലവ് അൽപം കൂടി കൂടും. തിരഞ്ഞെടുക്കുന്ന പ്രൊജക്ടർ, സ്പീക്കർ എന്നിവയുടെ ബ്രാൻഡുകൾക്ക് അനുസരിച്ചാണ് വിലയുടെ കയറ്റിറക്കം. 15 അടി നീളവും 10 അടി വീതിയുമുള്ള ഒരു മുറി ക്ലോസ്ഡ് തിയറ്ററാക്കി മാറ്റാൻ 7 ലക്ഷം രൂപയെങ്കിലും മുടക്കണം. 4കെ പ്രൊജക്ടർ, പ്രീമിയം ശബ്ദസംവിധാനം എന്നിവയുൾപ്പെടെ ഒരു യഥാർഥ തിയറ്ററിന്റെ അകത്തളത്തിലെ എല്ലാ സൗകര്യവും ഇതിനുണ്ടാകും. റിക്ലൈനർ സീറ്റും തറയിലെ കാർപറ്റും അടക്കം.

ശബ്ദസംവിധാനങ്ങൾ മിക്കവയും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. കോവിഡിനെ തുടർന്ന് ഡിമാൻഡ് വർധിച്ചതോടെ പഴയ മോഡൽ സ്റ്റോക്കുകൾക്കു പോലും ആവശ്യക്കാർ ഉണ്ടെന്നു വ്യാപാരികൾ പറയുന്നു.  ടാഗ ഹാർമണി, മിഷൻ, പാരാഡൈൻ, കാറ്റൺ, ക്ലിപ്ഷ് എന്നി കമ്പനികളാണ് ഹോം തിയറ്ററുകളിലെ ചില സ്പീക്കർ സാന്നിധ്യങ്ങൾ. 5.1, 7.1 എന്നിങ്ങനെയാണ് കൂടുതലായി ആവശ്യക്കാരുള്ള ശബ്ദസംവിധാനങ്ങൾ. ലെഫ്റ്റ്, സെൻട്രൽ, റൈറ്റ്(എൽസിആർ) എന്ന രീതിയിൽ ശബ്ദം ഒരുക്കുന്നതാണ് ബേസിക് പാക്കേജ്. 

ഏകദേശം 300 അടിയാണ് യഥാർഥ തിയറ്ററിലെ സ്ക്രീൻ വലുപ്പം. വീടുകളിൽ 110 മുതൽ 200 വരെ വലുപ്പത്തിലുള്ള സ്ക്രീനുകൾ സ്ഥലസൗകര്യം അനുസരിച്ച് ചെയ്തുനൽകും. വൈറ്റ് സ്ക്രീൻ, ഗ്രേ സ്ക്രീൻ എന്നിങ്ങനെ സ്ക്രീനിലും വൈവിധ്യമുണ്ട്. ആവശ്യം കഴിഞ്ഞാൽ റിമോട്ട് ഉപയോഗിച്ച് മടക്കിവയ്ക്കാവുന്ന സ്ക്രീനുകളുമുണ്ട്.  എച്ച്ഡി പ്രൊജക്ടറിന് 59000 രൂപ മുതൽ വിലയുണ്ട്. 4കെ ആണെങ്കിൽ 1.25 ലക്ഷം മുതൽ. മിക്കവാറും ഡിഎൽപി സാങ്കേതിക വിദ്യയുള്ള പ്രൊജക്ടറുകളാണ്. ലേസർ പ്രൊജക്ടറുകളും രംഗത്തു വരുന്നുണ്ട്. ഇതിനു നിലവിൽ വില താരതമ്യേന കൂടുതലാണ്.

പാക്കേജ് ആയി ചെയ്യാൻ ബജറ്റ് ഇല്ലാത്തവർക്ക് ബ്രാൻഡഡ് അല്ലാത്ത പ്രൊജക്ടറുകൾ ഓൺലൈനായി 5000 രൂപ മുതൽ കിട്ടും. വില തുച്ഛമാണെങ്കിലും ഗുണനിലവാരവും സർവീസും ഉറപ്പുപറയാനാകില്ല. എങ്കിലും ആൻഡ്രോയ്ഡ് പ്രൊജക്ടറുകളാണ് ഇവ എന്നതിനാൽ ഒടിടി ആപ്ലിക്കേഷനുകൾ നേരിട്ടു പ്ലേ ചെയ്യാം. യുഎസ്ബി പ്ലേയും സാധ്യമാണ്. 5000–6000 രൂപമുതൽ സറൗണ്ട് എഫക്ട് കിട്ടുന്ന സൗണ്ട് ബാറും ലഭ്യമാണ്.  

പോസ്റ്ററിനും പോപ്കോൺ മെഷീനിനും പുറമേ തിയറ്ററിലേതു പോലെ എക്സിറ്റ്, ടോയ്‌ലറ്റ് ബോർഡുകളും വീട്ടിലെ തിയറ്ററുകളിൽ ഒരുക്കി നൽകുന്നുണ്ട്. ഇത്തരം പ്രവണത കൂടുതലും എറണാകുളത്താണ്. വില കൂടിയ ബ്രാൻഡുകൾ ഉപഭോക്താക്കൾ സിലക്ട് ചെയ്യുന്നു എന്നതും ജില്ലയുടെ പ്രത്യേകതയാണ്.

വേണ്ട പ്രത്യേക മുറി

home-theatre-viewing

വീടുകളിൽ ഹോം തിയറ്റർ സജ്ജമാക്കാൻ പ്രത്യേക മുറി ആവശ്യമില്ല. പ്രത്യേകിച്ച് പഴയ വീടുകൾക്ക്. കൊച്ചിയിൽ ഫ്ലാറ്റുകളിൽ നിന്നാണ് കൂടുതലായി ഇക്കാലയളവിൽ ആവശ്യക്കാർ എത്തിയത്. 150 ചതുരശ്രയടി സ്ഥലമെങ്കിലുമുണ്ടെങ്കിൽ ഹോം തിയറ്റർ സജ്ജമാക്കാം. ബാൽക്കണി, കാർപോർച്ചിന്റെ മുകൾ വശം, ലിവിങ് ഏരിയ, ടെറസ് എന്നിവിടങ്ങളും തിയറ്ററാക്കി മാറ്റുകയാണ് പലരും. 

ലിവിങ് റൂമിൽ ആവശ്യസമയത്ത് ഉയോഗിക്കാവുന്ന തിയറ്റർ സെറ്റ് ചെയ്യുന്ന രീതിയാണ് കോവിഡ് കാലത്ത് തുടരുന്നത്. ആവശ്യം കഴിഞ്ഞാൽ റിമോട്ട് ഉപയോഗിച്ച് മടക്കിവയ്ക്കാവുന്ന സ്ക്രീൻ ലിവിങ് റൂമിന്റെ ഭംഗിയും കളയില്ല. ജിപ്സം റൂഫിങ് ചെയ്തിട്ടുണ്ടെങ്കിൽ പ്രൊജക്ടറും ഇതുപോലെ ഉപയോഗം കഴിഞ്ഞാൽ പൂട്ടിവയ്ക്കാം. അതില്ലെങ്കിലും കുഴപ്പമില്ല. റൂഫിൽ തൂക്കിയിട്ടിരിക്കുന്ന പ്രൊജക്ടർ ആർക്കും ഒരുപദ്രവവും ചെയ്യാതെ അവിടെ ഇരുന്നോളും. ഒരു സ്റ്റൈൽ ഫാക്ടർ കൂടി ആകും.

ആക്ടീവ് ലിവിങ് തിയറ്ററുകളും വീടുകളിൽ ട്രെൻഡായി മാറിയിരിക്കുകയാണ്. ഫുൾ ഓട്ടമേഷനാണ് പ്രത്യേകത. സിനിമ കാണേണ്ട സമയത്ത് മൊബൈൽ ആപ്പിൽ തിയറ്റർ മോഡ് ക്ലിക്ക് ചെയ്താൽ ജനാല കർട്ടനുകൾ താനെ അടയുകയും, ലൈറ്റുകൾ ഓഫ് ആകുകയും സ്ക്രീൻ ഇറങ്ങിവരികയും  പ്രൊജക്ടർ ഓൺ ആകുകയും ചെയ്യും. ആവശ്യം കഴിഞ്ഞാൽ ഇതെല്ലാം പഴയതുപോലെ ആക്കാം. ലിവിങ് റൂമിന്റെ സൗകര്യങ്ങൾ പോകുകയുമില്ല, തിയറ്ററിനു തിയറ്ററുമായി.

വിനോദം മാത്രമല്ല

home-theatre-set

വലിയ സ്ക്രീനിൽ അഥവാ വലിയ ബോർഡിൽ എഴുതി പഠിപ്പിക്കുന്ന കാര്യങ്ങൾ കൂടുതലായി കുട്ടികളിലേക്ക് ആഴത്തിൽ ഇറങ്ങുമെന്നാണ് സർവേകൾ പറയുന്നത്. ഓൺലൈൻ ക്ലാസുകൾ വ്യാപകമായതോടെ വീടുകളിലെ തിയറ്റർ പഠനത്തിനായും ഉപയോഗിക്കുന്നത് കൂടി. ക്ലോസ്ഡ് ഹോം തിയറ്ററുകളാണെങ്കിൽ കുട്ടികൾക്ക് മറ്റു ശല്യമില്ലാതെ അവിടെ ഇരുന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാം.

പ്രൊജക്ടറും സ്ക്രീനുമല്ലാതെ സ്മാർട് പാനലുകളും ഈ രംഗത്തെ പുതിയ ട്രെൻഡാണ്. 3 ലക്ഷം രൂപ മുതലാണ് വില. എഴുതാനുള്ള ബോർഡ്, വിഡിയോ പ്ലേ തുടങ്ങിയ മൾട്ടിമീഡിയ ഉപയോഗങ്ങൾ ഈ പാനലിൽ നടക്കും. സ്കൂളുകളിൽ നിന്ന് ഇതിനുള്ള ഓർഡറുകൾ കൂടുതലായി എത്തുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. പകൽ വെളിച്ചത്തിലും ദൃശ്യമിഴിവിന് കുറവുവരുന്നില്ല. 

English Sumamry- Home Theatre Technology Kerala

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA