ADVERTISEMENT

നിർമാണസാമഗ്രികളുടെ വില ദിനംപ്രതി കുതിച്ചുകയറുന്നത് സ്വന്തമായി ഒരുവീട് സ്വപ്നമായി കൊണ്ടുനടക്കുന്നവർക്ക് വലിയ തിരിച്ചടിയാണ്. കുറഞ്ഞ ചെലവിൽ എങ്ങനെ ഒരു വീടൊരുക്കാം എന്നതിന്റെ സാധ്യതകളാണ് ഏവരും തേടുന്നത്. ഇത്തരത്തിൽ വീട് നിർമിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റ് ബ്ലോക്ക് അഥവാ AAC ബ്ലോക്കുകൾ.  പരിസ്ഥിതിസൗഹൃദപരമായി വീട് നിർമ്മിക്കാനുള്ള  മാർഗം കൂടിയാണ് AAC ബ്ലോക്കുകളുടെ ഉപയോഗം. 

വെള്ളാരംകല്ല് പൊടി, നീറ്റിയ ചുണ്ണാമ്പുകല്ല്, സിമന്റ്, വെള്ളം അലുമിനിയം പൗഡർ എന്നിവ ചേർത്താണ് ബ്ലോക്കുകൾ ഉണ്ടാക്കുന്നത്. മിശ്രിതം തയ്യാറാക്കിയശേഷം കൃത്യമായ ചൂടും മർദ്ദവും നൽകി ഓട്ടോക്ലേവ് ചെയ്തെടുക്കുന്നു. താരതമ്യേന ഭാരം കുറഞ്ഞ ബ്ലോക്കുകളാണെങ്കിലും മറ്റു ബ്ലോക്കുകളോളം തന്നെ ശക്തി ഉള്ളവയാണ് AAC ബ്ലോക്കുകൾ. ഭാരം വഹിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. ഇതിനെല്ലാം പുറമേ ലേബർ കോസ്റ്റും നിർമ്മാണചെലവും കുറവാണ് എന്നതും ഇവയുടെ ഡിമാന്റ് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. രണ്ട് ഇഞ്ച് മുതൽ പന്ത്രണ്ട് ഇഞ്ച് വരെ ഘനത്തിൽ AAC ബ്ലോക്കുകൾ ലഭ്യമാണ്. 

aac-house
Shutterstock by Radovan1

 

AAC ബ്ലോക്കുകളുടെ ഗുണങ്ങൾ 

ഭാരവും വലുപ്പവും

മറ്റു ബ്ലോക്കുകളെ അപേക്ഷിച്ച് AAC ബ്ലോക്കുകൾക്ക് 50 ശതമാനത്തിലധികം ഭാരം കുറവാണ്. എന്നാൽ അവയേക്കാൾ 10 മടങ്ങ് വലുപ്പവുമുണ്ട്. ഈ പ്രത്യേകതകൾ നിർമ്മാണ പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്നു. കെട്ടിടത്തിന്റെ ആകൃതിക്കനുസരിച്ച് ബ്ലോക്കുകൾ മുറിക്കാനും വലുപ്പം വ്യത്യാസപ്പെടുത്തിയെടുക്കാനും എളുപ്പമാണ് എന്നതാണ് മറ്റൊരു ഗുണം.

കാലാവസ്ഥ വ്യതിയാനം ബാധിക്കില്ല 

ചെറിയ എയർ പോക്കറ്റുകൾ ഉൾപ്പെടുത്തിയാണ് AAC ബ്ലോക്കുകളുടെ നിർമ്മാണം.  ഹൈഡ്രജൻ ഉപയോഗിച്ചാണ് കോൺക്രീറ്റ് പരുവപ്പെടുത്തി എടുക്കുന്നത്. ഈ പ്രത്യേകതകൾ മൂലം ചൂടുകാലത്ത് വീടിനുള്ളിൽ  വേണ്ടത്ര തണുപ്പും തണുപ്പ് കാലത്ത് ചൂടും  നിലനിർത്താൻ  സഹായിക്കുന്നു. എയർ കണ്ടീഷന്റെ  ഉപയോഗം 25% വരെ  കുറയ്ക്കാൻ ഇവ സഹായകമാണ്. 

ഭൂകമ്പത്തെ ചെറുക്കാനുള്ള കഴിവ് 

നിർമ്മാണഘട്ടത്തിൽതന്നെ ഏറെ ബലം ഉറപ്പുവരുത്തിക്കൊണ്ടാണ് AAC ബ്ലോക്കുകൾ തയ്യാറാവുന്നത്. ഭൂകമ്പം പോലെയുള്ള ഭൂമിയിലെ  തിരശ്ചീന ശക്തികളെ ചെറുത്തുനിൽക്കാനുള്ള ബലം ഇവയ്ക്കുണ്ട്. ദീർഘകാലത്തേക്ക് ഈടു നിൽക്കുമെന്ന് ഉറപ്പുവരുത്താൻ ഇത് സഹായിക്കുന്നു. 

തീപിടിത്തം ചെറുക്കാനുള്ള കഴിവ്

കൂടുതൽ ഘനത്തിലുള്ള എ എ സി ബ്ലോക്കുകളാണെങ്കിൽ ആറ് മണിക്കൂർവരെ തീ പിടിക്കാതെ ചെറുത്തു നിൽക്കാനുള്ള കഴിവ് അവയ്ക്കുണ്ടാവും. മറ്റു കട്ടകളെ അപേക്ഷിച്ച് 1200 ഡിഗ്രി സെൽഷ്യസ് വരെ പ്രതിരോധിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. 

സൗണ്ട് പ്രൂഫ് 

നിർമാണത്തിലെ പ്രത്യേകതകൾ മൂലം അകത്തേക്കും പുറത്തേക്കുമുള്ള ശബ്ദതരംഗങ്ങൾ നിയന്ത്രിക്കാൻ AAC ബ്ലോക്കുകൾക്ക് സാധിക്കും. ഇക്കാരണംകൊണ്ടുതന്നെ സ്റ്റുഡിയോകൾ, ഹോട്ടലുകൾ, ആശുപത്രികൾ എന്നിവയുടെ നിർമാണത്തിനായി AAC ബ്ലോക്കുകൾ അധികമായി ഉപയോഗിച്ചുവരുന്നു. 

ഈർപ്പമുണ്ടാകില്ല 

നിർമാണസാമഗ്രികളിൽ  ഈർപ്പത്തിന്റെ അംശം കൂടുന്നത്  മിക്കവയ്ക്കും കേടുപാടുകൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം. എന്നാൽ എ എ സി ബ്ലോക്കുകളിലുള്ള സൂക്ഷ്മ സുഷിരങ്ങൾ നനവ് ആഗിരണം ചെയ്യുന്നതിന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നു. ഇതുവഴി കെട്ടിടത്തിന്  ഈർപ്പം മൂലമുള്ള കേടുപാടുകൾ ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.

English Summary- AAC Blocks for Cost effective Construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com