ADVERTISEMENT

ഭവന വായ്പയുടെ പലിശ നിരക്ക് കുറഞ്ഞ സാഹചര്യം കണക്കിലെടുത്ത് വീട് വയ്ക്കുക എന്നത് സ്വപ്നമായി കണ്ടിരുന്നവർ കൂടുതലായി ഭവനവായ്പ എടുക്കാനായി  മുൻപോട്ട് വരുന്നുണ്ട്. എന്നാൽ ഭവനവായ്പയെന്നത് എടുത്താൽ പൊങ്ങാത്ത ബാധ്യതയാകാതിരിക്കാനായി ചിന്തിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ ചില കാര്യങ്ങൾ പരിശോധിക്കാം. 

 

1. ദീർഘകാല പ്രതിബദ്ധതയാണ് എന്ന് തിരിച്ചറിയണം 

വീടുവയ്ക്കുന്നതിനായി വായ്പയെടുത്താൽ 15 മുതൽ 30 വർഷംവരെ തിരിച്ചടവ് വേണ്ടിവന്നേക്കാം. അതായത് ഇത്രയും കാലത്തെ  മാസവരുമാനത്തിൽനിന്ന് ഒരുഭാഗം വായ്പാ തിരിച്ചടവിനായി മാറ്റിവയ്ക്കേണ്ടി വരും. ഇക്കാലയളവിൽ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രധാന സാമ്പത്തിക ആവശ്യങ്ങൾ കൂടി മനസ്സിൽ കണ്ടതിനു ശേഷം മാത്രം വായ്പ എടുക്കണോയെന്നും എത്ര തുക എടുക്കണമെന്നും നിശ്ചയിക്കുക.  ദീർഘകാല ബാധ്യതയായതിനാൽ വരുമാന സ്ഥിരത ഉണ്ടെന്ന കാര്യം കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്. തൊഴിൽ നഷ്ടപ്പെടാനോ ശമ്പളം കുറയാനോ ഉള്ള സാധ്യതകളെക്കുറിച്ചു കൂടി ചിന്തിച്ച ശേഷം മാത്രം തീരുമാനത്തിലെത്തുക.

  

2. താരതമ്യങ്ങളും വിശകലനങ്ങളും അനിവാര്യം 

വീടിനാവശ്യമായ തുകയുടെ 80 ശതമാനമാണ് സാധാരണഗതിയിൽ ഭവന വായ്പയായി ലഭിക്കുന്നത്. ബാക്കി തുക കൈവശമുണ്ടെന്ന്  ഉറപ്പാക്കിയ ശേഷം ഏറ്റവും മികച്ച ഭവന വായ്പ പദ്ധതി ഏതു ബാങ്കിലാണുള്ളത് എന്ന് കൃത്യമായി താരതമ്യം ചെയ്തു മനസ്സിലാക്കുക. പലിശനിരക്ക്, പ്രതിമാസം തിരിച്ചടക്കേണ്ടി വരുന്ന തുക, പലിശ മുടങ്ങിയാൽ അടക്കേണ്ടി വരുന്ന അധികതുക എന്നിവ മുതൽ വായ്പ എടുക്കുന്നതിനായി ഈടാക്കുന്ന ഫീസുവരെ ആദ്യം  മനസ്സിലാക്കണം. ക്രെഡിറ്റ് സ്കോർ നില എന്താണെന്ന് കൂടി മനസ്സിലാക്കിയ ശേഷം മാത്രം വായ്പ എടുക്കാൻ ശ്രമിക്കുക. ഉയർന്ന ക്രെഡിറ്റ് സ്കോർ വായ്പ വേഗത്തിൽ ലഭിക്കാനും പലിശ കുറയാനുമുള്ള സാധ്യത വർധിപ്പിക്കുന്നു. 

 

3. മുൻകൂറായി പണം കരുതാം 

വീടുവയ്ക്കാൻ ആവശ്യമായ തുകയുടെ 80% ലോൺ ലഭിക്കുമെന്നതിനാൽ ബാക്കി 20 ശതമാനം മാത്രം കൃത്യമായി കൈയിൽ കരുതാൻ ശ്രമിക്കുന്നവരാണ് അധികവും. എന്നാൽ ചില സ്ഥാപനങ്ങൾ അതിലും ഉയർന്ന തുക ഡൗൺപേമെന്റായി ആവശ്യപ്പെടാറുണ്ട്. ഇവയ്ക്കുപുറമേ രജിസ്ട്രേഷൻ, പ്രൊസസിങ് ഫീ, സ്റ്റാമ്പ് ഡ്യൂട്ടി എന്നീ ഇനങ്ങളിൽ കുറച്ച് അധികം തുക കയ്യിൽ നിന്നും കൊടുക്കേണ്ടതായി വരും. ഡൗൺപേമെന്റ് കണക്കാക്കി ആ തുക മാത്രം കയ്യിൽ കരുതി വായ്പ തുക ഉയർത്താൻ ശ്രമിക്കുന്നത് ബുദ്ധിയല്ല. വായ്പത്തുക ഉയരുന്തോറും പലിശയിനത്തിൽ കൂടുതൽ പണം അടക്കേണ്ടി വരുന്നതിനാൽ സാമ്പത്തിക ഞെരുക്കത്തിലേക്ക്  പോകാൻ സാധ്യത ഏറെയാണ്. 

 

4. എമർജൻസി ഫണ്ട് കരുതിവയ്ക്കാം 

ഭവനവായ്പ എടുത്ത ശേഷം തിരിച്ചടവ് നടക്കുന്നതിനിടെ പ്രതികൂലമായ എന്തെങ്കിലും സാഹചര്യമുണ്ടായാൽ  പലിശ മുടങ്ങാതിരിക്കാനായി ഒരു എമർജൻസി ഫണ്ട് കരുതിവയ്ക്കാൻ ശ്രദ്ധിക്കുക. തൊഴിൽ നഷ്ടമോ രോഗബാധയോ മരണമോ അടക്കമുള്ള അടിയന്തര സാഹചര്യങ്ങളിൽ തിരിച്ചടവ് മുടങ്ങാതിരിക്കുന്നതിന് ഈ തുക ഉപയോഗപ്പെടുത്താം. മൂന്നോ നാലോ മാസത്തേക്കുള്ള തിരിച്ചടവ് തുക ഇത്തരത്തിൽ സൂക്ഷിച്ചു വയ്ക്കുന്നതാവും ഉചിതം. 

 

5. ഇൻഷ്വറൻസ് നിർബന്ധം 

നാം എടുക്കുന്ന ഭവനവായ്പ കുടുംബാംഗങ്ങൾക്ക് ബാധ്യതയാകാതിരിക്കാനുള്ള കരുതലാണ് ഇൻഷുറൻസ് പരിരക്ഷ. ഭവനവായ്പയ്ക്ക് ഇൻഷുറൻസ് എടുത്താൽ വായ്പ എടുത്ത വ്യക്തിയുടെ കാലശേഷം ആശ്രിതർക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കാതെ  രക്ഷപ്പെടുത്താനാവും. ശേഷിക്കുന്ന വായ്പത്തുക ഇൻഷുറൻസിൽ നിന്നും തിരിച്ചടവായി പോകും. ദീർഘകാല വായ്പ ആയതിനാൽ  ചെറിയ പ്രീമിയം മാത്രമേ ഇൻഷുറൻസിനായി അടക്കേണ്ടി വരു. 

 

6. പങ്കാളിത്തം വായ്പയിലും 

വിവാഹിതരാണെങ്കിൽ, ഭാര്യയ്ക്കും ഭർത്താവിനും സ്വന്തമായി വരുമാനമുണ്ടെങ്കിൽ, ഭവനവായ്പ ഇരുവരുടെയും പങ്കാളിത്തത്തിൽ എടുക്കാൻ ശ്രമിക്കുക. സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കുറഞ്ഞ പലിശയ്ക്ക് ഭവന വായ്പ ലഭിക്കും എന്നതിനുപുറമേ വായ്പ എടുത്തതിന്റെ പേരിലുള്ള നികുതിയിളവ് രണ്ടുപേർക്കും ലഭിക്കുകയും ചെയ്യും. 

 

7. വായ്പയെടുത്ത് വാങ്ങുന്ന വീടുകളുടെ കാര്യത്തിലും ശ്രദ്ധ വേണം 

ദീർഘകാലത്തേക്ക് തിരിച്ചടവുള്ള ഭവനവായ്പകൾ വഴി ലക്ഷങ്ങളാണ് പലിശയിനത്തിൽ അധികമായി അടയ്ക്കേണ്ടി വരുന്നത്. ഇത് തിരിച്ചറിഞ്ഞ് താമസിക്കാനുള്ള ആവശ്യത്തിനു വേണ്ടിയാണെങ്കിൽ മാത്രം വീടിനായി വായ്പ എടുക്കാൻ ശ്രമിക്കുക.  കൺസ്ട്രക്ഷൻ കമ്പനികളിൽ നിന്നും വീട് സ്വന്തമാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ നിർമാണം പൂർത്തിയായ വീടുകൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. വായ്പ എടുത്ത് വീടിനായി പണം നിക്ഷേപിച്ച ശേഷം മാസാമാസം പലിശ അടയ്ക്കേണ്ടി വരികയും എന്നാൽ  വീടിന്റെ നിർമ്മാണം പൂർത്തിയാകാതെവരികയും ചെയ്തതിനെത്തുടർന്ന് പ്രതിസന്ധിയിലാകുന്നവർ ഏറെയായതിനാലാണ് ഇത്. 

 

8. പലിശ കുറയ്ക്കാനുള്ള കുറുക്കുവഴികൾ 

ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്തുകയാണ് പലിശയിനത്തിൽ  കുറവു വരുത്താൻ സഹായിക്കുന്ന ആദ്യ വഴി. 30 ലക്ഷത്തിൽ താഴെയാണ്  വായ്പ എടുക്കുന്നതെങ്കിൽ കുറഞ്ഞ പലിശ നിരക്ക് ആവശ്യപ്പെടാൻ കഴിയും. ജീവൻ പണയപ്പെടുത്തിയുള്ളത് അല്ലാത്ത ജോലികളിൽ ഏർപ്പെടുന്നവർക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കാൻ സാധ്യതയുണ്ട്.  കൂടുതൽ പണം കൈവശം വരുന്ന സമയത്ത്  വായ്പയുടെ ഒരു ഭാഗം മുൻകൂറായി അടയ്ക്കുന്നതും ഭവന വായ്പയുടെ തിരിച്ചടവ് വേഗത്തിൽ അവസാനിക്കാൻ സഹായകരമാകും.

English Summary- Taking Home Loan Best Practices- Things to Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com