ADVERTISEMENT

വീടിന്റെ നിർമ്മാണം പൂർത്തിയാക്കുന്ന ഘട്ടത്തിൽ പലരേയും ആശയക്കുഴപ്പത്തിലാക്കുന്ന ഒന്നാണ് ചുവരുകൾക്ക് ഏത് നിറം നൽകണമെന്നത്. വീട് ഇളം നിറത്തിൽ പെയിന്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയാണ്. എന്നാൽ  ഗൃഹപ്രവേശം കഴിഞ്ഞു ഒരാഴ്ചയ്ക്കകം ചുവരുകൾ വൃത്തികേടാകുമെന്ന ചിന്തയും പെയിന്റിങ്ങിന് ചേരുന്ന വിധത്തിൽ അകത്തളം എങ്ങനെ ഒരുക്കണം എന്നതിനെക്കുറിച്ച് അറിവില്ലാത്തതുമൊക്കെയാണ് പലരെയും വെള്ള നിറം തിരഞ്ഞെടുക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. വെള്ള നിറത്തിന്റെ പ്രാധാന്യം എന്തെന്നും അതിന് ചേരുന്ന രീതിയിൽ അകത്തളം എങ്ങനെ ഒരുക്കാമെന്നും നോക്കാം. 

 

ഫ്രഷ് ഫീൽ 

അകത്തളത്തിൽ ഫ്രഷ്നെസ് തോന്നിപ്പിക്കാൻ വെള്ള നിറം ഏറെ സഹായകരമാണ്. എല്ലാ കാലഘട്ടത്തിലേക്കും യോജിച്ച നിറം  എന്ന പ്രത്യേകതയും വെള്ളയ്ക്കുണ്ട്. അതായത്  ഔട്ട് ഓഫ് സ്റ്റൈലായി പോകാതെ എപ്പോഴും പുതുമ നിലനിർത്താൻ വെള്ള നിറം പെയിന്റ് ചെയ്യുന്നത് സഹായിക്കും. 

white-color-house-interior
shutterstock By LEKSTOCK 3D

 

മുറിയുടെ വലുപ്പം 

ഇരുണ്ട നിറങ്ങളെ അപേക്ഷിച്ച് ഇളം നിറങ്ങൾ, പ്രത്യേകിച്ച് വെളുപ്പുനിറം, മുറിയുടെ വലിപ്പം അധികമായി തോന്നുന്നതിന്  സഹായകരമാണ്. താരതമ്യേന വലിപ്പം കുറഞ്ഞ മുറികളാണെങ്കിൽപോലും വെള്ളനിറമാണ് പെയിന്റ് ചെയ്യുന്നതെങ്കിൽ സ്ഥലപരിമിതി അത്രയ്ക്ക് തോന്നിക്കില്ല. വെള്ളനിറം സ്വാഭാവിക വെളിച്ചത്തെ കൂടുതൽ പ്രതിഫലിപ്പിക്കുന്നതിനാൽ ഒരു പോസിറ്റീവ് ഫീൽ മുറികൾക്ക് നൽകാനുമാവും. 

ഏതു നിറവുമായും ചേർന്ന് പോകും 

വെളുത്ത നിറത്തിലുള്ള ചുവരുകൾ  ഒരു പുതിയ ക്യാൻവാസ് പോലെ ഏതു നിറത്തെയും സ്വീകരിക്കുന്ന ഒന്നാണ്. അതായത് വീട് അലങ്കരിക്കാനുള്ള വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ അത് ചുവരിനോട് ചേർന്ന് പോകുമോ  എന്ന ടെൻഷൻ വേണ്ട എന്ന് സാരം. 

ഏതുതരം വെള്ള തിരഞ്ഞെടുക്കണം 

മറ്റു നിറങ്ങളെ അപേക്ഷിച്ച് വെള്ളനിറം തിരഞ്ഞെടുക്കുന്നത്  അത്ര ബുദ്ധിമുട്ടുള്ള കാര്യമായി തോന്നില്ലെങ്കിലും കൃത്യമായ ഷേഡ് കണ്ടെത്തുന്നത് ബുദ്ധിമുട്ട് തന്നെയാണ്. ഓരോ മുറിയുടെയും സ്വഭാവമനുസരിച്ച് വേണം കൂൾ ടോൺ വേണോ വാം ടോൺ വേണോ എന്ന് തിരഞ്ഞെടുക്കാൻ. സ്വാഭാവിക വെളിച്ചം  ധാരാളമായി ലഭിക്കുന്ന മുറികളിൽ  വാം വൈറ്റ് ടോൺ നൽകേണ്ട കാര്യമില്ല. ഈ മുറികളിൽ കൂൾ ടോൺ നൽകുന്നതാണ് നിറം ബാലൻസ് ചെയ്തു നിൽക്കാൻ സഹായിക്കുന്നത്. സ്വാഭാവിക വെളിച്ചം അധികമായി ലഭിക്കാത്ത മുറികളിൽ വെള്ള നിറത്തിലെ വാം ഷെയ്ഡ് നൽകാം. ഇതിനു ചേർന്നുപോകുന്ന ലൈറ്റിങ് കൂടി നൽകാൻ ശ്രദ്ധിക്കുക. 

 

വെള്ള നിറത്തിന് ചേരുന്ന ഫർണിച്ചർ 

പൊതുവേ കടുംനിറങ്ങൾ പെയിന്റ് ചെയ്യുമ്പോൾ മാത്രമാണ് ഫർണിച്ചറുകളും അതിനനുസരിച്ചുള്ള രീതിയിൽ സെറ്റ് ചെയ്യാൻ  ശ്രമിക്കുന്നത്. എന്നാൽ വെള്ളനിറം പെയിന്റ് ചെയ്യുമ്പോൾ ആധുനിക ഫർണിച്ചറുകളോ പരമ്പരാഗത ഫർണിച്ചറുകളോ തീമായി എടുത്ത്  സെറ്റ് ചെയ്യുന്നതാണ് നല്ലത്. വെള്ളനിറം പശ്ചാത്തലമായുള്ള മുറികൾക്ക്  മെറ്റൽ ഉപയോഗിച്ച്  നിർമ്മിച്ച ഫർണിച്ചറുകളും പൂർണമായും തടിയിൽ നിർമ്മിച്ച ഫർണിച്ചറുകളും ഒരുപോലെ ഭംഗിയേകും. 

 

അകത്തളത്തിലെ ഭംഗികൂട്ടാൻ 

മറ്റു നിറങ്ങളെ അപേക്ഷിച്ച് ഇൻഡോർ പ്ലാൻറുകൾ കൂടുതൽ യോജിക്കുന്നത് വെള്ള നിറം പെയിന്റ് ചെയ്ത വീടുകളിലാണ്. വെള്ളനിറത്തിലുള്ള പശ്ചാത്തലത്തിൽ പച്ചപ്പുനിറഞ്ഞ ചെടികൾ എടുത്തു നിൽക്കും. പരമ്പരാഗത ശൈലിയിലാണോ ആധുനിക ശൈലിയിലാണോ വീടു നിർമ്മിച്ചിരിക്കുന്നത് എന്നത് അടിസ്ഥാനമാക്കി ചേരുന്ന ചെടികൾ തിരഞ്ഞെടുക്കണം എന്ന് മാത്രം. 

 

കലാസൃഷ്ടികൾക്ക് ഇടമൊരുക്കാം 

വെള്ള നിറത്തിലുള്ള ചുവരുകൾ ഒഴിഞ്ഞുകിടക്കുന്നത്  ബാലൻസിങ്ങ് ഇല്ല എന്ന തോന്നൽ ഉണ്ടാക്കും. അതിനാൽ കൃത്യമായ സ്ഥാനങ്ങളിൽ ആർട്ട് വർക്കുകൾ  സ്ഥാപിക്കുന്നത്  അകത്തളത്തിലെ ഭംഗി വർധിപ്പിക്കാൻ സഹായകരമാണ്. മുറിയിൽ എന്തെങ്കിലും പ്രത്യേക തീം ഉണ്ടെങ്കിൽ അതനുസരിച്ചോ അല്ലെങ്കിൽ മുറിയിലെ സൗകര്യമനുസരിച്ചോ ചേർന്നുപോകുന്ന ആർട്ട് വർക്കുകൾ തിരഞ്ഞെടുക്കാവുന്നതാണ്. 

English Summary- Benefits of Painting House in white color; Painting Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com