നിങ്ങളുടെ വീടിന് ഇങ്ങനെയൊരു അവസ്ഥ വരരുത്; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

collapsed-house
shutterstock By NigelSpiers
SHARE

അടുത്തിടെ ബെംഗളൂരുവിലും മറ്റും നിരവധി ബഹുനില വീടുകൾ ചരിഞ്ഞു വീണു തകർന്നത് വാർത്തയായിരുന്നു. അടിത്തറ ദുർബലമായി കെട്ടുകയും അനുവദനീയമായതിലും നിലകൾ പണിതതുമാണ് ദുരന്തത്തിൽ കലാശിച്ചത്. നാളെ കേരളത്തിലും ഇത്തരം വാർത്തകൾ വരാതിരിക്കാൻ, വീട് അടിത്തറ പണിയുമ്പോൾത്തന്നെ ശ്രദ്ധവേണം.

വീട് നിർമ്മാണത്തിൽ ഏറ്റവും പ്രാധാന്യം തറകെട്ടുന്നതിനു തന്നെയാണ്. പുറമേയ്ക്ക് എത്ര ആകർഷകമായി പണിതാലും അടിത്തറയ്ക്ക് ഉറപ്പില്ലെങ്കിൽ വീടിന്റെ ബലത്തെ സാരമായിഅത് ബാധിക്കും. അതിനാൽ അടിത്തറ ഒരുക്കുമ്പോൾ പാളിച്ചകൾ ഉണ്ടായിട്ടില്ല എന്ന് ഉറപ്പു വരുത്തുന്നതും പ്രത്യേകശ്രദ്ധ നൽകുന്നതും അത്യാവശ്യമാണ്. അടിത്തറയുടെ ഉയരവും സ്ഥാനവും എല്ലാം കൃത്യമായാൽ മാത്രമേ വീടിന് ഉറപ്പു ലഭിക്കു. 

മണ്ണറിഞ്ഞ് അടിത്തറ ഒരുക്കാം 

foundation
By Wittybear

ഓരോ ഭൂമിയിലെയും മണ്ണിന്റെ ഘടന കൃത്യമായി അറിഞ്ഞശേഷം മാത്രമേ തറയൊരുക്കാൻ പാടുള്ളൂ. അതിനാൽ അടിത്തറ ഒരുക്കുമ്പോൾ പരിചയസമ്പന്നരായ വ്യക്തികളുടെ മേൽനോട്ടത്തിൽ മാത്രം ചെയ്യുക. ചുരുങ്ങിയത് 60 സെന്റിമീറ്ററിനുമുകളിൽ ഉയരം തറയ്ക്കുണ്ട് എന്ന് ഉറപ്പാക്കുക. വീട് ബലത്തോടെ നിൽക്കുന്നതിന് ഇത് അനിവാര്യമാണ്. 

റോഡിനോട് ചേർന്ന ഭാഗത്താണെങ്കിൽ അടിത്തറ കൂടുതൽ ഉയരത്തിൽ നിർമിക്കുന്നതാണ് ഉചിതം. ടാറിങ് ചെയ്യുന്നതനുസരിച്ച് റോഡിന്റെ ഉയരം കൂടുകയും മഴവെള്ളം കൂടുതലായി മുറ്റത്തേക്ക് ഒഴുകിയെത്തുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ  അടിത്തറയ്ക്ക് ഉയരം ഉണ്ടായാൽ മാത്രമേ വെള്ളം വീടിനകത്തേക്ക് കയറുന്നത് ഒഴിവാക്കാനാകു. 

കല്ലുകൾ തിരഞ്ഞെടുക്കുന്നത് 

ഭൂമി എത്തരത്തിലുള്ളതാണെന്നു തിരിച്ചറിഞ്ഞശേഷം വേണം അടിത്തറ ഒരുക്കാനുള്ള കല്ല് തിരഞ്ഞെടുക്കുന്നത്. ഈർപ്പം നിൽക്കാത്ത ഭൂമിയാണെങ്കിൽ ചെങ്കല്ലുകൊണ്ട് തറ ഒരുക്കാം. മഞ്ഞനിറം കുറഞ്ഞ ചെങ്കല്ലുകൾ കൂടുതൽ ഉറപ്പുള്ളതായതിനാൽ അവ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. പരമാവധി നീളം കൂടിയ ചെങ്കലുകൾ തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. 

ജലാംശം ഏറെയുള്ള സ്ഥലങ്ങളിലും ചതുപ്പു നിലങ്ങളിലും വീടുവയ്ക്കുമ്പോൾ അടിത്തറയ്ക്ക് കൂടുതൽ ഉറപ്പ് ആവശ്യമായിവരും. അതിനാൽ ഇത്തരം സ്ഥലങ്ങളിൽ കരിങ്കൽ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. ഇത്തരത്തിൽ അടിത്തറ പണിയുമ്പോൾ ബലം ഉറപ്പുവരുത്താനും ഈർപ്പം മുകളിലേക്ക് കയറുന്നതു തടയാനും ബെൽറ്റ് വാർക്കേണ്ടത് അത്യാവശ്യമാണ്. 

പൈലിങ്ങ് 

ചതുപ്പുനിലങ്ങളിലോ കുളമോ വയലോ സ്ഥിതിചെയ്ത സ്ഥലങ്ങളിലോ ആണ് വീട് വയ്ക്കുന്നതെങ്കിൽ മണ്ണിന് ഉറപ്പു കുറവായിരിക്കും. അതിനാൽ പൈലിങ്ങ് ചെയ്യേണ്ടത് അനിവാര്യമാണ്. ഇത്തരം സ്ഥലങ്ങളിൽ ഒറ്റയടിക്ക് വീടിന്റെ നിർമാണം പൂർത്തിയാക്കാൻ ശ്രമിക്കുന്നതും നന്നല്ല. അടിത്തറയുടെ നിർമ്മാണം പൂർത്തിയായാൽ രണ്ടാഴ്ചയുടെ ഇടവേളക്ക് ശേഷം മാത്രം ഭിത്തികെട്ടിത്തുടങ്ങുക. ഈ സമയം അത്രയും കൃത്യമായി തറ നനച്ചു കൊടുക്കാനും ശ്രദ്ധിക്കണം. 

തറ നിറയ്ക്കാൻ കടൽമണ്ണ് 

തറ കെട്ടിയശേഷം നിറയ്ക്കുന്നതിനായി സാധാരണ മണ്ണിനു പകരം കടൽമണ്ണ് ഉപയോഗിച്ചാൽ ഭാവിയിൽ ചിതൽശല്യം അടക്കമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. പാറപ്പൊടിയും കുമ്മായവും ഇതിനൊപ്പം ചേർക്കുന്നതും ഗുണകരമാണ്.

English Summary- House Foundation Things to Know

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA