ADVERTISEMENT

റിയൽ എസ്റ്റേറ്റ് മേഖലയിലെ കയറ്റിറക്കങ്ങൾ പ്രവചനാതീതമാണ്. ഏറെ പരസ്യം ചെയ്യപ്പെടുന്ന വമ്പൻ വില്ല/ ഫ്ലാറ്റ് പ്രോജക്ടുകൾ പോലും വിറ്റുപോകുന്നതിന് പലപ്പോഴും കാലതാമസം നേരിടാറുണ്ട്. അപ്പോൾ സാധാരണ വീടുകളുടെ കാര്യം പറയാനുണ്ടോ. വീട് വിൽപന ചെയ്യാൻ ഉദ്ദേശിക്കുമ്പോൾ തടസ്സങ്ങൾ ഏറെയാണ്. അവ എന്തൊക്കെയാണെന്ന് മനസ്സിലാക്കി പരിഹരിച്ചാൽ വീടിന്റെ വിൽപന എളുപ്പത്തിലാക്കാം. 

പരസ്യം സ്വന്തം നിലയിൽ 

താമസിച്ചുകൊണ്ടിരിക്കുന്ന വീടുകളുടെ വിൽപന നടക്കാൻ കാലതാമസം എടുക്കുന്നത് പതിവാണ്. ഇതുമറികടക്കാൻ വിൽക്കാനുള്ള തീരുമാനത്തെക്കുറിച്ച് സുഹൃത്തുക്കളോടും ബന്ധുക്കളോടും അയൽക്കാരോടുമൊക്കെ സൂചിപ്പിക്കാം. നേരിട്ട് അറിയുന്നവർ വഴി പറഞ്ഞു കേട്ടു വരുന്നവരാകുമ്പോൾ വിശ്വാസം വർധിക്കും. വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും പരസ്പരം വ്യക്തമായ ധാരണയുണ്ടാവാൻ ഇതാണ് ഏറ്റവും നല്ല മാർഗ്ഗം. 

 

രേഖകൾ കൃത്യമായിരിക്കണം 

സാങ്കേതികവിദ്യകൾ വളർന്നതോടെ രേഖകളിൽ കൃത്രിമത്വം കാണിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. പലപ്പോഴും വീടുകൾ ഇഷ്ടപ്പെട്ടാൽ പോലും രേഖകൾ കൃത്യമല്ലാത്തതുകൊണ്ടു വിൽപന നടക്കാതെ പോകുന്നുമുണ്ട്. അതിനാൽ വീടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വാങ്ങാൻ എത്തുന്നവർക്ക് ബോധ്യമാകുന്ന രീതിയിൽ കൃത്യമായി സൂക്ഷിക്കുക എന്നതാണ് പ്രധാന കാര്യം. ഉടമസ്ഥത സംബന്ധിച്ച രേഖകളും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ലോണുമായി ബന്ധപ്പെട്ട രേഖകൾ ഉണ്ടെങ്കിൽ അതും എല്ലാം  കൃത്യമാണെന്ന് ഉറപ്പ് വരുത്തുക. വീട് വാങ്ങി കഴിഞ്ഞാൽ മറ്റൊരു നൂലാമാലകളിലും ചെന്ന് പെടില്ല എന്ന് വാങ്ങാൻ എത്തുന്നവർക്ക് ഉറപ്പുണ്ടാകേണ്ടത് അത്യാവശ്യമാണ്. 

 

വൃത്തിയും പ്രധാനം 

വീടിനുള്ളിലെ അവസ്ഥ എത്തരത്തിലാണെങ്കിലും വാങ്ങാൻ എത്തുന്നവർക്ക് അത് മാറ്റിയെടുക്കാവുന്നതേയുള്ളൂ എന്ന ധാരണയിൽ വൃത്തിഹീനമായി ഇടാൻ പാടില്ല. ഒറ്റനോട്ടത്തിൽ വീടിനെക്കുറിച്ച് ഉണ്ടാകുന്ന ധാരണ വളരെ പ്രധാനമാണ്. വീട് ഏറ്റവും അടുക്കും ചിട്ടയോടെയും സൂക്ഷിച്ചാൽ തീർച്ചയായും വാങ്ങാനെത്തുന്നവരെ അത് സ്വാധീനിക്കും.  പോസിറ്റീവ് എനർജി വീടിനുള്ളിൽ തോന്നിക്കാനും ഇത് സഹായിക്കും. ഈ വീട് സ്വന്തമാക്കണം എന്ന തോന്നൽ ആവശ്യക്കാരിൽ ഉണ്ടാക്കിയെടുക്കുന്നത്  വലിയ വിലപേശലില്ലാതെ വിൽപന നടക്കാൻ സഹായിച്ചെന്നും വരാം. 

 

എല്ലാ സാധ്യതകളും ഉപയോഗിക്കാം 

വലിയ മുതൽമുടക്കില്ലാതെ വീട് പരസ്യപ്പെടുത്താൻ സാധ്യമായ എല്ലാ മാർഗ്ഗങ്ങളും പരീക്ഷിക്കാവുന്നതാണ്. സൗജന്യമായി പരസ്യപ്പെടുത്താവുന്ന നിരവധി പോർട്ടലുകൾ നിലവിലുണ്ട്. ഇവയിൽ ഉൾപ്പെടുത്തുന്ന വീടിന്റെ ചിത്രങ്ങൾ ആകർഷകമാണെന്ന് ഉറപ്പുവരുത്തണം. എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളവയാകാനും പാടില്ല. വീടിനെക്കുറിച്ചുള്ള ചെറുവിവരണവും സമീപത്ത് ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചും പരസ്യത്തിൽ പ്രതിപാദിക്കാം. 

 

വില തീരുമാനിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് 

പലപ്പോഴും നമ്മുടെ ആവശ്യവും സ്വന്തം വീടിനെക്കുറിച്ചുള്ള മതിപ്പും അനുസരിച്ചാവും പലരും വില നിശ്ചയിക്കുന്നത്.  എന്നാൽ  വിപണിയിലെ ട്രെൻഡ് എത്തരത്തിലാണെന്ന് കൃത്യമായി തിരിച്ചറിഞ്ഞ ശേഷം മാത്രം വില നിശ്ചയിക്കുക. ഇതിനായി വസ്തു ഇടപാടുകളിൽ ഏർപ്പെടുന്ന പരിചയക്കാരുടെ സഹായം തേടാവുന്നതാണ്. ന്യായമല്ലാത്ത വിലയാണ് ഉദ്ദേശിക്കുന്നതെങ്കിൽ വിൽപന താമസിക്കുന്നതിനു കാരണമാകും. വിൽപന നടക്കാതെ വരുന്നതോടെ വില കുത്തനെ താഴ്ത്തേണ്ട അവസ്ഥയും ഉണ്ടായെന്ന് വരാം. 

 

മാനസികമായി തയ്യാറെടുക്കാം 

ഒരുകാലത്ത് താമസിച്ച/ ഇപ്പോഴും താമസിക്കുന്ന വീട് കൈമാറ്റം ചെയ്യാനുള്ള മാനസിക ബുദ്ധിമുട്ടാണ് മറ്റൊരു പ്രശ്നം. അതുമായി പൊരുത്തപ്പെട്ടേ മതിയാകൂ. വിൽപ്പനക്കായി പരസ്യം ചെയ്തു കഴിഞ്ഞാൽ ധാരാളം ആളുകൾ വീടുകാണാൻ ദിനംപ്രതി എത്തിയെന്നുവരാം.  താമസിച്ചുകൊണ്ടിരിക്കുന്ന വീടിന്റെ അകത്തളം കാണാൻ അപരിചിതർ കയറിയിറങ്ങുന്നത് അത്ര സുഖകരമായ അവസ്ഥ ആയിരിക്കില്ല. ഇതെല്ലാം കൃത്യമായി മുൻകൂട്ടി മനസ്സിലാക്കേണ്ടതുണ്ട്.

English Summary- Planning to Sell House- Easy Tips to follow- Real Estate Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com