ADVERTISEMENT

കാലം ഏറെ മാറിക്കഴിഞ്ഞു. അതിനൊത്ത് ജീവിതസാഹചര്യങ്ങളും. ഈ മാറ്റങ്ങൾ കുടുംബബന്ധങ്ങളിലും പ്രതിഫലിച്ചു കാണുന്നുണ്ട്. പുറമേ നോക്കുമ്പോൾ സന്തോഷം നിറഞ്ഞത് എന്നുതോന്നുന്ന പല വീടുകളിലും ദൃഢമായ ബന്ധങ്ങളോ സമാധാനമോ ഇല്ലാത്ത അവസ്ഥ. പുറംപകിട്ട് പോലെതന്നെ വീടിനകവും സന്തോഷം നിറഞ്ഞതാക്കാൻ വീട്ടിലെ ഓരോ അംഗങ്ങളും തമ്മിലുള്ള കരുതലും സഹകരണവും ആവശ്യമാണ്. കുടുംബത്തിനുള്ളിൽ സന്തോഷം നിറയാൻ ഓർത്തിരിക്കേണ്ട ചില കാര്യങ്ങൾ ശ്രദ്ധിക്കാം. 

 

1. കുടുംബം തന്നെ ഏറ്റവും സുരക്ഷിതമായ ഇടം 

സമൂഹമാധ്യമങ്ങളും ആധുനിക സൗകര്യങ്ങളും തുറന്നു വയ്ക്കുന്ന സാധ്യതകൾ അനന്തമാണ്. എന്നാൽ ഇവയ്ക്കിടയിലും സ്വന്തം വീടുതന്നെയാണ് ഏറ്റവും സുരക്ഷിതമായ ഇടം എന്ന തോന്നൽ കുട്ടികളിൽ ഉണ്ടാവുക എന്നത് പ്രധാനമാണ്. കുട്ടികൾക്കായി സമയം നീക്കിവയ്ക്കുകയും അവരോടൊപ്പം കൂട്ടുകാരെപ്പോലെ ഇടപഴകുകയും ചെയ്യുന്നതാണ് ഇതിനുള്ള ആദ്യപടി. എന്ത് പ്രശ്നവും തുറന്നുപറയാൻ മാതാപിതാക്കളുണ്ട് എന്ന തോന്നൽ അവരിൽ ഉണ്ടാവണം. വീടിനുള്ളിൽ പാലിക്കേണ്ട ചിട്ടകൾ എന്തുകൊണ്ടാണ് പ്രധാനമാകുന്നത് എന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കി തന്നെ മുന്നോട്ടുപോകാൻ ശ്രമിക്കാം. 

 

2. ഒളിമറകൾ വേണ്ട, തുറന്നുപറഞ്ഞ് ശീലിക്കാം 

family-happy
Shutterstock By IndianFaces

ജോലിസ്ഥലത്തെ  പ്രശ്നങ്ങളും കുടുംബത്തിലെ പ്രശ്നങ്ങളും കുടുംബാംഗങ്ങളിൽനിന്നും പരമാവധി മറച്ചു പിടിക്കുന്നതാണ് പലരുടേയും  രീതി. പങ്കാളിയോട് പോലും കാര്യങ്ങൾ തുറന്നു പറയാൻ മടിക്കുന്നവരുമുണ്ട്. കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാക്കുന്ന കാര്യങ്ങളാണെങ്കിൽ അതെക്കുറിച്ച് വിശദീകരിക്കേണ്ടതില്ല. എന്നാൽ മാതാപിതാക്കൾ നിരാശയിലോ സങ്കടത്തിലോ ആണെങ്കിൽ അത് തിരിച്ചറിയാൻ കുട്ടികൾക്ക് സാധിക്കണം എന്ന് മാത്രം. അതേപോലെ കുട്ടികൾക്ക് ദേഷ്യമോ സങ്കടമോ ഉണ്ടായാൽ അത് ശരിയായ വിധത്തിൽ പ്രകടിപ്പിക്കാനും   നിയന്ത്രിക്കാനും പരിശീലനം നൽകേണ്ടതുണ്ട്. ഇതെല്ലാം സാധ്യമാകാൻ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് അൽപസമയം ദിനവും പങ്കിടുന്നുണ്ടെന്ന് ഉറപ്പാക്കാം. 

 

3. ഉത്തരവാദിത്തങ്ങൾ പങ്കിടാം , സ്നേഹം പ്രകടിപ്പിക്കാം 

കുടുംബത്തിനുള്ളിലെ ഉത്തരവാദിത്തങ്ങൾ ഒരാളുടെ ചുമലിൽ മാത്രമാവാതെ പങ്കുവയ്ക്കുന്നത് ശീലമാക്കാം. ചെറിയ പിണക്കങ്ങളും അസ്വാരസ്യങ്ങളും എല്ലാം നിഷ്പ്രഭമാക്കാൻ സഹകരിച്ചുള്ള ജീവിതത്തിലൂടെ സാധിക്കും. സ്നേഹം പ്രകടിപ്പിക്കുന്നത് ഒരു കുറച്ചിലാണ് എന്ന തോന്നലും വേണ്ട.  കുടുംബാംഗങ്ങളുടെ നേട്ടങ്ങളിൽ  എത്രത്തോളം സന്തോഷം ഉണ്ടെന്നത്  തുറന്നു പ്രകടിപ്പിക്കാൻ മടിക്കേണ്ടതില്ല. അതേ രീതിയിൽ ഒരാൾക്ക് പ്രശ്നമുണ്ടായാൽ അവർ ഒറ്റപ്പെട്ടു പോകാൻ അനുവദിക്കാതെ സ്നേഹവും പരിഗണനയും നൽകി കൂടെനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. 

 

4. പരസ്പരബഹുമാനം പ്രധാനം 

പല വീടുകളിലും പങ്കാളികൾ തമ്മിൽ സ്നേഹത്തിലും ബഹുമാനത്തിലുമാണ് കഴിയുന്നതെങ്കിലും മക്കളോട് ബഹുമാനം കാണിക്കുന്നവർ കുറവാണ്. അവരും വ്യത്യസ്തരായ വ്യക്തികളാണ് എന്ന് തിരിച്ചറിഞ്ഞ് അവരുടെ വ്യക്തിത്വത്തെ ബഹുമാനിക്കുകയും അതേസമയം മറ്റുള്ളവരോട് ബഹുമാനത്തോടെ എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുകയും ചെയ്യണം. അവരുടെ എല്ലാ പ്രവൃത്തിയും ന്യായീകരിക്കാതെ തെറ്റുകൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടാനും തിരുത്തേണ്ട മാർഗ്ഗങ്ങൾ നിർദേശിക്കാനും തയ്യാറാവണം. ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് എല്ലാവർക്കും ഒരേ താല്പര്യമായിരിക്കണം എന്ന ചിന്തയും ശരിയല്ല. ആഹാരകാര്യത്തിലായാലും കഴിവുകളുടെ കാര്യത്തിലായാലും  ഓരോ വ്യക്തിയുടെയും ഇഷ്ടങ്ങൾ വ്യത്യസ്തമാണെന്ന് മനസ്സിലാക്കി മാത്രം മുന്നോട്ടുപോകാൻ ശ്രദ്ധിക്കുക. അതേപോലെ മറ്റുള്ളവരുടെ മുന്നിൽവച്ച് കുടുംബത്തിലെ അംഗങ്ങളുടെ അഭിമാനം നഷ്ടമാകുന്ന രീതിയിലുള്ള പെരുമാറ്റം  ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. 

 

5. ബെസ്റ്റ് ഫ്രണ്ട്സ് വീടിനുള്ളിൽ തന്നെ.

കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതാണ് ഏറ്റവും മനോഹരമായ സമയമെന്ന തോന്നൽ ഉണ്ടായാൽ തന്നെ ജീവിതം സുന്ദരമാകും. പരസ്പരം  കുറവുകളും കഴിവുകളും മനസ്സിലാക്കുക എന്നതാണ്  ഇതിനു വേണ്ടത്. സുഹൃത്തുക്കൾക്കൊപ്പം ആയിരിക്കുമ്പോൾ  ചെയ്യാറുള്ളതുപോലെ കുടുംബാംഗങ്ങളുമൊത്തും യാത്രയും വിനോദങ്ങളും ശീലമാക്കുക. സുഹൃത്തുക്കൾക്ക് എന്നപോലെ കുടുംബത്തിലെ ഓരോരുത്തരുടെയും  പ്രശ്നങ്ങളിൽ താങ്ങേകാനും നേട്ടങ്ങളിൽ അഭിനന്ദിക്കാനും വീണുപോകുമ്പോൾ കൂടെയുണ്ടെന്ന് പ്രവൃത്തിയിലൂടെ ഉറപ്പു കൊടുക്കാനും സാധിക്കണം.

English Summary- Create a Happy Family Atmosphere- Tips

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com