ADVERTISEMENT

നല്ല ആരോഗ്യമുള്ള കാലത്താണ് ഭൂരിഭാഗം പേരും സ്വന്തമായി പുതിയൊരു വീട് നിർമ്മിക്കുന്നത്. നിർമ്മാണ സമയത്ത് ഏറ്റവും പുതിയ ട്രെൻഡുകൾ ഒരുക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യും. എന്നാൽ കുടുംബത്തിലെ പ്രായമായവർക്ക് പ്രത്യേക സൗകര്യങ്ങൾ നിർമാണ ഘട്ടത്തിൽതന്നെ ഒരുക്കാൻ അധികമാരും ശ്രദ്ധിക്കാറില്ല. എന്നാൽ വീട് നിർമ്മിക്കുമ്പോൾ പ്രായമായവരുടെ സൗകര്യം കൂടി  പരിഗണിക്കേണ്ടതുണ്ട്. അവരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുംകൂടി പ്രാധാന്യം നൽകി വേണം വീടൊരുക്കുന്നത്. 

തുറസ്സായ ഇടവും ആരോഗ്യവും

home-old-aged
shuttertock By Twinsterphoto

വായുസഞ്ചാരമുള്ള തുറസ്സായ ഇടങ്ങൾ പ്രായമായവർക്ക് അത്യാവശ്യമാണ്. ധാരാളം വെളിച്ചവും വായുവും കയറുന്ന തരത്തിൽ വലിയ ജനാലകളും വെന്റിലേഷനും നൽകുന്നതാണ് നല്ലത്. അടച്ചു പൂട്ടപ്പെട്ട മുറികളിൽ കഴിയാൻ പ്രായമായവർക്ക് ബുദ്ധിമുട്ടുണ്ടായിരിക്കും. അവരുടെ മാനസികാരോഗ്യംകൂടി കണക്കിലെടുത്ത് പരമാവധി പുറംകാഴ്ചകൾ ആസ്വദിക്കാനാവുന്ന തരത്തിൽ വേണം വീട് ഒരുക്കുന്നത്. 

ഫർണിച്ചറുകൾ ഇടുന്നത് 

വീടിന്റെ സൗകര്യമനുസരിച്ച് ഫർണിച്ചറുകൾ ഇടുമ്പോൾ അവ പ്രായമായവർക്ക് സുഖമായി നടക്കാനുള്ള സൗകര്യവും നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. പ്രായമേറുന്നതനുസരിച്ച് കാഴ്ചയ്ക്കും പ്രശ്നമുണ്ടായെന്നു വരാം. അതിനാൽ ഒരു മുറിയിൽ നിന്ന് മറ്റൊന്നിലേക്ക് നടക്കാൻ ആവശ്യമായ സ്ഥലസൗകര്യമുള്ള രീതിയിൽ മാത്രം വേണം ഫർണിച്ചറുകൾ അറേഞ്ച് ചെയ്യണ്ടേത്. വോക്കറുകളോ  വീൽചെയറോ  ഉപയോഗിക്കുന്നവരുണ്ടെങ്കിൽ  ഇടനാഴികൾ പരമാവധി വീതിയിൽ തന്നെ നിർമ്മിക്കാൻ ശ്രമിക്കാം. 

ഫ്ളോറിങ്ങിൽ ശ്രദ്ധിക്കേണ്ടത്

മിനുസമുള്ള തറയിൽ തെന്നിവീഴുന്നത് ഒഴിവാക്കാൻ കാർപെറ്റുകൾ ഇടുന്ന രീതിയുണ്ട്. എന്നാൽ ഇത് പ്രായമായവർക്ക് കൂടുതൽ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നടക്കുമ്പോൾ കാലും ഊന്ന് വടിയുമൊക്കെ കാർപെറ്റിലുടക്കാനും വീഴാനുമുള്ള സാധ്യത ഏറെയാണ്. മാറ്റ് ഫിനിഷിങ്ങിലോ സെമി മാറ്റ് ഫിനിഷിങ്ങിലോ ഉള്ള ഫ്ലോറിങ്ങാണ് ഉചിതം.  

സ്വിച്ച് ബോർഡുകൾ 

ഭിത്തിയിൽ പിടിച്ച് നടക്കാനുള്ള സാഹചര്യം പരിഗണിച്ച് സ്വിച്ച് ബോർഡുകളുടെ സ്ഥാനവും നിർണയിക്കാം. കൈനിരപ്പിൽനിന്ന് അല്പം താഴ്ത്തിയോ അല്പം ഉയർത്തിയോ മാത്രം സ്വിച്ച് ബോർഡുകൾ സ്ഥാപിക്കുക. അതേപോലെ പ്രായമായവർ കിടക്കുന്ന മുറിയിൽ ബെഡ് സ്വിച്ച് ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. വാം ലൈറ്റുകൾ ഒഴിവാക്കി കൂൾ ലൈറ്റ് തന്നെ അധികവും ഉൾപ്പെടുത്താൻ ശ്രമിക്കുക. 

ബാത്ത്റും ഒരുക്കുമ്പോൾ

ഒരു കാരണവശാലും ബാത്റൂമിൽ മിനസ്സമുള്ള തറ ഉൾപ്പെടുത്തരുത്. അല്പം പരുപരുപ്പുള്ള ടൈലുകൾ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പിടിച്ചിരിക്കാനും എഴുന്നേൽക്കാനും ഹാൻഡ്റെസ്റ്റുകൾ  തീർച്ചയായും ഉൾപ്പെടുത്തണം. ഇരുന്നു കുളിക്കുന്ന സാഹചര്യം പരിഗണിച്ച് ഹാൻഡ് ഷവറുകൾ ഉൾപ്പെടുത്തുന്നതാണ് ഉചിതം.

ചൂടുവെള്ളവും തണുത്ത വെള്ളവും ലഭിക്കാൻ ഡൈവേർട്ടറുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ പ്രായമായവർക്ക് ഇത് അത്ര എളുപ്പത്തിൽ മനസ്സിലാകണമെന്നില്ല. അതിനാൽ ചൂടു വെള്ളത്തിനും തണുത്ത വെള്ളത്തിനുമായി  പ്രത്യേകം ടാപ്പുകൾ ഉൾപ്പെടുത്തുന്നതാണ് കൂടുതൽ നല്ലത്. 

കിടപ്പുമുറിയിൽ ശ്രദ്ധിക്കേണ്ടവ

കട്ടിലിന്റെ ഉയരം ഒരു പരിധിയിലധികം കൂടുന്നതും തീരെ താഴുന്നതും  പ്രായമായവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. കട്ടിലിൽ പിടിച്ച് എഴുന്നേൽക്കാൻ സാധിക്കുന്ന രീതിയിൽ സൈഡ് ബീഡിങ്ങ് ഉൾപ്പെടുത്താം. ചാരി ഇരിക്കാനും കൈവച്ച് ഇരിക്കാനും സാധിക്കുന്ന തരത്തിലുള്ള കസേരകൾ മാത്രം ഉപയോഗിക്കുക. ഡ്രോയറുകൾ നിവർന്നുനിന്ന് തന്നെ തുറക്കാനാവുന്ന ഉയരത്തിൽ ക്രമീകരിക്കുന്നതാണ് ഉചിതം. 

സുരക്ഷാ ക്രമീകരണങ്ങൾ 

പ്രായമായവർ മാത്രമാണ് വീട്ടിൽ താമസിക്കാനുള്ളതെങ്കിൽ  സുരക്ഷ ഉറപ്പാക്കാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തീപിടിത്തം ഉണ്ടായാൽ വേഗത്തിൽ തിരിച്ചറിയുന്നതിനായി സ്മോക്ക് ഡിറ്റക്ടർ, ഫയർ അലാം എന്നിവയും കള്ളന്മാർ കയറുന്നത് തിരിച്ചറിയാൻ ബർഗ്ലർ അലാമും നൽകാൻ ശ്രദ്ധിക്കുക. വീടിനുമുന്നിലും വശങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാം. അതേപോലെ വാതിലിലെ ലോക്കുകൾ അകത്തുനിന്ന് എളുപ്പത്തിൽ തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന തരത്തിൽ ഉള്ളതായിരിക്കണം.

English Summary- Old Age Friendly Home Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com